2026 ജൂൺ 10, ബുധനാഴ്‌ച

 

                                                     ചില്ലിക്കാശ്

                                                        ചെറുകഥ     

                                           ഇടപ്പള്ളി രാഘവൻപിള്ള

 

           ഞാനുൾപ്പെടെ എന്റെ അമ്മയ്ക്കു പതിനാറു മക്കളുണ്ട്. എന്നാൽ ഞാൻ എത്രാമനാണെന്ന് എനിക്കോ എന്റെ ബന്ധുക്കൾക്കോ, എന്നെ എടുത്തു പെരുമാറുന്ന നിങ്ങൾക്കോ അറിഞ്ഞു കൂടാ. ഒന്നായിട്ടു നടന്നാൽ ഞങ്ങൾക്കു വിലയും നിലയും കൂടുമെങ്കിലും, കൂടെപ്പിറന്നവരെ ആട്ടിയോടിച്ചു ശീലിച്ചുപോന്ന മനുഷ്യൻ ഞങ്ങളെ ഒറ്റതിരിച്ചു നിർത്തുന്നതിനതിനാണ് ഇഷ്ടപ്പെടുന്നത്. മനുഷ്യരിൽ ഭൂരിപക്ഷവും ഭിന്നിപ്പിച്ചു ഭരിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. അവർ പഠിച്ചത് പാടിക്കൊള്ളട്ടെ.

        ഒറ്റതിരിഞ്ഞാണെങ്കിലും, പലയിടങ്ങളിലും പല വട്ടവും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. എന്റെ പരിചയപരിധി പരിമിതമാണെങ്കിലും കുടുംബചരിത്രം കുലങ്കുഷമായി ഞാൻ ഗ്രഹിച്ചിട്ടുമുണ്ട്. മനുഷ്യർ ഇന്നത്തെ രൂപമെടുത്തതിന് ശേഷമാണ് എന്റെ പൂർവ്വപിതാമഹന്മാർ ഭൂമുഖത്തു പ്രത്യക്ഷരായത്. ജനസമുദായപരിഷ്കാരത്തിന്റെ ആദ്യയടയാളമായി അന്നു ഞങ്ങളെ പലരും ഗണിച്ചിരുന്നു. എങ്കിലും ഞങ്ങളുടെ പുണ്യപുരാതനന്മാർ ‘തുകല’ ന്മാരായിരുന്നുവെന്ന് പറഞ്ഞ് നാണയസമുദായത്തെ പരിഹസിക്കുന്ന പലരേയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ,ആ പരിഹാസ സംഘത്തലവന്മാർ അവരുടെ പൂർവപിതാക്കന്മാരെ. അരനിമിഷനേരം

അനുസരിച്ചാൽ എത്ര നന്നായിരുന്നു! എന്താണ് നിങ്ങളിൽ ചിലരുടെ മുഖത്ത് ഭാവപ്പകർച്ച ഉണ്ടാകുന്നത് ?  ‘മരംചാടികൾ ഞങ്ങളുടെ പിതാമഹന്മാരല്ല, അല്ല’  എന്ന് നിങ്ങൾ ‘മുറുമുറു’ത്തുകൊള്ളുവിൻ. ഞങ്ങളെ ‘തുകല’ന്മാരെന്ന് എത്രവട്ടം വേണമെങ്കിലും പറഞ്ഞുകൊള്ളുവിൻ. “മറ്റുള്ള ജനങ്ങൾക്കു കുറ്റങ്ങൾ പറഞ്ഞീടും മുറ്റം പ തന്നുടെ കുറ്റമൊന്നറിയുകയുമില്ല.”അറിയാത്തതിനുള്ള ഒരു കാരണം കുറ്റം മുറ്റിയിരിക്കുന്നത് കൊണ്ടാണ്. നിറകുടമുണ്ടോ തുളുമ്പുന്നു?

      തുകലസൃഷ്ടി ചെയ്തവർക്ക് എന്തു പേരു കൊടുക്കണമെന്നു ശബ്ദാഗമശാസ്ത്ര സമ്പത്തുള്ള മനുഷ്യർ തീർച്ചപ്പെടുത്തിക്കൊള്ളട്ടെ. ഏതായാലും തുകലന്മാരെക്കൊണ്ട് അന്നുള്ളവർക്ക് വളരെ ഉപകാരമുണ്ടായിരുന്നു. അവരുടെ വ്യാപാര വൈഷമ്യത്തെ ലഘൂകരിച്ചത് ആ തോലന്മാർ തന്നെയായിരുന്നു. തോലന്മാർക്കും ക്രയവിക്രയം ചെയ്യുവാൻ സാമർത്ഥ്യമുണ്ടെന്നു പറഞ്ഞാൽ മുതലാളികൾക്കു വിശ്വാസം തോന്നുകയില്ലായിരിക്കും. കൈയിലൊതുക്കി കൈകാര്യം ചെയ്യുവാനുള്ള വണക്കവും ഇണക്കവും അനുസരിച്ച് അവർക്കു വിലയും ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ക്രയവിക്രയം കുറഞ്ഞവരെ തോലന്മാരെന്ന് വിളിക്കുന്നത്, ഞങ്ങളുടെ കുടുംബത്തോടുള്ള കൃതഘ്നതകൊണ്ടല്ല. കൃതജ്ഞത കൊണ്ടായിരിക്കണം. എന്നാൽ അന്നത്തെ അന്വർത്ഥനാമം ഇന്നത്തെ അനർത്ഥനാമായി. മനുഷ്യശബ്ദം തന്നെ അന്വർത്ഥമായല്ലല്ലോ ഇന്ന് ഇരിക്കുന്നത്!

         ഏതായാലും പരിഷ്കാരോന്മുഖനായ -  പരിവർത്തനപ്രിയനായ - മനുഷ്യനോടുള്ള സമ്പർക്കം നിമിത്തം നാണയകുടുംബ പ്രകൃതിക്കു ക്രമേണ മാറ്റം സംഭവിച്ചു. തുകൽ സുലഭമായി തീർന്നതുകൊണ്ടോ അതോ മാംസംകൊണ്ടും മതിയാകാതെ തുകൽകൂടി മനുഷ്യർ ഭക്ഷിച്ചു തുടങ്ങിയതുകൊണ്ടോ, എന്തോ, തുകൽനാണയം ഉപേക്ഷിക്കപ്പെട്ടു.                 ഭൂമുഖത്തു വളരുന്നതും വളരാത്തതുമായ വസ്തുക്കൾ സ്വന്തമായിട്ടും മനുഷ്യർക്കു തൃപ്തിയായില്ല. ഭൂമുഖം കണ്ടു ഭ്രമിച്ച അവർ ഭൂമുഖത്തേക്ക് ചുഴിഞ്ഞുനോക്കി. അവിടെ ചില ദുർലഭസാധനങ്ങൾ കണ്ടുമുട്ടി. സുലഭ വസ്തുക്കൾക്കു പ്രിയം കുറയുന്നതുകൊണ്ട്, അസുലഭവവസ്തുക്കു ശേഖരിച്ചു കൈകാര്യം ചെയ്യണമെന്ന് അവർ തീർച്ചപ്പെടുത്തി. കണ്ടുകിട്ടിയ ലോഹങ്ങളിൽ തിളക്കവും വിളക്കവും ഉള്ളവ യെത്രമാത്രം പ്രത്യേകമെടുത്തു. തുരുമ്പും കറയും ഉള്ളവയ്ക്കു കരിയും ചെളിയും തന്നെ എന്നും ആധാരം. ചുവപ്പും വെളുപ്പുമുള്ളവർക്കേ അന്നും സ്ഥാനമുള്ളൂ. ആ സ്ഥിതി കറുമ്പന്മാരോട് ഇന്നുള്ളവർ അറപ്പു കാണിക്കുന്നതിൽ എന്താണ് കുറവ്?

     മനുഷ്യർ ലോഹവുമായി വലിയ ലോഹ്യമായി, തിളക്കവും വിളക്കവും ഉള്ളവയ്ക്കു നിലയും വിലയും കല്പിച്ചു. അതായത്, ലോകത്തിൽ ജാതി സൃഷ്ടിച്ച മനുഷ്യൻ ലോഹത്തിലും ജാതി സൃഷ്ടിച്ചു. ചെമ്പിനു മീതേ വെള്ളിയും, വെള്ളിക്കു മീതെ സ്വർണ്ണവും, അങ്ങനെ അട്ടിയട്ടിയായി അടുക്കിവെച്ചു മനുഷ്യ തൃഷ്ണ അടക്കുവാൻ ശ്രമിച്ചു. ഞങ്ങളെ മുഴുവൻ കൈവശപ്പെടുത്തി. മനുഷ്യരുടെ തൃഷ്ണയ്ക്കുണ്ടോ അതിരുള്ളൂ?

       എത്തുംപിടിയും കിട്ടിയാലും മനുഷ്യർക്കു തൃപ്തിയില്ല. പിടിച്ചാലും വളച്ചാലും അവരുടെ ദുര ഒതുങ്ങുകയില്ല. ‘വട്ടത്തി’ലാക്കിയേ വിടൂ എന്നു അവർക്കു നിർബന്ധമുള്ളതായി തോന്നുന്നു.ആ ദികാലം മുതൽ ഇന്നു വരെ - ഈ നാഴിക വരെ - ഈ വിനാഴികവരെ - എന്നോടും എന്റെ സമുദായത്തോടും ചെയ്തു കൊണ്ടിരിക്കുന്ന കടുംകൈ ഓർക്കുമ്പോൾ ഇന്ന് എനിക്ക് കണ്ണീരുണ്ടാവുന്നില്ല.അക്കഥകൾ എന്റെ നേത്രങ്ങളിലെ ചുടുനീർ മുഴുവൻ വറ്റിച്ചുക്കഴിഞ്ഞു. സ്വാർത്ഥത നിറഞ്ഞ ലോകം വെറുത്തു ഭൂമിയുടെ അന്തരാളത്തിൽ സുഖജീവിതം നയിച്ചവരായിരുന്നു ഞങ്ങൾ.  അധസ്ഥിത മർദ്ദനം  കണ്ടു ഹൃദയം പൊട്ടിയൊഴുകി. അസ്തജീവരായി അവിടെ അന്നു ഞങ്ങൾ ഒതുങ്ങി ഒന്നായി പാർക്കുകയായിരുന്നു. ആ നിർദയ മർദ്ദനം മേലാൽ കാണേണ്ടി വരികയില്ലല്ലോ എന്നു കരുതി അന്നു ഞങ്ങളുടെ കരളു കുളുർത്തിരുന്നു. പക്ഷേ, നിങ്ങളുടെ സ്വാർത്ഥത ഞങ്ങളുടെ സുഖവാസത്തെ ഭഞ്ജിച്ചു. ഞങ്ങളുടെ ഗൂഢസങ്കേതങ്ങൾ നിങ്ങൾ കണ്ടുപിടിച്ചു. ഞങ്ങളെ ക്രമേണ കൈയടക്കം ചെയ്തു. അധസ്ഥിതർ അമൂല്യ വസ്തുക്കളെന്ന് അവർക്ക് അന്ന് ബോധ്യമുണ്ടായിരുന്നുവെന്ന് ഇന്നു ഞാൻ വിചാരിച്ചിരുന്നില്ല  എന്തുകൊണ്ടെന്നാൽ, അനന്തരനടപടികൾ അത്രമാത്രം അസഹനീയ മായിരുന്നു. കൈയടക്കം ചെയ്തിട്ടും ഞങ്ങളോടുള്ള പക തീർന്നിട്ടില്ല! പ്രകൃതിയുടെ അങ്കസ്ഥിതിയിൽ- അമ്മയുടെ മടിത്തട്ടിൽ - അനന്തമായ ആനന്ദം അനുഭവിച്ചു സുഖജീവിതം കൊണ്ടു ഞങ്ങൾ ഭൂമുഖത്തു വന്നപ്പോൾ കണ്ടത് എന്താണ്? അഗ്നി- സ്വാർത്ഥവഹ്നി! അതിദുസ്സഹമായ ഒരാഗ്രഹക്കൊടുംതീ! അതുതന്നെയായിരുന്നു അധികാര പ്രമത്തനായ മനുഷ്യൻ ഞങ്ങൾക്ക് ഒഴിച്ചു നീക്കിവെച്ച കളിത്തൊട്ടിൽ - എനിക്കു തെറ്റിപ്പോയി - കളിത്തൊട്ടിലല്ല, പട്ടടക്കിടക്കയാണ് മനുഷ്യൻ ഞങ്ങൾക്ക് ഉടനെ നൽകിയത്. അധികാരികളുടെ കൈയേറ്റം കൊണ്ട് ചിന്നഭിന്നാവസ്ഥയെ പ്രാപിച്ചിരുന്ന ഞങ്ങളെ ഓരോരുത്തരായി അഗ്നിയിൽ സമർപ്പിച്ചു. പരോപദ്രവമെന്തെന്നറിയാതെ പരമശാന്തരായി പല ശതാബ്ദങ്ങൾ അധസ്ഥിതരായി കഴിഞ്ഞുകൂടിയ ഞങ്ങൾക്ക് അധികാരികൾ ഇത്ര ദാരുണമായ ശിക്ഷ എന്തിനാണ് നൽകിയത്? അവർക്കോ അവരുടെ സമുദായത്തിനോ ഹാനികരമായി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഞങ്ങൾ അതിന് അശക്തരുമാണ്. അത് ഞങ്ങളുടെ കുലധർമ്മമേ അല്ല. അവരുടെ അധികാര ദുഷ്പ്രഭുത്വവും ഞങ്ങളുടെ നിരപരാധിത്വവും ഓർത്തപ്പോൾ ശരീരം വിറകൊണ്ടു. ഹൃദയം തപ്തമായി. മനുഷ്യരുടെ മനുഷ്യേതരമായ പ്രവൃത്തികൊണ്ടോ ഞങ്ങളോടുള്ള പൂർവ്വവിരോധം കൊണ്ടോ എന്തോ അഗ്നിയുടെ മുഖം ചുവന്നു. കണ്ഠനിർഗളിതമായ ദുർവായു അനിലഗതിയെ ത്വരിപ്പിച്ചു.അനലപ്രകൃതിയും ആകമാനം മാറി. ഞങ്ങളുടെ ശരീരവും ഹൃദയവും ഒരുപോലെ ഉരുകിയൊഴുകി  ഇതിനായിരുന്നോ മനുഷ്യർ ഞങ്ങളോട് ലോഹ്യം പിടിച്ചത്? അവർ ഞങ്ങളെ ഭിന്നിപ്പിച്ചുവെങ്കിലും ആ അനലതാപമേറ്റ അന്ത്യവേളയിലും ഞങ്ങൾ ഒത്തൊരുമിച്ച് ഒതുങ്ങി ച്ചേർന്നുനിന്നു. ആകൃതിയും പ്രകൃതിയും മാറി. ഞങ്ങൾ അ സ്പൃശ്യന്മാരായിത്തീർന്നു.അസ്പൃശ്യതയോടുകൂടി ആയുശ്ലേഷം കഴിക്കാമെന്നു കരുതി ഞങ്ങൾ ആശ്വസിച്ചു. എന്നാൽ മനുഷ്യഹസ്ത സ്ഥിതങ്ങളായ - അവർക്കു സ്വാധീനമുള്ള -  ചില ഉപകരണങ്ങൾ കൊണ്ടു ഞങ്ങളെ സ്പർശിക്കുന്നതിനു അവർ ശ്രമിച്ചു. ഞങ്ങൾ ആദ്യം ഉരുണ്ടുമാറി: തെറ്റിത്തെറിച്ചു നിന്നു. എന്നാൽ അടുത്ത നിമിഷത്തിൽ അവരുടെ ഉപകരണ ദംഷ്ട്രകളിൽ ഞങ്ങൾ ഒതുങ്ങിപ്പോയി. അവയുടെ സ്പർശം നിമിത്തം ഉദ്ഗമിച്ച ചൂട് അസഹനീമായിരുന്നു. ആ വിധത്തിൽ അസ്പൃശ്യതയിൽ -  ആ കൊടും തീയിൽ - എത്രകാലം വേണമെങ്കിലും കിടന്നുരുകുകയായിരുന്നു അഭിലഷണീയം. പക്ഷേ, തണുത്തിരിക്കുന്ന ഹൃദയം തപിപ്പിക്കാനുള്ള വാസന മനുഷ്യന്റെ പ്രത്യേക സമ്പത്താണല്ലോ.

       ഞങ്ങൾ അഭിലാഷം അവരുടെ ദുരാഗ്രഹവേദിയിൽ സമർപ്പിക്കപ്പെട്ടു. ആശ്രയമറ്റവർക്ക്, അധസ്ഥിതർക്ക്, അഭിലാഷമേ പാടില്ലെന്നാണല്ലോ അവരുടെ മതം. അതാണ് അവരുടെ ദേവവാക്യ, ആ സ്ഥിതിക്ക് അവരുടെ ആശ്രയവർത്തികളായി പരിവർത്തനം ചെയ്തുപോയ - അല്ല,ചെയ്യിക്കപ്പെട്ട- ഞങ്ങളുടെ കഥ ചോദിപ്പാനുണ്ടോ? അഗ്നികുണ്ഡത്തിൽ നിന്നും ഞങ്ങളെ പെട്ടെന്നെടുത്തു. അപ്പോൾ അവരുടെ മുഖഭാവം അനുകമ്പാർദ്രമായിരുന്നെന്നു കാണികൾക്കു തോന്നിയേക്കാം. പക്ഷേ, അകത്തു വെച്ചിരുന്ന കത്തിയുടെ പുറത്തെ പത്തി മാത്രമായിരുന്നു അത്. ഞങ്ങളുടെ രക്ത വർണ്ണത്തിൽ സൂക്ഷിച്ചുനോക്കി. ഒരു കുളൂർ കല്ലിൽ ഒന്നായി ഞങ്ങളെ വെച്ചു. അയ്യോ! അത് ആദ്യം കാണിച്ച ലോഹ്യം മാത്രമായിരുന്നു. ആ കല്ലിൽ ഇരുന്ന് അല്പം ആശ്വസിക്കാമെന്ന് വിചാരിച്ചു. ആ സഹോദരനും ഞങ്ങളെ കണ്ടപ്പോൾ ചൂടുപിടിച്ചു. അധികാരഹസ്തം ഉയർന്നു. ഞങ്ങളെ അനുഗ്രഹിപ്പാനായിരിക്കുമോ? കഷ്ടം, ഊക്കോട്ടുകൂടി ഒരടി! ആ കുളൂർക്കല്ല്- പീഡയനുഭവിച്ച അശരണർക്ക് അങ്കസ്ഥലി, ആശ്രയഭൂമിയാക്കിയ കുളൂർക്കല്ല്- ഞങ്ങളുടെ മരണ ശയ്യയായിത്തീരുകയോ?ആ ഓർമ്മ ഒന്നുകൊണ്ടുമാത്രം ഞങ്ങളുടെ കണ്ണിൽ നിന്നു തീപ്പൊരി ചിതറി പലയിടത്തേക്കു തെറിച്ചു. കെട്ടിയിട്ട് അടിച്ചാലും കണ്ണുനീർ ഉതിർക്കരുതെന്നാണ് സ്വാമിയുടെ കൽപ്പന; അഥവാ അങ്ങനെയാണ് ആ സ്വാമിമാർ കൽപ്പിക്കാറുള്ളത്. അടിമകളിൽ അടിമകളായ ഈയുള്ളവരുടെ കഥ ചോദിക്കണോ? ഒറ്റയ്ക്ക് നിന്നാലും അവരുടെ കൈത്തരിപ്പിന് വിധേയർ! ഒന്നുചേർന്നുനിന്നാൽ… എന്തു ചെയ്യാം! അകവും പുറവും ഒരുപോലെ പഴുത്തിരുന്ന ഞങ്ങളെ പലവരും മർദ്ദിച്ചു പലതുണ്ടുകളാക്കി തീർത്തു. അധികാരികളുടെ മുദ്രയും ഞങ്ങളിൽ പതിച്ചു. ഈ മുദ്രകൾ ഞങ്ങളിൽ പതിച്ചതെന്തിനാണ്? സ്വഗൃഹം ഉപേക്ഷിച്ച മഹാപരാധത്തിനായിരിക്കുമോ? ഞങ്ങൾ സുഗൃഹം മനസ്സാലേ വിട്ടതല്ല; സ്വഗൃഹത്തിനിന്നു ബഹിഷ്കരിച്ച് അത് അവർ അപഹരിക്കുകയാണു ചെയ്തത്. സ്വകുടുംബാംഗങ്ങളിൽ നിന്ന് ഞങ്ങളെ ബലപ്രയോഗം ചെയ്തു മാറ്റുകയാണ് ചെയ്തത്. അവരുടെ ദൃഷ്ടിയിൽ പല തരത്തിലുള്ള കുറ്റങ്ങൾ ഞങ്ങൾ ചെയ്തുപോയി. ആ കുറ്റത്തിന് എന്നെന്നേക്കുമായി ശിക്ഷയും അവർ കല്പിച്ചു. ഭൂമുഖത്തു സഞ്ചരിക്കുന്നിടത്തോളം കാലം ക്ലിപ്തമായ ഒരു സംഖ്യ ഞങ്ങളെ കൈകാര്യം ചെയ്യുന്നവർക്ക് സമ്പാദിച്ചു കൊടുക്കണമെന്നാണ് അവർ നിശ്ചയിച്ചത്. സമുദയാംഗങ്ങളുടെ സന്നിധിയിൽ വച്ച് അവരെ തൃപ്തിപ്പെടുത്തുന്നതിനെന്ന വ്യാജേന ഞങ്ങളെ പലരും താതോലിക്കുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട്.

      നിറവും നിലയും അനുസരിച്ചു ഞങ്ങൾക്കു നാമവും കല്പിച്ചു. ആ വർഗത്തിൽ ഏറ്റവും എളിയവനാണ് ഞാൻ; എന്റെ പേര് ചില്ലിക്കാശെന്നാണ്.

ഞങ്ങളുടെ കുടുംബഭാഗം നടത്തിയ കഥ അത്യന്തം ഹൃദയസ്പൃക്കായിട്ടുള്ളതാണ്.

 


ഇടപ്പള്ളി രാഘവൻ പിള്ള
ജനനംമേയ് 30, 1909
ഇടപ്പള്ളി, കൊച്ചി രാജ്യം, ബ്രിട്ടീഷ് ഇന്ത്യ
മരണംജൂലൈ 4, 1936 (27 വയസ്സ്)
കൊല്ലം, കേരള, ഇന്ത്യ
തൊഴിൽകവി, ആഖ്യാതാവ്
ദേശീയതഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)
  • Maninadam
  • Thushara Haram
  • Hrudaya Smitham

അനുശ്രീ കെ.

എം.എ മലയാളം( സാഹിത്യ പംനം)

2024-2026

 


 

                              

 

                                     വെളുത്ത മുയലുകൾ

                                                            ചെറുകഥ                    

                                                      ചങ്ങമ്പുഴ കൃഷ്ണപ്പിള്ള

 

             ഉറ്റ ചങ്ങാതികളായിരുന്നു ഞങ്ങൾ. അന്നുവരെ ഒരിക്കലും കലഹിച്ചിട്ടില്ല. കറുത്തൊരുവാക്കുപോലും പരസ്പരം പറഞ്ഞിട്ടില്ല. അന്യോന്യമുള്ള വിശ്വാസവും ആത്മാർത്ഥതയും ഞങ്ങളുടെ പരിശുദ്ധ സൗഹാർദ്ദത്തിൽ പരിമളം കലർത്തി.

      പക്ഷേ പെട്ടെന്നതിന്നൊരു വ്യതിയാനം സംഭവിയ്ക്കുമെന്നൊരു വിചാരിച്ചു? ഇന്നും എനിയ്ക്കതിൽ കുണ്ഠിതമുണ്ട്. ഇനിയതുകൊണ്ടെന്തു ഫലം? ഒരു നിസ്സാരകാരണത്തിന്മേൽ ഞങ്ങൾ പിണങ്ങി. അതെന്റെ ബുദ്ധിമോശം കൊണ്ടു പറ്റിപ്പോയതാണ്. പശ്ചാത്തപിച്ചിട്ടെന്തു പ്രയോജനം? ഒരുകാലത്ത് എന്റെ ജീവനായിരുന്ന ഭാസി, ഇന്നെന്റെ ജന്മശത്രു! കാലഗതിയിൽ ജീവിതത്തിലുണ്ടാകുന്ന പരിണാമങ്ങൾ അത്ഭുതാവഹം തന്നെ!

         ഭാനുവിന്റെ വാക്കുകൾക്ക് എന്തിന് ഞാൻ ചെവി കൊടുത്തു? അവളുടെ നിർദ്ദേശപ്രകാരം ഞാനെന്തിനു പ്രവർത്തിച്ചു? അവൾ വാസ്തവത്തിൽ എന്നെ കുരങ്ങ് കളിപ്പിക്കുകയായിരുന്നില്ലേ? ബുദ്ധിമാനെന്നും സംസ്കാരസമ്പന്നനെന്നും സ്വയം അഭിമാനിക്കുന്ന ഞാൻ എന്തുകൊണ്ട് അവളുടെ മാന്ത്രികശക്തികളിൽ മയങ്ങിപ്പോയി? എന്നെ കൂടെക്കൂടെ അലട്ടിക്കൊണ്ടിരിക്കുന്ന ചില ചിന്തകളാണിവ. പക്ഷേ അതുകൊണ്ട് ഒരു ഫലവുമില്ലല്ലോ! അതെ, ഞാൻ ഭാസിയുമായി പിണങ്ങിയതു ഭാനു മൂലമാണ്. അവൾ നിശ്ശബ്ദയായി അണിയറയ്ക്കകത്തിരുന്നുകൊണ്ട് അരങ്ങത്തു നിന്ന ഞങ്ങളെ പരസ്പരം അകറ്റി; പിന്നീടോ…?

            ഭാനുവിനെ ഞാൻ സ്നേഹിച്ചു. അവളുടെ ഓരോ ചലനത്തിലും വാക്കിലും നോട്ടത്തിലും മാദകമായ എന്തോ ഒന്നുണ്ടായിരുന്നു. എന്നെ പമ്പിരികൊള്ളുന്ന ഏതോ ഒരു ലഹരി. അതിന്റെ മായാവലയത്തിൽ ഞാൻ കുടുങ്ങിപ്പോയി. അന്നത്തെ എന്റെ കണ്ണുകൾ കൊണ്ട് അവളുടെ മുഖത്തിനു ചുറ്റും ചഞ്ചലമായ ഒരു പരിവേഷം കാണാമായിരുന്നു. അവൾ ഒരപ്സരസാണെന്നെനിക്കു തോന്നി. ലോകത്തിലെ വെളിച്ചവും തെളിച്ചവും മാത്രം ചേർന്ന വശങ്ങൾ സീജവമായ ആകാരമെടുത്ത് ആവിർഭവിച്ച മുഗ്ദ്ധയായ ഒരപ്സരസ്സ്! ഞാനവളെ ആരാധിച്ചു.

         ഞാൻ അവളെ കണ്ടിട്ടുള്ളപ്പോഴെല്ലാം, ഞങ്ങൾ ഒന്നിച്ചിരുന്നു സംസാരിക്കുമ്പോഴെല്ലാം നീണ്ടുവിടർന്ന് നീലിമയാർന്ന അവളുടെ കണ്ണുകൾ മൗനഭാഷയിൽ എന്നോടിങ്ങനെ മന്ത്രിക്കുന്ന പോലെ തോന്നി.

       “ഞങ്ങളുടെ അഗാധതയിലേക്ക് ഒന്ന് നോക്കൂ. ഞങ്ങൾ നിഷ്കളങ്കതയുടെ ഉറവുകളല്ലേ? സ്വപ്നം കാണുന്ന ആ കണ്ണുകൾ! അവയാണ് എന്നെ ഏറ്റവും ആകർഷിച്ചത്. അവയിൽ നിഴലിച്ച അഭിരാമമായ ആ ഭാവശാന്തതയെ ഞാൻ വിശ്വസിച്ചു.

          ഒന്നും ഞാൻ മറച്ചുവെയ്ക്കുന്നില്ല. കമ്പംപിടിച്ച ഒരു ചെറുപ്പക്കാരൻ എന്നെന്നെ കൂട്ടുകാർ പുച്ഛിക്കാറുണ്ടായിരുന്നു. പക്ഷേ എനിക്കതിൽ ഈർഷ്യ തോന്നിയിരുന്നില്ല. കാരണം, എനിക്ക് നിശ്ചയമുണ്ടായിരുന്നു ഭാനു എന്നെ സ്നേഹിച്ചിരുന്നു എന്ന്. കലാലോലമായ അവളുടെ കമനീയഹൃദയം കരഗതമായ എനിക്ക് അതിന്മീതെ മറ്റൊന്നും ആശിക്കാനുണ്ടായിരുന്നില്ല.

           ഒഴിഞ്ഞ ഒരു നാട്ടിൻപുറത്ത് സാമാന്യം ഭേദപ്പെട്ട നിലയിൽക്കഴിഞ്ഞു കൂടുന്ന ഇടത്തരക്കാരിൽ മുന്നണിയിൽ നിൽക്കുന്നവരാണു ഞങ്ങൾ. ഞങ്ങളുടെ കാരണവന്മാർ പരമ്പരയായി സ്വീകരിച്ചുവന്നിരുന്ന തൊഴിൽ കൃഷിയാണ്. ദാരിദ്ര്യത്തിന്റെ ചൂട് ഞങ്ങൾ അനുഭവിച്ചിട്ടില്ല. അസംതൃപ്തിയുടെ ലേശം പോലും ഞങ്ങൾ അറിഞ്ഞിട്ടില്ല. വലിയ ആർഭാടമൊന്നുമില്ലാത്ത ഒരു ഒതുങ്ങിയ ജീവിതത്തിന്റെ പച്ചവിരിപ്പിൽ ഞങ്ങൾ സ്വൈര്യമായി വിശ്രമിച്ചു.

          ഭാസി എന്റെ അമ്മാവന്റെ മകനാണ്. കാഴ്ചയിൽ സുമുഖനും പെരുമാറ്റത്തിൽ ശാന്തനുമായിരുന്നു അയാൾ ഞങ്ങളുടെ നാട്ടിൽ നിന്നഞ്ചു മൈലകലെയുള്ള പട്ടണത്തിൽ ഒരു വ്യവസായശാലയിൽ അയാൾക്ക് ഒരു ക്ലാർക്കിന്റെ ജോലിയുണ്ടായിരുന്നു. അത്ര വലിയ ശമ്പളമൊന്നുമുണ്ടായിരുന്നില്ലെങ്കിലും കുടുംബസ്ഥിതി സാമാന്യം ഭേദപ്പെട്ടതായിരുന്നതിനാൽ സുഖലോലുപമായ ഒരു ജീവിതം നയിയ്ക്കുവാൻ അയാൾക്ക് സാധിച്ചു.

        എന്റെ അച്ഛൻ ഒരു ലുബ്ധനാണ്, എന്നുവെച്ചാൽ ഞങ്ങളുടെ നാട്ടുകാരുടെ ഭാഷയിൽ പറയുകയാണെങ്കിൽ അറുത്തകയ്യിന് ഉപ്പിടാത്ത ഒരു അറുപിശുക്കൻ. ധനവ്യയത്തെ ഭയന്ന് എന്നെ കോളേജിലേക്കയ്ക്കുവാൻ അച്ഛൻ വളരെ മടികാണിച്ചു. അമ്മയുടെ നിരന്തരമുള്ള നിർബന്ധവും എന്റെ തോരാത്ത കണ്ണുനീരും അച്ഛന്റെ മർക്കടമുഷ്ടിക്ക് അല്പം അയവുണ്ടായി. അങ്ങനെ മനസ്സില്ലാമനസ്സോടെ ഒടുവിൽ അച്ഛൻ സമ്മതംമൂളി. നാലുകൊല്ലത്തെ കലാശാല ജീവിതം എനിക്കു നരകതുല്യമായിരുന്നു. അത്യാവശ്യം വേണ്ട കാര്യങ്ങൾക്കുപോലും അച്ഛൻ പണമയച്ചുതന്നിരുന്നില്ല. ഇടയ്ക്കിടെ എന്നെ സഹായിച്ചു കൊണ്ടിരുന്നത്, ഞാൻ തുറന്നു പറയാമല്ലോ, ഭാസിയാണ്. എന്നിട്ടും കൃതഘ്നനായ ഞാൻ ഭാസിയുമായി പിണങ്ങി.

         എന്റെ വീട്ടിന്റെ മുൻഭാഗത്ത് മുഴുവൻ വയലുകളാണ്. അതിന്റെ കിഴക്കേ അറ്റത്തായി ഒരു ചെറിയ പുഴയുണ്ട്. അതിനക്കരെ തൊട്ടുകാണുന്ന ഭഗവതി ക്ഷേത്രത്തിന്റെ നേരെപിറകിലാണ് ഭാനുവിന്റെ ഗൃഹം. അവൾക്കു അച്ഛനും ഒരു കൊച്ചനുജനും ചാർച്ചയിൽപെട്ട ഒരമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളുടെ മാതാവു മരിച്ചിട്ട് അഞ്ചുകൊല്ലമായി. സാമാന്യം നല്ല സ്ഥിതിയുണ്ട്.

          ഞാനും ഭാനുവും കുട്ടിക്കാലത്ത് തന്നെ കൂട്ടുകാരായിരുന്നു. ഭാസി നാട്ടിൽ വന്നിട്ടു നാലഞ്ചുകൊല്ലത്തിനു മേലായിട്ടില്ല. അയാൾ മദിരാശയിൽ ഉദ്യോഗമുള്ള മൂത്ത ജേഷ്ഠനുമൊന്നിച്ചായിരുന്നു താമസം. വിദ്യാഭ്യാസം പൂർത്തിയായതിനുശേഷമേ അയാൾ നാട്ടിൽ വന്നുള്ളൂ. ഭാനു ഭാസിയെ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ കാരണ മെന്തെന്നറിഞ്ഞുകൂടാ. ഞാൻ ഭാസിയെക്കുറിച്ചെന്തെങ്കിലുമൊന്നു പറയാൻ തുടങ്ങുമ്പോഴേയ്ക്കും അവൾ ചാടി വീണ് അതുമുടക്കും; എന്റെ പ്രസ്താവനകളെ ശക്തിയായി എതിർക്കും. എന്റെ പ്രിയസുഹൃത്തും ചാർച്ചക്കാരനുമായ ഭാസിയെക്കുറിച്ച് സംസാരിക്കുന്നതിൽ ആദ്യകാലത്ത് എനിക്കു വലിയ വെറുപ്പു തോന്നിയിരുന്നു. പക്ഷെ അവളോടുള്ള സ്നേഹം മൂലം ഞാൻ അതൊന്നും പുറത്തുകാണിച്ചില്ല. അങ്ങിനെ അവളോടു കൂടുതൽ കൂടുതൽ അടുക്കുംതോറും ഭാസിയിൽനിന്നും ഞാൻ അറിയാതെ തന്നെ അധികമധികം അകന്നുതുടങ്ങി. ഒടുവിൽ അവളുടെ നിർബന്ധപൂർവ്വമുള്ള പ്രേരണ മൂലം ഞാൻ ഭാസിയിൽ നിന്നും എന്നെന്നേക്കുമായി ട്ടെന്നപോലെ അകന്നുമാറി. ഞങ്ങൾ ശത്രുക്കളായി? അപ്പോഴാണ് ഭാനുവിന് എന്നിൽ എത്രത്തോളം സ്വാധീനശക്തി യുണ്ടായിരുന്നുവെന്ന് എനിക്ക് വെളിവായത്.

           ഭാസി എന്നിൽനിന്നകന്നപ്പോൾ ഭാനുവിന്റെ സാമീപ്യം എനിക്ക് ഒഴിവാക്കാൻ സാധിക്കാതെയായി. ഞാൻ അവളെ എന്റെ ആത്മാവിനേക്കാൾ ഉപരിയായി സ്നേഹിച്ചു. അവൾ എന്നേയും. അങ്ങിനെ ഞങ്ങളുടെ ഹൃദയബന്ധം അതിന്റെ രഹസ്യ മേഖലയിൽ നിന്നും ക്രമേണ വെളിയിലേക്ക് വ്യാപിക്കാൻ തുടങ്ങി. പക്ഷേ അതുകൊണ്ടെനിക്ക് വല്ലായ്മ തോന്നിയില്ല. എനിക്കച്ഛനെമാത്രമേ ഭയമുള്ളൂ. പക്ഷെ ഭാനുവുമായുള്ള വിവാഹബന്ധത്തിന് അച്ഛൻ ഒരിക്കലും പ്രതികൂലമായിരിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. ധനത്തിന്റെ വശത്തേയ്ക്കു മാത്രമേ അദ്ദേഹത്തിന്റെ ദൃഷ്ടിചെല്ലുകയുള്ളുവെന്നെനിക്കറിയാം. അവിടെ നിരാശപ്പെടേണ്ടതായിട്ടൊന്നുമില്ല.

           അങ്ങിനെ ഞങ്ങളുടെ പ്രേമലതിക നാൾക്കുനാൾ തളിരിടാൻ തുടങ്ങി. ഒഴിവുകാലത്ത് എന്നും ഞാൻ സായാഹ്നത്തിൽ അവളുടെ ഭവനത്തിൽ പോകുക പതിവാണ്. വെടിപ്പും വൃത്തിയുമുള്ള അവളുടെ ഭവനത്തിനുതൊട്ട് ഒരു ചെറിയതോട്ടമുണ്ട്. അതിന്റെ മദ്ധ്യത്തിലായി ചുറ്റും തറകെട്ടിപ്പൊക്കിയിട്ടുള്ള ഒരിലഞ്ഞിവൃക്ഷമുണ്ട്. ഞാൻ ആ തറയിൽ ചടഞ്ഞിരുന്ന് രണ്ടു മൂന്നും മണിക്കൂർ അവളുമായി സംസാരിയ്ക്കും.

         നോവൽ വായനയിൽ, ഇത്ര കമ്പം പിടിച്ച ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. ശൃംഗാര രസപ്രധാനനങ്ങളായ കഥകൾക്കുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിയ്ക്കുവാൻ അവൾക്കൊരു മടിയുമില്ലായിരുന്നു. അവളുടെ ഈ വിഷയത്തിലുള്ള അതിർകവിഞ്ഞ അഭിരുചി എനിക്കത്ര സമ്മതമായിരുന്നില്ല. പക്ഷെ നല്ല തന്റേടക്കാരിയായിരുന്ന അവൾ എന്റെ നിർദ്ദേശങ്ങൾക്കൊന്നും വലിയ പ്രാധാന്യം കല്‌പിച്ചിരുന്നില്ലെന്നു വേണം പറയാൻ. അവളുടെ ഈ പെരുമാറ്റം എന്റെ ഹൃദയത്തിൽ ഏതോ ഒരു കോണിൽ ചെറിയ ഒരു മുള്ളു തറച്ചു. അതിനേക്കുറിച്ചു ഞാൻ അധികമധികം ചിന്തിക്കുവാൻ തുടങ്ങി. “സാരമില്ല” ഞാൻ ആശ്വസിച്ചു. “അവളുടെ ഈ അഭിരുചി മാറിപ്പോകും. അതു തടയാതിരിക്കുന്നതാണു നന്ന്. അല്ലെങ്കിൽ തന്നെ അതുകൊണ്ടുന്തു ദോഷം?” എന്നിരുന്നാലും എന്റെ യുക്തിവാദങ്ങളുടേയും ഇടയിൽ മനസ്സിൽ ഇടയ്ക്കിടക്ക് ഒരു നേരിയനൊമ്പരം തട്ടിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണെന്നെനിക്കറിഞ്ഞുകൂടാ.

            ക്രിസ്തുമസ്സ് ഒഴിവുകാലം കഴിയാറായി, പിറ്റേദിവസം എനിക്ക് കോളേജിലേക്ക് പോകണം. എന്റെ വിദ്യാർത്ഥിജീവിതം സമാപിക്കുവാൻ രണ്ടുമാസം കൂടിയുണ്ട്. ഹാവൂ! അതുകഴിഞ്ഞാൽ ഒരാശ്വാസമായി. ഒഴിവുകാലം അവസാനിക്കുമ്പോൾ എനിക്കു വലിയ കുണ്ഠിതം തോന്നും ഭാനുവിനെ പിരിഞ്ഞിരിക്കേണ്ട ആ സാദ്ധ്യായദിനങ്ങളെ ഞാൻ മനസ്സാ ശപിക്കുകതന്നെ ചെയ്തു. എങ്കിലും ഇനിയിത് തുടരേണ്ടല്ലോ. രണ്ടുമാസം കഴിഞ്ഞാൽ പരീക്ഷയായി. തീർച്ചയായും വിജയംനേടും എവിടെയെങ്കിലും എനിക്കു ഭേദപ്പെട്ട ഒരു ഉദ്യോഗം കിട്ടും. എന്റെ പ്രിയപ്പെട്ട ഭാനുവിനെ വിവാഹം കഴിച്ച്, ഞങ്ങൾ സോല്ലാസം ജീവിതം നയിക്കും സങ്കല്പത്തിൽ പ്രശാന്തമായ ഞങ്ങളുടെ ദാമ്പത്യജീവിതം അങ്ങിനെ മിന്നിത്തിളങ്ങി. ഹൃദയപൂർവ്വം ഞാനതിനെ താലോലിച്ചു.

             യാത്രപറയുവാനായി ഞാൻ ഭാനുവിന്റെ ഭവനത്തിൽ പോയി. അവൾ ഉദ്യാനത്തിൽ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ നേരെ അങ്ങോട്ടുതന്നെ കടന്നുചെന്നു. എന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരി കളിയാടി. പക്ഷെ അവളുടെ കൺമുനകൾ നനഞ്ഞിരുന്നു. ഞാൻ അവളെ സൂക്ഷിച്ചുനോക്കി. ആ നിഷ്കളങ്കതയുടെ ആ അവസാനത്തെ കണ്ണീർക്കണികയും നിപതിച്ചിട്ട് അധികം നേരമായിട്ടില്ല.

  “ഭാനു നീ കരയുകയായിരുന്നോ?” ഞാൻ സ്നേഹപൂർവ്വം അവളോട് ചോദിച്ചു.

അല്ല” 

          ഇതാ ഇപ്പോഴും ആ കൺമുനകൾ നനഞ്ഞിരിക്കുന്നല്ലോ. നീ എന്തിനാണ് കരഞ്ഞത്?”

  ഞാൻ കരഞ്ഞില്ല.”  വീണ്ടും അവൾ പറഞ്ഞു. പിന്നീടതിനേക്കുറിച്ചൊന്നും ഞാൻ സൂചിപ്പിച്ചില്ല.ഒരു പക്ഷേ എന്റെ വിരഹമായിരിയ്ക്കാം അവളെ വേദനിപ്പിക്കുന്നത്. സംസാരത്തിൽ അതിനെ ആവർത്തിച്ച് എന്തിനു ഞാൻ അവളെ കൂടുതൽ കുണ്ട്ഠിതപ്പെടുത്തുന്നു?

         സന്ധ്യ കഴിഞ്ഞിരുന്നു. ഹേമന്തത്തിലെ മോഹനമായ പൂനിലാവ് അവിടെയെങ്ങും വ്യാപിച്ചു. ഇളങ്കാറ്റിൽ ഇളകിക്കൊണ്ടിരിക്കുന്ന മരച്ചില്ലകളുടേയും പൂവല്ലികളുടേയും നീലിച്ചനിഴലുകൾ ആ പൂന്തോട്ടത്തിൽ അങ്ങിങ്ങായി നൃത്തം ചെയ്യുണ്ടായിരുന്നു. വിടർന്നുനിന്ന കുരുക്കുത്തിമുല്ലയുടെ മാദകമായ പരിമളം പരിസരങ്ങളിൽ ഓളം വെട്ടി.

 നാളെപ്പോകുന്നോ?” പെട്ടെന്നു തലയുയർത്തി വ്യസനം കലർന്ന ഒരു മധുരസ്വരത്തിൽ അവൾ എന്നോടു ചോദിച്ചു.

അതെ, നാളെ ഞാൻ പോവുകയാണ്.”

ഇനിയെന്നു മടങ്ങിവരും?”

മീനമാസത്തിൽ - പരീക്ഷ കഴിഞ്ഞ്.”

ഇനിവരുമ്പോഴെങ്കിലും അതു കൊണ്ടുവരുമോ?”

തീർച്ചയായും കൊണ്ടുവരാം എന്നോടൊന്നിച്ചു പഠിക്കുന്ന എന്റെ ഒരു സ്നേഹിതൻ കൊണ്ടുവന്നതരാമെന്നേറ്റിട്ടുണ്ട്.”

            അവൾ കുറച്ചുകൂടി എന്റെ അരികിലേക്കു ചേർന്നുനിന്നു. മുയലുകളെ വളർത്തുവാൻ അവൾക്കു പ്രത്യേക താൽപര്യമുണ്ട്. ചാരനിറത്തിലുള്ള നാലഞ്ചു മുയലുകളെ അവൾ ഓമനയായി വളർത്തുന്നുണ്ടായിരുന്നു. ഒരു വെള്ളമുയലിനെ കൊണ്ടു വന്നു കൊടുക്കണമെന്നു അവൾ എന്നോടു പറഞ്ഞിട്ട് ഏറെനാളായി. പക്ഷേ എനിക്കു സാധിച്ചില്ല. ഏതായാലും ഇനി വരുന്ന അവസരത്തിൽ തീർച്ചയായും അതിനെ കൊണ്ടുവരുന്നതാണെന്നുറച്ചു. പോരെങ്കിൽ എന്റെ സ്നേഹിതൻ എനിയ്ക്കതിനെ കൊണ്ടുവന്നുതരാമെന്ന് ഏറ്റിട്ടുണ്ട്.

         “ഇതാ പോകുമ്പോൾ ഇതു പെട്ടിയിൽ സൂക്ഷിച്ചുവെച്ചുകൊള്ളൂ” എന്നു പറഞ്ഞ് അവൾ എന്റെ കയ്യിൽ ഒരു ചെറിയ കടലാസ്സ് പൊതി തന്നു. ഞാനതു തുറന്നു നോക്കി മിനുത്ത മൂന്നു പട്ടുതൂവാലക ളായിരുന്നു അത്. ഇളംപച്ച, മഞ്ഞ, വെള്ള ഈ മൂന്നു വർണ്ണങ്ങളിൽ വിചിത്ര ലതാ വിധാനങ്ങൾ വിചിത്രമായി തുന്നി പ്പിടിപ്പിച്ചിട്ടുള്ള ആ പട്ടുതൂവാലകൾ അത്യന്തം കൗതുകപ്രദമായിരുന്നു.ഓരോന്നു സംസാരിച്ചുകൊണ്ട് ഒരു മണിക്കൂറോളം ഞങ്ങൾ ആ പൂന്തോപ്പിൽ കഴിച്ചുകൂട്ടി. അവസാനം ബാഷ്പാർദ്രങ്ങളായ ഗൽഗദോക്തികങ്ങളോടും, അവസാനം ആശ്ലേഷത്തോടും കൂടി ഞാൻ യാത്ര പറഞ്ഞു.

            വീട്ടിലേയ്ക്കു മടങ്ങുമ്പോൾ എന്റെ ഹൃദയം വികാരതരളിതമായിരുന്നു. ആ പട്ടുതൂവാലകളിൽനിന്ന് ഒരു നേരിയസൗരഭം ഉത്ഭവിയ്ക്കുന്നുണ്ട്. ആ വെള്ളത്തൂവാല അവളുടെ ഹൃദയത്തിന്റെയും പച്ചത്തുവാല അവളുടെ അനുരാഗത്തിന്റേയും, മഞ്ഞത്തൂവാല അവളുടെ കലാവാസനയുടേയും പ്രാതിനിദ്ധ്യം വഹിക്കുന്ന മൂന്ന് ചിഹ്നങ്ങളാണെന്ന് എനിക്ക് തോന്നി. ഞാൻ വികാരാവേശത്തോടെ അവയെ ചുംബിച്ചു.

അന്നെനിയ്ക്കുറക്കം വന്നില്ല. ഞങ്ങളുടെ ഭാവിജീവിതം പരിപാടികൾ സജ്ജമാക്കുന്നതിലായിരുന്നു. എന്റെ ചേതന ലയിച്ചിരിക്കുന്നത്. അങ്ങിനെ പലേ പരിപാടികളും ഞാൻ മനസ്സുകൊണ്ട് തയ്യാറാക്കി.

          ഒരു കൊച്ചുഭവനം, അതിനു തൊട്ടൊരുദ്യാനം, അവിടെ പല പല പുഷ്പങ്ങൾ. അരികെ പാട്ടും പാടി പ്പുളഞ്ഞൊഴുകുന്ന ഒരു കൊച്ചുപുഴ, ആ ഉദ്യാനത്തിൽ തുളുമ്പിവീഴുന്ന നറുനിലാവിൽ, നിലാവിൻ കട്ടകൾ പോലുള്ള വെളുത്ത മുയലുകൾ ഉല്ലാസപൂർവ്വം ഓടിച്ചാടി കളിക്കുന്നു. അവയിലൊന്നിനെ ഉത്തുംഗവ ക്ഷോജനങ്ങളോടു ചേർത്തടുപ്പിടിച്ചു കൊണ്ട്, വിലാസലാലസമായ ഒരു വന ദേവതയെപ്പോലെ ഭാനു കൊടുങ്കയ്യും കുത്തി പച്ചപ്പുല്ലിൽ വിശ്രമശയനം കൊള്ളുന്ന എന്റെ സമീപത്തേയ്ക്കു മന്ദം മന്ദം നടന്നുവരുന്നു….

             എപ്പോഴാണു ഞാനുറങ്ങിയതെന്ന് എനിക്കു നിശ്ചയമില്ല. അമ്മയുടെ സ്നേഹപൂർവ്വമായ വിളി എന്നെ പെട്ടെന്നുണർത്തി. നേരം നല്ലപോലെ പുലർന്നിരുന്നു. അപ്പോഴാണു ഞാൻ ഒരു അല്പനേരം ഉറങ്ങിയെന്നെനിക്കു ബോധമുണ്ടായത്. ഞാൻ ഒരു ചെറിയ സ്വപ്നം കണ്ടു. ഞാൻ ഒരു മലഞ്ചെരുവിൽ ഇരിയ്ക്കുകയായിരുന്നു. എന്റെ മുമ്പിലായി ഒരു വെളുത്തമുയൽ ഒരു വൃക്ഷച്ചുവട്ടിൽ ഇരുന്ന് പുല്ലിന്റെ നാമ്പുകൾ കടിച്ചു കാരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് അതിനെ പിടിക്കാനായി പുറകെ ശബ്ദ മുണ്ടാക്കാതെ ചെന്നു. എന്നാൽ അതി ഗൂഢമെന്നു ഞാൻ അഭിമാനിച്ച എന്റെ ആഗമനം അതിന്റെ സൂക്ഷ്മദൃഷ്ടിയിൽ പെടാതിരുന്നില്ല. ഞാൻ അതിനെ തൊട്ടു തൊട്ടില്ല എന്ന ഘട്ടത്തിലായപ്പോഴേക്കും, അതാ അതൊരു ചാട്ടം, സംഭ്രമത്തോടെ ഒരോട്ടം! ഞാനും പിന്നാലെ ഓടി കുറച്ചുചെന്നപ്പോൾ ഒരു പച്ചപിടിച്ച മൈതാനം. അതിൽ ഒരായിരം വെള്ളമുയലുകളുണ്ട് അങ്ങിനെ കൂട്ടം കൂടിയിരിക്കുന്നു. എനിയ്ക്കത്ഭുതം തോന്നി. അവയ്ക്കു സംരംഭമമില്ല. അവ ഓടുവാൻ തിടുക്കം കൂട്ടുന്നില്ല. അവയിൽ ചില മുയലുകൾക്കു വെളുത്ത ചിറകുകളുണ്ട്. ഞാൻ അത്ഭുതസ്തബ്ധനായി അവയെ ഉറ്റു നോക്കിക്കൊണ്ടങ്ങിനെ നിൽക്കുകയാണ്. അവയിൽ ഒന്നരണ്ടണ്ണത്തിനെ പിടിച്ചെടുത്ത് എന്റെ ഭാനുവിനു സമ്മാനിക്കുവാൻ എനിയ്ക്കാശ തോന്നി. ഞാനതിനുത്സാഹിക്കുമായിരുന്നു. പക്ഷേ അമ്മ വിളിച്ചതിനാൽ എനിക്കുണരേണ്ടി വന്നു. അപ്പോഴാണ് അത് വെറും സ്വപ്നമായിരുന്നുവെന്നെനിക്ക് ബോധ്യപ്പെട്ടത്.

            ഞാൻ അന്നുതന്നെ വീട്ടിൽനിന്ന് പോന്നു. പിന്നത്തെ രണ്ടുമാസങ്ങൾ എങ്ങിനെ നീങ്ങിയെന്നെനിക്കറിഞ്ഞുകൂടാ! ഓരോ നിമിഷവും ഓരോ യുഗംപോലെ എനിക്കുതോന്നി. വായിക്കാനാണെങ്കിൽ എനിക്കൊരു പരപ്പുണ്ട്. പുസ്തകക്കെട്ടുകളും മേശപ്പുറത്തുവെച്ചു ഞാൻ രാവുകൾ പകലാക്കാൻ തുടങ്ങി. എന്നാൽ ഇതിനിടയിൽ എനിക്കെന്തെങ്കിലും ഒരുല്ലാസമായിട്ടുണ്ടെങ്കിൽ, അതിനു കാരണം എന്റെ പ്രിയപ്പെട്ട ഭാനുവിന്റെ കത്തുകളും, എന്റെ സുഹൃത്തു എനിക്കുകൊണ്ടുവന്നുതന്ന രണ്ടു വെളുത്ത മുയലുകളാണ്.

            വൈകുന്നേരം കോളേജു വിട്ടുവന്നാൽ ഞാൻ ആ മുയലുകളെ മടിയിൽ കിടത്തി ഓമനിച്ചുകൊണ്ടിരിക്കും. അവരെന്റെ കുഞ്ഞുങ്ങളാണ്; ആണും പെണ്ണും. അവയ്ക്കു മഞ്ചാടിക്കുരു പോലെ ചുവന്നു, മാണിക്യ ഖണ്ഡങ്ങൾ പോലെ ദീപ്തി ചിതറുന്ന രണ്ടു കൊച്ചുകണ്ണുകളും മിനുത്തുനീണ്ട ചെവിയുമുണ്ട്. അവയുടെ മുതുകിൽ വാത്സല്യപൂർവ്വം തടവി ക്കൊടുക്കും. അവ പരസ്പരം ഉറ്റുനോക്കി ക്കൊണ്ടിരിക്കും! അതെ, ഭാവിയിൽ ദമ്പതിമാരാകേണ്ടവരാണവർ. ആ മുയൽ കുഞ്ഞുങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നു. അവരുടെ ക്രീഡകളും, കോലാഹലങ്ങളും നോക്കിയങ്ങിനെയിരിക്കുമ്പോൾ എനിക്കവിടെനിന്നും എഴുന്നേൽക്കാൻ തോന്നുകയില്ല. ആസന്നമായ പരീക്ഷയെ ഞാൻ അന്തരാശപിച്ചു. ഞാനും ഭാനുവും! ആ മുയലുകൾ ഞങ്ങളുടെ ബാല്യകാലത്തെ അനുസ്മരിപ്പിച്ചു. അന്നത്തെ കുട്ടിക്കളികൾ! ഇതാ ഞങ്ങൾ ദാമ്പത്യജീവിതത്തിലേക്കു കാൽ കുത്തുവാൻ പോകുന്നു. അതെ പരീക്ഷാഫലം പുറത്തുവന്നാലുടൻ ഞങ്ങളുടെ പരിണയം നടക്കും. ആ മുയലുകളും ഞങ്ങളുടെ ജീവിതത്തെത്തന്നെ അനുഗമിക്കാനുള്ളവരാണ്. എനിക്കവരോടു പ്രത്യേകിച്ചൊരു മമത തോന്നി.

            അങ്ങിനെ ആ നശിച്ച രണ്ടു മാസങ്ങൾ കഴിഞ്ഞു. പരീക്ഷയ്ക്കിനി രണ്ടു ദിവസമേയൊള്ളൂ. ഞാൻ അത്യദ്ധ്വാനം ചെയ്ത് വായിച്ചു. പരീക്ഷയിൽ ഉന്നതമായ ഒരു വിജയം നേടണമെന്നു മന:പ്പൂർവം ഞാൻ നിശ്ചയിച്ചിരുന്നു. അത് സാദ്ധ്യമാണെന്നബോധവും പരീക്ഷ സമാഗതമായതോടെ എന്റെ ഹൃദയത്തിൽ വേരൂന്നി.

         രണ്ടുദിവസത്തെ പരീക്ഷ കഴിഞ്ഞു. മൂന്നാം ദിവസം ഞാൻ കോളേജിലേക്കു പോകുകയായിരുന്നു. അപ്പോഴാണു വഴിയ്ക്കുവെച്ച് പോസ്റ്റ് ശിപ്പായിയെ കണ്ടത്. അയാൾ എന്റെനേർക്കു ലക്കോട്ടു നീട്ടി. മേൽവിലാസത്തിന്റെ പടിവുകണ്ടപ്പോൾ തന്നെ അത് ഭാനുവിന്റേതാണെന്നു എനിക്ക് മനസ്സിലായി. ഞാൻ കത്ത് പൊളിച്ചു വായിച്ചു. അതിൽ ഇത്രമാത്രമേ എഴുതിയിരുന്നുള്ളൂ.

 ഗോപിച്ചേട്ടന്,

  എനിക്കു മുയലുകളെ ക്കൊണ്ടുവരേണ്ട. എനിക്ക് ആവശ്യമില്ല.

                                             എന്ന്, ഭാനു.

            എനിയ്ക്കതിന്റെ അർത്ഥം മനസ്സിലായില്ല. അവൾ അത്രമാത്രം ആശിച്ചിരുന്ന ആ വസ്തു ഇപ്പോൾ അവൾ നിരസിക്കുന്നത് എന്തുകൊണ്ടാണ്? ഞാൻ അവയെ തേടിപ്പിടിക്കാൻ എത്രമാത്രം ക്ലേശിച്ചു? അവൾക്കു കൊടുക്കുവാനുള്ള സമ്മാനമായതുകൊണ്ടല്ലേ ഞാൻ അവയെ ഇങ്ങനെ ഓമനിച്ചു വളർത്തിയത്? ഒരുപക്ഷേ അവൾ എന്നെ കളിപ്പിക്കുവാൻ വെറുതെ നേരം പോക്കായി എഴുതിയതായിരിക്കും. അങ്ങനെ ഞാൻ സമാധാനിച്ചു. പക്ഷെ എന്തുകൊണ്ടോ എനിക്കു ഹൃദയത്തിൽ ഒരു വേദന തോന്നി. അതുവരെ എന്നിൽ ഉണ്ടായിരുന്ന ഉത്സാഹവും പ്രസരിപ്പും അല്പമൊന്നു മന്ദീഭവിച്ചു. ഒരാഴ്ചയായി ഉറങ്ങിയിട്ട്, രാത്രി മുഴുവൻ വായനയായിരുന്നു. എനിക്കു വലിയ ക്ഷീണം തോന്നി. പക്ഷെ, പരീക്ഷ ഒരു നീണ്ടനെടുവീർപ്പ് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നുരയിട്ടു പൊങ്ങി വന്ന് അന്തരീക്ഷത്തിൽ ലയിച്ചു.

             ഒരു ഹാളിൽ കടന്നു. ചോദ്യക്കടലാസ് നിവർത്തി വായിച്ചുനോക്കി. അതെ, ഞാൻ ഉദ്ദേശിച്ചിരുന്ന ചോദ്യങ്ങൾ തന്നെ! മുഴുവൻ ഞാൻ മന:പാഠമാക്കിയിട്ടുള്ളവ! തീർച്ചയായും ഒന്നാം ക്ലാസിൽതന്നെ എനിക്കു വിജയം നേടാം. ഞാൻ എഴുതുവാൻ തുടങ്ങി. എന്റെ മനസ്സിൽ നിന്നും ആ വേദന ഇനിയും മാഞ്ഞിട്ടില്ല. ഉത്തരമെഴുതുവാൻ എങ്ങനെയാണ് ഒരാരംഭമുണ്ടാക്കുക? ഞാൻ ചിന്തിച്ചു- എന്തു; ആ ചോദ്യത്തിന്റെ ഉത്തരം ഞാൻ മന:പാഠമാക്കിയിരുന്നതാണല്ലോ. അതിന്റെ ഒരു തുടക്കം മാത്രമൊന്നു കിട്ടിയാൽ! ഞാൻ തലചൊറിഞ്ഞുകൊണ്ട് ഒരു മിനിറ്റിരുന്നു! ആ രണ്ടു വെള്ളമുയലുകൾ! പെട്ടെന്ന് അവ എന്റെ മനോദൃഷ്ടിക്കുമുന്നിൽ ആവിർഭവിച്ചു! ഹൃദയത്തിലെ നൊമ്പരം ഇപ്പോഴുമുണ്ട്- പോട്ടെ, ആ ചോദ്യത്തിനുത്തരം ഒടുവിലെഴുതാം ഏറ്റവും എളുപ്പത്തിലെഴുതാവുന്ന ഒരു ചോദ്യം എടുക്കുക തന്നെ. ഞാൻ അതു കുറേ എഴുതി. അതിന്റെ പ്രാരംഭം നല്ല ഓർമ്മയുണ്ട്. രണ്ടു മൂന്ന് ഖണ്ഡികകൾ ഞാൻ തന്നായെഴുതി….. പിന്നീടൊരു പിടി പാടുമില്ല!

             ഒരു മൂടൽമഞ്ഞ്! എന്റെ ചേതനയ്ക്കു ഒരുണർവുമില്ല. മസ്തിഷ്ക്കത്തിനകത്ത് ഒരാവി! ഒരു പുകച്ചിൽ. കണ്ണുപുളിയ്ക്കുന്നു. വല്ലാത്ത ക്ഷീണം ഒന്നുറങ്ങിയാൽ കൊള്ളാമായിരുന്നു…. നശിച്ച പോസ്റ്റുമാൻ! അവനെന്തിനാ എഴുത്തുകൊണ്ടുവന്നു തന്നു? ആ വെള്ള മുയലുകൾ കഴുത്തുരുമ്മിക്കരണം മറിയുന്നു! അവയ്ക്കെന്തഴകാണ്! പക്ഷെ ഭാനുവിന് അവയെ ആവശ്യമില്ലല്ലോ. ഛേയ്! അവൾ നേരം പോക്കിന് അങ്ങനെഴുതിയെന്നേയുള്ളൂ.

             അതാ ഒരു മണിനാദം! അതെ ഒരു മണിക്കൂർ കഴിഞ്ഞു. ഒരു ചോദ്യം മുഴുവനായിട്ടില്ല. ഇനി രണ്ടു മണിക്കൂർ മാത്രമേയുള്ളൂ. നാലു ചോദ്യങ്ങൾ ബാക്കി കിടക്കുന്നു എല്ലാം പഠിച്ചിരുന്നവയാണ്. പക്ഷേ ഇപ്പോൾ ഒന്നും ഓർമ്മയില്ല.

            ഞാൻ എന്തൊക്കെയോ എഴുതിക്കൂട്ടി. ആ പേപ്പർ അത്ര ശരിയായില്ല. വസതിയിൽ വന്ന് ഞാൻ സുഖമായി ഒന്ന് കിടന്നുറങ്ങി. പിന്നത്തെ പരീക്ഷകൾക്കൊന്നിനും വലിയ കുഴപ്പം നേരിട്ടില്ല.

             പരീക്ഷ കഴിഞ്ഞു. അന്ന് ഞാൻ വീട്ടിൽ മടങ്ങിെയെത്തി. ആ വെളുത്ത മുയലുകളെയും ഞാൻ കൊണ്ടുപോന്നിരുന്നു വീട്ടിൽ ഞാൻ വന്നപ്പോൾ നേരം സന്ധ്യയായിത്തുടങ്ങി. ഉടൻതന്നെ കുളികഴിഞ്ഞ് അമ്മ തന്ന കാപ്പിയും കുടിച്ച്, ഭംഗിയായി വസ്ത്രധാരണം ചെയ്ത്, ഭാനുവിനു കൊടുക്കുവാനുള്ള ആ വെള്ള മുയലുകളേയും എടുത്തുകൊണ്ടു ഞാൻ തിരിച്ചു. അവൾ വേണ്ടെന്നു പറഞ്ഞതിന് തീർച്ചയായും അവളോടു ശണ്ഠകൂടണമെന്ന് ഞാൻ മനസാ നിശ്ചയിച്ചുറപ്പിച്ചു. അവയെ കാണുമ്പോൾ അവയ്ക്കെന്തു സന്തോഷമായിരിക്കും! എന്നോടു മാപ്പു ചോദിച്ചു കാൽപിടിച്ചിരന്ന ലല്ലാതെ ഞാൻ ഇനി അവയെ കൊടുക്കുകയില്ല.

             മങ്ങിയ നിലാവമുണ്ട്. ക്ഷേത്രത്തിലെ ദീപാരാധന കഴിഞ്ഞു. നാഗസ്വരം അവസാനിച്ചു. ഭാനുവിന്റെ ഗൃഹം സമീപിക്കുന്തോറും എന്റെ ഹൃദയം ശക്തിയായി മിടിച്ചുതുടങ്ങി. എന്റെ നേത്രങ്ങൾ അവളെക്കാണാതെ ഉഴറുകയാണ്. സ്വപ്നം കാണുന്ന ആ കണ്ണുകളിലേക്ക്, നിഷ്കളങ്കത നിഴലിക്കുന്ന ആ നീലക്കണ്ണുകളിലേക്ക് സ്നേഹപൂർവ്വം ഉറ്റുനോക്കുമ്പോൾ എന്റെ കണ്ണുകൾ ഉഴറുകയാണ്!

             ഞാൻ പടി നടന്നു. അതാ ഉദ്യാനത്തിൽ അവളുണ്ട്. അവൾ എന്നെ കണ്ടിട്ടില്ല. മുൻവശത്തെ മുഖപ്പിന്റെ വാതിൽ ചാരിയിരിക്കുന്നു. ആ വിടവിൽക്കൂടി അകത്തു തളത്തിൽ കൊളുത്തിവച്ചിട്ടുള്ള നിലവിളക്കിലെ ദീപ നാളത്തിൽനിന്നും നീണ്ടുനേർത്ത തങ്കക്കതിരുകൾ പുറത്തേക്കു പ്രസരിക്കുന്നുണ്ട്! ആ ഇലഞ്ഞിത്തറയിൽ തന്നെപ്പോലെ ആരോ ചാഞ്ഞിരിക്കുന്നുണ്ടല്ലോ! എന്റെ ഹൃദയത്തിൽ ഒരു നടുക്കമുണ്ടായി. അവൾ ആ ഇരിക്കുന്ന ആളിന്റെ ചുരുണ്ടമുടി വിരലുകൾക്കൊണ്ടങ്ങനെ തെരുപിടിപ്പിയ്ക്കുകയാണ്. എന്ത്? ഭാസി! എന്റെ കൈകൾ നിവർന്നുനീണ്ടു. ഓരോ കയ്യിലും വെളുത്ത മുയൽ! എന്റെ പിടി മുറുക്കി ഞാൻ സ്തംഭിച്ചുപോയി!

                ഈശ്വരാ, ഞാൻ കാണേണ്ടത് കണ്ടു. അതാ പെട്ടെന്നവൾ തലതിരിക്കുന്നു. എന്നെ അവൾ കണ്ടു. അവൾ നടുങ്ങുന്നു. ഭാസി ചാടിയെഴുന്നേറ്റു. സാലഭജ്ഞികപോലെ നിലകൊള്ളുന്നു. എന്റെ ശിരസ്സിലെ രോമങ്ങൾ ഉയർന്നു. എന്റെ കണ്ണിൽ നിന്ന് സ്ഫുലിംഗങ്ങൾ പാറി. അവൾ എന്നെ സ്വപ്നം കാണുന്ന അവളുടെ ആ കണ്ണുകൾ എവിടെ? എന്റെ നോട്ടം അവളെ ദഹിപ്പിക്കത്തക്കതായിരുന്നു. അവൾ തലകുനിച്ചു.

               ഞാൻ പിന്നീടവിടെ നിന്നില്ല. വന്ന വഴിയേ ഒരു പ്രേതത്തെപ്പോലെ നടന്നു പോകുന്നു. നടന്നുനടന്നു വയലിലെത്തിയപ്പോഴേ എനിക്ക് ബോധമുണ്ടായുള്ളൂ. പൂനിലാവ് അവിടെയെങ്ങും നിറഞ്ഞൊഴുകുന്നു. ഞാൻ അടിമുടി വിയർത്തിയിട്ടുണ്ട്. എന്റെ ഹൃദയം അപ്പോഴും ശക്തിയായി ദ്രുത ശതിയിൽ തുടിക്കുകയാണ്. എന്റെ മുണ്ടിലും ഷർട്ടിലും രക്തത്തുള്ളികൾ ഇറ്റു വീണിരിക്കുന്നു. ഞാൻ സൂക്ഷിച്ചു നോക്കി. എന്റെ കൈ രണ്ടിലും തൊലി ബാക്കിയുണ്ടായിരുന്നില്ല. ആ വെളുത്ത മുയലുകൾ നഖം കൊണ്ട് അവയുടെ പ്രാണവേദനയ്ക്കിടയിൽ എന്റെ കൈകൾ മാന്തിക്കിറിയിരിക്കുന്നു. കഷ്ടം! അഴകുള്ള ആ രണ്ടു വെള്ള മുയലുകൾ! അവ എന്റെ രണ്ടു കൈകളിൽ അങ്ങനെ ചത്തുതൂങ്ങിക്കിടക്കുന്നു.

 ചങ്ങമ്പുഴ കൃഷ്ണപിള്ള.

 മലയാള കവിയും ഗദ്യകാരനുമായിരുന്നു ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. രമണൻ അടക്കം നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവായ ചങ്ങമ്പുഴ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയാണ്.
കൃതികൾ
തുടിക്കുന്നതാളുകൾ
സാഹിത്യചിന്തകൾ
അനശ്വരഗാനം
കഥാരത്നമാലിക
പ്രതികാര ദുർഗ്ഗ
ശിഥിലഹൃദയം
മാനസാന്തരം
കളിത്തോഴി
പൂനിലാവിൽ
കരടി
പെല്ലിസും മെലിസാന്ദയും
വിവാഹാലോചന

ഹനേലെ
കവിയായ ചങ്ങമ്പുഴ എഴുതിയ ഈ കഥ അപൂർവമായ ഒന്നാണ് 

            Remembering an icon - The Hindu

 Typing      

അനുശ്രീ കെ.

എം.എ മലയാളം (സാഹിത്യ പംനം)

2024-2026