കയ്മളശ്ശന്റെ കല്യാണം
- അമ്പാടി നാരായണപ്പൊതുവാള്‍
ചരല്‍ വന്നു വീഴുന്ന ശക്തിയോടുകൂടി തുലാവര്‍ഷം തകര്‍ത്തുപെയ്തുകൊണ്ടിരുന്ന ഒരു രാത്രിയില്‍ പുഷ്പഗിരി
ഗ്രാമത്തിന് പടിഞ്ഞാറു വശത്തുള്ള വിശാല വയലിന്റെ
നടുവില്‍ കീഴുമേലായി നെടുനീളത്തില്‍ കിടക്കുന്ന നാട്ടുപാതയില്‍ക്കൂടി കാക്കപ്പൊന്നത്തു ' ചപ്രപാണ്ടന്‍ ' എന്ന സ്ഥാനപ്പേരുള്ള 'ഇട്ടിരിക്കൂര്‍മ്മന്‍' കയ്മളശ്ശന്‍ സവാരിനീങ്ങുകയായിരുന്നു. ' തൊക്കും തൊണ്ടും' എക്കിവലിഞ്ഞു, അടികൊണ്ടു തുടതടിച്ചു, എല്ലുപൊന്തി, കാല്‍ മുടന്തി, പട്ടിണിപരിചയിച്ചിട്ടുള്ള യജമാനന്റെ ശ്രുതിപ്പെട്ട ' പോണി നനഞ്ഞൊലിച്ചു. ആളെഭേസിപ്പോകുന്നതുകണ്ടാല്‍ ഓജസ്സും പ്രതാപവും ക്ഷയിച്ചു പ്രഭുത്വം തടിച്ചുനില്‍ക്കുന്ന എടപ്രഭുക്കന്മാരില്‍ ചിലരുടെ പോക്കുവരവിന്നുള്ള 'നീങ്ങുക' എന്ന ആചാരവാക്കിനെ അര്‍ത്ഥവത്താക്കിത്തീര്‍ക്കുകയാണെന്നു തോന്നും. കിഴക്കന്‍ കാറ്റിന്റെ ശക്തികൊണ്ട് പടിഞ്ഞാറോട്ട് നീങ്ങിനീങ്ങി പോയിരുന്ന ആ ജന്തു ആറാട്ടുപുഴപ്പാലത്തിനടുത്തെത്തിയപ്പോള്‍ പാതയില്‍ വിലങ്ങടിച്ച് നില്‍പ്പായി. കയ്മളുടെ മഴക്കോട്ടിനു കാറ്റു പിടിച്ച് തുടങ്ങിയപ്പോള്‍ പോണി കയ്യും കാലും ഇടയ്ക്കിടെപൊക്കി പടിഞ്ഞാറോട്ടു ചായുന്നുണ്ട്. വാറുവലിച്ചിട്ടും കാലിട്ടടിച്ചിട്ടും കയ്മള്‍ കുതിരയെ പടിഞ്ഞാട്ട് തിരിയ്ക്കാന്‍ പാടുപെടുന്നതിനിടയ്ക്ക് അതിന്റെ പള്ളക്കല്‍ ആരോ വന്നുമുട്ടി. ഹൈ! ഹൈ! ഹൈയ്യാ! എന്നുള്ള സവാരിക്കാരുടെ വായ്ത്താരി കയ്മള്‍ അടിയ്ക്കടി പുറപ്പെടുവിച്ചു. കൊടയും ചരിച്ചുപിടിച്ച് കുമ്പിട്ടുബദ്ധപ്പെട്ട് വന്നുമുട്ടിയ പാന്ഥന്‍ പരിഭ്രമിച്ചുപിന്നോക്കം മാറി.
കയ്മള്‍- ആരാത്? തിന്നുപൊളച്ചു ലഗാനൊരുങ്ങാതെ വിലങ്ങിച്ചുനില്‍ക്കുന്ന പോണിയുടെ മെക്കട്ടുവന്നുകേറി ചാകാഞ്ഞതു ഭാഗ്യം.
പാന്ഥന്‍- അല്ലാ എജമാനനോ? എന്നെ അന്വേഷിച്ച് നീങ്ങുകയാണെന്നുണ്ടോ? തിടുക്കം നേരിട്ടതുകൊണ്ടുവന്ന താമസത്തില്‍ ക്ഷമിക്കണം.
കയ്മള്‍- ആര് ശിവരാമനോ? നന്നായി തന്റെ വരവ് കാണാഞ്ഞിട്ട് അന്വേഷിച്ച് പുറപ്പെട്ടതാണ്.
ശിവരാമന്‍- വലിയ മഴ, എന്റെ വീട് സമീപമാണ്.
കയ്മള്‍- രാത്രിയല്ലേ, നമ്മെ ആരും കാണില്ല. ശിവരാമന്റെ വീട്ടിലേക്കുതന്നെ പോവാം, പോണിയെ ഒന്നു തള്ളിത്തിരിക്കൂ. ശിവരാമമേനോന്‍ കുതിരയെ തള്ളിത്തിരിക്കുവാന്‍ ഭാവിച്ചപ്പോള്‍ അതവിടെ കിടന്നു. പലതും പയറ്റിനോക്കി. അതെണീറ്റില്ല. അവസാനം ജീനി ശിവരാമമേനോന്‍ ചുമക്കേണ്ടതായിവന്നു.
കഴുക്കള്‍ തീന്‍പണ്ടം വീണിട്ടുണ്ടെന്നറിയുന്നത് മൂക്ക് വിശര്‍ത്തിട്ടാണെന്ന് ചിലര്‍ പറയാറുണ്ടു. ഉള്ളുകൊണ്ട് സ്വരച്ചേര്‍ച്ച ഇല്ലാതാവുമ്പോഴേക്കും അവിടെ നാട്ടുകാര്യസ്ഥന്മാര്‍ എത്തുന്നത് എങ്ങനെയാണെന്നാരും പറയുന്നില്ല. തമ്മില്‍ രാജിയാക്കുകയാണെന്നു പുറമേ ഭാവിച്ചു കടിപിടികൂട്ടിവൈരം വര്‍ദ്ധിപ്പിച്ചു എടപെട്ടുകൊണ്ടകാലക്ഷേപം ചെയ്യുന്ന നാട്ടുകാര്യസ്ഥന്മാരില്‍ ഒട്ടും പ്രധാനിയല്ലാത്ത ഒരാളാണ് വ്യവഹാരി ശിവരാമമേനോന്‍. ആളും തരവും അറിഞ്ഞുപ്രയോഗിച്ചു സ്വാര്‍ത്ഥം നേടാന്‍ അതിസമര്‍ത്ഥനായ ആ വിദ്വാന്‍ വാട്ടില്‍ച്ചെന്നു കയ്മള്‍ക്കു കുത്തുകട്ടിലും രണ്ടു തലയിണയും കൊടുത്തുസല്‍ക്കരിച്ചു അനുവാദപ്പടിതാനും ഇരുന്നു. മേശപ്പുറത്തുകിടന്നിരുന്ന ' രസവിലാസിനി ' എന്ന മാസികയുടെ കടലാസുകള്‍ അശ്രദ്ധയായി മറിച്ചിട്ടുകൊണ്ട് നീങ്ങിയത് എന്തിനാണെന്നും മനസ്സിലായില്ല. എന്നുപറഞ്ഞു.
കയ്മള്‍ - സവാരി ചെയ്ത ക്ഷീണം മാറിയിട്ടാവാമെന്നു വിചാരിച്ചു. വേണ്ട, നമ്മേക്കാളധികം ശുഷ്‌കാന്തി ശിവരാമനുണ്ടെന്ന് നമുക്കു ബോധ്യമായി. അതുകൊണ്ട് നാം ക്ഷീണം വകവെക്കുന്നില്ല.
ശിവരാമന്‍ - ക്ഷീണം മാറിയിട്ടുമതി. എനിക്കു ബദ്ധപ്പാടില്ല.
കയ്മള്‍ - പോരാ, പോരാ! ആ ചേട്ടകളെ നിമിഷത്തിനുമുമ്പില്‍ കുടുക്കണം. കൂളന്‍, നമ്മെ അപമാനിപ്പാന്‍ പുറപ്പെട്ടു പെരിങ്കൂളന്‍, പെണ്‍കൊതിയന്‍, അവനോ - അവനെ നാം - ശിവരാമന്‍ ആ പുസ്തകം വായിച്ചില്ലേ?
ശിവരാമന്‍ - ഉവ്വ്. കയ്മളശ്ശന്റെ ശൃംഗാരകത്ത്, നല്ല നേരം പോക്ക്തന്നെ!.
കയ്മള്‍ - നേരമ്പോക്കല്ല കാര്യമാണത്.
ശിവരാമന്‍ - എന്നാല്‍ അയാള്‍ വലിയ ഏഭ്യന്‍തന്നെ, ഇത്ര ചാവല്യം മനുഷ്യര്‍ക്കുവരാമോ?
ശിവരാമമേനോന്റെ അഭിപ്രായം കേട്ടപ്പോള്‍ കയ്മളുടെ മുഖം വാടി. സ്വകാര്യമായിട്ടു ഇന്നതേ എഴുതാവൂ എന്നുണ്ടോ. അത് പരസ്യമാക്കിയതുകൊണ്ട് വല്ല കേസ്സിന്നും വഴിയുണ്ടോ എന്നാണ് ആലോചിക്കേണ്ടത് എന്ന് കയ്മള്‍ പറഞ്ഞു.
ശിവരാമന്‍ - ' രസവിലാസിനി ' യുടെ മേല്‍ കേസോ? ഒരിക്കലുമുണ്ടാവില്ല!. കത്ത് സ്വകാര്യമാണോ എന്ന് അതുകിട്ടിയ ആളാണ് വിചാരിക്കേണ്ടത്. യജമാനന്‍ ഇതിനെപ്പറ്റി ആലോചിക്കുന്നതെന്തിനാണ്?
കയ്മള്‍ - നമ്മുടെ പുതിയ ഏര്‍പ്പാടു ശിവരാമന്‍ കേട്ടിട്ടുണ്ടോ.
ശിവരാമന്‍ - താട്ടിക്കുട്ടിയായിട്ടുള്ള കൂട്ടുകെട്ട് വിട്ടു എന്നും അവളെ ഒരു തെക്കന്‍ നായര്‍ കൊണ്ടുപോയി എന്നും കേട്ടു.
കയ്മള്‍ - കൂട്ടുകെട്ടിന്നു ഇപ്പോഴും കുറവില്ല. അവളായിട്ടുള്ള രഹസ്യമായ വേഴ്ച ഇനി നമ്മുടെ സ്വരൂപത്തിങ്കലേക്ക് അപമാനമാണെന്നു നാം അവളെ പറഞ്ഞു വിശ്വസിപ്പിച്ചു ഉപേക്ഷിക്കുകയാണു ചെയ്തത്. കാരണം അവള്‍ക്കും നമുക്കും മാത്രമേ അറിഞ്ഞുകൂടൂ.
ശിവരാമന്‍ - സ്വകാര്യം പുറത്താക്കരുതല്ലോ. താട്ടിക്കു നാള്‍ തെറ്റിയതുകൊണ്ട് യജമാനന്‍ ഉപേക്ഷിച്ചതാണെന്നുള്ള ആക്ഷേപവും പോയല്ലോ.
കയ്മള്‍ - താട്ടിയുടെ നായര്‍ നമുക്കു തിരുമുള്‍ കാഴ്ച കഴിപ്പാന്‍ വരവുണ്ടെന്നു അയാളോട് അവള്‍ക്കു ഗര്‍ഭമാണെന്നുള്ള ഗതിമാത്രം പറയരുതെന്നും താട്ടി നമ്മുടെ കാലുപിടിച്ചപേക്ഷിച്ചു. നാം അതിനു സമ്മതിച്ചു. പൊളിപറയാന്‍ ഒരുങ്ങി ഇരിപ്പായിരുന്നു. പക്ഷേ പൊടമുറി നായരുടെ വീട്ടില്‍ വെച്ചായിരുന്നതുകൊണ്ടും നമുക്കതു കൂടാതെകഴിഞ്ഞു
ശിവരാമന്‍ - ആ മാറാപ്പൊഴിഞ്ഞതു നന്നായി. അവസ്ഥക്കുപോരാത്തവളെ വെച്ചുകൊണ്ടിരിക്കുന്നത് യജമാനനെപ്പോലുള്ളവര്‍ക്ക് ഒരിക്കലും ഭംഗിയല്ല.
കയ്മള്‍- അതവള്‍ക്കും ബോധ്യമാണ്. താട്ടി വളരെ നന്ദിയുള്ള കൂട്ടത്തിലാണ്. അവള്‍ കിഴക്കോട്ടു പോകുന്ന ദിവസം ഒരു കന്യകയുടെ പടം നമുക്ക് കാഴ്ചവെച്ചു. അതു അവളുടെ ഭര്‍ത്താവിന്റെ മരുമകളുടെ ഛായയാണ്. വളരെ ഭേഷ് എന്നല്ലേ പറയേണ്ടൂ.
ശിവരാമന്‍ - സൗന്ദര്യം, കുലമഹിമ, സൌശീല്യം മുതലായ ഗുണങ്ങളെല്ലാം തികഞ്ഞിട്ടു ഇഷ്ണിക്ക എന്നൊരു പെണ്‍കുട്ടിയുണ്ട്. ആ കുട്ടിയുടെ പടമായിരിക്കുമോ?
കയ്മള്‍ - അതുതന്നെ. ശിവരാമന്‍ ഇഷ്ണിക്കയെ കേട്ടിട്ടുണ്ടല്ലേ. താട്ടിയും അവളും തമ്മില്‍ പ്രാണസ്‌നേഹമാണ്. ഇഷ്ണിക്ക കുട്ടിയാണെങ്കിലും ഓജസ്സ് കലശലാണ്. അവളുടെ അമ്മാമനെക്കൊണ്ട് താട്ടിക്ക് പൊടമുറി കൊടുപ്പിച്ചു. ഇഷ്ണിക്കയെ നമുക്ക് ബോധ്യമായാല്‍ നാം താട്ടിക്ക് ഒരു വലിയ പ്രത്യുപകാരം ചെയ്ത കൂട്ടത്തിലായ് എന്നു അവള്‍ നമുക്ക് എഴുതിയിട്ടുണ്ട്. നാം സമ്മതിച്ച് മറുവടി കൊടുത്തു.
ശിവരാമന്‍ - ഇഷ്ണിക്ക ഇവിടുത്തെ ധര്‍മ്മദാരങ്ങളായിരിപ്പാനുള്ള കൊണ്ടും യോഗ്യതയുള്ള സ്ത്രീ തന്നെ.
കയ്മള്‍ - അതെ. പിന്നീടു ഞങ്ങള്‍ തമ്മില്‍ നടത്തിയ എഴുത്തുകളെക്കൊണ്ട് നമുക്കത് ബോധ്യമായി. പക്ഷേ കുറച്ചൊരു ദുര്‍ഘടം. ഇഷ്ണിക്കയുടെ തള്ള - അസത്ത് പേരുകേട്ടാല്‍ കുളിക്കണം, മുളപൊളിക്കുന്ന ശബ്ദമാണെന്നുതോന്നും, ഇട്ണ എന്നാണു പേര് -ഈ ഏര്‍പ്പാടിന് വിപരീതമായിട്ടു എടങ്കോലിടുന്നുണ്ട്. കാരണം, ഒരു കൂളന്‍ കോമന്‍ - കൂളെനെന്നു പറഞ്ഞാല്‍ ചെറ്റ കൂളന്‍ - ഇഷ്ണിക്കയെ ഭ്രമിച്ചുകൂടിയിട്ടുണ്ട്. നമ്മുടെ പ്രവേശം തീര്‍ച്ചപ്പെട്ടപ്പോള്‍ ഇഷ്ണിക്ക അവനെ വടിപോലെ ഉപേക്ഷിച്ചു. ഇപ്പോള്‍ അവന്‍ തളളയെ പാട്ടുപിടിച്ച് അവളുടെ ശാസ്യ വഴിക്കു ഇഷ്ണിക്കയെ സ്വാധീനിക്കാന്‍ നോക്കുകയാണ്. ഈ വര്‍ത്തമാനം നാം ധരിച്ചപ്പോഴും ഇഷ്ണിക്കയുടെ മനസ്സ് പതറാതിരിക്കാനായി അവള്‍ക്കയച്ച നമ്മുടെ സ്വകാര്യ കത്താണ് ആ പുസ്തകത്തില്‍ കാണുന്നത്.
ശിവരാമന്‍ - എന്നാല്‍ ഇഷ്ണിക്ക എഴുത്ത് പരസ്യമാക്കിയതു നന്നായി.
കയ്മള്‍ - ശിവ ശിവ ! ഇവളിത് ചെയ്യുമെന്ന് ശിവരാമന്‍ സ്വപ്നത്തില്‍ കൂടി വിചാരിക്കേണ്ട. എന്റെ സ്വകാര്യ കത്ത് അവള്‍ ദിവസം പ്രതി പാരായണം ചെയ്യുന്നുണ്ടെന്ന് കാട്ടിമൂക്കു എഴുതിയിട്ടുണ്ട്. ആ കൂളനോ ഇട്ണയോ എഴുത്ത് കൊടുത്ത് ഈ വഷളത്തം കാട്ടിയതായിരിക്കും. ഈ ദുഷ്ടത്ത് ഒന്നമര്‍ത്താനായി വല്ല കേസിനും വഴിയുണ്ടോ എന്നാണ് ആലോചിക്കേണ്ടത്.
കയ്മളുടെ വാക്കുകേട്ടപ്പോള്‍ ശിവരാമമേനോന്‍ കത്ത് ഒരു പരിവര്‍ത്തികൂടി വായിച്ചു. ആലോചിച്ചുകൊണ്ട് പിന്നോക്കം തിരിഞ്ഞിരിപ്പായി. കയ്മളുടെ സ്വകാര്യ കത്ത് 'രസവിലാസിനി ' യില്‍ പരസ്യം ചെയ്തുകൊണ്ട് ഇവിടെ ചേര്‍ക്കാതിരുന്നിട്ടുള്ളതെല്ലാം ശൃംഗാരകത്ത് വായിക്കുമ്പോള്‍ കിളര്‍പ്പും പുളിപ്പും അവസാനം കയ്പ്പും ചകര്‍പ്പും കൂടിക്കലര്‍ന്നിട്ടുള്ള ഒരു രസമാണുണ്ടാകുന്നത് എന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതുകൊണ്ട് കത്തു കാണാത്തവരെങ്കിലും ഈ ദുസ്വാദ് അനുഭവിക്കാതെ കഴിയുമല്ലോ എന്ന് വരിച്ച കയ്മളശ്ശന്റെ ശൃംഗാരകത്ത് ഇവിടെ ചേര്‍ക്കാതിരിക്കുന്നതാകുന്നു.
കയ്മള്‍ - ശിവരാമന്‍ നന്നെ മനസ്സിരുത്തിയിട്ടാണ്. ഭാഗ്യം അത് വേണം താനും.
ശിവരാമന്‍ - വഴി ഒരു കേസ്സിന്നോ, പോരാ പോരാ . കല്‍പിച്ചുകൂട്ടി അപമാനിക്കാന്‍ നോക്കിയതിന് മാനനഷ്ടക്കേസ് ഒന്ന്. സ്വകാര്യം പരസ്യമാക്കിയ കുറ്റം ഒരു പെരൂം കുറ്റമാണ്. കേസ് രണ്ട്. കത്തു കട്ട കുറ്റം ചില്ലറയല്ല; കേസ് മൂന്ന് അവിഹിതമായ മുതലടക്ക കേസ് മുളപൊന്തിനില്‍ക്കുന്നു. നാലായില്ലേ? അന്യന്റെ മുതല്‍ സ്വന്തമാക്കിപ്പെരുമാറാന്‍ ശ്രമിച്ചതിന് വേറെ കേസുണ്ട്. അഞ്ച് ( ശിവരാമമേനോന്‍ കേസുകളെ ഓരോന്നായി തള്ളിവിട്ട് തുടങ്ങിയപ്പോള്‍ കയ്മള്‍ തല ഒരു പുറത്തേക്ക് ചരിച്ചുപിടിച്ചു. ഒറ്റപ്പുരികം മേല്‍പ്പോട്ടു കയറ്റി വായും പൊളിച്ച് ശിവരാമമേനോന്റെ മുഖത്തുനോക്കി തുറിച്ചുമിഴിച്ചിരിക്കുന്നതുകണ്ടാല്‍ വ്യവഹാരിയുടെ ഉള്ളില്‍ നിന്ന് പുറത്തുചാടുന്ന കേസുകളെ കയ്മള്‍ വായില്‍ക്കൂടി അകത്തുകടത്തി മനസ്സില്‍ കയറ്റുവാന്‍ ശ്രമിക്കുകയാണെന്നു തോന്നും) ഉള്ളതില്ലായ്മ ചെയ്യാന്‍ ശ്രമിച്ചതിനു വഞ്ചന, ആറാമത്തെ കേസ്. ഇല്ലാത്തതുണ്ടാക്കിപ്പറഞ്ഞ് അപകീര്‍ത്തി കേസ് ഏഴായി. ( കാര്യസ്ഥന്‍ കേസുകളെ കൂട്ടിപ്പിടുത്തം തുടങ്ങിയപ്പോള്‍ ' അങ്ങനെപുറപ്പെടട്ടെ, ശിവരാമന്‍ മനസ്സുവെച്ചാല്‍ കേസുണ്ടാവാതിരിക്കയില്ല ' എന്നു കയ്മള്‍ ഇടയില്‍ കടന്നുപറഞ്ഞു. ) കളവുപറഞ്ഞുമനസ്സിന് സുഖക്കേടുണ്ടാക്കിതീര്‍ത്തതും മനസ്സമാധാനലംഘനകുറ്റം. ഇവ എട്ടും പ്രഥമദൃഷ്ടിയില്‍പ്പെട്ട കേസുകളാണ്.
കയ്മള്‍ - സന്തോഷമായി! ഒരു കാര്യം കൂടി വേണം; ആ കോമന്റേയോ മറ്റോ കൈവശം വേറെയും കത്തുകളുണ്ടെങ്കില്‍ അവയെപുറത്തുവരുത്താതെ വരുത്താനുള്ള കൗശലം കൂടിനോക്കണം.
ശിവരാമന്‍ - അതിനു ഞെരുക്കമില്ല. ഒരു ഇഞ്ചംക്ഷന്‍ ക്ഷണമയച്ചാല്‍ തീര്‍ന്നു.
കയ്മള്‍ - ഇത് നമുക്കത്ര ബോധിച്ചിട്ടില്ല; തറി കുത്തി പാട്ടത്തിനേല്‍പ്പിക്കലും പാറകൊടുത്തു തീറുവിക്കലും പണ്ടത്തെ നടവടിയാണ്.ആധാരമെഴുതി രജിസ്ട്രാക്കിയാല്‍ക്കൂടി വഴക്കിനു വഴിയുണ്ടാക്കിക്കൊണ്ടുവരുന്ന ഈ കാലത്ത് ഒരു ' ഇഞ്ചംക്ഷന്‍ ' അയച്ചാല്‍ അവര്‍ ഭയപ്പെടുമെന്ന് ശിവരാമന്‍ വിചാരിച്ചത് പമ്പരവിഡ്ഢിത്തമായിപ്പോയി.
ശിവരാമന്‍ - ( ചിരിച്ചുകൊണ്ട് ) എന്നാല്‍ അതു വേണ്ട. ഒരു രജിസ്ട്രര്‍ കത്തയച്ച് അവരെ വരച്ച വരയില്‍ നിര്‍ത്തി കാര്യം പറയിപ്പിക്കാം.
രജിസ്ട്രകത്തിനുമാത്രമല്ല നാട്ടുകാര്യസ്ഥരുടെ എല്ലാ എഴുത്തുകള്‍ക്കും ഓരോ മാതൃക അവര്‍ പഠിച്ചു ഉരുക്കഴിപ്പിച്ചു വെച്ചിട്ടുണ്ടായിരിക്കും. പ്രകൃതത്തോടു യോജിപ്പിക്കുവാന്‍ അവയില്‍ ഒന്നുരണ്ടുവാക്കുകളോ ചില അക്ഷരങ്ങളോ മാത്രമേ ബോധ്യപ്പെടുത്തേണ്ടതായിരിക്കുകയുള്ളൂ. ശിവരാമമേനോന്‍ തയ്യാറാക്കിയ രജിസ്ട്രര്‍ കത്താണ് താഴെ കാണുന്നത്.
' നിങ്ങള്‍ കല്‍പ്പിച്ചുകൂട്ടി എന്റെ സ്വകാര്യകത്ത് കട്ടുകൈവശപ്പെടുത്തി അത് പരസ്യപ്പെടുത്തണമെന്ന് വിചാരിച്ചു ' രസവിലാസിനി ' മാസികയ്ക്കു നിങ്ങളയച്ചുകൊടുത്തു അച്ചടിപ്പിച്ചതുകൊണ്ടു മാനഹാനി മുതല്‍ മനസ്സമാധാന ലംഘനം വരെ എട്ടു കേസുകള്‍ നിങ്ങളുടെ മേല്‍ കൊടുക്കുവാനായി ഞാന്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്.നിങ്ങളുടെ ദുഷ്പ്രവൃത്തിയുടെ ഫലത്തില്‍ നിന്നുത്ഭവിച്ച മേല്‍പ്പറഞ്ഞ എട്ടു കേസുകളും അദാലം പോലീസ് കോടതികളില്‍ കുത്തി നിങ്ങളുടെ മേല്‍ പടര്‍ത്തി വിസ്തരിച്ചു വളം ചേര്‍ത്തു രേഖാമൂലം വികസിപ്പിച്ചു വിധിഫലം രണ്ടുപേര്‍ക്കും അനുഭവിക്കുന്നതിന് വേണ്ടിവരുന്ന കാലം ഇപ്പോള്‍തന്നെ നീണ്ടുകിടക്കുന്നു. കളവുമുതലായ സ്വകാര്യകത്തുകള്‍ ഇനിയും നിങ്ങളുടെ കൈവശം വെച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അത് വീണ്ടും പ്രസിദ്ധപ്പെടുത്തി വീണ്ടുവിചാരം കൂടാതെ കേസുകളുടെ ഇനിയും മേല്‍ക്കുമേല്‍ വര്‍ദ്ധിക്കാനിടയാവാതിരിക്കാന്‍ നോക്കുന്നതായിരിക്കും ഇനിക്കും പ്രത്യേകം നിങ്ങള്‍ക്കും ഗുണപരമായി പരിണമിക്കുന്നതിന് എളുപ്പമായ മാര്‍ഗ്ഗമെന്നാണ് വലിയ വലിയ ഭേദപ്പെട്ട യോഗ്യന്മാരായ വക്കീലന്മാര്‍ ഒത്തൊരുമിച്ചാലോചിച്ച് ഐക്യകണേ്ഠ്യന അഭിപ്രായപ്പെട്ട് തീര്‍ച്ചപ്പെടുത്തി പറഞ്ഞിട്ടുള്ളത്. നിങ്ങള്‍ കട്ടെടുത്ത കത്തിന്റെ പ്രകൃതം കൊണ്ടും ചുറ്റുമുള്ള മറ്റു സംഗതികളെക്കൊണ്ടും കാലതാമസം കൂടാതെ ഇഷ്ണിക്കും എന്റെ പ്രിയപ്രേയസി ആയി തീരുമെന്ന് നിങ്ങള്‍ അറിയുവാന്‍ ഇടയുണ്ടായിരിക്കെ ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധംകെട്ടു നിങ്ങളുടെ ചിത്തകുടിലതകൊണ്ട് കല്‍പിച്ചുകൂട്ടി പൊട്ടിച്ചുകളയുവാന്‍ നിങ്ങള്‍ ശ്രമിച്ച് അനിതരസാധാരണമായ ബുദ്ധിശക്തിയുള്ള ഇഷ്ണിക്കക്കു എന്റെ മേല്‍ അനുരാഗമില്ലെന്നു സൂചിപ്പിക്കുവാനായി പ്രയോഗിച്ച നിങ്ങളുടെ കൃത്രിമ സൂത്രം കൊണ്ടുതന്നെ നിങ്ങളുടെ ദുഷ്ട വിചാരത്തെ സര്‍വ്വഥാ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇഷ്ണിക്കു എന്നോട് വൈമനസ്യം ജനിച്ചിട്ടുണ്ടെന്നുള്ള പ്രത്യേക അനൃതവും പൊളിയും അസത്യവും നേരുകേടുമാണെന്നു മാത്രമല്ല വാസ്തവത്തിനു പ്രതിഷേധവും വിരുദ്ധവും ശുദ്ധമേ ഇല്ലാത്തതുമാകെകൊണ്ടും ഇനിക്കു നേരിട്ടിട്ടുള്ള മനസ്സമാധാനലംഘനം നിങ്ങളുടെ മേല്‍ ഒന്നാമത്തെ കേസായി അവലംബിച്ച് അതിനെ ഞാന്‍ ബലവത്താക്കിപ്പിടിച്ച് ആദ്യത്തെ കേസായി ഇതാ ഞാന്‍ കൊടുക്കാന്‍ പോകുന്നു. ഈ കേസും ഇനി ഞാന്‍ കൊടുക്കാന്‍ വിചാരിക്കുന്ന മറ്റു കേസുകളും സംബന്ധിച്ചു ഇനിക്കു നേരിടാവുന്ന സകലവിധ നഷ്ടകഷടാരിഷ്ടശിഷ്ടങ്ങള്‍ക്കും മറ്റും നിങ്ങളുടെ ദേഹവും നിങ്ങളുടെ സ്ഥാവരജംഗമ സ്വത്തുക്കളും എളകുന്നതും എളകാത്തതുമായ വസ്തുക്കളും ഇപ്പോള്‍ ഉള്ളതും മേലാല്‍ ഉണ്ടാക്കുന്നതുമായ സകലവിധ മുതലുകളും അതിന്മേല്‍ നിങ്ങള്‍ക്കുള്ള എല്ലാ മാതിരി അവകാശങ്ങളും ഒറ്റയായും കൂട്ടായും രണ്ടുംകൂടിയും ഉത്തരവാദപ്പെടുത്തുന്നതിനും ബാദ്ധ്യതപ്പെട്ടിരിക്കുമെന്നും കേസുകളെ സംബന്ധിച്ചിടത്തോളം അന്യായക്കാരനും നിരോദനഹര്‍ജിയിലെ ഹര്‍ജിക്കാരനുമായ കാക്കപ്പൊന്നത്ത് ' ചപ്രപ്പാണ്ടന്‍' എന്ന സ്ഥാനപ്പേരുള്ള ഇട്ടിരിക്കൂര്‍മ്മന്‍ കയ്മള്‍ നിങ്ങളെ രേഖാമൂലം എഴുതിയറിയിച്ചിരിക്കുന്നു.
കയ്മള്‍ - ശിവരാമന്‍ പഴുതടച്ച് പ്രയോഗിച്ചത് നമുക്ക് ബോധിപ്പിച്ചു. പക്ഷേ ഈ കടലാസ് നാം സമ്മതിച്ചയക്കുന്നതാകെക്കൊണ്ട് ' ഞാന്‍ ' എന്നത് ' നോം ' എന്നാക്കണം. നമുക്ക് മൂന്ന് രാജ്യത്തും മൂന്ന് സ്ഥാനപ്പേരുള്ള കഥ ശിവരാമന്‍ അറിഞ്ഞിട്ടില്ലായിരിക്കും. കൊച്ചിശീമയില്‍ ' കാക്കപ്പൊന്നത്ത് ചപ്രപാണ്ടന്‍ ' എന്നും തിരുവിതാംകൂറില്‍ ' നഷ്ടിക്കുന്നത് കിണറ്റില്‍ കണ്ണന്‍ ' എന്നും ബ്രിട്ടീഷില്‍ ' ചെറ്റമാടത്തില്‍ തലയാടി ' എന്നുമാണ് അതുകൂടി തിരുത്തിച്ചേര്‍ത്തന്‍ വളരെ വകതിരിവും ഭംഗിയുമായി.
ശിവരാമമേനോന്‍ കത്ത് അസ്സല്‍പ്പെടുത്തി കയ്മള്‍ക്കു കൊടുത്തു. എട്ടരകൂട്ടക്ഷരങ്ങളില്‍ വള്ളിപുള്ളികളെ കൊണ്ടലങ്കരിച്ചു തറവാട്ടൊപ്പു യജമാനന്‍ കടലാസ്സില്‍ പെടുത്തിത്തുടങ്ങിയപ്പോള്‍ ശിവരാമമേനോന്‍ പോയി ഒരു മഞ്ചക്കാരെക്കൊണ്ടുവന്നു. ശിവരാമമേന്ന് പീസ്സ് വകക്ക് കയ്മള്‍ തല്‍ക്കാലം കൊടുത്തത് ഒരു കടലാസുതുണ്ടാണ്. അത് എത്രത്തോളം വിലപിടിച്ചതാണെന്ന് കോടതിയില്‍ നിന്ന് സംഖ്യ വാങ്ങുമ്പോഴേ അറിവാന്‍ തരമുള്ളൂ. കയ്മള്‍ മഞ്ചലില്‍ കയറിയപ്പോള്‍ ' നാങ്ങുന്നതു കേളുപ്പണിക്കരുടെ പടിക്കല്‍ക്കൂടി വേണ്ട. മഞ്ചല്‍ ഇവിടെനിന്നെന്നറിഞ്ഞാല്‍ അയാള്‍ക്ക് എന്റെ നേറെ മുഷിച്ചിലാക്കും. അതുമാത്രമല്ല, പണിക്കരുടെ വീട്ടില്‍ ഇന്നാളുകള്‍ അധികമുണ്ട്. വ്യവഹാര വസ്തു കൊള്ളുവാന്‍ ചിലര്‍ വന്നിട്ടുണ്ട്. അസമയത്തു ശത്രുവിന്റെ നേര്‍ക്ക് ചെല്ലണമെന്നില്ലല്ലോ എന്ന് ശിവരാമമേനോന്‍ പറഞ്ഞു.
കയ്മള്‍ - അതുവ്വോ? ശിവരാമന്‍ വര്‍ത്തമാനമെല്ലാം മനസ്സിലാക്കി നാളെ നമ്മെ വന്നു കാണണം. നാം അതിലെ പോകുന്നില്ല.
കയ്മളുടെകാര്യത്തില്‍ ഇട്ണ ചെയ്തുവരുന്ന ഏര്‍പ്പാട് വഴിക്കാകുന്നുണ്ടെന്നു കണ്ടപ്പോള്‍ കേലുപ്പണിക്കരുടെ മേല്‍ കയ്മള്‍ കൊടുത്തിട്ടുള്ള കേസും ഇതോടുകൂടി ഒതുക്കണമെന്നു നിശ്ചയിച്ചു. ശിവരാമമേനോന്‍ പിറ്റേദിവസം ഇട്ണയുടെ വീട്ടിലേക്കുപോയി. അവിടെച്ചെന്നു രണ്ടുദിവസത്തെ ആലോചനകഴിഞ്ഞു വരും വഴി ശിവരാമമേനോന്‍ കയ്മളെ ചെന്നുകണ്ടു. കയ്മള്‍ മുഖം വാര്‍പ്പിച്ചുകൊണ്ട് ' ശിവരാമന്‍ രണ്ടുവഞ്ചിയിലും കാല്‍വെക്കുന്ന കൂട്ടത്തിലാണെന്നു നാം ധരിച്ചില്ല. കേലുപ്പണിക്കരുടെ കളം ഇട്ണക്കു കൊടുപ്പിക്കാന്‍ താന്‍ ശ്രമിക്കുന്നതും രജിസ്ട്രകത്തിന്റെ കാര്യത്തില്‍ അവളെ സഹായിക്കാമെന്നു താന്‍ വാക്കുകൊടുത്തതും നാം അറിഞ്ഞു എന്നു പറഞ്ഞു. ' യജമാനന് വിട്ടുനടക്കേണമെന്ന് അന്നും ഇന്നും ഞാന്‍ വിചാരിച്ചിട്ടില്ല. ഈ ദുശ്ശങ്കയാണ്ടാകാനുള്ള സംഗതി പറഞ്ഞാല്‍ കൊള്ളാം, എന്ന് ശിവരാമമേനോന്‍ പറയുന്നതുകേട്ടപ്പോള്‍ കയ്മള്‍ താട്ടിക്കുട്ടി അയച്ചതായ താഴെ കാണുന്ന എഴുത്ത് ശിവരാമമേനോന് കൊടുത്തു.
സ്വകാര്യം സൂക്ഷിക്കുവാന്‍ വശതയില്ലാത്തവളാണെന്നും വന്നതുകൊണ്ടും ഇഷ്ണക്കക്കു കുണ്ഠിതമില്ല. വിശ്വാസ വഞ്ചന ചെയ്യുന്നവളാണെന്നു വിചാരിച്ചെങ്കിലോ എന്നുള്ള വ്യസനം കൊണ്ട് അവളുടെ ദേഹം പാതിയായി. കത്തു കളവുപോയ വിവരം ലജ്ജകൊണ്ടു പറവാന്‍ മടിച്ചിരിക്കുമ്പോഴാണ് ഏജമാനന്റെ രജിസ്ട്രകത്തുവന്നത്. കത്തുവായിച്ച സമയം ഇട്ണ കിടുകിടെ വിറച്ചു. ആലോചനക്കാരന്‍ അടുത്തുണ്ടായിരുന്നല്ല. ഇഷ്ണക്കയുടെ ഹിതംപോലെ ചെയ്യാമെന്ന് സമ്മതിച്ച് പൊടമുറിക്ക് ദിവസവും നിശ്ചയിച്ചു. പിറ്റേനാള്‍ കോമന്‍ നായര്‍ എത്തി. ഇട്ണയുടെ പ്രകൃതം മാറി. ശിവരാമമേനോന്‍ സഹായമുണ്ടെന്നു പറഞ്ഞു കോമന്‍ കത്തുവാങ്ങി വലിച്ചെറിഞ്ഞു. ഇഷ്ണിക്കയുടെ അമ്മാവന്‍ ഇട്ണയോട് മുഷിഞ്ഞു. കോമനെ ആട്ടിപ്പുറത്താക്കി അത് ഇട്ണക്ക് സഹിച്ചില്ല. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ യജമാനന്റെ മണ്ണില്‍വെച്ച് കോമനെക്കൊണ്ട് ഇഷ്ടികക്കു മുറി കൊടുപ്പിച്ചില്ലെങ്കില്‍ ഇട്ണ പെണ്ണല്ലെന്നു പറഞ്ഞു കോമനൊന്നിച്ചിറങ്ങി. അവിടത്തെ കുടിയാന്‍ കാളിപ്പാട്ടു കേളുപ്പണിക്കരുടെ കളവും നിലവും ഇട്ണയുടെ പേര്‍ക്ക് തീറു വാങ്ങിക്കുന്നതിനും ഇട്ണ മകളോടു കൂടി ഗുരുവായൂര്‍ക്ക് തിങ്ങള്‍ ഭജനത്തിനു വരാമെന്നും മറ്റെന്നാള്‍ കളത്തില്‍ വന്നു കാര്യം നടത്തിക്കാമെന്നും ഇട്ണ നിശ്ചയിച്ചു,. അവര്‍ ഗുരുവായൂര്‍ കാണുമെന്നാണ് ഇട്ണ നിശ്ചയിച്ചിട്ടുള്ളത്. അവര്‍ ഗുരുവായൂര്‍ക്ക് പോയതിനു ശേഷമാണ് ഈ ആലോചന നടന്ന വിവരം ഇനിക്കറിവായത്. അതുകൊണ്ട് യജമാനന്റെ ദയവുണ്ടായി ഇഷ്ണിക്കയെ മറ്റൊരാള്‍ക്ക് കൊടുക്കാതെ എന്റെ മാനം കാത്തുരക്ഷിക്കുവാന്‍ അപേക്ഷിക്കുന്നു. .
എന്ന്
പൂര്‍വ്വസ്മരണയുള്ള താട്ടിക്കുട്ടി.
കത്തുവായിച്ച് കഴിഞ്ഞതിനു ശേഷം ശിവരാമമേനോന്‍ ' യമനറിയാത്ത മരണമാണിത്.' കോമന്‍നായര്‍ പണിക്കരുടെ വസ്തു കരാര്‍ ചെയ്ത് നാന്നൂറുറുപ്പിക അഡ്വാന്‍സ് വെച്ചിട്ടുള്ളത് വാസ്തവമാണ്. തീറ് ആരുടെ പേര്‍ക്കാണെന്ന് പരഞ്ഞിട്ടില്ല. പൊടമുറിയെപ്പറ്റി എനിക്കൊരു അറിവുമില്ല. വസ്തുവില കുറച്ചു തരാമെന്നു പറഞ്ഞിട്ടും സമ്മതിക്കാതെ യജമാനന്‍ പമിക്കരുടെ മേല്‍ കേസുകൊടുക്കുകയല്ലേ ചെയ്തിട്ടുള്ളത്. കളം അന്യാധീനത്തിലായാല്‍ പിന്നെ അവിടെവെച്ച് പൊടമുറി നടത്താവുന്നു പറഞ്ഞാല്‍ ആരു കൂട്ടാക്കും? പമം വാങ്ങിയിട്ടുണ്ടെങ്കിലും വസ്തു കൈവിട്ടുകഴിഞ്ഞിട്ടില്ല. ഇനി കല്‍പിക്കുന്നതു പോലെ കേള്‍ക്കാം എന്നു പറഞ്ഞു. ' രാമമേന്റെ പണം ഗോപി തൊടീക്കണം. കേസായാല്‍ തരാനുള്ള സംഖ്യക്ക് വസ്തു നാം സ്വീകരിച്ചു. ആധാരം നാളെത്തന്നെ കഴിഞ്ഞോട്ടെ.,രാജിഹര്‍ജി ഇപ്പേള്‍ത്തന്നെ ഒപ്പിട്ടുതന്നേക്കാം, ഇട്ണ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നമ്മെ ക്കൊണ്ട് ആ പെണ്ണിനെ പൊട കൊടുപ്പിച്ചാല്‍ ഞൗഞിപ്പാടംനിലത്തിന്റെ മേച്ചാര്‍ത്തു ശിവരാമമേനോന്റെ കയ്യില്‍ അവിടെവെച്ചു തന്നെ തന്നേക്കാം എന്ന് കയ്മള്‍ പറഞ്ഞു. ' പണം വാങ്ങിയിട്ടുണ്ടെങ്കിലും കോമന്റെ കയ്യില്‍ ചതിയുള്ളതുകൊണ്ട് ഈ ഏര്‍പ്പാടില്‍ നിന്ന് പണിക്കരെ പിന്‍വലിപ്പിക്കാം.'
' തീറാധാരം രജിസ്ട്രാക്കി പൊടമുറിക്കുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്ത് നാളെ ഉച്ചക്ക് യജമാനന്റെ മുമ്പില്‍ ശിവരാമനുണ്ട്. പണിക്കര്‍ കാലത്തുതന്നെ വരും' എന്നു പറഞ്ഞ് രാജിഹര്‍ജിയും വാങ്ങി ശിവരാമമേനോന്‍ പോയി.
***
താട്ടിക്കുട്ടിയുടെ എഴുത്തില്‍ പറഞ്ഞിട്ടുള്ള പൊടമുറി ദിവസം പകല്‍ മൂന്നു മണിക്ക് കാളിപ്പാട്ടു കേലുപ്പണിക്കരുടെ കളത്തില്‍ പത്തുപതിനഞ്ച് ജോനകപ്പിള്ളേര്‍ നിലക്കുന്നുണ്ട്. ലക്ഷം കൊളരുത്തൂരിപ്പട്ടം കൊണ്ടുവന്നിട്ടുള്ള ചരക്കുകളുടെ ദിനസും മിനുസവും നോക്കിക്കൊണ്ട് കയ്മള്‍ മാളികയുടെ മുകളില്‍ ഇരിക്കുന്നുണ്ട്. എടക്കര, തുടക്കര, തുടങ്ങിയ പല കരകളുടേയും പേരുപറഞ്ഞ് പട്ടര്‍ ആവശ്യത്തിലധികം ചരക്കു കയ്മളെക്കൊണ്ട് എടുപ്പിച്ചതിനുശേഷം ' ഒരു പുതിയ ദിനസ്സ്, വേണമാനാല്‍ പാറുങ്കോ, സഹസ്രനാമകരപ്പാവ് ' എന്നു പറഞ്ഞ് ആ തരത്തില്‍ രണ്ടു കുത്തുകൂടി കയ്മളുടെ തലയ്ക്ക് വെച്ചുകെട്ടി. കണക്കു തീര്‍ത്ത്, കയ്മള്‍ പട്ടര്‍ക്ക് ശീട്ട് എഴുതിക്കൊടുത്തു കഴിഞ്ഞപ്പോഴേക്കും തീറാധാരം രജ്‌സ്ട്രാക്കി വാങ്ങിക്കൊണ്ടു പണിക്കരും ശിവരാമമേനോനും എത്തി.
പണിക്കര്‍ - ഇനി വേഗം ജോനകപ്പിള്ളേരെ ഏര്‍പ്പാടു ചെയ്‌തേക്കൂ, കോമനെ പത്തു ദിവസത്തേക്ക് പുറത്തു കാണിക്കരുത്.
ശിവരാമന്‍ - ഏര്‍പ്പാടെല്ലാം ഇന്നലെ കഴിഞ്ഞിട്ടുണ്ടല്ലോ? കോയക്കുട്ടി പോയില്ലേടാ.
കോയക്കുട്ടി - കഥകഴിച്ചാലെന്താ എന്നുകൂടി ചോദിച്ചിട്ടാകാമെന്ന് വെച്ചു താമസിച്ചതാണ്.
ശിവരാമന്‍ - തരംപോലെ നോക്കിക്കോ. ഇരുചെവിയറിയരുത്. സന്ധ്യകഴിഞ്ഞാല്‍ ഞങ്ങളും വരാം.
ജോനകര്‍ക്കു കയ്മളെക്കൊണ്ടു സമ്മാനം കൊടുപ്പിച്ചയച്ചതിനുശേഷം മേല്‍ നടക്കേണ്ടും കാര്യങ്ങളെപ്പറ്റി അവര്‍ മൂന്നുപേരും കൂടി പലതും ആലേചിച്ച കൂട്ടത്തില്‍ രാത്രി കയ്മളെ ശിവരാമമേനോന്‍ വിളിക്കുമ്പോളല്ലാതെ പുറത്തുകാണരുതെന്ന് പറഞ്ഞേല്‍പ്പിച്ചു. അത്താഴം കഴിഞ്ഞതിനു ശേഷം കയ്മളകത്തുകടന്നു. വാതിലടച്ചിരുപ്പായി. പണിക്കരും ശിവരാമമേനോനും പുറത്തേക്കുപോയി.
നേരം രാത്രി പത്തുമണി കഴിഞ്ഞു. ഒച്ചയും അനക്കവും ഇല്ലാതായപ്പോള്‍ കയ്മള്‍ പുറത്തേക്കുവന്ന് കൂട്ടിലിട്ട മെരുവിനെപ്പോലെ വ്രാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു തുടങ്ങി. വനിതാരത്‌നങ്ങളുടെ വരവിനു വെള്ളയും കരിമ്പടവും വിരിപ്പാന്‍ ഏറ്റ കരാറുകാരനെപ്പോലെ അമൃതകരന്‍ തന്റെ ധവള കിരണങ്ങള്‍കൊണ്ടും വൃക്ഷഛായക്കൊണ്ടും ദിക്കെല്ലാം ശോഭായമാനമാക്കിത്തുടങ്ങി. വണ്ടിയുടേയോ മഞ്ചലിന്റേയോ ശബ്ദം കേള്‍ക്കുന്നുണ്ടെന്നു തോന്നിയാല്‍ കയ്മള്‍ മച്ചിലേക്കോടിപ്പോയി വാതിലടക്കും. വാഹനങ്ങളുടെ വരവ് കളത്തിലേക്കല്ലെന്നു മനസ്സിലായാല്‍ പുറത്തേക്ക് പുറപ്പെടും. ശിഷ്യരെ നടക്കാവിലേക്ക് ഓടിക്കും. അവര്‍ തിരികെ വരുന്നതുകണ്ടാല്‍ അകത്തേക്കോടും. ഇങ്ങനെ കുറേ നേരം പിന്നെയും കഴിഞ്ഞു. താട്ടിക്കുട്ടിയുടെ കാഴ്ച ദ്രവ്യമായ ഇഷ്ണിക്കയുടെ ഛായയില്‍ കയ്മള്‍ മനസ്സുറപ്പിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ മഞ്ചക്കാരുടെ മൂളക്കം പടിക്കല്‍ കേട്ടു. കയ്മള്‍ മുറിയില്‍ കടന്ന് വാതലും അടച്ചു.
ശിവരാമമേനോന്‍ മുമ്പിട്ടുവന്ന് മാളികയില്‍ കേറിനോക്കി. കയ്മള്‍ പുറത്തില്ലെന്നറിഞ്ഞപ്പോള്‍ ധൃതിപ്പെട്ട് താഴത്തേക്ക് ഇറങ്ങിച്ചെന്നു. രണ്ടു സ്ത്രീകള്‍ മഞ്ചലില്‍ നിന്നിറങ്ങി. പണിക്കരും ശിവരാമ മേനോനും ഒന്നിച്ചു മാളികയില്‍ വന്നുകേറി. സ്ത്രീകളില്‍ ഇളയവള്‍ അടുത്തുള്ള മുറിയില്‍ കടന്ന് വാതില്‍ ചാരി.
ഇട്ണ - പണിക്കരേ! കോമന്‍നായര്‍ വന്നില്ലേ?
പണിക്കര്‍ - നിങ്ങള്‍ ഒന്നിച്ചുവരാമെന്നാണ് അന്ന് പറഞ്ഞു പിരിഞ്ഞത്.
ശിവരാമന്‍ - നിങ്ങള്‍ വല്ലാതെ ഭയപ്പെട്ടതുപോലെ തോന്നുന്നു. എന്താ സംഗതി
ഇട്ണ - ആ കഥ പറയാന്‍ വയ്യ. ഞങ്ങളെ കേച്ചേരിയില്‍ വെച്ച് എതിരേല്‍ക്കാമെന്നാണ് കോമന്റെ നിശ്ചയം. അങ്ങാടിയില്‍ വന്നിട്ട് ആരേയും കണ്ടില്ല. അവിടെ കുറേ നേരം നിന്നു. അടുത്തുപാടത്തു ചില ചൂട്ടും പന്തവും കണ്ടുതുടങ്ങി. ഒരു മഞ്ചലിന്റെ മൂളക്കം കേട്ടു.ആ വെളിച്ചവും ആള്‍ക്കാരും മൂളക്കം കേട്ട മഞ്ചലിന്റെ നേര്‍ക്ക് പാഞ്ഞെത്തുന്നത് കണ്ടു. കൊള്ളക്കാരാണെന്ന് പറഞ്ഞ് ആളുകള്‍ ഓടിത്തുടങ്ങി. ഉടനെ ഞങ്ങള്‍ പ്രാണനും കൊണ്ടു പോന്നു.വെലങ്ങന്റെ ചോട്ടില്‍വെച്ച് നിങ്ങളെക്കണ്ടപ്പോഴാണ് ഇനിക്ക് തന്റേടമുണ്ടായത്. ഇപ്പോഴേ ഒച്ചപൊന്തിയുള്ളൂ.
ശിവരാമന്‍ - കൊള്ളക്കാരെ എതൃത്ത മഞ്ചല്‍ കോമന്‍ നായരുടെ ആണെന്നുണ്ടോ?
ഇട്ണ -താട്ടിക്കുട്ടിയുടെ ഏഠത്തംകൊണ്ട് അങ്ങിനെ വരാന്‍ വയ്യാത്തതല്ല. കയ്മളെക്കൊണ്ട് മുറികൊടുപ്പിക്കാമെന്ന് താട്ടി ഇഷ്ണിക്കയോട് ഏറ്റുപറഞ്ഞിട്ടുണ്ട്. കോമനുവേണ്ടി ഞാന്‍ കളവുപറഞ് അവളെ കൊണ്ടുപോന്നിട്ടുള്ളതാണ്.
ശിവരാമന്‍ - കോമനെ വിചാരിച്ച് ഇനി നിങ്ങള്‍ വാശിപിടിക്കരുത്. മറ്റെല്ലാവര്‍ക്കും ഹിതമായ കാര്യത്തില്‍ നിങ്ങളുമനുകൂലിക്കണം. മകളുടെ ഇഷ്ടം കുറച്ചെങ്കിലും നോക്കാത്ത അമ്മയുണ്ടോ
ഇട്ണ - എന്നാല്‍ ആ ബാധ തീരട്ടെ, കോമന്‍ വരുംമുമ്പില്‍ കാര്യം നടത്താന്‍ നിങ്ങള്‍ക്ക് സാമര്‍ത്ഥ്യമുണ്ടെങ്കില്‍ ഇനിക്ക് സമ്മതമാണ്.
വര്‍ത്തമാനം ചെവിടോര്‍ത്ത് കേട്ടുകൊണ്ടിരുന്ന കയ്മള്‍ ഈ വാക്കു കേട്ടപ്പോള്‍ ശിവരാമമേനോന്റെ അനുവാദം കൂടാതെ വാതില്‍ തുറന്ന് പുറത്തുചാടി നോക്കിയത് ഇട്ണയുടെ പുറത്ത് .
ഇട്ണ - ഇത് ഞാന്‍ വീചാരിക്കാത്തതാണ്.
ശിവരാമന്‍ - യജമാനന്‍ നീങ്ങിയിട്ടുള്ളത് ഇഷ്ണിക്കയെ ഒരു കണ്ണ് കാണുക എങ്കിലും ചെയ്യാനുള്ള മോഹം കൊണ്ടാണെന്ന് ഇനി ഞാന്‍ പച്ചയായി പറഞ്ഞേക്കാം.
കയ്മള്‍ - ശിവരാമാ കോമന്റെ വരവ്
പണിക്കര്‍ - ഇനിയവന്‍ വന്നാലെന്താ വന്നിലെങ്കിലെന്താ
ശിവരാമന്‍ - അത്ര വളരെ താമസിക്കണ്ടാ, അതല്ലേ ഭംഗി
അതൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ എന്നു ഇട്ണ പറഞ്ഞുകഴിയും മുമ്പ് കയ്മള്‍ ചരക്കുകള്‍ വാരി കയ്യിലെടുത്തുകഴിഞ്ഞ്. ഇതുകണ്ടപ്പോള്‍ ഇട്ണ മറ്റേ സ്ത്രീ ഇരിക്കുന്ന മച്ചിന്റെ ഉമ്മറത്തുചെന്നുനിന്നു. എനിക്കു ഒന്നുകൂടെ പറയാനുണ്ട്. ഞങ്ങളുടെ സമ്പ്രദായപ്രകാരം മുഹുര്‍ത്തദിവസം പൊടകൊടുത്തല്ലാതെ പുരുഷന്‍ സ്ത്രീയെ കാണരുത്. ഇരുവര്‍ക്കും ബോധ്യമുള്ള നാലുപേര്‍ സ്ത്രീ തെറ്റുകാരത്തിയാണെന്ന് പറഞ്ഞാലല്ലാതെ അവളെ ഉപേക്ഷിക്കുന്നതല്ലെന്ന് രേഖപ്പെടുത്തി സാക്ഷിവെച്ചു അതോടുകൂടി വേണം മുറികൊടുക്കാന്‍, ഇതുപോലെ ഒരു രേഖ സ്ത്രീ പുരുഷനും കൊടുത്തു. അതു ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്.
എന്ന് ഇട്ണ പറഞ്ഞിട്ടുണ്ട് .
കയ്മള്‍ - ഇഷ്ണിക്കയെ ഇനിക്കു ഇപ്പോള്‍ കാണണമെന്നില്ല. പടം കണ്ട് തൃപ്തിപ്പെട്ടിട്ടുണ്ട്. പോരെങ്കില്‍ അമ്മയെക്കണ്ടപ്പോള്‍ മുഴുവനുമായി. ഇങ്ങനെ അമ്മഛായ മക്കള്‍ക്ക് വരുമോ.
ശിവരാമന്‍ - പറഞ്ഞതുപോലെ സത്യം ചെയ്താല്‍ പോരെ എഴുതിയുണ്ടാക്കാന്‍ താമസമാകും.
ഇട്ണ - അങ്ങനെ നടപ്പില്ല. മറ്റൊരാളെഴുതിയാല്‍ ഭര്‍ത്താവ് അക്ഷരജ്ഞാനമില്ലാത്താളാണെന്ന പരിഹസിക്കാനിടയിണ്ടാകും.
കയ്മള്‍ മുണ്ടുകെട്ട് താഴെ വെച്ചു. കടലാസ് കയ്യിലെടുത്തു. പൂച്ച മാന്തുന്നതുപോലെ ചിലത് വരച്ചുംകുറിച്ചും ഇടയ്ക്കിടെ കോമന്‍ വരുന്നുണ്ടോ എന്നു നോക്കിയും ഒരു വിധത്തില്‍ ഒപ്പിച്ചിട്ടു. ശിവരാമമേനോനും പണിക്കരും സാക്ഷി#് വെച്ചു. കയ്മള്‍ മുറിയും കറാരും എടുത്തുകൊണ്ട് വാതിക്കലേക്ക് രണ്ടാമതും ചെന്നു. മംഗല്യക്രിയ അഗ്നിസാക്ഷിയായിട്ടു ചെയ്യേണ്ടതല്ലേ. യജമാനന്‍ വ#ിളക്കത്തിരുന്നാല്‍ മതി. എന്നിട്ട് ഇട്ണ പറയുന്നത് കേട്ട് കയ്മള്‍ മുണ്ടും മുറിയും താങ്ങിപ്പിടിച്ച് ഇരിപ്പായി. അടിയമരം മൂടിപ്പുതച്ചിട്ടുള്ള ഒരു സ്വരൂപം ഇട്ണയുടെ കയ്പിടിച്ച് പുറത്തേക്ക് വന്ന് കയ്മളുടെ മുന്നില്‍ വന്നു. നിന്റെ ഇഷ്ടപ്രകാരം യജമാനനെ തന്നെ ഭര്‍ത്താവാക്കി വരിക്കാന്‍ ഈശ്വരന്‍ സംഗതി വരുത്തി. ഇട്ണയുടെ കയ്വളമുണ്ടായിരുന്ന ഒരുലെക്കോട്ട് ആ സ്വരൂപത്തെക്കൊണ്ട് കയ്മളുടെ കയ്യില്‍ കൊടുപ്പിച്ചു. ഇത് ഇട്ണക്ക് കയ്മളയച്ച രജിസ്ട്രാര്‍ കത്തു തന്നെയായിരുന്നു. എന്നാലിനി ഇതുകൂടി തുല്യം ചാര്‍ത്തി തരാമെന്നു പറഞ്ഞ് ശിവരാമമേനോന്‍ ഞൗഞിപ്പാടം നിലത്തിന്റെ മേല്‍ച്ചാര്‍ത്ത് കയ്മളുടെ മുന്നില്‍ വെച്ചു. കയ്മള്‍ അതൊപ്പിട്ടുകൊടുത്തതിനുശേഷം
പണിക്കര്‍ - വ്യവഹാരം കൂടാതെ കാര്യം കലാശിച്ചതുകൊണ്ട് ഞാന്‍ കൃതാര്‍ത്ഥനായി.
ശിവരാമന്‍ - ഒരുത്തിയെക്കൊണ്ട് രണ്ടുമൂന്ന് കാര്യങ്ങളില്‍ വിചാരിച്ചതിലധികം ലാഭം ഉണ്ടായതുകൊണ്ട് ഞാനും
ഇട്ണ - എജമാനനെ ക്കൊണ്ട് എന്റെ പ്രാണ പ്രിയയായ ഇവള്‍ക്ക് പരസ്യമായി മുറികൊടുപ്പിപ്പിക്കാന്‍ സംഗതി വന്നു കൊണ്ട് എന്നെപ്പോലെ ചാരിദാര്‍ത്ഥ്യം നിങ്ങള്‍ക്കണ്ടായിട്ടില്ല. എന്നപ പറഞ്ഞ് വധുവിന്റെ മൂടുപടം എടുത്തുമാറ്റിയപ്പോള്‍ ഗര്‍ഭിണിയായ താട്ടിക്കുട്ടിയുടെ സ്വരൂപം കയ്മളുടെ സന്നിധാനത്തിങ്കല്‍ പ്രത്യക്ഷമായി.
താട്ടിക്കുട്ടിയുടെ കയ്മള്‍ക്കു കാഴ്ച്ചവച്ച പടം ഇട്ണയുടെ യൗവനകാലത്തു എഴുതിച്ചതാണെങ്കിലും കയ്മളുടെ 'ഇഷ്ണിക്കയും ''കൂളന്‍കോമനും' ആരോ എന്തോ?
അമ്പാടി നാരായണപ്പൊതുവാൾ (1871-1936)
മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുക്കളിൽ ഒരാളായിരുന്നു അമ്പാടി നാരായണപ്പൊതുവാൾ.മലയാള ചെറുകഥാസാഹിത്യപ്രസ്ഥാനത്തെ അതിന്റെ ശൈശവദശയിൽ പരിപോഷിപ്പിച്ച വ്യക്തി എന്ന നിലയ്ക്ക് അമ്പാടി നാരായണപ്പൊതുവാളിനു പ്രത്യേക സ്ഥാനമുണ്ട്.
കഥാസൗധം (മൂന്നു ഭാഗങ്ങൾ), മോചനം (നാടകം), കേരളപുത്രൻ (നോവൽ) എന്നിവയാണു് പൊതുവാളിന്റെ കൃതികൾ. നിരവധി ലേഖനങ്ങളും കഥകളും സമാഹരിക്കപ്പെടാതെ കിടക്കുന്നുണ്ടു്. കഥാസൗധത്തിലെ കഥകളിൽ ഏറിയ പങ്കും അക്കാലത്തെ പ്രണയഗതിയും ദാമ്പത്യസുഖവും ചിത്രീകരിക്കുന്നവയാണു്. ചരിത്രസംഭവങ്ങളെയും പഴങ്കഥകളെയും പശ്ചാത്തലമാക്കിയാണു് പൊതുവാൾ കഥകൾ വാർത്തെടുത്തിരുന്നതു്.
പ്രാസഭ്രമമുള്ള ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. 'അന്തർജ്ജനത്തിന്റെ തന്ത്രം', 'കൊച്ചപ്പന്റെ കോച്ചൽ', 'വള കൊണ്ട വനിത', 'ആദരിച്ച പാതിര' എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽത്തന്നെ കഥാകാരന്റെ പ്രാസഭ്രമം തുടങ്ങുന്നു. സ്കോട്ടിന്റെ ബ്രൈഡ് ഒഫ് ലാമർമൂർ എന്ന ആഖ്യായികയെ ഉപജീവിച്ച് 18-ാം ശതകത്തിൽ തൃശൂരിൽ നടന്ന സാമൂതിരി വാഴ്ചയെപ്പറ്റി എഴുതിയ ഗദ്യനാടകമാണ് മോചനം. പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തെ പശ്ചാത്തലമാക്കിയാണ് കേരളപുത്രന്റെ രചന.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ