2021 ഏപ്രിൽ 1, വ്യാഴാഴ്‌ച

 

                                           ഉളിപിടിച്ച കയ്യ്              

                                അമ്പാടി നാരായണപ്പൊതുവാള്‍

  

 

                പോലീസും മജിസ്‌ട്രേറ്റും അക്കാലത്തില്ല. കയറും മുളവും കുറ്റം

 തുമ്പുണ്ടാക്കുവാനുള്ള ഉപകരണങ്ങളാണെന്നാരും വിചാരിച്ചിരുന്നതുമില്ല.

 കോട്ടിലേല്പിക്കയും കൂട്ടില്‍കേറിവിസ്തരിക്കലും അന്നു തുടങ്ങീയിട്ടില്ല. 'പിങ്കെട്ടും എടക്കുഴവയും' തച്ചുശാസ്ത്രത്തിലെ സംജ്ഞകളെന്നല്ലാതെ ഭേദ്യവകുപ്പിലെ പ്രയോഗവിശേഷങ്ങളാണെന്നു ജനങ്ങള്‍ക്കറിവായിത്തുടങ്ങിയതും അന്നുമുതല്‍ക്കല്ല. ഊടും ചോടും പിടിച്ചു കുറ്റം തുമ്പുണ്ടാക്കുന്നതിന്നു കയ്യൂക്കിനേക്കാള്‍ നല്ലതു നെഞ്ഞൂക്കും തന്മിടുക്കമാണെന്നു പരബേദ്ധ്യം വരുത്തി പരോപദ്രവം കൂടാതെ വളരെക്കാലം പൊല്ലീസ്സ് കാര്യം അന്വേഷിച്ചുവന്ന ഉക്കണ്ടക്കുറുപ്പുകാര്യേര്‍ക്കാര്‍ പ്രായചെന്നു പണിയില്‍നിന്നു പിരിഞ്ഞതിനുശേഷം പുതിയ ഏര്‍പ്പാടുപ്രകാരം മമ്മതുഖാന്‍ എന്നൊരു പട്ടാണിയെ കുറുപ്പിന്റെ സ്ഥാനത്തു കൊത്തുവാളാക്കി നിശ്ചയിച്ചു. വെട്ടും തടവും, അടവും ചോടും, തല്ലും, മല്ലും, മര്‍മ്മപൊരുളും കടുകട്ടിയാക്കീട്ടുള്ള കുറുപ്പിന്റെ കൊട്ട് കുറ്റക്കാര്‍ക്കേ കിട്ടിയുള്ളൂ. എന്നാല്‍ യമഘാതകനായമമ്മതുഖാന്റെ കയ്യും ചിലപ്പോള്‍ പിഴച്ചു വീണിരുന്നതുകൊണ്ടു നിര്‍ദ്ദോഷികളും കഷ്ടപ്പാടനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്.

                 ചെറുപ്പം മുതല്‍ക്കു കുറുപ്പുകാര്യക്കാരുടെ മനസ്സില്‍ കുടികൊണ്ടിരുന്ന ധാവള്യം ഉള്ളിലൊതുങ്ങാതെ വടിഞ്ഞുപൊഴിഞ്ഞു രോമകൂപങ്ങളില്‍ കൂടിപുറപ്പെട്ടു എണ്പതും ഒയ്മ്പതും പ്രായം ചെന്ന ആകാലത്തു അദ്ദേഹത്തിന്റെ രോമങ്ങളും കൂടി നിരഞ്ജനത്വം പ്രാപിച്ചിരുന്നു. താടിയും മൂക്കും തമ്മില്‍ കൂടിക്കാഴ്ച കഴിഞ്ഞതുമുതല്‍ക്കു ഐക്യം വര്‍ദ്ധിച്ചതുകൊണ്ടു എടക്കുമറ്റൊരുമാര്‍ഗ്ഗമുണ്ടെന്നറിയാന്‍ മനസ്സിരുത്തേണ്ട ദിക്കായി ദൃഢഗാത്രനായ ആ ചെറുപുരുഷനെ അന്നും ജരബാധിച്ചിട്ടില്ല. രണ്ടു വഴിനടപ്പാനും രണ്ടു നാലാളുകളോടു മല്ലിടാനും ആ വയോധികന് അന്നും പ്രയാസമുണ്ടായിരുന്നില്ല. കാര്യക്കാര്‍ക്കറിവില്ലാത്ത നാട്ടുപാതയും ഊടുവഴികളും ഇല്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ അധികാരഅതിര്‍ത്തിക്കകത്തുള്ള കുറ്റിക്കാടും പൊട്ടക്കിണറുംകൂടി അദ്ദേഹത്തിനു പരിചയമുണ്ട്.

                അലക്കിയ രണ്ടു പാവുമുണ്ടു മുട്ടു മറ ഞാത്തി ഉടുത്തു കുംഭയും മടിയും കൂര്‍മ്പിച്ചു കോന്തല ചുരുക്കിക്കുത്തി കല്പിച്ചുകിട്ടിയ പള്ളിവടിയും എടുത്തു കുറുപ്പു തമ്പുരാനെ കാണുവാനായി കുരിക്കാട്ടേക്കു പുറപ്പെട്ടു പടിക്കലെത്തിയപ്പോള്‍ ഓടിക്കിതച്ചു വാടി തളര്‍ന്ന ഒരാള്‍ കുറുപ്പിന്റെ മുമ്പില്‍ വന്നു വീണു. ദുശ്ശകുനം നേരിട്ടതുകൊണ്ടുണ്ടായ നീരസത്തോടുകൂടി 'ആശാരിക്കു തീണ്ടലില്ലാത്തക്കാലമായോ! എന്നു കുറുപ്പു ചോതിച്ചതീന്നു'തമ്പുരാന്‍' അടിയന്‍ തച്ചന്‍കോപ്പനാണ്. അത്യാപത്തില്‍പെട്ട അടിയനെ രക്ഷിക്കണെ' എന്നു ആശാരിച്ചെക്കന്‍ തൊഴുതുകൊണ്ടു പറഞ്ഞു.

              കുറുപ്പു-ആപത്തു നേരിട്ടിട്ടുണ്ടെന്നു കണ്ടാലറിയാം. നീ ചോറ്റാനിക്കര കിഴക്കേ കുന്നിന്മേല്‍ കൂടിയാണു വരുന്നതെന്നും മനസ്സിലായി. വായുക്ഷോഭത്തിന്റെ ഉപദ്രവമുള്ളവനും എടത്തുകൈ സ്വാധീനമുള്ളവനുമാണെന്നും ഞാന്‍ ധരിച്ചു. അച്ചന്‍കോപ്പനാണെന്നു പറഞ്ഞതുകൊണ്ടു വിശേഷവിധിയായിട്ടു എനിക്കൊന്നും മനസ്സിലായില്ല.

            കോപ്പന്‍- കല്പിച്ചതൊക്കെ ശരിയാണു. തമ്പുരാനു ജോതിഷം കുടിയുള്ളതുകൊണ്ട് അടിയന്‍ പ്രാണനെ ഉപേക്ഷിക്കേണ്ടിവരില്ല നിശ്ചയം.

           കുറുപ്പു-എനിക്കു ജ്യോതിഷം അറിഞ്ഞുകൂടാ. നിന്റെ സമ്പ്രദായം കണ്ടു ഇത്രയും അറിഞ്ഞതാണു. നിന്റെ കാലില്‍ പൂണ്ടിട്ടുള്ള പ്രത്യേകനിറത്തിലുള്ള മണ്ണു അടുത്തദിക്കില്‍ ചോറ്റാനിക്കര കുന്നില്‍ മാത്രമേയുള്ളൂ. നീ ജീവഹാനി വരത്തക്ക എന്തുകൃത്യമാണ് ചെയ്തതു? പറ! ഭയപ്പെടേണ്ട.

           കോപ്പന്‍- മൂത്താശാരി പറങ്കോടനെ കൊന്നതു അടിയനാണെന്നു വിശ്വസിച്ചു കൊത്തുവാളും ശിപായിമാരും അടിയനെ പിടിപ്പാന്‍ അന്വേഷിച്ചു പുറപ്പെട്ടിട്ടുണ്ട്. അവര്‍ വന്നുപിടിക്കുന്നതിനുമുമ്പില്‍ സത്യാവസ്ഥ മുഴുവന്‍ ബോധിപ്പിക്കാനും സാധിക്കാത്തപക്ഷം അതിനുവേണ്ട സമയം കല്പിച്ചനുവദിപ്പിക്കണം. സത്യം തമ്പുരാനെ ധരിപ്പിച്ചതിനുമേല്‍ അടിയന് കഴുവിന്മേല്‍ കയറിയാല്‍ സങ്കടമില്ല. അയ്യോ! തമ്പുരാനേ അവര്‍ വരുന്നുണ്ട്. അടിയന്‍ നിരപരാധിയാണെ.

           കോപ്പന്റെ പരിഭ്രമം കണ്ടു കുറുപ്പു തിരിഞ്ഞുനോക്കിയപ്പോള്‍ മമ്മതുഖാനും ശിപായിമാരും അടുത്തെത്തിക്കഴിഞ്ഞു. മമ്മതുഖാന്‍ കുറുപ്പിനെക്കണ്ടപ്പോള്‍ ഗൌരവത്തിന്നിടിച്ചില്‍ പറ്റാത്തവിധം തന്റെ ഓഷ്ഠപുടത്തിന്റെ എടുത്തുഭാഗം അല്പം ഒന്നു മേല്പാട്ടുചുളിച്ച് 'കുലപാതികയോടാണോ കുശലപ്രശ്‌നം' എന്നു ചോദിച്ചു.

             കുറുപ്പ് - ഇവന്‍ കുലചെയ്തുവനാണെന്നു ഞാന്‍ ധരിച്ചു കഴിഞ്ഞില്ല. എന്നുതന്നെയല്ല കുറ്റം ചെയ്തിട്ടില്ലെന്നു എന്നെ ബോദ്ധ്യപ്പെടുത്തുവാനായി ഇവന്‍ ചിലതു പറവാന്‍ ഭാവിക്കുമ്പോഴാണ് നിങ്ങള്‍ വന്നെത്തിയത്. അതുകൊണ്ടു കാര്യം ഒന്നും എനിക്കു മനസ്സിലായില്ല.

          മമ്മതുഖാന്‍- ഇക്കാര്യം മനസ്സിലാക്കുവാന്‍ അധികമൊന്നും പറഞ്ഞിട്ടുവേണ്ട. സംഗതി വെളവായി ഇതാ ഈ വാറോലയില്‍ എഴുതീട്ടുണ്ടു.

         കുറുപ്പു വാറോലവാങ്ങി നോക്കുന്നതുകണ്ടു 'തമ്പുരാനെ അതില്‍ എഴുതീട്ടുള്ളതു അടിയനെക്കൂടി കേള്‍പ്പിക്കുവാനവിടെയ്ക്കു ദയ തോന്നണെ' എന്നും കോപ്പന്‍ ചെയ്ത അപേക്ഷയെ സ്വീകരിച്ചു അദ്ദേഹം ഇങ്ങനെ വായിച്ചു.

         'കുരിക്കാട്ടു കോവിലകം പണിനടത്തിയിരുന്നു മൂത്താശാരി പറങ്ങോടന്റെ പുരയ്ക്കു പടിഞ്ഞാറു വശത്തുണ്ടായിരുന്ന പണിപ്പുര രാത്രി പാതിരക്കുശേഷം തീ പിടിച്ചു. സമീപസ്ഥന്മാര്‍ സ്ഥലത്തെത്തിയപ്പോള്‍ തീകെടുത്തുവാന്‍ വയ്യാത്ത നിലയിലെത്തി. അഗ്നിബാധ യദൃച്ഛാസംഭവമാണെന്നും വിലപിടിച്ച പല ഉരുപ്പടികളും കത്തിപ്പോയതുകൊണ്ടു മൂത്താശാരിക്കു വലിയനഷ്ടം നേരിട്ടു എന്നും മാത്രമാണു ആദ്യം വിചാരിച്ചതു. എന്നാല്‍ ഈ ലഹളയിലെങ്ങും പറങ്ങോടനെക്കാണാഞ്ഞതുകോണ്ടു അയാളെ പുരയില്‍ ചെന്നന്വേഷിച്ചു. മൂത്താശാരിയെ പുരക്കില്‍ കണ്ടില്ല. കിടന്നപായ മടക്കീട്ടില്ല. തീകത്തുന്ന സമയം ശവം കഴിഞ്ഞനാറ്റവും ധാരാളം പൊന്തുന്നുണ്ടായിരുന്നു. കണയന്നൂക്കാരന്‍ ഒരു ആശാരിചെക്കന്‍ രാത്രിപറങ്ങോടന്റെപുരക്കില്‍ ചെന്നിരുന്നെന്നും അവര്‍ തമ്മില്‍ വളരെ നേരം സംസാരിച്ചിരുന്നു എന്നും കേട്ടു. പറങ്ങേടന്റെ പെട്ടിയിലുള്ള സാധനങ്ങള്‍ പുറത്തു വലിച്ചുവാരി ഇട്ടിട്ടുണ്ടു. ആ ആശാരിച്ചെക്കനെക്കാണാനും ഇല്ല. പ്രത്യാശകൊണ്ടു അയാള്‍ പറങ്ങോടനെ കൊന്നു പണിപ്പുരക്കല്‍ വലിച്ചിട്ടു തീവച്ചതാണെന്നു ചിലര്‍ പറയുന്നു. നീതിന്യായം നിലനിര്‍ത്തിപ്പോരുന്ന തിരുമേനി സത്യാവസ്ഥ വെളിപ്പെടുത്തി രക്ഷിക്കുമാറാകണം.

          കോപ്പന്‍- തമ്പുരാക്കന്മാരേ! അടിയന്‍ ഇന്നലെ പറങ്ങോടന്റെ പുരക്കല്‍ പോയതും അവനോടു കുറെനേരം സംസാരിച്ചിരുന്നതും ശരിയാണ്. ശേഷം ഒന്നും അടിയനറിഞ്ഞുകൂടാ.

         മമ്മ-ബലപ്പെട്ട തെളിവുള്ളതു കൊണ്ടു നിനക്കതു സന്നതിക്കാതെ തരമില്ലല്ലൊ. ശേഷം സംഗതികളും ശരിതന്നെയാണെന്ന് ഞങ്ങളുടെ അന്വേഷണംകൊണ്ട് ബോദ്ധ്യമായിട്ടുണ്ട്. തന്റെ പ്രവര്‍ത്തി വലിയ സാഹസമായിപ്പോയി. പറങ്ങോടനെ കൊന്നിട്ടോ ജീവനോടുകൂടിയൊ ദഹിപ്പിച്ചത് എന്നൊന്നു മാത്രമേ അറിയേണ്ടതുള്ളൂ. ഠാണാവില്‍ ചെന്നാല്‍ അതു നീ പറയാതിരിക്കില്ല. ശിപ്പായി! അവന്റെ കൈക്കു ആമംവെച്ചുകൊണ്ടു പൊയ്‌ക്കോളൂ. ഞാന്‍ പിന്നാലെ തന്നെ വന്നേക്കാം.

         കുറുപ്പ്-ഇവനു പറവാനുള്ളതുകൂടി പറഞ്ഞുകേട്ടാല്‍ കൊള്ളാമെന്നുണ്ട്. അല്പ സമയം അതിനായി അനുവദിക്കുന്നതുകൊണ്ട് കാര്യത്തിനു വലിയ തരക്കേടൊന്നും വരാനില്ലല്ലൊ.

         മമ്മ-സംഗതി മുഴുവന്‍ കണ്ടതുപോലെ ഞാന്‍ പറയാം. ഈ കുലപാതകിയുടെ വാക്കുകേട്ടു തെറ്റിദ്ധരിച്ചു കുറുപ്പശ്ശന്റെ മനസ്സ് പുണ്ണാക്കാതിരിക്കുന്നതാണു നല്ലത്.

        കുറുപ്പ്- അടുത്ത കാലത്തു ആരും കഠിന പ്രവൃത്തിക്കു തുനിയില്ലെന്നു നിങ്ങല്‍ കണിശമായി തിരുമനസ്സറിവിച്ചിട്ടില്ലെ. ആ വാക്കു നിലനിര്‍ത്തിപോരുവാന്‍ ഇവന്റെ മൊഴി സഹായിക്കുമെന്നാണ് എന്റെ വിചാരം.

        മമ്മ-അതില്ലെങ്കിലും അങ്ങേപ്പോലെയുള്ള പഴമക്കാര്‍ പറയുന്നതിനെ ഞാന്‍ ധിക്കരിക്കുന്നില്ല. പക്ഷേ, അവന്‍ പറയുന്നതെല്ലാം നിങ്ങള്‍ തിരുമുമ്പാകെ സാക്ഷീകരിക്കേണ്ടിവരും. അര നാഴിക സമയം അനുവദിച്ചു.

        കുറുപ്പ്-കര്‍മ്മത്തിന്റെ ഗുണദോഷം കര്‍ത്താവിനാണല്ലൊ, ആശാരിച്ചെക്കാ! നിനക്കു പറവാനുള്ളതു പറ.

        കോപ്പന്‍-അടിയന്‍ കണയന്നൂക്കാരനാണു. തച്ചു ശാസ്ത്രം പഠിക്കുവാന്‍ വടക്കോട്ടു പോയിരുന്നു. ഇന്നലെ പകലെയാണ് മടങ്ങി എത്തിയത്. വരുംവഴി കൂരിക്കാട്ടുകോവിലകം പണികാണുവാനായി ചെന്നു. മൂത്താശ്ശാരി പറങ്ങോടനെ അടിയന് പരിചയമില്ല. തന്തയും തള്ളയും അയാളെ അറിയും. പറങ്ങോടനും അടിയന്റെ വീട്ടുകാരും തമ്മില്‍ നല്ല രസമില്ലെന്നടിയന്‍ ധരിച്ചിട്ടുണ്ട്. അടിയനെ കണ്ടപ്പോള്‍             കോപ്പന്റെ പരിഭ്രമം കണ്ടു കുറുപ്പു തിരിഞ്ഞുനോക്കിയപ്പോള്‍ മമ്മതുഖാനും ശിപായിമാരും അടുത്തെത്തിക്കഴിഞ്ഞു. മമ്മതുഖാന്‍ കുറുപ്പിനെക്കണ്ടപ്പോള്‍ ഗൌരവത്തിന്നിടിച്ചില്‍ പറ്റാത്തവിധം തന്റെ ഓഷ്ഠപുടത്തിന്റെ എടുത്തുഭാഗം അല്പം ഒന്നു മേല്പാട്ടുചുളിച്ച് 'കുലപാതികയോടാണോ കുശലപ്രശ്‌നം' എന്നു ചോദിച്ചു.

             കുറുപ്പ് - ഇവന്‍ കുലചെയ്തുവനാണെന്നു ഞാന്‍ ധരിച്ചു കഴിഞ്ഞില്ല. എന്നുതന്നെയല്ല കുറ്റം ചെയ്തിട്ടില്ലെന്നു എന്നെ ബോദ്ധ്യപ്പെടുത്തുവാനായി ഇവന്‍ ചിലതു പറവാന്‍ ഭാവിക്കുമ്പോഴാണ് നിങ്ങള്‍ വന്നെത്തിയത്. അതുകൊണ്ടു കാര്യം ഒന്നും എനിക്കു മനസ്സിലായില്ല.

          മമ്മതുഖാന്‍- ഇക്കാര്യം മനസ്സിലാക്കുവാന്‍ അധികമൊന്നും പറഞ്ഞിട്ടുവേണ്ട. സംഗതി വെളവായി ഇതാ ഈ വാറോലയില്‍ എഴുതീട്ടുണ്ടു.

         കുറുപ്പു വാറോലവാങ്ങി നോക്കുന്നതുകണ്ടു 'തമ്പുരാനെ അതില്‍ എഴുതീട്ടുള്ളതു അടിയനെക്കൂടി കേള്‍പ്പിക്കുവാനവിടെയ്ക്കു ദയ തോന്നണെ' എന്നും കോപ്പന്‍ ചെയ്ത അപേക്ഷയെ സ്വീകരിച്ചു അദ്ദേഹം ഇങ്ങനെ വായിച്ചു.

         'കുരിക്കാട്ടു കോവിലകം പണിനടത്തിയിരുന്നു മൂത്താശാരി പറങ്ങോടന്റെ പുരയ്ക്കു പടിഞ്ഞാറു വശത്തുണ്ടായിരുന്ന പണിപ്പുര രാത്രി പാതിരക്കുശേഷം തീ പിടിച്ചു. സമീപസ്ഥന്മാര്‍ സ്ഥലത്തെത്തിയപ്പോള്‍ തീകെടുത്തുവാന്‍ വയ്യാത്ത നിലയിലെത്തി. അഗ്നിബാധ യദൃച്ഛാസംഭവമാണെന്നും വിലപിടിച്ച പല ഉരുപ്പടികളും കത്തിപ്പോയതുകൊണ്ടു മൂത്താശാരിക്കു വലിയനഷ്ടം നേരിട്ടു എന്നും മാത്രമാണു ആദ്യം വിചാരിച്ചതു. എന്നാല്‍ ഈ ലഹളയിലെങ്ങും പറങ്ങോടനെക്കാണാഞ്ഞതുകോണ്ടു അയാളെ പുരയില്‍ ചെന്നന്വേഷിച്ചു. മൂത്താശാരിയെ പുരക്കില്‍ കണ്ടില്ല. കിടന്നപായ മടക്കീട്ടില്ല. തീകത്തുന്ന സമയം ശവം കഴിഞ്ഞനാറ്റവും ധാരാളം പൊന്തുന്നുണ്ടായിരുന്നു. കണയന്നൂക്കാരന്‍ ഒരു ആശാരിചെക്കന്‍ രാത്രിപറങ്ങോടന്റെപുരക്കില്‍ ചെന്നിരുന്നെന്നും അവര്‍ തമ്മില്‍ വളരെ നേരം സംസാരിച്ചിരുന്നു എന്നും കേട്ടു. പറങ്ങേടന്റെ പെട്ടിയിലുള്ള സാധനങ്ങള്‍ പുറത്തു വലിച്ചുവാരി ഇട്ടിട്ടുണ്ടു. ആ ആശാരിച്ചെക്കനെക്കാണാനും ഇല്ല. പ്രത്യാശകൊണ്ടു അയാള്‍ പറങ്ങോടനെ കൊന്നു പണിപ്പുരക്കല്‍ വലിച്ചിട്ടു തീവച്ചതാണെന്നു ചിലര്‍ പറയുന്നു. നീതിന്യായം നിലനിര്‍ത്തിപ്പോരുന്ന തിരുമേനി സത്യാവസ്ഥ വെളിപ്പെടുത്തി രക്ഷിക്കുമാറാകണം.

          കോപ്പന്‍- തമ്പുരാക്കന്മാരേ! അടിയന്‍ ഇന്നലെ പറങ്ങോടന്റെ പുരക്കല്‍ പോയതും അവനോടു കുറെനേരം സംസാരിച്ചിരുന്നതും ശരിയാണ്. ശേഷം ഒന്നും അടിയനറിഞ്ഞുകൂടാ.

         മമ്മ-ബലപ്പെട്ട തെളിവുള്ളതു കൊണ്ടു നിനക്കതു സന്നതിക്കാതെ തരമില്ലല്ലൊ. ശേഷം സംഗതികളും ശരിതന്നെയാണെന്ന് ഞങ്ങളുടെ അന്വേഷണംകൊണ്ട് ബോദ്ധ്യമായിട്ടുണ്ട്. തന്റെ പ്രവര്‍ത്തി വലിയ സാഹസമായിപ്പോയി. പറങ്ങോടനെ കൊന്നിട്ടോ ജീവനോടുകൂടിയൊ ദഹിപ്പിച്ചത് എന്നൊന്നു മാത്രമേ അറിയേണ്ടതുള്ളൂ. ഠാണാവില്‍ ചെന്നാല്‍ അതു നീ പറയാതിരിക്കില്ല. ശിപ്പായി! അവന്റെ കൈക്കു ആമംവെച്ചുകൊണ്ടു പൊയ്‌ക്കോളൂ. ഞാന്‍ പിന്നാലെ തന്നെ വന്നേക്കാം.

         കുറുപ്പ്-ഇവനു പറവാനുള്ളതുകൂടി പറഞ്ഞുകേട്ടാല്‍ കൊള്ളാമെന്നുണ്ട്. അല്പ സമയം അതിനായി അനുവദിക്കുന്നതുകൊണ്ട് കാര്യത്തിനു വലിയ തരക്കേടൊന്നും വരാനില്ലല്ലൊ.

         മമ്മ-സംഗതി മുഴുവന്‍ കണ്ടതുപോലെ ഞാന്‍ പറയാം. ഈ കുലപാതകിയുടെ വാക്കുകേട്ടു തെറ്റിദ്ധരിച്ചു കുറുപ്പശ്ശന്റെ മനസ്സ് പുണ്ണാക്കാതിരിക്കുന്നതാണു നല്ലത്.

        കുറുപ്പ്- അടുത്ത കാലത്തു ആരും കഠിന പ്രവൃത്തിക്കു തുനിയില്ലെന്നു നിങ്ങല്‍ കണിശമായി തിരുമനസ്സറിവിച്ചിട്ടില്ലെ. ആ വാക്കു നിലനിര്‍ത്തിപോരുവാന്‍ ഇവന്റെ മൊഴി സഹായിക്കുമെന്നാണ് എന്റെ വിചാരം.

        മമ്മ-അതില്ലെങ്കിലും അങ്ങേപ്പോലെയുള്ള പഴമക്കാര്‍ പറയുന്നതിനെ ഞാന്‍ ധിക്കരിക്കുന്നില്ല. പക്ഷേ, അവന്‍ പറയുന്നതെല്ലാം നിങ്ങള്‍ തിരുമുമ്പാകെ സാക്ഷീകരിക്കേണ്ടിവരും. അര നാഴിക സമയം അനുവദിച്ചു.

        കുറുപ്പ്-കര്‍മ്മത്തിന്റെ ഗുണദോഷം കര്‍ത്താവിനാണല്ലൊ, ആശാരിച്ചെക്കാ! നിനക്കു പറവാനുള്ളതു പറ.

        കോപ്പന്‍-അടിയന്‍ കണയന്നൂക്കാരനാണു. തച്ചു ശാസ്ത്രം പഠിക്കുവാന്‍ വടക്കോട്ടു പോയിരുന്നു. ഇന്നലെ പകലെയാണ് മടങ്ങി എത്തിയത്. വരുംവഴി കൂരിക്കാട്ടുകോവിലകം പണികാണുവാനായി ചെന്നു. മൂത്താശ്ശാരി പറങ്ങോടനെ അടിയന് പരിചയമില്ല. തന്തയും തള്ളയും അയാളെ അറിയും. പറങ്ങോടനും അടിയന്റെ വീട്ടുകാരും തമ്മില്‍ നല്ല രസമില്ലെന്നടിയന്‍ ധരിച്ചിട്ടുണ്ട്. അടിയനെ കണ്ടപ്പോള്‍  മൂത്താശ്ശാരി വളരെ ആദരവോടുകൂടി പണിയെല്ലാം കാണിച്ചു തന്നു. അടിയന്റെ അച്ഛനമ്മമാരും പറങ്ങോടനും തമ്മിലുണ്ടായിരുന്ന മുഷിച്ചിലെല്ലാം തീര്‍ന്നിട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളുവെന്നും അടിയനെ കണ്ടതു വലിയ സന്തോഷമായി എന്നും അയാള്‍ പറഞ്ഞു. പണിനോക്കിയിട്ടു അടിയന്‍ ശാസ്ത്രവഴിക്കു പറങ്ങോടനോടു കുറഞ്ഞൊന്നു ഗുണദോഷിച്ചു. നാലങ്കണത്തിന്റെ ഉത്തരം എഴുത്തുമുറി കഴിച്ചുവെച്ചിട്ടുള്ളതും അതിന്മേല്‍ ചെലുത്താനുള്ള കോടിക്കഴുക്കോല്‍ കൊതയുന്നതും കണ്ടപ്പോള്‍ കണക്കില്‍ പിഴ വന്നിട്ടുണ്ടെന്നു അടിയന്‍ അയാളെ സ്വകാര്യമായി അറിവിച്ചു. കണക്കു രണ്ടാമതുനോക്കിയപ്പോള്‍ കാര്യം ശരിയാണെന്നു അയാള്‍ സമ്മതിച്ചു. അടിയന്റെ നേരെ മൂത്താശ്ശാരിക്കു വലിയ സന്തോഷമായി. മൂത്താശാരി അടിയനെ പണിപ്പുരയിലേക്കു വിളിച്ചു ഒരു മോതിരം സമ്മാനം തന്നു. പണിയുടെ കാര്യത്തില്‍ ചിലതുകൂടി ആലോചിക്കാനുണ്ടെന്നും രാത്രി പുരയ്ക്കല്‍ ചെല്ലണമെന്നും അടിയനോടു പറഞ്ഞു. അടിയന്‍ പറങ്ങോടന്റെ പുരയ്ക്കല്‍ ചെന്നു വിളിച്ചു. ഒരു മൂത്താശാരിച്ചി 'കോപ്പനല്ലേ?' എന്നു ചോദിച്ചു അടിയനെ പറങ്ങോടന്റെ അടുക്കല്‍ കൊണ്ടുപോയിവിട്ടു അവള്‍ തിരിയെപ്പോയി. മൂത്താശാരി രണ്ടു നാലു നാഴികനേരം അടിയനെയും കുപ്പാട്ടിലുള്ളവരെയും വാഴ്ത്തിപറയുന്നതു കേട്ട് അടിയനു എന്തെന്നില്ലാത്ത സന്തോഷം തോന്നി. 'എന്നാല്‍ ഇനി ഇതൊന്നു വായിച്ചു നോക്കൂ എന്നു പറഞ്ഞു ഒരു ഓല അടിയന്റെ കയ്യില്‍ തന്നിട്ടു, എനിക്കു സന്തതിയില്ലാത്തതുകൊണ്ടുള്ള ഖേദം ഇപ്പോള്‍ തീര്‍ന്നു. തിരുമുമ്പാകെവെച്ചപമാനം വരാതെ രക്ഷിച്ചതിനും വീട്ടുകാരും ഞാനും തമ്മിലുള്ള സ്‌നേഹത്തിന്റെ അവസ്ഥയ്ക്കും ഈ പ്രവൃത്തി ഒരു തക്ക പ്രതിഫലമായി തീര്‍ന്നതല്ലെങ്കിലും മറ്റൊന്നും തല്ക്കാലം ചെയ്യുവാന്‍ സാധിക്കുന്നതല്ല' എന്നു പറങ്ങോടന്‍ പറഞ്ഞു. പറങ്ങോടന്റെ കാലശേഷം അയാളുടെ സകലമുതലുകള്‍ക്കും അടിയനെ അവകാശിയാക്കി നിശ്ചയിച്ചിട്ടുള്ള ഒരു ആധാരമാണ് അയാള്‍ തന്ന ആ ഓലകഷ്ണം. അടിയന്‍ സ്വപ്നംകാണുകയാണെന്നു വിചാരിച്ചു. ഒന്നും മിണ്ടാതെ കിറച്ചു നേരം ഇരുന്നു. അത്ഭുതപ്പെടാനില്ല, ഞാന്‍ കാലെ നിശ്ചയിച്ചിട്ടുള്ളതാണ്. എന്നു പറഞ്ഞു മൂത്താശാരി അടിയനെ പിടിച്ചരികിലിരുത്തി. മൂത്താശാരിച്ചിയുടെ അസ്മാദികളില്‍ ചിലര് അന്നു അവിടെ എത്തുമെന്നും അവര്‍ ഈ കാര്യം അറിയാതെ കഴിക്കണമെന്നും പറഞ്ഞു അടിയനെ അപ്പോള്‍ തന്നെ യാത്ര അയച്ചു. അടിയനെ പുറത്തേക്കാക്കിയതു മറ്റൊരു വാതുക്കല്‍കൂടിയാണ്. അടുത്ത പിറ്റേദിവസം തിരിയെ ചെല്ലാമെന്നുള്ള ഉറപ്പിലേക്കു അടിയന്റെ ഉളിയും അവിടെ വെപ്പിച്ചു.

         കുറുപ്പ്-നീ പുരത്തേക്കു കടന്നപ്പോള്‍ വാതിലടച്ചതാരാണ്?

        കോപ്പന്‍-ആരും അടച്ചില്ല. വാതില്‍ ചാരിയാല്‍ മതി എന്നാണു പറങ്ങോടന്‍ പറഞ്ഞത്.

        കുറുപ്പ്- നീ മടങ്ങിപോന്നതു ആശാരിച്ചി അറിഞ്ഞിട്ടുണ്ടോ!

        കോപ്പന്‍- അടിയന് നിശ്ചയമില്ല.

        കോപ്പന്റെ വര്‍ത്തമാനത്തിന്നിടക്ക് കൂടെക്കൂടെ മുഖം വീര്‍പ്പിച്ചും നെറ്റിചുളിച്ചും പുരികം വളച്ചും പുഞ്ചിരികൊണ്ടും ഗൗരവം വിടാതെയും കേട്ടുകൊണ്ടിരിക്കുന്ന മമ്മതുഖാന്‍ ഏതായാലും  മുഴുവനും പറ എന്നു പറഞ്ഞു.

        കോപ്പന്‍- ഇരുട്ടു കലശലായിരുന്നതുകൊണ്ടു വരുംവഴി അടിയന്‍ ഒരു ആശാരിപ്പുരയ്ക്കല്‍          

കേറിക്കിടന്നു. പുലര്‍ച്ചക്കു അവിടെ വന്നു കേറിയ ചില ആശാരിമാര്‍ പറങ്ങോടന്റെ പണിപ്പുര കത്തി എന്നും അയാളെ ഒരു ആശാരിച്ചെക്കന്‍ കൊന്നു എന്നും കൊത്തുവാളും കൂട്ടരും അവനെ പിടിപ്പാനിറങ്ങിയിട്ടുണ്ടെന്നും പറയുന്നത് കേട്ടു. അവര്‍ അടിയനെ അറിയില്ല. അടിയന്‍ പരിഭ്രമിച്ചു ഓടിപ്പോന്നു. വിവരം സത്യമായി തമ്പുരാനെ അറിയിച്ചു. അടിയനെ ഇനി കൊന്നാലും കൊള്ളാം തിന്നാലും കൊള്ളാം ഇതാണു കാര്യത്തിന്റെ പരമാര്‍ത്ഥം; ഇതാണു ആ ആധാരം.

        മമ്മ-ആധാരം എടുത്തു നോക്കിയിട്ടു കൊല്ലുവാനുള്ള കാരണവും പൂര്‍ത്തിയായി. നിന്റെ ഉളി എവിടെ? എന്നു ഞാന്‍ ചോദിച്ചെങ്കിലൊ എന്നു വിചാരിച്ചു മുന്‍കരുതലോടുകൂടി പറഞ്ഞ വാക്കു ഭംഗിയായി. കോപ്പനെ കൊല്ലുവാനുപയോഗിച്ച നിന്റെ ഉളി മാത്രം ഞങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞില്ല. അതുകൂടി എടുത്തുതന്നേക്ക്. ഞങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട. എന്താ മിണ്ടാത്തത്? നിന്നെകൊണ്ടു അതു എടുപ്പിച്ചു കൊള്ളാം. കുറുപ്പശ്ശന് ഇനി വല്ലതും ചോദിക്കാനുണ്ടൊ?

        തല്കാലം ഒന്നുമില്ലെന്നു കുറുപ്പ് മറുപടി പറഞ്ഞപ്പോള്‍ മമ്മതുഖാന്റെ ദൃഷ്ടിസൂചകമായ ആജ്ഞപ്രകാരം ശിപായിമാര്‍ കോപ്പനെ കയ്യാമംവെച്ചു കഴിഞ്ഞു. കോപ്പന്‍ ഠാണാവിലേക്കു പോകുമ്പോള്‍ കുറുപ്പിന്റെ നേരെയുള്ള അവന്റെ പിന്തിരിഞ്ഞ നോട്ടം അദ്ദേഹത്തിന്റെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സുഖക്കേടിനിടയാക്കിതീര്‍ത്തു.

        കോപ്പനെ കൊണ്ടുപോയതിന്നുശേഷം കുറുപ്പ് ആ ആധാരം വാങ്ങി തിരിച്ചും മറിച്ചും നോക്കുന്നതു കണ്ടു. 'കയ്യക്ഷരം പറങ്ങോടന്റെ തന്നെ, സംശയിപ്പാനില്ല' എന്നു മമ്മതുഖാന്‍ പറഞ്ഞു.

       കുറുപ്പ്-ശരിയായിരിക്കാം. പരങ്ങോടനെ കൊന്നു എന്ന നിശ്ചയം?

       മമ്മ-കൊല്ലാതെകണ്ട്, സ്വന്തം മുതലെല്ലാം അന്യാധീനപ്പെടുത്തി അയാള്‍ അഗ്നിപ്രവേശം ചെയ്തു എന്നാണോ കുറുപ്പിന്റെ ശങ്ക.

       കുറുപ്പ്-'നീരുണ്ടെന്നും നിലയില്ലെന്നും' പറയുന്നതുപോലെആയിരിക്കാം എന്റെ സംശയം; പറങ്ങോടന്‍ മരിച്ചു എന്നു തീര്‍ച്ചപ്പെട്ടുവോ?

       മമ്മ-പണിപ്പുര കത്തുമ്പോള്‍ ശവം കരിഞ്ഞ നാറ്റം പൊങ്ങുന്നുണ്ടായിരുന്നു എന്നു ജനങ്ങള്‍ പറഞ്ഞതിനെ മാത്രം വിശ്വസിച്ചല്ല ഈ സംഗതി തീര്‍ച്ചപ്പെടുത്തിയത്. അവന്‍ കിടന്നിരുന്ന മുറി പരിശോദിച്ചപ്പോള്‍ അവിടവിടെ ചോരത്തുള്ളികള്‍ കിടക്കുന്നതു കണ്ടു. ഒരു ഘനമുള്ള സാധനം (പറങ്ങോടന്റെ ശവം തന്നെ) വലിച്ചുകൊണ്ടുപോയ പാട് പണിപ്പുരവരെ ധാരാളം തെളിഞ്ഞു കിടപ്പുണ്ട്. കത്തിദഹിച്ച ചാരത്തില്‍ നിന്നുംകരിഞ്ഞ മാംസഖണ്ഡങ്ങളും കിട്ടി. പറങ്ങോടന്റെ കയ്യില്‍ കിടന്നിരുന്ന ഒരിരുമ്പു വളയും പിന്നീട് പരിശോധിച്ചപ്പോള്‍ ആ ചാരത്തില്‍ കിടപ്പുണ്ടായിരുന്നു. പറങ്ങോടനെ ദഹിപ്പിച്ചു എന്നുള്ളതിന്നു ഇതിലധികം തെളിവൊന്നും വേണമെന്നു തോന്നുന്നില്ല.

       കുറുപ്പ്-ശരി, ഈ സംഗതികളെ കൊണ്ടു കോപ്പനും കുറ്റക്കാരനാണെന്നു ഊഹിച്ചതില്‍ തെറ്റില്ല.

       മമ്മ-മുമ്പ് ഒന്നുരണ്ടുകുറി നിങ്ങളുടെ യുക്തി വഴി പിഴച്ചിട്ടാണെന്നു സമ്മതിക്കാം. ഈ പ്രവൃത്തി മറ്റൊരാള്‍ ചെയ്തതാണെന്നു ഊഹിക്കുവാനുള്ള മാര്‍ഗ്ഗം ഞാന്‍ കാണുന്നില്ല. ഉണ്ടെങ്കില്‍ പറഞ്ഞുകേട്ടാല്‍ കൊള്ളാം.

       കുറുപ്പ്-മാര്‍ഗ്ഗം ഒന്നല്ല, ഒമ്പതുവേണമെങ്കില്‍ പറയാം. കള്ളന്മാര്‍ കൊള്ളയിടുവാന്‍ തരം നോക്കി  നില്ക്കുമ്പോഴായിരിക്കും കോപ്പന്‍ പുറത്തേക്കു വന്നത്. ആ വാതുക്കല്‍ക്കുടി അവര്‍ അകത്തു കടന്നു കൊള്ളചെയ്തു പറങ്ങോടനെ കൊന്നു പണിപ്പുരയിലിട്ടു തീവെച്ചതാകരുതെന്നുണ്ടൊ?

       മമ്മ-കൊള്ളക്കാര്‍ക്കു പറങ്ങോടന്റെ ശവം ദഹിപ്പിച്ചിട്ടു വല്ല പ്രയോജനവുമുണ്ടോ?

       കുറുപ്പ്-കോപ്പന് അങ്ങനെ ചെയ്തിട്ടു കാര്യമുണ്ടെങ്കില്‍ അത് മറ്റവര്‍ക്കുമുണ്ട്.

       മമ്മ-കുറുപ്പശ്ശന്‍ ഈ കേസ്സില്‍ എന്നെ സഹായിക്കണമെന്നു തിരുമനസ്സുകൊണ്ട് കല്പനയായിട്ടുണ്ട്. പക്ഷെ നിങ്ങളുടെ തെറ്റായ ധാരണ ഒന്നുകൊണ്ടും എന്നെ സഹായിക്കാനിടയില്ല. രണ്ടുപേരും അവരവരുടെ വഴിക്കന്വേഷിക്കുകയാണ് നല്ലത്. നിങ്ങള്‍ നിങ്ങളുടെ കള്ളനെ തേടിപിടിച്ചോളൂ. ഞാന്‍ തല്ക്കാലം കോപ്പനെകൊണ്ടു തൃപ്തിപ്പെട്ടുകൊള്ളാം. ഇക്കാര്യംമറ്റൊരു വഴിക്കു സംഭവിച്ചതല്ലെന്നു സ്ഥലത്തു ചെന്നാലറിയാം.

       കുറുപ്പ്-ഞാന്‍ അവിടേക്കു തന്നെയാണ് പോകുന്നത്.

       മമ്മ-എന്നാല്‍ കുറുപ്പശ്ശന്‍ കുറ്റസ്ഥലത്തേക്കു നടക്കൂ. കോപ്പനെകണ്ടവിവരം തിരുമനസ്സറിവിച്ചിട്ടു ഞാന്‍ ഠാണാവിലേക്കു വന്നേക്കാം. കുറുപ്പു പോയതു പറങ്ങോടന്റെ കുടിയിലേക്കല്ല. കോപ്പന്റെ പുരയ്ക്കലേക്കാണ്. കോപ്പന്റെ അച്ഛന്‍ തല്ക്കാലം അവിടെ ഉണ്ടായിരുന്നില്ല. പോയത് എന്തിനാണെന്നും എവിടെക്കാണെന്നും വിവരമില്ലെന്നു ആശാരിച്ചി പറഞ്ഞു. കാര്യക്കാര്‍ ആശാരിമാരെപറ്റി ഓരോന്നു പറയുന്ന കൂട്ടത്തില്‍ പറങ്ങോടനെപറ്റി ചില ദൂഷ്യങ്ങള്‍ പറഞ്ഞു തുടങ്ങി.

       ആശാരിച്ചി-അടിയന്‍ പറങ്ങോടനെ ചെറുപ്പം മുതല്ക്കറിയാം. തമ്പുരാനെപ്പോലെ നൂറുപേര്‍ ഒരുമിച്ചു ചീത്ത പറഞ്ഞാലും അയാള്‍ ചെയ്യുന്ന കടുപ്പത്തിന്റെ കടുമാകാണിക്കൊക്കില്ല. കുശുമ്പും കുനിട്ടും ദുഷ്ടും അയാളുടെ കയ്യില്‍ നിന്നു പോയതേയുള്ളൂ. പണക്കാരനായതു കൊണ്ട് ആശാരിപ്പരിഷ മുഴുവന്‍ അയാള്‍ക്കു അടിമയാണെന്നാണ് അയാളുടെ ഭാവം. പാവപ്പെട്ടവരെ ഉപദ്രവിപ്പാന്‍ കഴിഞ്ഞില്ലെങ്കില്‍ വല്ല ജന്തുക്കളെയെങ്കിലും അയാള്‍ക്കു ഉപദ്രവിക്കാതിരുന്നുകൂടാ. അത്ര കഠിനക്കാരനാണ് ആ ദുഷ്ടന്‍. അടിയനെ അയാള്‍ക്കു കെട്ടിക്കൊടുക്കാന്‍ ആദ്യം നിശ്ചയിച്ചു. ആ മഹാപാപി ഇവിടെ കേറിവന്ന അന്നു അടിയന്റെ പ്രാവിന്‍കൂട്ടിലേക്കു ഒരു കണ്ടന്‍ പൂച്ചയെ കടത്തിവിട്ടു നാവണ്ണത്തിനെ കൊല്ലിച്ചു. അത് അടിയന് സഹിച്ചില്ല. അടിയന്‍ വായില്‍വന്നതെല്ലാം പറഞ്ഞു. അടിയന്‍ അയാളൊന്നിച്ചിരിക്കില്ലെന്നു സത്യം ചെയ്തു. അയാള്‍ നാണംകെട്ടുപോയതിന്റെ ശേഷം കോപ്പന്റെ അച്ഛനു അടിയനെ കൊടുക്കുവാന്‍ നിശ്ചയിച്ച ദിവസം ആഷണ്ഡാളന്‍ അടിയങ്ങള്‍ക്കു ഒരു കാഴ്ച കൊടുത്തയച്ചത് അടിയന്‍ തമ്പുരാനെ കാണിക്കാം.

       ഇത്രയും പറഞ്ഞ് അവള്‍ ഒരു പെട്ടികൊണ്ടുവന്നു തുറന്നു. ആ ആശാരിച്ചിയുടെ ഛായ മുഴുവന്‍ തികഞ്ഞിട്ടുള്ള ഒരു പ്രതി ശിശുവിനെ പകുതി പ്രസവിച്ച സമയം രണ്ടു ശ്വാക്കള്‍ തള്ളയേയും പിള്ളയേയും കടിച്ചു വലിക്കുന്നനിലയില്‍ കൊത്തി ഉണ്ടാക്കിയിട്ടുള്ള ഒരു പണിത്തരമായിരുന്നു ആ പെട്ടിയിലുണ്ടായിരുന്ന കാഴ്ച ദ്രവ്യം.

       ഇതു കണ്ടപ്പോള്‍ കുറുപ്പ് മൂക്കത്തു കൈ വച്ചുകൊണ്ട് ''ഇവയൊക്കെ കറയുള്ള പറങ്ങോടന്‍ സകല മുതലുകളും നിന്റെ മകനു കൊടുപ്പാന്‍ ഇന്നലെ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞാല്‍ നിനക്കു ബോദ്ധ്യമാകുമോ'' എന്നു ചോദിച്ചു.

      ആശാരിച്ചി-നാലു അത്താഴപ്പട്ടിണി ഒരുമിച്ചു കിടന്നാലും നാഴി അരി ആ പരമദുഷ്ടനോട് വാങ്ങി അനുഭവിപ്പാനിടവരാതെ കുറ്റം പിഴക്കേണമെന്നാണ് അടിയങ്ങളുടെ പ്രാര്‍ത്ഥന.

      കാര്യക്കാര്‍: 'അതുശരിയാണ്' എന്നു പറഞ്ഞു അവിടന്നു തിരിച്ചു. 'പറങ്ങോടനും ഇവളും തമ്മിലുള്ള വൈരം എത്രത്തോളമുണ്ടെന്ന് സ്പഷ്ടമായി. ഇന്നലത്തെ കഥ ഇവള്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ആശാരിയെ കാണാത്തതു കൊണ്ട് സംശയിക്കാനും വഴിയുണ്ട്. ആകെപ്പാടെ കോപ്പന്റെ  പേരിലുള്ള ഊഹം ബലപ്പെടുകയാണ് ചെയ്തത്. പക്ഷേ അവന്‍ കുറ്റക്കാരനല്ലെന്നുള്ള എന്റെ മനസ്സാക്ഷി എന്നെ വിട്ടുപോവുന്നതുമില്ല.' ഇങ്ങനെ ഓരോന്നലോചിച്ചുകൊണ്ട് കുറുപ്പു കുറ്റ സ്ഥലത്തെത്തി. പണിപ്പുരയേയും പറങ്ങോടനെ വലിച്ചുകൊണ്ടുപോയതായി പറയുന്ന വഴിയും പുരയ്ക്കകവും  മനസ്സിരുത്തി പരിശോദിച്ചു. മൂത്താശാരിച്ചിയോടു പലതും ചോദിച്ചു നോക്കി. അവള്‍ മമ്മത്ഖാനോടു പറഞ്ഞിട്ടുള്ളതില്‍ കൂടുതല്‍കുറവായി ഒന്നും പറഞ്ഞിട്ടില്ല. കുറുപ്പ് അദ്ധ്വാനിച്ചതിനുള്ള അന്നത്തെ കൂലി ആശാഭംഗം മാത്രമാണെന്ന് തീര്‍ച്ചപ്പെടുത്തി മടങ്ങി വരും വഴി മമ്മത്ഖാനെ കണ്ടു.

      'എന്താ കുറുപ്പാശ്ശന്റെ കള്ളനെ കണ്ടുകിട്ടിയോ? ആശാരിചെക്കനെ വിട്ടയക്കട്ടെ' എന്നു മമ്മത്ഖാന്‍ പരിഹാസമായി ചോദിച്ചതിന്നു 'വയസ്സുകാലത്തു തോന്നിയ വിഡ്ഢിത്തമെന്നേയുള്ളു' എന്നു മറുപടി പറഞ്ഞു സന്ധ്യയോടു കൂടി കുറുപ്പ് വീട്ടില്‍ വന്നു ചേര്‍ന്നു.

      പിറ്റന്നാള്‍ മമ്മത്ഖാന്റെ ശിപായി വന്നു കുറുപ്പിനെ ഠാണവിലേക്കു കൂട്ടികൊണ്ടു പോയി. കുറുപ്പിനെ കണ്ട ഉടനെ മമ്മത്ഖാന്‍ 'ഇനി ഇക്കാര്യത്തില്‍ നിങ്ങള്‍ ബുദ്ധിമുട്ടേണ്ടതില്ല' എന്നു പറഞ്ഞു ഒരു ഉളി എടുത്തു കാണിച്ചു.

         കുറുപ്പ്-പിടിയിന്മേലും മറ്റും ചോര പുരണ്ടിട്ടുണ്ട്. പറങ്ങോടനെ കൊല്ലുവാന്‍ ഉപയോഗപ്പോടുത്തിയ ആയുധമാണെന്നുണ്ടൊ?

         മമ്മ-അങ്ങിനെ തന്നെയാണ്. ഉളി കോപ്പന്റെയാണെന്നു അവന്‍സമ്മതിച്ചു. അവന്റെ ആറു വിരലുള്ള കൈപ്പടം ഉളിയുടെ പിടിയിന്മേല്‍ പതിഞ്ഞു കാണുന്നതു പറങ്ങോടനെ കൊന്നത് മറ്റൊരാളാണെന്നൂഹിക്കുവാനുള്ള തെളിവില്ലെങ്കില്‍ മൂത്താശാരിയെ കുത്തികൊല്ലുവാനായി ഉപയോഗപ്പെടുത്തിയ ആയുധമായിട്ടുതന്നെയാണ് വിചാരിക്കേണ്ടത്. ഇതു കോപ്പനെ സംബന്ധിച്ചു വിശ്വാസയോഗ്യമായ തെളിവല്ലെന്നുണ്ടൊ?

        കുറുപ്പ്-അതിനുരണ്ടുപക്ഷമില്ല. മതിയായ തെളിവുതന്നെ. ഇത് എവിടെ കിടന്നിരുന്നു. ആര്‍ക്കാണു കിട്ടിയത്.

        മമ്മ- പറങ്ങോടന്‍ കിടന്നിരുന്ന മുറിയുടെ തെക്കേകട്ടിളപ്പടിയുടെ മുകളില്‍ നിന്നുകിട്ടി.എടുത്തതു ഞാന്‍ തന്നെയാണ്.

        കുറുപ്പ്- ഈ ഉളി ഇന്നലെ സന്ധ്യയ്ക്കുമുമ്പു അവിടെ ഇരുപ്പുണ്ടായിരുന്നുവോ എന്നു നിങ്ങള്‍ക്കറിയാമോ?

        മമ്മ-(പൊട്ടിച്ചിരിച്ചുകൊണ്ട്)കുറ്റസ്ഥവത്തു പാറാവുകാര്‍ നില്ക്കുമ്പോള്‍ റാണാവില്‍ കിടക്കുന്ന കോപ്പന്‍ രാത്രിയില്‍ ചാടിപ്പോയി ഈ തെളിവു ശേഖരപ്പെടുത്തി എന്നായിരിക്കും കുറുപ്പശ്ശന്റെ യുക്തി.

        കുറുപ്പ്- അങ്ങിനെ ആലോചിപ്പാനിടയില്ല. എന്നാല്‍ ഇന്നലെ ഈ ഉളി ആരും കാണാതിരുന്നത് എങ്ങിനെയാണ്.

        മമ്മ-ആരും അത്ര നിഷ്‌കര്‍ഷിച്ചുനോക്കീട്ടില്ല, അതുതന്നെ.

       കുറുപ്പ്- ഏതായാലും മതിയായ തെളിവു കിട്ടിയതുകൊണ്ടു കേളപ്പന്റെ കഥ അവസാനിക്കേണ്ടദിക്കായി. ആശാരിച്ചിക്കുളിയുടെകാര്യത്തില്‍ വല്ല അറിവും ഉണ്ടോ എന്നു ചോദിച്ചുവോ?

       മമ്മ-എനിക്കു ഇനി ആരോടും ഒന്നും ചോദിച്ചറിയേണ്ടതില്ല. തിരുമനസ്സറിവിക്കുവാനുള്ള വരിയോല തയ്യാറാക്കുകയായി കുറുപ്പശന്റെ കള്ളനെ പിടിക്കാന്‍ ഞാന്‍ പിന്നീടു സഹായിക്കാം.

       കള്ളവരിയും പുള്ളിക്കുത്തും, വളവും, ഞെളിവും, ചുളിവും, ഇല്ലാത്ത നെടുനീളത്തിലുള്ള ചളിക്കിട്ട കരിമ്പനയോല വാര്‍ന്നു മുറിച്ചു ഭംഗിയാക്കിക്കെട്ടിവെച്ചിട്ടുള്ളതില്‍നിന്നു ഒന്നു വലിച്ചെടുത്തുകൊത്തു വാള്‍ എഴുതിത്തുടങ്ങി. കുറുപ്പു രണ്ടാമതും കുറ്റസ്ഥലത്തേക്കുതിരിച്ചു. പുരക്കുചുറ്റും മൂന്നുവട്ടം നടന്നു അകത്തേക്കു കടന്നു മുറികളെല്ലാം നടന്നു നോക്കി. ആശാരിച്ചിയോടു രണ്ടാമതു ചിലതു  ചോദിച്ചു. പുരയുടെ ചുറ്റളവും മുറികളുടെ ദീര്‍ഘവിസ്താരവും ഭിത്തിവണ്ണവും കുത്തിക്കുറിച്ചുകൊണ്ടു ഉളികിടന്നിരുന്ന കട്ടിളക്കല്‍ ചെന്നു പുറത്തേക്കുനോക്കിയപ്പോള്‍ കോപ്പനേയും കൊണ്ടു മമ്മതുഖാനും  കൂട്ടരും വരുന്നതുകണ്ടു. കാര്യേക്കാര്‍ ചിരിച്ചുകൊണ്ടു പടിക്കലേക്കുചെന്നു.

         മമ്മ-എന്താ മൂത്തകുറുപ്പിന്റെ മുഖത്തു സന്തോഷം കാണുന്നത്.കള്ളനെ കണ്ടുകിട്ടിയോ?                  കുറുപ്പ്- കണ്ടെത്തിക്കഴിഞ്ഞില്ല. നിങ്ങള്‍ സഹായിച്ചാല്‍ കയ്യോടുകൂടി അവനെ പിടിക്കാം.

         മമ്മ- എന്റെ കുറുപ്പശ്ശന്‍ വയസ്സുകാലത്തു കളിപറയാതിരിക്കൂ. കുട്ടികള്‍ക്കും പിഴക്കണ്ടെ?

         കുറുപ്പ്- നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ പിഴതന്നെയാകാം.നിര്‍ദ്ദോഷിയെ കുറ്റപ്പെടുത്താനുള്ള ഉത്സാഹം നിര്‍ത്തിവെച്ചു ഞാന്‍ പറയുന്നതു കേട്ടില്ലെങ്കില്‍ പിന്നീടു പശ്ചാത്താപത്തിന്നിടവരും.

         കുറുപ്പിന്റെ പ്രകൃതം മാറിക്കണ്ടപ്പോള്‍ മമ്മതുഖാന്റെ ഹാസ്യം ഒന്നുശമിച്ചു. അവര്‍ വഴിപ്പെട്ടു എന്നു കണ്ട് കുറുപ്പ് അവരെ മുറിയിലേക്കു കൊണ്ടുപോയി. ചിലതെല്ലാം പറഞ്ഞേല്പിച്ചു. കുറുപ്പിന്റെ കല്പനപ്രകാരം മൂത്താശാരിച്ചിയെകൊണ്ടു രണ്ടുകെട്ടുവയ്‌ക്കോല്‍ ചുമപ്പിച്ചു പറങ്ങോടന്റെ മുറിയില്‍ കടത്തി ഇടുവിച്ചു. ഒരു ശിപായിപോയി രണ്ടുകുടം വെള്ളം കൊണ്ടുവന്നു. ഈ കളിവട്ടം കണ്ടപ്പോള്‍ മമ്മതുഖാന്‍ കോപത്തോടുകൂടി 'ആരായാലും വകതിരിവുകൂടാതെ പ്രവൃത്തിച്ചാല്‍ പട്ടാണിമാര്‍ ക്ഷമിക്കില്ല' എന്നു പറഞ്ഞു പുറത്തേക്കുപുറപ്പെട്ടു.

         കുറുപ്പ്- ദേഷ്യപ്പെടരുത്, കുറച്ചു തീകൂടി കിട്ടിയാല്‍ എല്ലാം തെയ്യാറായി.

         മമ്മ- മതി,മതി ഞങ്ങള്‍ പിള്ളേര്‍ കളിക്കുള്ളവര്‍ അല്ല. അങ്ങു തിരുമനസ്സിലെ സേവകനാണെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അവമാനിക്കുന്നത് അവിടേക്കു രസമാവില്ല.

         കുറുപ്പ്- പതുക്കെ പറയാതിരുന്നാല്‍ കാര്യത്തിന് തരക്കേടുണ്ട്. ചില സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ക്കു മാനാപമാനം ഇന്നതാണെന്നു മനസ്സിലാകുന്നതു ചിലപ്പോള്‍ കാര്യം കഴിഞ്ഞിട്ടായിരിക്കും. ഇക്കാര്യയ്യത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചതു മാനമോ അപമാനമോ എന്നു കുറച്ചുകൂടി ക്ഷമിച്ചാലറിയാം.

        മമ്മതതുഖാന്‍ പുറത്തേക്കുവെച്ചകാല്‍ അകത്തേക്കുതന്നെ വലിച്ചു. 'തീയില്ലാഞ്ഞിട്ടു കള്ളനെ കിട്ടാതിരിക്കേണ്ട', എന്നു പറഞ്ഞു കുപ്പായത്തിന്റെ കീശയില്‍ നിന്നു ഒരു തീക്കല്ല് എടുത്തു കുറുപ്പിന്റെ മുമ്പിലേക്കിട്ടു.

        കുറുപ്പു വക്കോലില്‍ തീപ്പിടിപ്പിച്ചുകൊണ്ടു മൂത്താശാരിച്ചിയെ വിളിച്ചുപറഞ്ഞു. 'പറങ്ങോടനെക്കൊന്നകാര്യത്തില്‍  നിന്നെ വയ്‌ക്കോലിട്ടു ചുടുവാന്‍ തീര്‍ച്ചയാക്കിയിട്ടുണ്ട്. അതുകൂടാതെ കഴിക്കേണമെങ്കില്‍ 'അയ്യോ! പുരതീപ്പിടിച്ചു' എന്ന ആര്‍ത്തസ്വരം പുറപ്പെടുവിക്കുന്നതു കേട്ടുകേള്‍പ്പിച്ചു തുരുമനസ്സിലേക്കു കരുണതോന്നിയാല്‍ നീ പിഴച്ചു അല്ലെങ്കില്‍ ദഹിച്ചു. കാര്യേക്കാര്‍ പറയുന്നതുകേട്ടു ഭയപ്പെട്ടു അവള്‍ നിലവിളിക്കൂട്ടിത്തുടങ്ങി. വൈക്കോല്‍ കത്തിക്കാളിത്തുടങ്ങിയപ്പോള്‍ 'ംം' എന്നു കുറുപ്പിന്റെ മൂളക്കംകേട്ടു ശിപായിമാരും തിയ്യ്! എന്നു ഉച്ചത്തില്‍ നിലവിളിച്ചു: വയ്‌ക്കോല്‍ 'ചടുപിട' പൊട്ടിക്കത്തുന്നതുനിടക്കു കതകു തള്ളിത്തുറക്കുന്ന ശബ്ദത്തോടുകൂടി ചുമരിന്റെ ഒരുഭാഗം പെട്ടെന്ന് പിളര്‍ന്നു. പണിപ്പുരയില്‍ ദഹിച്ച പറങ്ങോടന്റെ സ്വരൂപം അവിടെ പ്രത്യക്ഷപ്പെട്ടു.

         കുറുപ്പ് 'ഇതാണ് പണിക്കാരന്റെ പണി; ഇവനാണ് എന്റെ കള്ളന്‍' എന്നുപറഞ്ഞു കോപവും നാണവും അത്ഭുതവും ഇടകലര്‍ന്നുകളിക്കുന്ന മമ്മതുഖാന്റെ മുഖത്തേക്കൊന്നുനോക്കി. പഴയബുദ്ധിക്കു ആഴംകൂടും, അങ്ങു അമാനുഷന്‍തന്നെ; എന്നു മമ്മതുഖാന്‍ കുറുപ്പിനോടും എട ദുഷ്ട! കുറുപ്പശ്ശന്‍ ഈ ദിക്കിലില്ലായിരുന്നുവെങ്കില്‍ നീ ഒരു നിരപരാധിയുടെ പ്രാണനെ അന്യായമായി നശിപ്പച്ചുകളയുമായിരുന്നുവല്ലൊ മഹാപാപി! എന്നു പറങ്ങോടനോടും പറഞ്ഞു.

         കുറുപ്പ്-പറങ്ങോട! അവസാനം നീതന്നെ നിന്റെ പേരിനെ യഥാര്‍ത്ഥമാക്കിത്തീര്‍ത്തു. 'ഉളിപിടിച്ചകയ്യ്' ഏകദേശം കോപ്പന്റെ കൈപ്പടത്തോടു ഒത്തിട്ടുണ്ടെങ്കിലും ആ ചെക്കനു എടത്തുകയ്യാണ് സാധ്വീനമെന്നു നീ മനസ്സിലാക്കാഞ്ഞതു വിഡ്ഢിത്തമായിപ്പോയി.

         പറങ്ങോടന്‍- തമ്പുരാനെ അടിയന്‍ അവനെ കല്പിച്ചുകൂട്ടി ഉപദ്രവിക്കേണമെന്നു വിചാരിച്ചില്ല. ഒരു നേരംപോക്കു കാണിച്ചു എന്നേയുള്ളൂ.

         മമ്മ- നേരംപോക്കോ കാര്യമോ എന്നു വഴിയെ അറിയാം. എടൊ കോപ്പന്റെ കയ്യാമം ഊരി ഈ ചേട്ടയുടെ കയ്ക്കുറപ്പിക്കൂ, കുറുപ്പശ്ശനു ഈ ദ്രോഹി ഇതിനകത്തിരിപ്പുണ്ടെന്നു എങ്ങിനെ മനസ്സിലായി.

         കുറുപ്പ്- ഉളിപിടിച്ച കയ്യു മതിയായ തെളിവാണെന്നു നിങ്ങള്‍ പറഞ്ഞതു ഞാനും സമ്മതിച്ചില്ലെ? എന്റെ സമ്മതം മറ്റൊരുവഴിക്കായിരുന്നു. ഇന്നലെ സന്ധ്യയ്ക്കു ആ ഉളി അവിടെ ഉണ്ടായിരുന്നില്ലെന്നു എനിക്കു നിശ്ചയമുണ്ടു. ഞാന്‍ കുറ്റസ്ഥലം പരിശോധിക്കുമ്പോള്‍ ഒരിടവും നോക്കാതെ വിട്ടുകളയുന്ന പതിവില്ല കോപ്പന്‍ എടവനാണെന്നു ഞാന്‍ അവനെക്കണ്ടപ്പോള്‍ എനിക്കുതോന്നി. അവന്‍ മുഴക്കോല്‍ വലതുകയ്യിലാണു പിടിച്ചിരുന്നത്. സംസാരത്തിനിടക്കു കയ്യാംഗ്യകൊണ്ടു എന്റെ സംശയംതീര്‍ന്നു. കോപ്പന്‍ ആറുവിരലുള്ളതു വലത്തെ കൈയ്പത്തിയിന്മേലല്ലെ. അസ്വാധീനമായ കൈകൊണ്ടു ഒരുവനെ കുത്തിക്കൊല്ലില്ലെന്നു വിചാരിക്കരുതെ. ഉളിയില്‍ പതിച്ചിട്ടുള്ള കയ്പടം കൃത്രിമമാണെന്നു തീര്‍ച്ചപ്പെടുത്തി. ഈ പണി പറ്റിച്ചതാരാണെന്നാലോചിച്ചു. ഈ പുരയുടെ പുറത്തേക്കുള്ള വാതല്‍മാത്രമേ തുറന്നിട്ടുണ്ടായിരുന്നുള്ളൂ എന്നും പാറാവുകാര്‍ രാത്രിയില്‍ ഉറങ്ങീട്ടില്ലെന്നും തീര്‍ച്ചയായി പറയുന്നുണ്ടു. അതുകൊണ്ടു ഉളിപുറത്തു നിന്നു വന്നതെല്ലെന്നു നിശ്ചയിച്ചു. ആശാരിച്ചിക്കു ഉളിയിരുന്ന സ്ഥലം എത്തില്ല. ആകപ്പാടെ വീടിന്റെ ഉള്ളില്‍ കള്ളനുണ്ടെന്നു നിശ്ചയിച്ചു. പിന്നെ സ്ഥലം കണ്ടുപിടിക്കാനുള്ള ശ്രമമായ്. പലകയുടെ ദീര്‍ഘവിസ്താരവും മുറികളുടെ ദീര്‍ഘവിസ്താരവും കൂട്ടി നോക്കിയപ്പോള്‍ വീതിയില്‍ ഒരുക്കോല്‍ ഉള്ളു കുറവായി കണ്ടു. സൂക്ഷ്മമായി നോക്കിയതില്‍ രണ്ടു എടഭിത്തികളുടെ നടക്കു ഒരു ചെറിയ മുറിയാണെന്നു മനസ്സിലാക്കി. വായുസഞ്ചാരത്തിനു  പഴുതില്ലെങ്കില്‍ ആള്‍ അകത്തുണ്ടാകുമോ എന്നു സംശയമായി. തട്ടിന്‍പുറത്തുകേറി നോക്കിയപ്പോള്‍ ആ സംശയവും തീര്‍ന്നു.

         മമ്മ- അതൊക്കെ സമ്മതിച്ചു. വയ്‌ക്കോലും തീയ്യും വെള്ളവും എന്തിനായിരുന്നു.

        കുറുപ്പ്- നിങ്ങള്‍ എന്നെ കളിയാക്കിയില്ലെ? അതിനു പകരം ഒന്നുകളിപ്പിച്ചു എന്നേ ഉള്ളൂ. പറങ്ങോടനോടു ഒന്നു ചോദിപ്പാനുണ്ടു. അങ്ങോട്ടുപോകാം.

        മമ്മതുഖാനും കുറുപ്പും പറങ്ങോടന്റെയും മറ്റും അടുക്കലേക്കു ചെന്നു. ചോരയ്ക്കും മാംസത്തിനുംകൂടി എന്തു ജന്തുവിനെയാണ് ഹിംസിച്ചതു എന്നു കുറുപ്പു ചോദിച്ചതിനു പറങ്ങോടന്‍ ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടു തിരുമുമ്പാകെവെച്ചു തീരുമാനിക്കാമെന്നു പറഞ്ഞു എല്ലാവരും  കുരിക്കാട്ടേക്കു തിരിച്ചു. ഇതിനിടക്കു 'തമ്പുരാന്‍ ദീര്‍ഘായുസ്സായിരിക്കണെ' എന്നുള്ള കോപ്പന്റെ പ്രാര്‍ത്ഥന സഹസ്രാവര്‍ത്തി കഴിഞ്ഞു. 

        



ജീവിതരേഖ
Thrissur അമ്പാടി വീട്ടിൽ, വക്കീൽ ശേഷയ്യരുടെയും പാർവ്വതി പൊതുവാൾസ്യാരുടെയും മകനായി കൊല്ലവർഷം 1046 ഇടവ മാസത്തിൽ (ക്രിസ്തുവർഷം 1871 മേയ് മാസത്തിൽ) ജനിച്ചു. തൃശൂർ ഹിന്ദു ഹൈസ്കൂളിൽനിന്നും മെട്രിക്കുലേഷൻ പാസ്സായി. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ സർക്കാർ സർവീസിൽ പ്രവേശിച്ചു. 1926-ൽ സബ്രജിസ്ട്രാർ ഉദ്യോഗത്തിൽനിന്നും വിരമിച്ചു. കൊല്ലവർഷം 1111 മിഥുനം 32(ക്രിസ്തുവർഷം 1936 ജൂലൈ 15)-നു അദ്ദേഹം അന്തരിച്ചു.
സാഹിത്യപ്രവർത്തങ്ങകവിതകൾ എഴുതിയാണു് നാരായണപ്പൊതുവാൾ സാഹിത്യരംഗത്തേക്കു കടന്നുവന്നതു്. അനന്തരം ചെറുകഥയിലേക്കു ശ്രദ്ധതിരിഞ്ഞു. Appan Thamburan ഗൃഹസദസ്സിലെ അംഗത്വവും Rasika Ranjini പത്രാധിപത്യവും പൊതുവാളിന്റെ സാഹിത്യ പ്രവർത്തനങ്ങൾക്കു് ആക്കംകൂട്ടി

കഥാസൗധം (മൂന്നു ഭാഗങ്ങൾ), മോചനം (നാടകം), കേരളപുത്രൻ (നോവൽ) എന്നിവയാണു് പൊതുവാളിന്റെ കൃതികൾ. നിരവധി ലേഖനങ്ങളും കഥകളും സമാഹരിക്കപ്പെടാതെ കിടക്കുന്നുണ്ടു്. കഥാസൗധത്തിലെ കഥകളിൽ ഏറിയ പങ്കും അക്കാലത്തെ പ്രണയഗതിയും ദാമ്പത്യസുഖവും ചിത്രീകരിക്കുന്നവയാണു്. ചരിത്രസംഭവങ്ങളെയും പഴങ്കഥകളെയും പശ്ചാത്തലമാക്കിയാണു് പൊതുവാൾ കഥകൾ വാർത്തെടുത്തിരുന്നതു്.

പ്രാസഭ്രമമുള്ള ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. 'അന്തർജ്ജനത്തിന്റെ തന്ത്രം', 'കൊച്ചപ്പന്റെ കോച്ചൽ', 'വള കൊണ്ട വനിത', 'ആദരിച്ച പാതിര' എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽത്തന്നെ കഥാകാരന്റെ പ്രാസഭ്രമം തുടങ്ങുന്നു. സ്കോട്ടിന്റെ ബ്രൈഡ് ഒഫ് ലാമർമൂർ എന്ന ആഖ്യായികയെ ഉപജീവിച്ച് 18-ാം ശതകത്തിൽ തൃശൂരിൽ നടന്ന സാമൂതിരി വാഴ്ചയെപ്പറ്റി എഴുതിയ ഗദ്യനാടകമാണ് മോചനം. പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തെ പശ്ചാത്തലമാക്കിയാണ് കേരളപുത്രന്റെ രചന.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ