ഒരു മുതലനായാട്ട്
സി എസ് ഗോപാലപ്പണിക്കര്‍
ഒരു വലിയ കണ്ണാടിയിലെപോലെ വിശാലമായ കൊച്ചിക്കായലില്‍ പ്രതിബിംബിക്കുക നിമിത്തം ദ്വിഗുണീഭവശോഭയോടുകൂടി തീരപ്രദേശങ്ങളില്‍ ഇടതിങ്ങിനിന്നുകൊണ്ട് കാറ്റിലാടിയുലഞ്ഞു നടനം ചെയ്യുന്ന കല്പകവൃക്ഷങ്ങളുടെ ഇടകളില്‍കൂടി അവിടവിടെ പുറത്തേക്ക് എത്തിനോക്കുന്ന മനോഹരങ്ങളായ പബ്ലിക്കാപ്പീസുകളാലും മറ്റും അലംകൃതമായ എറണാകുളത്ത് അന്ന് അതിശൈത്യമുള്ള ഒരു പ്രഭാതത്തിന്റെ പ്രവേശനകാലമായിരുന്നു. രാത്രി തീരെ വിട്ടുമാറിക്കഴിഞ്ഞിരുന്നില്ല. അഞ്ചോ ആറോ മിന്നാമിനുങ്ങുകള്‍ മഞ്ഞുകൊണ്ട് ഘനം തൂങ്ങിയ ചിറകുകളനക്കുവാന്‍ വയ്യാതെ അവിടവിടെ നിന്നിരുന്ന ചുള്ളിച്ചെടികളുടെ ഉള്ളില്‍പ്പറ്റിപ്പിടിച്ചുകൊണ്ടു കെടാറായ ദീപങ്ങളെപ്പോലെ മങ്ങിമങ്ങി പ്രകാശിച്ചിരുന്നു. വേലിയരുകില്‍ക്കിടന്നു വീണക്കമ്പികള്‍ വലിച്ചുവിട്ടപോലെ പാടിക്കൊണ്ടിരുന്ന അനവധി പുല്‍പ്പൊന്തുകളുടെ സദിരിനെ കൂടെക്കൂടെ തടസ്സപ്പെടുത്തുവാനോ എന്നു തോന്നുമാറു കുറെ ദൂരത്തായ ഒരു തെങ്ങിന്റെ ശിഖരത്തിലുള്ള തന്റെ നികുഞ്ജത്തിലിരുന്നുകൊണ്ട് 'കുള്ളുവാ' 'കുള്ളുവാ' എന്ന് അത്യുച്ചത്തില്‍ സങ്കീര്‍ത്തനം ചൊല്ലിക്കൊണ്ടിരുന്ന ഒരു കാലങ്കോഴിയുടെ ഭീമസ്വരം ആകാശം മുഴുവനും മാറ്റൊലികൊണ്ടു വ്യാപിച്ചു. തൊട്ടാല്‍ പൊള്ളുന്ന ചൂടോടുകൂടി ഓരോ കോപ്പ കടുംകാപ്പിയും കുടിച്ചു പ്ലാനല്‍ക്കുപ്പായങ്ങളും മഞ്ഞുതൊപ്പിയും ധരിച്ച് ആള്‍ക്ക് ഓരോ ഇരട്ടക്കുഴല്‍ തിരതോക്കും തിരകളും കുറെ ഭക്ഷണസാധനങ്ങളും എടുത്തു ഞാന്‍ എന്റെ സ്‌നേഹിതന്‍ മിസ്റ്റര്‍ മാധവമേനോനും പുറപ്പെട്ടിറങ്ങി കായലിന്റെ കിഴക്കേക്കരയില്‍ പബ്ലിക്കാപ്പീസുകള്‍ക്കല്പം വടക്കോട്ടുതള്ളി പോസ്റ്റാപ്പീസിന്റെയും പൊല്ലീസ് സ്റ്റേഷന്റെ മദ്ധ്യേയുള്ള കുളത്തില്‍ കാലേക്കൂട്ടി ശട്ടംകെട്ടിവെച്ചിരുന്ന ഒരു ഓടിയുടെ മദ്ധ്യത്തിലുള്ള രണ്ട് ഇടപ്പലകകളിന്മേല്‍ ഞങ്ങള്‍ രണ്ടു പേരും കേറി ഇരിക്കുമ്പോഴേക്ക്,
'താത്തതിക്കിതത്തൈ'
കൊച്ചി വാഴും സച്ചരിതം വാച്ചരാമവര്‍മ്മഭൂപന്‍
തൃച്ചരണം ചിത്തെ ചേര്‍ത്തുവെച്ചു പാടുന്നേന്‍
എന്നു നീട്ടി എടുത്തു പാടാന്‍ തുടങ്ങിയ കണ്ടങ്കോരനും നീലാണ്ടനും ആഞ്ഞുവലിക്കു തണ്ടുകളുടേയും, പാട്ടിന്റെ ഈ പാദങ്ങള്‍ അവസാനിക്കുമ്പൊളൊക്കെയും 'ധീന്തധിമൃതത്തെ' എന്നു ശിങ്കിടി പിടിക്കുന്ന ചങ്കു അമരത്തലയ്ക്കലിരുന്നുകൊണ്ട് ഇടത്തും വലത്തും മാറിമാറി തുരുതുരെ കൊത്തി എറിഞ്ഞു വിടുന്ന പങ്കായത്തിന്റെയും, പ്രഹരങ്ങള്‍ക്കൊണ്ട് ഇളകിമറിയുമ്പോള്‍ ഇരുട്ടത്ത് ഉരുക്കി ഒഴിച്ച ലോഹം പോലെ പ്രകാശിച്ചുകൊണ്ടിരുന്ന ആ വെള്ളത്തിലെ തിരമാലകളുടെ ശിഖരങ്ങളില്‍ക്കൂടി ചാടിത്തുള്ളിക്കൊണ്ടു തെക്കു പടിഞ്ഞാറായി വലിച്ചു കേറിയ ആ ഓടി പുഴയുടെ മദ്ധ്യത്തിലെത്തിക്കഴിഞ്ഞു:
പശ്ചിമഭാഗത്തു കൊച്ചി കൊച്ചിയഴിവയ്പുമെല്ലാം
കൊച്ചുതമ്പ്രാന്‍മാര്‍ കണ്ണിന്നു കാഴ്ച വെച്ചാലും - ധീന്ത
തെക്കു വെണ്ടുരുത്തിയും വടക്കു പൂഞ്ഞിക്കരുപൂര്‍വ്വം
ദിക്കതിലെര്‍ണ്ണാകുളവും തക്കമായ്ക്കാണ്ക-
മാനവേന്ദ്രന്‍ തന്റെ തലസ്ഥാനമാമെര്‍ണ്ണാകുളത്തെ
നൂനമിന്നു വര്‍ണ്ണിപ്പാനായ് ജ്ഞാനമില്ലാര്‍ക്കും - ധീന്ത
പോസ്റ്റാപ്പീസും, പൊല്ലിസ്റ്റേഷന്‍, മിസ്റ്റര്‍ ഡേവിസ് ബങ്കളാവും
മിസ്റ്റർ ബ്രൗണിൻ ബങ്കളാവും മറ്റും കണ്ടാലും - ധീന്ത
ആർത്തരാകും മർത്ത്യരെക്കിടത്തി രോഗം തീർത്തയച്ചു
കീർത്തി ചാർത്തും നല്ലൊരാശുപത്രി കണ്ടാലും - ധീന്ത
ഡാക്ടർ കൂംസും, ഡാക്ടർ ഗന്തർ ഡാക്ടർ രാമുണ്ണി മേനോനും
ചട്ടമോടെ ജോലി നോക്കും കെട്ടിടമല്ലൊ - ധീന്ത
നീളെ നീളെ ബാലകന്മാർ മേളമോടെ വിദ്യാഭ്യാസം
നാളുതോറും ചെയ്തിടുന്ന കോളേജും കൺക ...
പ്രിൻസിപാലാം ഡേവിസ്സും വൈസ്‌പ്രിൻസിപാലാം കോഷിതാനും
മുൻഷി കുഞ്ഞൻ വാരിയരുമുണ്ടവിടത്തിൽ - ധീന്ത
ലാക്കു, മാരാരോറാടിയും ലാക്കുമാറാതൊരടിയും
തർക്കമെല്ലാം തീർപ്പു ചെയ്യും ചീഫ് കോർട്ടു കാൺക - ധീന്ത
മുട്ടാതെ നിത്യവും ചിത്തം മട്ടാതെ കൊച്ചുണ്ണി മേനോൻ
കാർട്ടു ചെയ്യും ഡിസ്‌ട്രിക്‌റ്റായ കൊർട്ടു കണ്ടാലും - ധീന്ത
പട്ടാഭിരാമാഖ്യൻ ദിവാൻ പട്ടംകെട്ടി രാജകാര്യം
ചിട്ടയായി നടത്തും ഹജുർ കെട്ടിടം കൺക - ധീന്ത
ഹൌണി ഗൈർവ്വാണി കൈരളീവാണികളീ മുന്നിലും പ്ര-
വീണനാകും സെക്രട്ടേരി അച്ചുതമേനോൻ - ധീന്ത
വക്രശീലം ചെറ്റുപോലും കയ്ക്കലില്ലാത്തസിസ്റ്റാണ്ടാം
സിക്രട്ടേരി ശങ്കരനാം മേനവൻ താനും - ധീന്ത
ദിക്കുകളൊക്കെയും കീർത്തിതിക്കിയേറും മട്ടുജോലി
നോക്കിടുന്ന തൊക്കെയിന്നാദിക്കിൽ വെച്ചല്ലോ - ധീന്ത
ശങ്കരൻ മാൻകരൻ ഭക്ത കിങ്കരൻ കരുണാകരൻ
ചെങ്കരൻ ശ്രീശൈല കന്യാ സങ്കരൻ ദേവൻ - ധീന്ത
കെൽപെഴുന്നോരിപ്പാഥിവിക്കപ്പനാകുന്നപ്പുരാനെ
ക്ഷിപ്രം കണ്ടു കൈകൾ രണ്ടും കൂപ്പി വന്ദിപ്പിൻ - ധീന്ത
വിഷ്ണുഭക്തൻ ദിവാൻ വാഴും കൃഷ്ണവിലാസം മന്ദിരം
തൃഷ്ണയോടു കണ്ടു പാരം തുഷ്ടിപൂണ്ടാലും - ധീന്ത
അമ്പിനോടതിന്നപ്പുറം വമ്പെഴുന്ന പാലിയവും
സമ്പ്രതി കണ്ടാലും വേഗം തമ്പുരാന്മാരെ - ധീന്ത
മേൽപ്രകാരം എറണാകുളത്ത് കരയ്ക്കുള്ള ഓരോരോ കാഴ്ചകളെക്കുറിച്ച് ക്രമത്തിൽ വർണിച്ചു പാടിക്കൊണ്ടു വലിക്കാർ അതുവരെയും സാവധാനമായി കൊണ്ടുപോയ വഞ്ചി പാലിയത്തിൻ കടവു കടന്നപ്പോൾ രണ്ടാമതും ശീഘ്രഗതിയെ പ്രാപിച്ചു.
ഇതിനിടയ്ക്കു നേരം ക്രമേണ പ്രകാശമായി തുടങ്ങുകയും ആദ്യം നക്ഷത്രങ്ങളുടെ വെളിച്ചംകൊണ്ടുമാത്രം കുറേശ്ശെ കണ്ടിരുന്ന കെട്ടിടങ്ങളും മറ്റും അധികമധികമായി കാഴ്‌ചയിൽ വന്നു തുടങ്ങുകയും ചെയ്തു. ഒരു നാഴിക വഴിദൂരം കായൽവക്കുവരെ തോക്കും താങ്ങി മുറുകി നടന്നതുനിമിത്തം ചൂടുപിടിച്ചു വിയർത്ത ശരീരത്തിന്മേൽ കുപ്പായത്തിനുള്ളിൽക്കൂടി കടന്നു തടവുന്ന കുളുർക്കാറ്റും നാലുപുറവും നേത്രനന്ദകരങ്ങളായ കാഴ്ചകളും തിരമാലകളുടെ മുകളിൽകൂടി പൊങ്ങിയും താണും കൊണ്ടുപായുന്ന വഞ്ചിയിൽ ഊഞ്ഞാലാടിക്കൊണ്ടുള്ള ഇരിപ്പും കണ്ടൻകോരൻ കൂട്ടരുടെ വഞ്ചിപ്പാട്ടും അരുണോദയ സമയവും എല്ലാംകൂടി ചേർന്നപ്പോൾ ഞങ്ങളുടെ മനസ്സിൽ ഉദിച്ച ഒരു പ്രത്യേക ആനന്ദവും ആഹ്ലാദവും ഇന്നപ്രകാരമായിരുന്നു എന്ന് പറവാൻ പ്രയാസം. വെണ്ടുരുത്തിയുടെയും എറണാകുളത്തിന്റെയും മദ്ധ്യത്തിൽക്കൂടി തെക്കോട്ടുപോയിക്കൊണ്ടിരുന്ന വഞ്ചി പുഴയിൽ നിന്നു കിഴക്കോട്ടേക്കു തിരിയുന്ന ഒരു ചെറിയ തോട്ടിലേക്കു കടന്നു. അപ്പോൾ ആകാശത്തിന്റെ പൂർവ്വദ്വാരം തുറന്നു ഞങ്ങൾക്കഭിമുഖനായി പ്രവേശിച്ച സൂര്യൻ തന്റെ കനത്ത രശ്മി പ്രവാഹത്തിൽ ലോകം മുഴുവനും പെട്ടന്നൊന്നു കുളിപ്പിച്ചു. മേലെക്കുമേലെ കട്ടകട്ടയായി മുരിങ്ങപിടിച്ചുനിൽക്കുന്ന അഞ്ചോ ആറോ കാലുകളിന്മേൽ കിടക്കുന്ന ഒരു പഴയ മരപ്പാലത്തിന്റെ കണ്ണിൽക്കൂടി കടന്ന ആ തോട്ടിന്റെ കിഴക്കേ അറ്റത്തു , കായ തുടങ്ങിയതും , തുടങ്ങാറായതുമായി മദിച്ചുനിൽക്കുന്ന അനവധി തെങ്ങിൻ തൈകളാൽ സാമാന്യം നാലുപുറവും ഇടതൂർന്നു ചുറ്റപ്പെട്ടതും സ്വർണപ്പച്ചവർണ്ണമായ ഇലകൾ തിങ്ങിവളർന്നുകൂടിയ കണ്ടൽച്ചെടികളാൽ മൂടപ്പെട്ട വെള്ളത്തിൽ അവിടവിടെ വലിയ പച്ചക്കല്ലുകൾ പതിച്ചപോലെ കിടക്കുന്ന ചില തുരുത്തുകളാൽ മദ്ധ്യഭാഗങ്ങൾ അലങ്കരിക്കപ്പെട്ടതും ആയ ഒരു തുറന്ന കായലിലേക്കു ഞങ്ങൾ പ്രവേശിച്ചിട്ട് ആ തുരുത്തുകളിലെ കണ്ടൽച്ചെടികളുടെ ഇടകളിൽനിന്ന് തപോവിഘ്നം വന്ന അനവധി വൃദ്ധകൊക്കുകൾ കൂട്ടംകൂട്ടമായി 'ക്രൊ, ക്രൊ' എന്നും ഞങ്ങളെ ശപിച്ചുകൊണ്ടും മേൽപോട്ടുയർന്നു തലയ്ക്കുമീതെ കശപിശയായി, പറക്കത്തക്കവണ്ണം അവയുടെ സമീപത്തുകൂടി വഞ്ചിവലിച്ചുകേറി ആ കായലിന്റെ മറുകരയിലുള്ള വേറൊരു തോട്ടിന്റെ മുഖത്തു ഞങ്ങൾ എത്തി. ആ തോട്ടിന്റെ രണ്ടരുകിലും കൈകൊണ്ടെത്തി പറിയ്ക്കാവുന്നതുംകൊതിതോന്നിയ്ക്കുന്നതും ആയി സ്വർണ്ണകുംഭങ്ങളെപോലുള്ള അനവധി ഫലഭാരങ്ങളെ കുലകുലയായി വഹിച്ചുകൊണ്ടും ആകാശദേശത്തിൽ പരസ്പരം കാരാഗ്രഹണം ചെയ്തു സൂര്യരശ്മിയെ തടഞ്ഞുനിൽക്കുകനിമിത്തം തോട്ടിന്ന് ഒരു നടപ്പുരകെട്ടിയലങ്കരിച്ചപോലെയും നിൽക്കുന്ന തെങ്ങിൻ തൈകളുടെ ഇടയിൽക്കൂടി ആ തോട്ടിന്റെയും മറുതലപിടിച്ചു അവിടെ തോട്ടിലേക്ക് മുഖമായി കെട്ടിയിട്ടുള്ള ഒരു ചെറിയ ഓലമേഞ്ഞ പുരയിൽ ഭസ്മം നനച്ചു കെട്ടുകെട്ടായി കുറിയിട്ടു സ്വാമിയാന്മാരെപ്പോലെ ഇരിയ്ക്കുന്ന അഞ്ചാറു കുപ്പികളെ കണ്ടപ്പോൾ കണ്ടൻകോരൻ കൂട്ടർക്കു തലതിരിച്ചു. അവർപോയി അല്‌പം 'വെള്ളം' കുടിച്ചുവന്നു. ഉത്സാഹം ഒന്നു വർദ്ധിച്ചു. മേൽപ്രകാരം ചില കായലും തോടും പുഴയും മറ്റും കടന്ന് ഏകദേശം പത്തു മണിയാകുമ്പോഴേയ്ക്ക്കു ഞങ്ങൾ ഒരു ദിക്കെത്തി. അവിടെ അതിവിശാലമായ വേറൊരു കായൽ. നടുക്കു കണ്ടൽച്ചെടികളാൽ വേലികെട്ടപ്പെട്ട വൃത്താകാരമായ ഒരു തുരുത്ത്.കരയ്ക്കു നാലുപുറവും സ്വർണ്ണക്കതിരുകളോടുകൂടിയ നെല്ലുവിളഞ്ഞുനിന്നുകൊണ്ടു പരവതാനി വിരിച്ചപോലെ കിടക്കുന്ന പാടങ്ങൾ. ഞങ്ങൾ ഉദ്ദേശിച്ചു പുറപ്പെട്ടിട്ടുള്ള സ്ഥലം ഇതാണ്. ആ കായലിൽ മുതലകൾ ഉപ്പിലിട്ടതുപോലെയാണ് കിടപ്പ്. വിശേഷിച്ച്, അതിന്നടുത്ത കരകളിൽ പാർക്കുന്ന ചോവന്മാരുടെയും, മാപ്പിളമാരുടേയും വക അസംഗ്യം താറാവും, കോഴി, പന്നി, ആടു, മാടു ഇവകൾക്കു പുറമെ അവരിൽ അനേകം പേരുടെ കുട്ടികളെയും പ്രത്യേകിച്ചു, നമ്മുടെ കണ്ടൻകോരന്റെ എഴുപതു വയസ്സായ തള്ളയേയും പിടിച്ചുകൊണ്ടുപോയി തിന്നതും നിമിത്തം ആ പ്രദേശക്കാർക്കു മുഴുവനും വലിയ ഭയം ജനിപ്പിച്ചുകൊണ്ട് ആ മുതലകൾക്കെളെല്ലാം തലവനായി വാഴുന്ന 'ഭീമച്ചൻ' എന്നു പേരായ ഒരു വലിയ മുതലയും ആ കായലിൽ തന്നെയാണ് കിടപ്പ്, അവൻ്റെ അക്രമങ്ങളെപ്പറ്റിയ കഥകൾ അറിയാത്തവർ അവൻ്റെ അധികാര അതൃത്തിക്കകത്തു പാർക്കുന്നവരിൽ ആരും തന്നെ ഇല്ല. അവനെ സംഹരിപ്പാനാണു ഞങ്ങളുടെ ഉദ്യമം. ഞങ്ങളുടെ അന്നത്തെ അവസ്ഥ നക്ര സംഹാരത്തിനു പുറപ്പെട്ട ചക്രപാണിയുടെ അവസ്ഥ തന്നെ. കാലേക്കൂട്ടി കണ്ടൻകോരൻ മുഖാന്തരം അവിടെ ഏതാനും വാലന്മാരെയും, മാപ്പിളമാരെയും വഞ്ചി, വല, ചാട്ടുളി, കുന്തം മുതലായ സാമഗ്രികളോടുകൂടി ശട്ടം കെട്ടീട്ടുണ്ടായിരുന്നു. ഞങ്ങൾ എത്തുമ്പോഴേക്ക് അവർ എല്ലാം എല്ലാവരും തയ്യാറായിരുന്നു. കായലിന്റെ തെക്കുവശത്തു കര വിട്ട് ഏകദേശം പത്തുപതിനഞ്ചു വാര വെള്ളത്തിലേക്കു തള്ളി നിന്നിരുന്നതും വെള്ളം വിട്ടു മേല്‌പോട്ടേക്കു വളഞ്ഞു പിരിഞ്ഞു 'കൊക്കറക്കായി' എന്നു നിൽക്കുന്ന വേരുകളോടു കൂടിയതുമായ ഒരു കണ്ടലിന്റെ സമീപത്തുണ്ടായിരുന്ന ഒരു കയമാണ് ഭീമച്ചന്റെ സാധാരണ വാസസ്ഥലം. 'അവളെ പേടിച്ചാരും നേർവഴി നടപ്പീല ഭുവന വാസീജനം ഭുവനേശ്വരാ പോറ്റി' എന്നു താടകയെ ഉദ്ദേശിച്ച് പണ്ടു വിശ്വാമിത്രൻ പറഞ്ഞതുപോലെ ആ കയത്തിന്റെ സമീപത്തുകൂടെ എന്നു വേണ്ട കായലിന്റെ തെക്കുവശത്തു കൂടിത്തന്നെ വഞ്ചിക്കാർ ഭീമച്ചനെപ്പേടിച്ചു സഞ്ചരിക്കാറില്ല. ഭീമച്ചൻ പകൽ മുഴുവനും സാമാന്യം തൻ്റെ കയത്തിൽതന്നെയാണിരുപ്പ്. പക്ഷെ ഇടയ്‌ക്കിടക്കു കാറ്റു കൊള്ളുവാനോ-പുറത്തുനടക്കുന്ന വർത്തമാനങ്ങൾ അറിവാനൊ എന്നറിഞ്ഞുകൂടാ - മൂപ്പർ വെള്ളത്തിനുമീതെ കുറേശ്ശേ തല പൊക്കാറുണ്ടത്രെ. രാത്രിയിലാണ് കരയ്ക്കു കേറി രാജഭോഗം പിരിപ്പാനുള്ള എഴുന്നള്ളത്ത്. ഭീമച്ചനെ കുടുക്കുവാൻ ഞങ്ങൾ കാലേക്കൂട്ടി തീർച്ചയാക്കിയിരുന്നു. പ്ലാൻപ്രകാരം കയത്തിന്റെ കിഴക്കും പടിഞ്ഞാറും ഓരോ കാല വലയിട്ടു. വലയുടെ തലക്കയർ ജാഗ്രതയായി പിടിച്ചു വേണ്ടപോലെ പ്രവർത്തിക്കുവാൻ നാലുതലയ്ക്കലും കൂടി നാലു വലിയ വഞ്ചികളിൽ വഞ്ചി ഒന്നിന് മുമ്മൂന്ന് ആളുകൾ വീതം - ഈരണ്ടു പേർ കയറുകൾ പിടിപ്പാനും, ഓരോരുത്തർ വഞ്ചി തുഴഞ്ഞ് വേണ്ടപോലെ നടത്തുവാനും - പന്ത്രണ്ടുപേരും, ആ നാലു വഞ്ചികളിലും വേറെയും അഞ്ചാറു വഞ്ചികളിലും കൂടി ചാട്ടുളി മുതലായ ആയുധങ്ങളോടു കൂടി പത്തുമുപ്പതുപേരും എല്ലാംകൂടി ആ കയം വളഞ്ഞു. തെക്കു കരയോടു ചേർന്ന ഭാഗം മാത്രം ഒഴിച്ചുവിട്ടു. കിഴക്കും പടിഞ്ഞാറും രണ്ടു വലകളും വടക്കുഭാഗത്തു നിരത്തിപ്പിടിച്ചു വഞ്ചികളും അതിൽ കിഴക്കേ തലയ്ക്കൊരു വഞ്ചിയിൽ ഞാനും പടിഞ്ഞാറെ തലയ്ക്കൽ ഒരു വഞ്ചിയിൽ മിസ്റ്റർ മേനോനും വേണ്ട ഒരുക്കത്തോടുകൂടി ഇരുന്നു. പടിഞ്ഞാറെ വല പതുക്കെപ്പതുക്കെ വലിച്ചു കിഴക്കേതിനോടടുപ്പിക്കുവാൻ ശ്രമം തുടങ്ങി. വരട്ടെ, അതാ! കറുത്ത പാറക്കല്ലുപോലെ ഒരു വസ്തു ഞങ്ങളുടെ മുമ്പിൽ ഏകദേശം മുപ്പതുവാര അകലെ വെള്ളത്തിൽ മീതെ പൊങ്ങി. ടെ, ടെ. ഞങ്ങൾ രണ്ടാളുകളുടെയും തോക്കിന്റെ വലത്തെ കുഴലുകൾ ഒപ്പം ഒഴിഞ്ഞു. മൂക്കിൽ പല്ലന്റെ മൂക്കിൽനിന്ന് ഒരു കഷണം മേല്പോട്ടു തെറിച്ചു വെള്ളത്തിൽ വീണു. സംശയമില്ല, ഒരു മിനിട്ടു കഴിയുമ്പേഴുക്കു കിഴക്കേ വല പിടിച്ചിട്ടുള്ളവരുടെ കയ്യിൽ നിന്നു വലക്കയറുകൾ വലിഞ്ഞു തുടങ്ങി. അവർ കയറുകളെ വെട്ടി വെട്ടിപ്പിടിച്ചുകൊണ്ട് പടിഞ്ഞാട്ടെക്കു വലിച്ചുതുടങ്ങി. വലയും, വഞ്ചിയും, വഞ്ചിക്കാരും എല്ലാം ഒന്നായി കിഴക്കോട്ടുതന്നെ.പടിഞ്ഞാറെ വല കിഴക്കേതിനോടു ക്രമേണ അടുപ്പിച്ചു. രണ്ടു വലകളും അടുത്തതിന്റെ ശേഷം അതിനുള്ളിൽ കള്ളനെക്കുടുക്കി നല്ലവണ്ണം 'ഭേദ്യം' ചെയ്യാമെന്നായിരുന്നു ഞങ്ങളുടെ വിചാരം. വലകൾ ഏകദേശം പത്തുവാര അടുത്തു. വലിയ പല്ലുകളോടുകൂടിയ ഒരു ഊക്കൻ അറക്കവാൾ മേല്പോട്ടു പൊങ്ങി ആഞ്ഞു വളഞ്ഞു വെള്ളത്തിൽ ഒരു പിടപിടച്ചു. 'വലി വലി' 'പിടിച്ചോ പിടിച്ചോ' എന്നും 'അയ്യയ്യോ' എന്നും ഉറക്കെ അഞ്ചാറു ശബ്‌ദങ്ങൾ ഒന്നിച്ചു കേട്ടതും കിഴക്കേ വലക്കയറുകൾ അതു പിടിച്ചിരുന്നവരുടെ കയ്യിൽനിന്നു വിട്ടുപോയതും, അവരവരുടെ വഞ്ചിനടത്തുന്ന രണ്ടുപേരുടെയും പങ്കായം തെറിച്ചതും രണ്ടു വഞ്ചികളും വെള്ളത്തിൽ മറിഞ്ഞതും ഒപ്പം കഴിഞ്ഞു. മറ്റുള്ളവർ വേഗം ചെന്നു വഞ്ചികൾ പിടിച്ചുമലർത്തി വെള്ളത്തിൽ വീണവരെ എടുത്തുകേറ്റി. വലകൾ അടുപ്പിക്കാൻ തുടങ്ങിയതോടുകൂടി മുൻ ഭാഗത്തേക്കു കടന്നുചെന്ന മൂന്നുനാലു വഞ്ചിയിലുണ്ടായിരുന്നവർ 'അതാ, അതാ കൊടുക്ക്' എന്നു കള്ളൻ വാലിട്ടു പിടിച്ചു വലയുടെ പുറത്തു ചാടിയപ്പോൾ നിലവിളി കൂടിയ മദ്ധ്യേ 'ഇതുംകൊണ്ടു പോ,സമ്മാനം' എന്നു പറഞ്ഞു വഞ്ചിയിൽ നിന്നേടത്തു നിന്നുകൊണ്ട് ഒരു ചാട്ടം ചാടിയ കണ്ടൻകോരന്റെ കയ്യിലുണ്ടായിരുന്ന ചാട്ടുളി വെള്ളത്തിനുള്ളിലേക്ക് ഊക്കോടുകൂടി പ്രവേശിച്ചു. ഉളിയേറുകൊണ്ട ഉടനെ മേല്പോട്ടേക്കൊന്നു പുഴങ്ങി രണ്ടാമതും ഉള്ളിലേക്കുതന്നെ ആ വലിയ ജന്തു താണപ്പോൾ ഉണ്ടായ ആ ചുഴിയിൽ പെട്ടു കണ്ടങ്കോരന്റെ വഞ്ചി മറിയാത്തതു ഭാഗ്യം. രണ്ടുണ്ടയും ഒരുളിയും ഭീമച്ചനു സമ്പാദ്യം. ഉളിയിൽ കെട്ടിയ ചരടിന്റെ മറുതല കണ്ടൻകോരന്റെ കയ്യിൽ. കണ്ടൻകോരനേയും വഞ്ചിയേയും വലിച്ചുകൊണ്ടു ഭീമച്ചൻ നേരെ കിഴക്കോട്ടുതന്നെ കടിഞ്ഞാൺ വെട്ടിപ്പിടിച്ചുകൊണ്ട് ഒരു കുതിരവണ്ടിയിലിരുന്നു പോകുംപോലെ ചരടുപിടിച്ചു വെട്ടിക്കൊണ്ടു കണ്ടൻകോരൻ വഞ്ചിയിലിരുന്ന് സവാരി. 'പിടിച്ചോ' 'പിടിച്ചോ' 'വിടണ്ട വിടണ്ട ' എന്നു പറഞ്ഞുകൊണ്ട് രണ്ടുമൂന്നു വഞ്ചികൾ കണ്ടൻകോരന്റെ സഹായത്തിനടുത്തു. അഞ്ചെട്ടുപേർ ചരടിൽ പിടികൂടി വലിച്ചുതുടങ്ങി. അവരെയെല്ലാം ഇഴുത്തുകൊണ്ട് മുതല പിന്നെയും കിഴക്കോട്ട് തന്നെ. ഞങ്ങളെല്ലാവരും പിന്നാലെ. മുതല വാലുകൊണ്ട് വെള്ളത്തിൽ ഒരു 'ഭ്ളീം' ഉളിയുടെ ചരടു 'ഡും' കണ്ടൻകോരനും വേറെ രണ്ടു മൂന്നുപേരും വഞ്ചിയിൽ 'പ്‌ധീം' സാധാരണയായിട്ടു പകൽ Xsâ കയത്തിന്റെ സമീപസ്ഥലങ്ങൾ വിട്ടു ഭീമച്ചൻ സഞ്ചരിക്കാറില്ലാത്തതുകൊണ്ടും രണ്ടു മൂന്നു മുറികൾ ഏറ്റിട്ടുള്ളതിനാൽ അധികനേരം ഉപ്പുവെള്ളത്തിനുള്ളിൽ കിടന്നു പൊറുക്കുവാൻ നിവൃത്തിയില്ലാത്തതുകൊണ്ടും ഞങ്ങൾ നിന്നിരുന്ന ദിക്കിനടുത്ത് എവിടെയെങ്കിലും അവൻ ഇനിയും പുറത്തേക്കു തല കാണിക്കാതിരിക്കയില്ലെന്നു ഞങ്ങൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു. മുതല കിഴക്കോട്ടു പോയ വഴിയിൽ ഞങ്ങൾ നിന്ന ദിക്കിൽ നിന്ന് ഏകദേശം നൂറുവാര അകലെയായി ഒരു തല പിന്നെയും പൊങ്ങി. മൂന്നു നാലു വഞ്ചിക്കാർ ഒരു വലയും കൊണ്ട് അതിന്റെ മുമ്പിൽ കടന്നുനിന്നു. വലയിട്ടു. കണ്ടൻകോരനും മറ്റുള്ളവരും വഞ്ചികളിൽ ആയുധപാണികളായി മുതല പൊങ്ങിയ ദിക്കിൽ നിന്നു കയത്തിലേക്കുള്ള വഴിയിൽ അവിടവിടെ നിരന്നുനിന്നു. ആ പൊങ്ങിയ തലയ്ക്ക് ഒരുണ്ട കൊടുപ്പാൻ താരമുണ്ടോ എന്നു നോക്കുവാൻ വേണ്ടി മിസ്റ്റർ മേനോൻ മുൻപിലേക്ക് കടന്നുചെന്നു. ഞാൻ മുമ്പ് പ്രസ്താവിച്ച കണ്ടലിന്റെ മുകളിൽ കേറിയിരുന്നു. ഞാൻ നോക്കികൊണ്ടിരിക്കെ കരക്ക് വളഞ്ഞു നിൽക്കുന്ന നെല്ലിന്റെ ഉള്ളിലിരുന്നുകൊണ്ട് മി.മേനോൻ തോക്കു നീട്ടി. പൊങ്ങിയ തല മുങ്ങി. മുമ്പിൽ കൊണ്ടുപോയിട്ട് വല പടിഞ്ഞാട്ടെക്ക് വലിച്ചുവലിച്ചു അടുപ്പിച്ചുതുടങ്ങി. എല്ലാവരും തിരച്ചിൽ തകൃതി. ഞാൻ കണ്ടലിന്റെ മുകളിലിരുന്നുകൊണ്ട് നാലുപുറവും നോക്കിക്കൊണ്ടിരുന്നു. സൂര്യൻ ആകാശത്തിന്റെ മദ്ധ്യപ്രദേശത്തേക്ക് കേറിത്തുടങ്ങി. കായലിലെ വെള്ളത്തകിടു പരത്തിയപോലെ പ്രകാശിച്ചു. വെയിലിന്റെ ചൂട് അസഹ്യമായിരുന്നു. എങ്കിലും ഭീമച്ചനെ പിടിപ്പാനുള്ള രസംകൊണ്ട് അത് ഒരസഹ്യമായി തോന്നിയില്ല. നാലുപുറവും മദ്ധ്യാഹ്ന സൂര്യപ്രഭയിൽ തിളങ്ങിക്കൊണ്ടിരുന്ന കായലും, കണ്ടവും, വയലുകളും, തെങ്ങുകളും എല്ലാം കൂടിക്കലർന്ന ആ മനോഹര കാഴ്ച നോക്കിക്കൊണ്ട് കുറച്ചുനേരം ആനന്ദപരവശനായി ആ കണ്ടലിന്റെ മുകളിൽ ഞാൻ നിന്നുപോയി. അപ്പോഴേക്ക് 'അതാ അതാ' 'കണ്ടലിന്റെ ചോട്ടിൽ' എന്ന് ആരോ പറയുന്നത് കേട്ടു കീപ്പോട്ടേക്കു നോക്കിയപ്പോൾ മൂക്കു മുറിഞ്ഞു ചോരയൊലിയ്ക്കുന്ന ഭീമച്ചന്റെ തല ഒരുണ്ട കൊടുക്കാൻ ഒന്നാന്തരം ലാക്ക്. ശരി, ഒന്നു കൊടുത്തു. നെറുകയിൽ തന്നെ കഥ കഴിഞ്ഞിരിയ്ക്കണം. രണ്ടുമൂന്നു വഞ്ചിക്കാർ കണ്ടലിന്റെ ചുവട്ടിലെത്തി കഴുക്കോലുകൾ കൊണ്ട് അടി വരണ്ടുനോക്കി. തോല്പിച്ചു. അതാ ഇടയ്ക്കിടയ്ക്കു പൊങ്ങിയും പുഴങ്ങിയും മുങ്ങിയും വാലിട്ടു പിടച്ചും കൊണ്ട് അതിശീഘ്രമായി ഒരു ജന്തു പടിഞ്ഞാട്ടെക്കു നീന്തപ്പോകുന്നു.ഭീമച്ചന് പ്രാണവേദന കൊണ്ടു.ഞാൻ കണ്ടലിൽനിന്നു വഞ്ചിയിലേക്കിറങ്ങി. അപ്പോഴേക്കു മിസ്റ്റർ മേനോനും എത്തി. ഞങ്ങൾ എല്ലാവരുംകൂടി ഭീമച്ചന്റെ പിന്നാലെ മുറുകെപ്പിടിച്ചു. ഭീമച്ചന്റെ പ്രാണപരാക്രമത്തോടുകൂടിയുള്ള പോക്കും അവനെ പിൻതുടരുന്ന കണ്ടൻകോരൻ കൂട്ടരുടെ കൂക്കുവിളിയും ഇടയ്ക്കിടയ്ക്കു കള്ളൻ പുറത്തു തലപൊക്കുമ്പോഴൊക്കെ ഞങ്ങൾ രണ്ടുപേരുടെയും തോക്കുകളിൽ നിന്നു പുറപ്പെടുന്ന ടെ! ടെ! ശബ്‌ദവും എല്ലാംകൂടി ഒരു വലിയ കോലാഹലം. മേൽപ്രകാരം തുരുത്തിനെ ഒരു പ്രദക്ഷിണം. ആ പ്രദക്ഷിണത്തിൽ രണ്ടാമതും തെക്കുഭാഗത്തെത്തിയപ്പോൾ കയത്തിന്റെ കിഴക്കേപ്പുറത്തുവെച്ചിട്ടുണ്ടായിരുന്ന വല കണ്ടിട്ടാണെന്നുതോന്നും ഭീമച്ചൻ വടക്കോട്ടു തുരുത്തിലേക്കു തിരിഞ്ഞു. തുരുത്തിന്റെ അരികിലുള്ള രണ്ടു കണ്ടലിന്റെ ഇടുക്കിൽ തലയുംവെച്ചു കിടപ്പായി. നേരെ തെക്കുഭാഗത്തുനിന്നു തലയ്ക്കു ഉന്നം നോക്കി ഞാൻ രണ്ടു കുഴലും ഒപ്പം ഒഴിച്ചു. വെള്ളത്തിൽ വാലിട്ടൊരു പിട, 'ധിമൃതൈ' എന്ന ഒരു കുട്ടിക്കരണം. കണ്ടലിന്റെ ഇടയിൽക്കൂടി മറിഞ്ഞു തുരുത്തിന്റെ ഉള്ളിലേക്കു 'ധീം' എന്നു ഒരു ചാട്ടം. ഞങ്ങളെല്ലാവരും ആയുധപാണികളായി തുരുത്തിനുള്ളിൽ പ്രവേശിച്ചു. അവിടെ മുട്ടുവരെ ചേറുള്ള ഒരു സ്ഥലത്തുകൂടെ ഭീമച്ചൻ ഇഴഞ്ഞു പിടഞ്ഞുകൊണ്ട് ഓട്ടം. പിന്നാലെ കൂക്കു വിളിച്ചുകൊണ്ട് ഓടുന്ന സൈന്യങ്ങളിൽ കണ്ടൻകോരൻ ഉളികൊണ്ടോരേറ്. നീലാണ്ടൻ കുന്തം വെച്ചൊരുകുത്ത്. ചങ്കു കോടാലി കൊണ്ടൊരു കൊത്ത്. ഭീമച്ചന്റെ ഊക്കു ശമിച്ചു. ചേറ്റിൽ പതിഞ്ഞു കിടപ്പായി. മുക്കാലും കഴിഞ്ഞു. കാൽ പ്രാണൻ ബാക്കി മുഴുവനാക്കുവാൻ ചെകിട്ടാണിക്ക് എന്റെ ഒരു ഉണ്ട. അസ്തു. അളന്നുനോക്കിയപ്പോൾ മൂക്കു മുതൽ വാലിന്റെ അറ്റം വരെ നീളം 16 അടി. 4 1/2 ഇഞ്ച് മദ്ധ്യത്തിലെ വണ്ണം 8 അടി 31/2ഇഞ്ച്.
*************************************************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ