2021 ഏപ്രിൽ 13, ചൊവ്വാഴ്ച

 

                   മിശ്രവിവാഹം

                                              മൂർക്കോത്തു  കുമാരൻ

 

 

             

        മരുമക്കത്തായക്കാരായ മലയാളികൾക്ക് വിവാഹമില്ലെന്നും അവരുടെ ദാമ്പത്യബന്ധത്തിന് സംബന്ധമെന്നാണ് പേരെന്നും അത് നിയമ പ്രകാരം സാധുവല്ലെന്നും ബിലാത്തിയിലെ യുവതികൾക്കും അറിയാമത്രെ . അങ്ങനെയല്ലെങ്കിൽ മിസ്സ് എമിലി ബ്രൗൺ എന്ന ഇംഗ്ലീഷ് വനിത, മിസ്‌റ്റർ ടി .വി മേനോനുമായി ലണ്ടനിൽ വെച്ചു വിവാഹം ചെയ്‍വാൻ അനുവദിക്കുന്നതല്ലായിരുന്നു .മിസ്റ്റർ മേനോൻ ഇംഗ്ലണ്ടിൽ പഠിക്കുവാൻ പോകുന്നതിന് മുമ്പു തന്നെ, സ്വന്തം ജാതിയിൽ ഒരു വിവാഹം കഴിച്ചിരുന്നു. ആ വിവരം മിസ്സ് ബ്രൗണിനെ അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നാരായണിക്കുട്ടിയുമായുള്ള സംബന്ധം വേർപെടുത്തുവാൻ മിസ്റ്റർ മേനോനു യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. ഒരു പ്രത്യേക തിയതി മുതൽ തങ്ങൾ തമ്മിലുള്ള സംബന്ധം വേർപെട്ടിരിക്കുന്നുവെന്ന് ഒരു കത്തയച്ചാൽ മതിയായിരുന്നു. അങ്ങനെ മിസ്റ്റർ മേനോൻ ഇംഗ്ലണ്ടിൽ നിന്ന് ഒരു കത്തെഴുതി മിസ്സ് ബ്രൗണിനെ വായിച്ചു കേൾപ്പിച്ചപ്പോൾ ആ വിദൂഷി പൊട്ടിച്ചിരിച്ചു.  അവളുടെ അമ്മയും ചിരിച്ചു.എന്നാൽ അവളുടെ അച്ഛൻ വളരെ ഗൗരവം നടിച്ചു ഇങ്ങനെ പറഞ്ഞു: ''ഹ, എത്ര സൗകര്യമുള്ള ആചാരം! നമ്മൾ പരിഷ്കാരികളാണെന്നു പറയുന്നു, സ്വതന്ത്രരാണെന്നു പറയുന്നു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം വേർപെടുത്തണമെങ്കിൽ അവരുടെ ഗൃഹ ജീവിതവും അത് സംബന്ധിച്ചുള്ള എല്ലാ രഹസ്യങ്ങളും കോടതിയിൽ പോയി പറകയും അവയൊക്കെ പത്രങ്ങളിൽ പരസ്യം ചെയ്കയും ലോകം മുഴുവൻ അറിയിക്കുകയും ചെയ്യുന്നതാണോ പരിഷ്‌കാരം? ഭാര്യയുടെ നേരെ ഭർത്താവിനും ഭർത്താവിൻ്റെ നേരെ ഭാര്യക്കും ഉപയോഗിച്ചു കൂടാത്ത സ്വാതന്ത്ര്യമാണോ സ്വാതന്ത്ര്യം ?"

   ഒരു വാദത്തെ സമ്മതിക്കയോ പ്രതിഷേധിക്കയോ ചെയ്യുവാൻ ന്യായങ്ങൾ ഉണ്ടായാൽ പോരാ.അത് അവനവൻ്റെ തല്കാലാവശ്യത്തിന് അനുകൂലിച്ചതും ആയിരിക്കണം .മിസ്റ്റർ ബ്രൗണിൻ്റെ വാദത്തെ ഖണ്ഡിക്കുവാൻ മിസ്റ്റർ മേനോനു വളരെ ന്യായങ്ങൾ ഉണ്ടായിരുന്നു .ചില ന്യായങ്ങൾ മിസ്സിസ്സ് ബ്രൗണിനും തോന്നിയിരുന്നു. മിസ്സ് ബ്രൗണിനു തന്നെയും അറിയാം ചില ന്യായങ്ങൾ .പക്ഷെ, മൂന്ന് പേരും മിസ്റ്റർ ബ്രൗൺ പറഞ്ഞതിനെ തല കുലുക്കി കൊണ്ടാടി. തല്ക്കാലം അതിന്ന് അനുകൂലിച്ചെങ്കിലും മിസ്സിസ്സ് ബ്രൗണിന് ആ ന്യായം അശേഷം പിടിച്ചില്ല. താനുമായുള്ള വിവാഹബന്ധം വേർപ്പെടുത്താനുള്ള അസൗകര്യത്തെയാണോ തൻ്റെ ഭർത്താവ് സൂചിപ്പിച്ചതെന്ന് ആ വൃദ്ധക്ക് അല്പം സംശയമുണ്ടായി. അതിനെപ്പറ്റിയുള്ള വാദപ്രതിവാദങ്ങൾ തലയിണമന്ത്രമായിരുന്നതിനാൽ ആ കാര്യം അന്വേഷിക്കേണ്ടുന്ന ആവശ്യമോ അതിനുള്ള അധികാരമോ നമ്മൾക്കില്ല. ചുരുക്കിപ്പറയാം. മിസ്റ്റർ മേനോനും മിസ്സ് ബ്രൗണും തമ്മിലുള്ള വിവാഹം കഴിഞ്ഞു.

   യൂറോപ്യന്മാർക്കു വിവാഹം കഴിഞ്ഞാൽ ഒരു മാസം "ഹണിമൂൺ" കാലമാണ്. ഈ വാക്കിനെ നമ്മുടെ സാഹിത്യ പഞ്ചാനന്മാർ "മധുവിധു "എന്ന് അപ്പടി പരിഭാഷ ചെയ്തിരിക്കുന്നു. ഇതുകൊണ്ടു വല്ല അർത്ഥവും ധ്വനിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആവാം, വാക്ക് കേൾപ്പാൻ സുഖമുണ്ട്.

ഒരു മാസക്കാലം ''മധുവിധു'' അനുസരിക്കുന്ന സമ്പ്രദായമുള്ള യൂറോപ്യൻ വനിതയും അത് ഇല്ലാത്ത ഇന്ത്യൻ യുവാവും തമ്മിലുള്ള വിവാഹത്തിനുശേഷം ''മധുവിധു'' പതിന്നാല് ദിവസം മതി എന്നൊരു സന്ധിയുണ്ടായി. അതു കപ്പലിൽ കഴിച്ചു.

ബോംബെയിൽ വന്നു ഇറങ്ങിയതിനു ശേഷം മിസ്സിസ് മേനോൻ്റെ പ്രകൃതിക്കു വലിയൊരു മാറ്റം സംഭവിച്ചു .മനസ്സിൽ എന്തോ ഒരു ചിന്തയുള്ളത് പോലെ തോന്നി. ഇരുന്നാൽ ഇരുന്ന ദിക്കിൽ ,നോക്കിയാൽ നോക്കിയ ദിക്കിൽ, അധികം സംസാരമില്ല. ചോദിച്ചതിനു മാത്രം ഉത്തരം പറയും. പുതുതായി ഒരു രാജ്യത്തു വന്നാൽ എന്തൊക്കെ കാഴ്ചകൾ കാണ്മാനുണ്ടാകും. അതിനൊന്നും ഉന്മേഷമില്ല. സ്വരാജ്യവും സ്വഗൃഹവും വിട്ടാൽ ആർക്കും അങ്ങനെ ഉണ്ടാകും. എന്നാൽ ഗൃഹസ്ഥാശ്രമത്തിൻ്റെ ആദ്യത്തെ പടി, സന്യാസത്തിലെ ചില പാഠങ്ങൾ ശീലിക്കുകയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഭർത്താവോടു കൂടിയായാൽ ഭാര്യക്കും, ഭാര്യയോടു കൂടിയായാൽ ഭർത്താവിന്നും സ്വന്തം മാതാപിതാക്കളെയും സ്വഗൃഹങ്ങളും വിട്ടു പാർക്കാനുള്ള മനക്കരുത്തു ഉറയ്ക്കുന്നതുവരെ, ഇപ്പോൾ മിസ്സിസ് മേനോൻ കാണിച്ചത് പോലുള്ള ശീലങ്ങൾ കാണിക്കുന്നത് സാധാരണമാണ്.

മിസ്റ്റർ മേനോൻ:നമ്മൾ രണ്ടു ദിവസം കഴിഞ്ഞു മദിരാശിക്കു പോകയല്ലേ?

ഭാര്യ: ആവാം.

മേനോൻ: പ്രിയേ, നിനക്ക് അൽപദിവസംകൂടി ബോംബെയിൽ പാർക്കേണമെന്ന് ആഗ്രഹമുണ്ടോ?

ഭാര്യ: വിരോധമില്ല

മേനോൻ: നിൻ്റെ ഇഷ്ടമെന്താണ്? അതു പറയൂ

ഭാര്യ: ഇന്നു തിയ്യതി എത്രയാണ്?

മേനോൻ : ഇന്ന് തിയ്യതി നാലല്ലേ? എനിക്ക് ഇനിയത്തെ മാസം ഒന്നാം തിയതി ഉദ്യോഗത്തിൽ പ്രവേശിച്ചാൽ മതി .എന്നാൽ മാസാവസാനം വരെ ഇവിടെ പാർക്കാം. 29-ആം തിയതിയോ മറ്റൊ മദിരാശിക്കു പുറപ്പെടാം.അങ്ങിനെയല്ലേ ?

ഭാര്യ: ആവാം.

ദിവസേന മേനോൻ ഭാര്യയെ ഒരു കാറിൽ കയറ്റി നഗരത്തിൽ പല ദിക്കിലും സഞ്ചരിക്കും. അവിടുത്തെ ഭംഗിയുള്ള തോട്ടങ്ങളും കെട്ടിടങ്ങളും ഒന്നും മിസ്സിസ് മേനോൻ്റെ ശ്രദ്ധയെ ആകർഷിക്കുന്നില്ല. ഹോട്ടലിലോ ഷാപ്പുകളിലോ നാടകശാലയിലോ സിനിമാഹാളിലോ പോയാൽ അവിടെയുള്ള ആളുകളെ കാണ്മാനാണ് ആ സ്ത്രീക്കു രസം. സ്വരാജ്യക്കാരെ കണ്ടാൽ സൂക്ഷിച്ചു നോക്കും. ഒരു ഇന്ത്യക്കാരൻ്റെ ഭാര്യയുടെ നിലയിൽ നടക്കുന്നതിൽ അവൾക്കു ലജ്ജയുണ്ടോ? ഒരിക്കലുമില്ല. ഉണ്ടെങ്കിൽ യൂറോപ്യൻ പുരുഷന്മാരെ അവൾ അത്ര ധൈര്യത്തോടു കൂടി നോക്കുകയില്ല.

പതിനഞ്ചു ദിവസം ഇങ്ങനെ കഴിഞ്ഞു. പത്തൊമ്പതാം തിയതി വൈകുന്നേരം മിസ്റ്റർ മേനോൻ ഭാര്യയെ ഒരു കാറിൽ കയറ്റി പുറപ്പെട്ടു. ഏഴുമണിയായി. ''ഇനി നമ്മൾ വല്ല ഹോട്ടലിലും പോയി വല്ലതും കഴിക്കുകയല്ലേ?'' എന്ന് മിസ്സിസ് മേനോൻ പറഞ്ഞു.

മേനോൻ :ഏതു ഹോട്ടലിലാണ് പോകുന്നത്?

ഭാര്യ: എവിടെയാണ്?

മേനോൻ : നിനക്ക് ഇഷ്ടമേതാണ്?

ഭാര്യ: എവിടെയായാലെന്താണ്?

മേനോൻ: അങ്ങനെ പറഞ്ഞാൽ സമ്മതിക്കയില്ല. ഇന്നു നിൻ്റെ ഇഷ്ടത്തിനനുസരിച്ച ഹോട്ടലിൽ പോകണം.

ഭാര്യ:നല്ലത്

മേനോൻ: ''ടാജ് മഹാളിൽ'' തന്നെ പോകുക.

ഭാര്യ: ശരി.വേറെ ഏതാണ് ഹോട്ടൽ?

മേനോൻ: റീജൻ്റെ ഹോട്ടലുണ്ട്, ക്യൂൻസ് മാൻഷ്യൽ ഹോട്ടൽ , ഡാർബി ഹോട്ടൽ ഇങ്ങനെ പലതുണ്ട്.

ഭാര്യ: ഇന്നെത്രയാ തിയതി?

മേനോൻ : ഇന്ന് പത്തൊമ്പതല്ലേ?

ഭാര്യ: എവിടെയാ റീജൻൻ്റെ ഹോട്ടൽ ?

മേനോൻ: ബാലാർഡ് റോഡിൽ

ഭാര്യ: അത് ദൂരത്തല്ലെ?

മേനോൻ: എന്നാൽ ടാജ് മഹാളിൽ തന്നെ പോകുക.

ഭാര്യ: മണി എത്രയായി?

മേനോൻ: ഏഴേകാൽ. എന്നാൽ ടാജ് മഹാൾ ഹോട്ടലിൽ തന്നെ പോകയല്ലേ?

മിസ്സിസ് മേനോൻ ഒരു ദീർഘനിശ്വാസം ചെയ്തു. രണ്ടു പേരും ഹോട്ടലിൽ എത്തി. രണ്ടുപേരും ഒരു മുറിയിൽ കടന്നു. അവിടെ ആൾത്തിരക്കായതിനാൽ മിസ്സിസ് മേനോന്ന് മുറി അത്ര പിടിച്ചില്ല. വേറെയും ചില മുറികൾ രണ്ടുപേരും നടന്നു നോക്കി. ഒടുവിൽ ഒരു മുറിയിൽ വലിയ ഒരു കണ്ണാടിക്കു സമീപം ഒരു മേശക്കരികെ രണ്ടുപേരും ചെന്നിരുന്നു. അവിടെ വേറെ ആരും ഇല്ല.സുഖം. വല്ലവരും വന്നു തങ്ങളുടെ സ്വൈര്യസല്ലാപത്തിനു വിഘ്‌നം വരുത്തുമോ എന്നു മേനോൻ ഭയപ്പെട്ടുകൊണ്ടിരുന്നു. മിസ്സിസ് മേനോനും ആ ഭയമുണ്ടായിരുന്നുവെന്ന് അവൾ വാതിലുകളിലേക്ക് കൂടെകൂടെ കണ്ണോടിക്കുന്നതുകൊണ്ട് മനസിലാക്കാം. കുറെ കഴിഞ്ഞപ്പോൾ രണ്ടു പേർ വന്നു. രണ്ടും യൂറോപ്യന്മാരാണ്. ദുർഘടം. ഒരാൾ പട്ടാളഉടുപ്പാണ് ധരിച്ചിരിക്കുന്നത്. രണ്ടു പേരും വന്നു, ഇവരുടെ മേശയ്ക്കടുത്തുള്ള മറ്റൊരു മേശയുടെ അരികിൽ ഇരുന്നു. മിസ്റ്റർ മേനോൻ വളരെ അസ്വസ്ഥത കാണിച്ചു,

  യൂറോപ്യന്മാർ രണ്ടുപേരും വന്നിരുന്ന ഉടനെ സംഭാഷണം തുടങ്ങി. അതിലിടയ്ക്ക് രണ്ടു സംഘക്കാർക്കും ചായയും പലഹാരവും ഭൃത്യന്മാർ കൊണ്ടുവച്ചു കഴിഞ്ഞിരുന്നു.

പുതുതായി വന്നിരുന്ന രണ്ടു പേരുടെയും സംഭാഷണം മി.മേനോനും ഭാര്യക്കും നല്ലവണ്ണം കേൾക്കാമായിരുന്നതിനാലും അതു രസകരമായിരുന്നതിനാലും ഇവർ ഇരുവരും ഒന്നും സംസാരിക്കാതെ ഇരുന്നു. മിസ്റ്റർ മേനോൻ ആ സംഭാഷണം ശ്രദ്ധിച്ചു.മിസ്സിസ് മേനോൻ അതിൽ യാതൊരു രസവും ഇല്ലാതെ, അല്പം ദൂരത്തു ചുവരിൽ ഉണ്ടായിരുന്ന വലിയൊരു ആൾക്കണ്ണാടിയിൽ നോക്കിക്കൊണ്ടിരുന്നതേ ഉള്ളൂ. പട്ടാള ഉടുപ്പു ധരിച്ച ആളായിരുന്നു ആദ്യം സംസാരിച്ചു  തുടങ്ങിയത്.

''ആ കാട്ടിൽ നിന്ന് ഇവിടെ എത്താൻ നിങ്ങൾ വളരെ അദ്ധ്വാനിക്കേണ്ടി വന്നുവല്ലോ?''

''അതു പറഞ്ഞാൽ ഒടുങ്ങുകയില്ല. മഹാരാജാവിനെ പറഞ്ഞു ബോധ്യപ്പെടുത്തുവാൻ വളരെ പ്രയാസപ്പെടേണ്ടി വന്നു. എനിക്ക് ഇന്ന് ഇവിടെ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ വളരെ അപമാനത്തിലാകും എന്ന് ഒരുവിധം അദ്ദേഹത്തെ ബോധ്യപ്പെടുത്തി. എന്തിനു പറയുന്നു. ശിക്കാറിൻ്റെ മദ്ധ്യത്തിൽ എന്നെ വിട്ടയക്കാൻ അശേഷം സമ്മതമില്ലായിരുന്നു. ഒടുവിൽ തൻ്റെ കാറും തന്ന് എന്നെ അയച്ചു.''

''നിങ്ങൾ എത്ര പുലികളെ കൊന്നു.''

ഒരു പുലിയെ മാത്രമേ കിട്ടിയുള്ളൂ. പക്ഷെ, നാലു കാട്ടികളെ വെടിവെച്ചു. നാലിനെയും മഹാരാജാവുതന്നെയാണ് വെടിവെച്ചത്. ഞാൻ ഇവിടെ എത്തേണ്ടുന്ന കാര്യം ആലോചിച്ചു എന്താണ് ചെയ്യുന്നതെന്ന് തന്നെ ഓർമയില്ലാതെയാണ് ഈ രണ്ടു ദിവസം കഴിച്ചത്. മിനിഞ്ഞാന്ന് ഒരു കാട്ടി എന്നെ കുത്തിക്കൊല്ലേണ്ടതായിരുന്നു. ഞാനും മൃഗവും അത്ര അടുത്തെത്തിപ്പോയിരുന്നു. മഹാരാജാവ് എൻ്റെ ആപൽകരമായ സ്ഥിതി കണ്ട് ഉടനെ അതിനെ വെടിവെച്ചു കൊന്നിരുന്നില്ലെങ്കിൽ  ഇന്നു ഞാൻ ഇവിടെ ഉണ്ടാകയില്ലായിരുന്നു.''

''മഹാരാജാവു നല്ലൊരു ശിക്കാരിയാണെന്നു തോന്നുന്നുവല്ലോ.''

''പ്രസിദ്ധപ്പെട്ട ശിക്കാറി. ഞാൻ ഇങ്ങനെ ഒരു അബദ്ധത്തിൽ മുമ്പൊരിക്കൽ പെട്ടിരുന്നു. അത് ഇംഗ്ലണ്ടിൽ വെച്ചായിരുന്നു. എൻ്റെ കാർ മറ്റൊരു കാറോടു മുട്ടി രണ്ടും തവിടുപൊടിയായിപ്പോയി. കാർ മുട്ടിയതേ എനിക്ക് ഓർമയുണ്ടായിരുന്നുള്ളു. പിന്നെ എനിക്ക് ബോധം വന്നപ്പോൾ ഞാൻ ചെറിയൊരു വീട്ടിൻ്റെ അതിഭംഗിയുള്ള ഒരു മുറിയിൽ സുന്ദരിയായ ഒരു യുവതിയാൽ ശുശ്രൂഷിക്കപ്പെട്ടുകൊണ്ടു കിടക്കുകയായിരുന്നു. ഞാൻ ഒരാഴ്ച അവിടെ പാർക്കേണ്ടി വന്നു. ആ അമ്മയും മകളും എനിക്കുവേണ്ടി ചെയ്തത് ഒരിക്കലും മറക്കുവാൻ പാടില്ല.''

'' ആ യുവതി വിവാഹം ചെയ്യപ്പെട്ടവളായിരുന്നുവോ?''

''അല്ല, കേൾക്കൂ, പറയാം. അത്ര സുന്ദരിയായ ഒരു സ്‌ത്രീയെ ഞാൻ കണ്ടിട്ടില്ലെന്ന് തോന്നി. സ്വഭാവഗുണമോ? മഹനീയം. എന്നെ ആപത്തിൽ നിന്ന് രക്ഷിച്ചതിൽ എനിക്കുള്ള കൃതജ്ഞതയും അവളുടെ സൗന്ദര്യവും കുടുംബത്തിൻ്റെ സ്ഥിതിയും ഒക്കെക്കൂടി ഞാൻ അവളെ വിവാഹം കഴിപ്പാൻ തീർച്ചയാക്കി. പക്ഷെ, എനിക്കു ഉടനെ ഇന്ത്യയിലേക്കു പോകേണ്ടതുണ്ടായി. മഹാരാജാവ് എന്നെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടു വിവാഹം ഇവിടെ വെച്ചു ചെയ്യാൻ തീർച്ചയാക്കി. കപ്പൽസഞ്ചാരത്തിനു തൽക്കാലം പണമില്ലാതിരുന്നതിനാൽ ആദ്യം ഞാൻ ഇങ്ങോട്ടു വരാനും അവൾ പിന്നീടു വരാനും തീർച്ചയാക്കി. ഇന്ന് ഈ ഹോട്ടലിൽ വെച്ച് കണ്ടുമുട്ടുമെന്നാണ് പിന്നീട് അവൾ എഴുതിയത്. അവളെ കാണാത്തതുകൊണ്ട് എനിക്കു പരിഭ്രമമായിരുന്നു.''

''ഈ ഹോട്ടലിൽ എത്ര മുറികളുണ്ട്? വേറെ വല്ല മുറിയും ഉണ്ടോ എന്ന് അന്വേഷിച്ചുവോ? മാനേജരോടു ചോദിച്ചാൽ ആരൊക്കെയാണ് ഇവിടെ പാർക്കാൻ ഏർപ്പാട് ചെയ്‌തതെന്ന്‌ അറിയാമല്ലോ?''

'' അത് ശരിയാണ്, ഞാനൊന്നു അന്വേഷിച്ചുവരാം.'' എന്നു പറഞ്ഞു ആ മനുഷ്യൻ അവിടുന്ന് എഴുന്നേറ്റ് പോയി.അദ്ദേഹം കണ്ടാൽ അത്ര യോഗ്യനും വ്യായാമംകൊണ്ട് ഉറച്ച ശരീരപുഷ്ടിയുള്ള ആളും നല്ല തൻ്റേടക്കാരനും ആണെന്നു മനസിലാക്കാം. അദ്ദേഹം വാതിലിന്നടുക്കൽ എത്തിയപ്പോൾ തിരിഞ്ഞു നിന്നിട്ടു,പട്ടാളക്കാരനോട്, ''ഇവിടെത്തന്നെ ഇരിക്കണേ.എൻ്റെ പ്രിയതമയെ കണ്ടെങ്കിൽ ഞാൻ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരാം.' 'എന്നു വിളിച്ചു പറഞ്ഞു.

ഇതുകേട്ടപ്പോൾ മിസ്റ്റർ മേനോൻ ''ആ പ്രിയതമയെ ഒന്നു നമ്മൾക്കും കാണാമല്ലോ.'' എന്ന് സാവധാനത്തിൽ തൻ്റെ ഭാര്യയോടു പറഞ്ഞു. അതിന്നു തൻ്റെ ഭാര്യ ഒന്ന് പുഞ്ചിരിയിടുക മാത്രമേ ചെയ്തുള്ളൂ. അല്‌പം കഴിഞ്ഞപ്പോൾ മിസ്സിസ് മേനോൻ ''ഞാൻ ഇപ്പോൾ വരാം ''എന്നു പറഞ്ഞു ,അവിടെ നിന്ന് എഴുന്നേറ്റ് പോയി. സ്ത്രീകൾക്ക് പലേ കാര്യങ്ങളും നിർവ്വഹിക്കാൻ ഉണ്ടായിരിക്കും. അതിന്നു ഹോട്ടലിൽ സൗകര്യവും ഉണ്ടാകും. മിസ്റ്റർ മേനോനും പട്ടാളക്കാരനും മുറിയിൽ തനിയെയായി. പതിനഞ്ചു മിനിട്ടു കഴിഞ്ഞു. മിസ്സിസ് മേനോൻ വന്നില്ല. മിസ്റ്റർ മേനോൻ അക്ഷമനായി. അരമണിക്കൂറായി. ഇല്ല.മിസ്സിസ് മേനോനെ കാണ്മാനില്ല. അദ്ദേഹം ഇരുന്ന ദിക്കിൽ നിന്ന് എഴുന്നേറ്റു. അപ്പോൾ പട്ടാളക്കാരൻ ഇങ്ങനെ ചോദിച്ചു.

''ഇവിടുന്നു എഴുന്നേറ്റു പോയസ്‌ത്രീ ആരാണ്.''

''എൻ്റെ ഭാര്യയാണ്.''

''നിങ്ങളുടെ ഭാര്യയാണോ? എവിടുന്നാണ് വിവാഹം കഴിച്ചത്.?''

''ലണ്ടനിൽ വെച്ചാണ്.''

''നിങ്ങൾ അവളേയും കാത്തിരിക്കയാണോ?''

''അതെ ''

''അവൾ ഇപ്പോൾ ഇരുപതു നാഴിക അകലെ എത്തിയിരിക്കും.''

''എന്താണ് നിങ്ങൾ പറഞ്ഞതിൻ്റെ സാരം?''

''ഇവിടെ ഇരുന്ന ആളെ കണ്ടിരുന്നില്ലേ? അയാൾ പറഞ്ഞ കഥ ഓർമയില്ലേ? അതൊക്കെ അവളെ സൂചിപ്പിച്ചായിരുന്നു.അതാ കണ്ണാടി നോക്കൂ. നിങ്ങളുടെ ഭാര്യ ഇരുന്ന ദിക്കിൽ നിന്ന് അതിലേക്കു നോക്കൂ. അയാൾ ഇരുന്ന ദിക്കിൽ ഞാനും ഇരിക്കാം. (അങ്ങനെ ചെയ്‍തിട്ട്)  ഇപ്പോൾ മനസ്സിലായോ? അവർ അന്യോന്യം സംസാരിക്കയാണ് ചെയ്തത്. ഒരു ഭാഗത്തു വാക്കും മറുഭാഗത്തു മൗനവും. കപ്പൽകൂലിക്കു ചിലവഴിക്കാൻ സ്വന്തം പണമില്ലാഞ്ഞിട്ടാണ് നിങ്ങളെ വിവാഹം ചെയ്‌തത്‌. യൂറോപ്പിൽ സ്ത്രീകൾക്ക് ഈവക വിദ്യകളൊക്കെ ഇപ്പോൾ സാധാരണയാണ്. അവരെ രണ്ടുപേരെയും നിങ്ങൾ ഇനി കാണുകയില്ല.''

ഇത്രയും പറഞ്ഞു പട്ടാളക്കാരൻ എഴുന്നേറ്റു പോകുമ്പോൾ ഇങ്ങനെ പറഞ്ഞു:- ''ഇന്നു രാത്രി നിങ്ങൾക്കു നല്ല ഉറക്കം ഉണ്ടാവാൻ അനുഗ്രഹിക്കേണമെന്നു ഞാൻ ദൈവത്തോടു സർവാത്മനാ പ്രാർത്ഥിക്കുന്നു.''



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ