2021 മാർച്ച് 31, ബുധനാഴ്‌ച

                               മച്ചാട്ടുമലയിലെ ഭൂതം
                                                              എം ആര്‍ കെ സി

                         

  

           അക്കാലം പേരാറ്റു വീഥിയിലെ കാര്യക്കാരന്മാര്‍, അയ്യഴി പടനായര്‍, വടക്കും നമ്പിടി, തെക്കും നമ്പിടി, കിണറ്റുങ്കരനായര്‍ എന്നിവരും ഇവരുടെ തലവനായ ' തലശ്ശന്നോരെ ' ന്നു സ്ഥാനപ്പേരുള്ള തോട്ടാശ്ശേരി പിഷാരോടിയും ആയിരുന്നു. പെരുമ്പടപ്പു മൂപ്പില്‍നിന്നു വന്നേരി ചിത്രകൂടത്തില്‍ എഴുന്നരുളുന്നു. പെരുമ്പടപ്പു മൂപ്പിലെ കണ്ണിലുണ്ണിയായ തലശ്ശേന്നോരുടെ ദുരപദേശമനുസരിച്ച്, അയിരൂരുനാട്ടിലെ നാടുവാഴിയായ മനക്കോട്ടുനായരെ രാജദ്രോഹകുറ്റം ചുമത്തി കഴുവിന്മേല്‍ കയറ്റി അദ്ദേഹത്തിന്റെ മുള്ളൂര്‍ക്കര കോട്ടയും നാടുവാഴി സ്ഥാനവും പാലിയത്തച്ഛന്‍ കൈയേറ്റിട്ട് അധികകാലം ആയിട്ടില്ല. വൃശ്ചികംധനു മാസം കാലം. സൂര്യാസ്തമയം അടുത്തുതുടങ്ങിയിരിക്കുന്നു. പേരാറ്റു വീഥിയിലേക്കു ചേര്‍ന്ന മച്ചാട്ടുമലയുടെ കിഴക്കേ അടിവാരത്തില്‍, ഇരുപുറവും വലുതായ വൃക്ഷങ്ങളാല്‍ നിറയപ്പെട്ട കാട്ടിന്നുള്ളില്‍ തെക്കുകിഴക്കോട്ടുപോകുന്ന ഊടുവഴിയില്‍ക്കൂടി ഒരു യുവാവ് കുതിരപ്പുറമേറി തനിയേ ചേലക്കരയ്ക്കുപോകുന്നു. ഈ യുവാവിന്റെ വലത്തുവശം പൊക്കമുള്ള വൃക്ഷങ്ങളും, അതിനെത്തുചര്‍ന്ന് ആകാശത്തിലേക്കുപടിപടിയായി കെട്ടിക്കയറ്റിയതോ എന്നു തോന്നുമാറ് പച്ചിലകളാല്‍ മൂടപ്പെട്ട പൊക്കമുള്ള മലയും ആയതുകൊണ്ട് ഈ താഴ്‌വരയില്‍ ഏതാണ്ടു സന്ധ്യാസമയത്തിലെന്നപോലെ കഷ്ടിച്ചേ പകല്‍ വെളിച്ചം ഉണ്ടായിരുന്നുള്ളൂ.
              മച്ചാട്ടുമലയില്‍ അടുത്ത കാലത്തിനുള്ളില്‍ ഒരു ഭൂതസഞ്ചാരം തുടങ്ങീട്ടുണ്ടെന്നു പേരാറ്റുവീഥിക്കാരും, അയല്‍പ്രദേശക്കാരായ അയിരൂരു നാട്ടുകാരും പറഞ്ഞുവരുന്നുണ്ടായിരുന്നു. ഈ ഊടുവഴിയില്‍ക്കൂടി മുള്ളൂര്‍ക്കരയ്ക്കും ചേലക്കരയ്ക്കും സഞ്ചരിച്ചിട്ടുള്ളവരില്‍ ചിലരൊക്കെ മരങ്ങളുടെ ഇടയില്‍ക്കൂടി നിശ്ശബ്ദമായി പച്ചപ്പകല്‍കൂടി ഒരു ഭൂതം സഞ്ചരിക്കുന്നതായി കണ്ടിട്ടുണ്ടത്രെ. ഈ ഭൂതസഞ്ചാരത്തെ ഭയന്നു തനിയേ ആരും ഈ വഴിയില്‍ക്കൂടി പേകാറില്ല. ഈ വിവരമൊക്കെ വഴിയാത്രക്കാരനായ നമ്മുടെ യുവാവിനു നല്ലപോലെ വിവരമുണ്ട്. ഭൂതത്തിന്റെ വര്‍ത്തമാനം ആലോചിച്ചും കൊണ്ടു യാത്രചെയ്യുന്ന നമ്മുടെ യുവാവിന്ന് അല്പം അകലെ കാട്ടില്‍ മരങ്ങളുടെ ഇടയില്‍ക്കൂടി ഒരു നിഴല്‍പ്പെരുമാറ്റം കണ്ടപോലെ തോന്നി. കുതിരയെ പെട്ടന്നു നിര്‍ത്തി വീണ്ടും സൂക്ഷിച്ചുനോക്കി. അതാ! കറുത്തിരുണ്ട ഒരു ഭൂതം വൃക്ഷങ്ങളുടെ ഇടയില്‍ക്കൂടി മല കയറുന്നു! ഈ യുവാവ് തല്ക്കാലം ഒന്നു ഭയന്നുവെങ്കിലും വാള്‍ കൈയില്‍ ഊരിപ്പിടിച്ച്, ഈ ഭൂതത്തെക്കുറിച്ച് പിന്തുടര്‍ന്നാലോ എന്നാലോചിച്ചു കുതിരയെ തിരിച്ചു ഭൂതത്തെ പിന്തുടര്‍ന്നു കാട്ടിലേക്കുകടന്നു. ഭുതം അതിന്റെ ഗതിവേഗം ഒന്നു മുറുക്കി. യുവാവും ഗതിവേഗത്തിലാക്കി. കുറച്ചുനേരം ഇങ്ങനെ കഴിഞ്ഞപ്പോള്‍ വലുതായ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ച് ഭൂതം അപ്രത്യക്ഷമായി. അപ്പോഴാണ് യുവാവിന് അല്പം ഭയം തോന്നിയത്. ഏതെങ്കിലും, ഈ വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ കുതിരയെ നിര്‍ത്തി താഴത്തിറങ്ങി ആ വൃക്ഷത്തെ പരിശോദിച്ചുതുടങ്ങി. അതിലിടയ്ക്ക് ആ വൃക്ഷത്തിന്റെ ഒരു വശത്തുനിന്ന് ആ ഭൂതം പുറത്തേക്കു ചാടി കൈയിലുണ്ടായിരുന്ന വില്ലിന്മേല്‍ ശരം തൊടുത്തുപിടിച്ച്;
   '' നോക്കിക്കൊള്‍വിന്‍! ഇനി ഒരടി മുമ്പോട്ടുവെച്ചാല്‍ ഈ ശരം വിടും.'' എന്നുപറഞ്ഞു.
ഈ സംഭവം ഒരുനിമിഷത്തിലധികം കഴിഞ്ഞു. കരിമ്പടം കൊണ്ടു ദേഹമാസകലം മൂടത്തക്കവിധത്തില്‍ ഒരു പുതപ്പുണ്ടാക്കി, കണ്ണുകള്‍ മാത്രം മൂടാത്തവിധത്തില്‍ കരിമ്പടം കൊണ്ടുതന്നെ ഒരു മൂടുപടം ഇട്ടുനില്‍ക്കുന്ന ഈ ഭൂതം സംസാരിക്കുന്ന ഭൂതമായതുകൊണ്ട് നമ്മുടെ യുവാവിനു കുറേക്കൂടെ ധൈര്യമുണ്ടായി.
   യുവാവ്:- ''നീ ആരാണ്? ഈ കാട്ടില്‍ ഇപ്രകാരം ഒരു ഭയങ്കരവേഷവും കെട്ടി ജനങ്ങളെ ഭയപ്പെടുത്തി നടക്കുന്നതിന്റെ അര്‍ത്ഥമെന്താണ്?''
   ഭൂതം:- നിങ്ങള്‍ അയ്യഴി പടനായരല്ലേ? അതെ, ഒരു നാടുവാഴി. തന്റേടമുള്ള ഒരു പുരുഷന്‍. കണ്ണും മുഖഭാവവും കണ്ടാല്‍ അകാരണമായി ആരേയും ഉപദ്രവിക്കുന്ന ഒരാളല്ലെന്നുതോന്നു തോന്നും. വിശ്വസിക്കുന്നവരെ ചതിക്കുകയുമില്ല. അല്ലേ?    ഞാന്‍ ഒരഗതി, ഈ വൃക്ഷത്തിന്റെ പൊത്തില്‍ താമസിക്കുന്നു. ആര്‍ക്കും എന്നെക്കൊണ്ട് ഉപദ്രവുമില്ല. നിങ്ങള്‍ എനിക്ക് വല്ല ഉപകാരവും ചെയ്യാമെന്നു വിചാരിക്കുന്നുണ്ടെങ്കില്‍ ഈ നടന്ന സംഭവം ആരോടും പറയാതിരിക്കുകയാണു വേണ്ടത്. നേരം ഇപ്പോള്‍ ഇരുട്ടാവും; വേഗം മടങ്ങിപ്പോയ്‌ക്കോളൂ.
ഇത്രയും പറഞ്ഞതിനുശേഷം ആ ഭൂതം വീണ്ടും അയ്യഴി പടനായരുടെ - നമ്മുടെ യുവാവിന്റെ - ദൃഷ്ടിക്ക് അഗോചരമായിത്തീര്‍ന്നു. അയ്യഴി പടനായര്‍ക്ക് ഈ സംഭവങ്ങളെല്ലാം ഭയത്തേക്കാള്‍ ആശ്ചര്യത്തേയാണ് ഉണ്ടാക്കിത്തീര്‍ത്തത്. ഈ സംസാരിക്കുന്ന ഭൂതത്തെപ്പറ്റി മുഴുവന്‍ വിവരം കിട്ടുവാന്‍ അടുത്ത അവസരത്തില്‍ ശ്രമിക്കാമെന്നും വെച്ച് അപ്പോള്‍ത്തന്നെ സ്വഗൃഹത്തിലേക്കു മടങ്ങി. ഏതായാലും ഈ ഭൂനാലഞ്ചുതത്തെ സംബന്ധിച്ചുള്ള അധികവിവരം സമ്പാദിച്ചുകഴിയുന്നതുവരെ അന്നു നടന്ന സംഭവങ്ങള്‍ ആരോടും പറയാതെ കഴിച്ചുകൂട്ടുകതന്നെയെന്നു പടനായര്‍ തീര്‍ച്ചയാക്കി.
പോരാറ്റുവീഥിയിലെ നാടുവാഴികളായ കാര്യക്കാന്മാരായി അയ്യഴി പടനായര്‍ ഉള്‍പ്പെടെ നാലഞ്ചുപേരുണ്ടെങ്കിലും പെരമ്പടപ്പു മൂപ്പിലെ പ്രത്യേകസേവകന്റെ നിലയില്‍ കാര്യക്കാരന്മാരുടെ തലവനായ തോട്ടാശ്ശേരി തലശ്ശന്നോര്‍ രാജ്യഭരണ കാര്യങ്ങളിള്‍ അനാവശ്യമായ സ്വാതന്ത്ര്യം ഉപയോഗിച്ചുവന്നിരുന്നുവെന്നു മാത്രമല്ല മറ്റുള്ള കാര്യക്കാരന്മാരെ ഒതുക്കി പേരാറ്റു വീഥിയും, അടുത്ത അയിരൂര്‍ നാടും തന്റെ ഏകശാസനയില്‍ വരുത്തി. വേണ്ടിവരുന്ന പക്ഷം പെരമ്പടപ്പു മൂപ്പിലോടുതന്നെ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍കൂടി ചെയ്തും വന്നിരുന്നു. നിര്‍ദ്ദയനും , ദുഷ്ടനും അധര്‍മ്മിയുമായ തലശ്ശന്നോര്‍ ഈ അത്യാഗ്രഹം കാരണമായി ജനങ്ങളുടെ അപ്രീതി വളരെ സമ്പാദിച്ചിട്ടുണ്ട്. സ്ത്രീജിതനാകയാല്‍ ദുര്‍മാര്‍ഗ്ഗിയായ തലശ്ശന്നോര്‍ ആ വിഷയത്തിലും ശത്രുക്കളെ ഉണ്ടാക്കിത്തീര്‍ത്തിട്ടില്ലെന്നില്ല. ജനസ്വാധീനം തനിക്കു കുറഞ്ഞുവരുന്നുണ്ടെന്നു കണ്ടപ്പോള്‍ ജനങ്ങളെ ഒന്നുഭയപ്പടുത്തി കീഴടക്കുവാനും, വിശേഷിച്ചു മകളെ തനിക്ക് ഭാര്യയായി കിട്ടായ്കയാലുണ്ടായ പക വീട്ടുവാനും വീണ്ടും നിര്‍ദ്ദോഷിയായ അയിരൂര്‍ നാടുവാഴിയായിരുന്ന മനക്കോട്ടുനായരുടെ മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി പെരുമ്പടപ്പുമൂപ്പിലെ തെറ്റിദ്ധരിപ്പിച്ച് യോഗ്യനെ കഴുവിന്മേല്‍ കയറ്റിച്ചു. തലശ്ശന്നോരുടെ ശക്തിയോര്‍ത്തു ജനങ്ങള്‍ ഭയന്ന്, ഈ ഭാഗാസുരന്റെ അധീനത്തില്‍നിന്ന് ഏതുപ്രകാരമാണ് രക്ഷപ്രാപിക്കേണ്ടതെന്നറിയാതെ വ്യസനിക്കുകയായിരുന്നു. ഈ വിവരൊക്കെ ബുദ്ധിമാനും ഭരണതന്ത്രനിപുണനുമായ അയ്യഴി  പടനായര്‍ക്കു നല്ലപോലെ അറിയാമായിരുന്നു. നയംകൊണ്ടും, വിവേകംകൊണ്ടും എന്നുവേണ്ട സഹജീവികളുടെ നേരെ ഇദ്ദേഹം കാണിച്ചിരുന്ന സ്‌നേഹം കൊണ്ടും അയ്യഴി പടനായര്‍, പേരാറ്റുവീഥിയില്‍ എന്നല്ല അയല്‍നാടുകളിലും കൂടി ജനങ്ങളുടെ ഇടയില്‍ വളരെ സമ്മതനായ ഒരാളായിരുന്നു. മനക്കോട്ടുനായരുടെ മേല്‍ തലശ്ശന്നോര്‍ ചെയ്ത ദോഷാരോപണം കേവലം കളവാണെന്ന് പടനായര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ആ യോഗ്യപുരുഷനെ കഴുവിന്മേല്‍ കയറ്റിയതുമുതല്‍ മനസ്സിന്ന് അശേഷം സുഖമില്ലാതെ, കാര്യത്തിന്റെ യഥാര്‍ത്ഥസ്ഥിതി പെരുമ്പടപ്പു മൂപ്പിലെ എങ്ങനെയാണ് അറിയിക്കേണ്ടതെന്ന വിചാരത്തടെ അതിന്നുള്ള വഴികള്‍ ആലോചിച്ചുവരികയാണു പടനായര്‍ ചെയ്തിരുന്നത്. മുള്ളൂര്‍ക്കരയിലേക്കു രണ്ടുതവണ ഈ അവസരത്തില്‍ പോയതുതന്നെ ഈ സംഗതിയപ്പറ്റി പാലിയത്തച്ഛനുമായി സംസാരിപ്പാനായിരുന്നു,
പടനായരുടെ മനസ്സിന്നു അസ്വാസ്ഥ്യം കൊടുപ്പാന്‍ ഇപ്രകാരം പല സംഗതികളും ഉണ്ടായിരുന്നുവെങ്കിലും മച്ചാട്ടുമലയിലെ ഭൂതത്തിന്റെ സൂക്ഷവിവരം അറിവാനുള്ള ഉല്കണ്ഠ പിറ്റേദിവസം ഒന്നകൂടി വര്‍ദ്ധിച്ചതേയുള്ളൂ.അന്നു നേരത്തേ തന്നെ മലയിലേക്കു പോകണമെന്നുറച്ചു. വേണ്ടപ്പെട്ട ആയുധങ്ങളും കൈയില്‍ കരുതി മലയിലേക്കു പുറപ്പെട്ടു. ഭൂതത്തിന്റെ വാസസ്ഥലമായ വൃക്ഷം മനസ്സിലാക്കീട്ടുള്ളതുകൊണ്ട് വഴി പിഴയ്ക്കാതെ അവിടെ എത്തിച്ചേര്‍ന്നു. അവിടെ ഭൂതമുണ്ടോ ഇല്ലയോ എന്നറിവാനുള്ള യാതൊരു ലക്ഷണവും കാണ്മാനുണ്ടായിരുന്നില്ല. ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുനോക്കി. ഒരു ഫലവുമില്ല. കുതിരയെ മേയുവാന്‍ പുല്ലുള്ള ഒരു ദിക്കില്‍ കെട്ടി ഈ ഭൂതം മടങ്ങിവരുമോ എന്നു പരീക്ഷിപ്പാന്‍ തീര്‍ച്ചയാക്കി. ഭുതം മലയുടെ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചാരത്തിന്നു പോയിട്ടുണ്ടെങ്കിലോ എന്നും സംശയിച്ചു. കാല്‍പ്പെരുമാറ്റം കാണുന്ന ദിക്കില്‍ക്കൂടി പടനായര്‍ മല കയറിത്തുടങ്ങി ഈ വഴി രണ്ടുകുന്നുകളുടെ ഇടയിലുള്ള ഒരു താഴ്‌വരയിലേക്കാണ്  പടനായരെ എത്തിച്ചത്. അവിടെനിന്ന് നോക്കിയാല്‍ താഴ്‌വരയില്‍ കാണുന്ന കാഴ്ച വളരെ മനോഹരമായിരുന്നു. കുറച്ചുകൂടി നടന്നുചെന്നപ്പോള്‍ പടനായര്‍ പെട്ടന്നു സ്തംഭിച്ചുനിന്നുപോയി. ഉറവുവെള്ളത്തില്‍ ഉണ്ടാക്കപ്പെട്ട ഒരു ചെറു പൊയ്കയുടെ ഒരു ഭാഗത്ത്  യൗവനയുക്തയും അതി സുന്ദരിയുമായ ഒരു സ്ത്രീ കാലിന്റെ ഞെരിയാണിവരെ എത്തുന്ന തന്റെ മുടി അഴിച്ചുകെട്ടി ആ സരസ്സിലെ നിര്‍മ്മല ജലത്തെ കണ്ണാടിയാക്കി, തന്റെ സൗന്ദര്യത്തെ പ്രതിബിംബത്തില്‍ വീക്ഷിക്കുന്നു. പലതരമായ വൃക്ഷങ്ങളാലും പുല്ലുകളാലും പുഷ്പലതാദികളാലും അലങ്കരിക്കപ്പെട്ട ഒരു പ്രശാന്തരമണീയമായ താഴ്‌വരയില്‍ ഒരു സരസ്സിന്റെ അരികില്‍ അതിസുന്ദരിയായ ഒരു സ്ത്രീ ആരെങ്കിലും തന്നെ കാണുന്നുണ്ടോ എന്ന സംശയം കൂടാതെ സ്വച്ഛന്തമായി പെരുമാറുന്നതുകാണുമ്പോള്‍ ആര്‍ക്കാണ് ആശ്ചര്യവും ആനന്തവും ഒരേ സമയത്തുതന്നെ ഉണ്ടാവാത്തത്? നമ്മുടെ പടനായര്‍ക്ക് ആദ്യം ഈ കാഴ്ച ഒരു സ്വപ്നമായിട്ടാണ് തോന്നിയത്. അതല്ല - ഈ താഴ്‌വര ദേവലോകത്തിന്റെ ഒരു ഭാഗവും, ഈ തരുണി ഒരു ദേവാംഗനയും ആയിരിക്കുമോ? ഏതെങ്കിലും കുറേക്കൂടി അടുത്തുചെന്ന് ഒരിടത്തില്‍ ഒളിച്ചിരുന്നു. ഈ യുവതിയുടെ ചേഷ്ടകളെ കാണുക തന്നെയെന്ന് തീര്‍ച്ചയാക്കി.
ആ യുവതിയാകട്ടെ തലകെട്ടി. പുടവ മുറുക്കിയെടുത്തു. കാലും മുഖവും കഴുകിതോര്‍ത്തി, അടുത്തുണ്ടായിരുന്ന ഒരു കല്ലിന്മേല്‍ ചെന്നിരുന്ന് അവിടെ വെച്ചിരുന്ന വില്ലും ശരവും കൈയിലെടുത്തു കുറേ അകലെ നിന്നിരുന്ന ഒരു വൃക്ഷത്തിലേക്കായി അസ്ത്രം തൊടുത്തുവിട്ടു. ആ അസ്ത്രം ഉദ്ദേശിച്ച ദിക്കില്‍ തന്നെയാണോ കൊണ്ടിട്ടുള്ളതെന്നു ചെന്നെുനോക്കി. വീണ്ടും വീണ്ടും സ്വസ്ഥാനമായ കല്ലിന്മേല്‍ ഇരുന്ന് അസ്ത്രം തൊടുത്തുവിടും. ഇങ്ങനെ അഞ്ചുപത്താവൃത്തി പരീക്ഷിച്ചതിന്നുശേഷം വില്ലും ശരവും താഴെവെച്ച് എന്തോ കറുത്ത ഒരു വസ്ത്രം കുനിഞ്ഞെടുത്തു കുടയുവാന്‍ ഭാവിക്കുമ്പോഴേക്കും, പടനായര്‍ അക്ഷമനായി ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു. ഈ വരുന്നാള്‍ ആരാണെന്നു നല്ല വണ്ണം നോക്കാതെ തല്ക്കാലമുണ്ടായ പരിഭ്രമം കൊണ്ടും ഭയംകൊണ്ടും ഈ യുവതി വില്ലും ശരവും പെട്ടന്നു കൈയ്ക്കലാക്കി. ' അവിടെ നില്‍ക്കൂ, എങ്ങോട്ടാണ് വരുന്നത്? അടുത്തുവരണ്ടാ' എന്നുപറഞ്ഞത് അസ്ത്രം തൊടുത്തുപിടിച്ചു പടനായരുടെ മുഖത്തുനോക്കി നില്പായി. രണ്ടുപേരും നിന്നേടത്തുനിന്ന് അന്യോന്യം മുഖത്തോടുമുഖം നോക്കി നാലഞ്ചുനിമിഷം കഴിച്ചുകൂട്ടി. വില്ലിന്മേല്‍ തൊടുത്തുപിടിച്ചിരുന്ന അസ്ത്രത്തേക്കാള്‍ മൂര്‍ച്ചയായി പടനായര്‍ക്ക് തോന്നിയത്, ആ തരുണീ രത്‌നത്തിന്റെ കറുത്തുനീണ്ട കണ്ണുകളില്‍നിന്ന് പുറപ്പെടുന്ന കടാക്ഷവീക്ഷണമായിരുന്നു. ആളെ അറിഞ്ഞപ്പോള്‍ അവളുടെ രൗദ്രഭാവം ക്രമേണകുറഞ്ഞു. സൗമ്യഭാവത്തിലേക്കു വരുന്നുണ്ടെന്നുകണ്ടപ്പോള്‍-
പടനായര്‍ : നിന്നെ ഞാന്‍ മുമ്പു എവിടെയോ വെച്ചു കണ്ടിട്ടുണ്ടല്ലോ. ഈ കറുത്ത കവചത്താല്‍ മൂടപ്പെട്ട നിലയിലല്ലതാനും. ഇതിന്റെയൊക്കെ അര്‍ത്ഥം മനസ്സിലാകുന്നില്ല.
യുവതി : നായ്ക്കളുടെ ഇടയിലെന്നപോലെ മനുഷ്യരുടെ ഇടയിലും വിശ്വസിക്കത്തക്കവരായി ചിലരുണ്ടാവാം.
എന്നു പറഞ്ഞ് ലജ്ജിച്ചു തലയൊന്നു ചെരിച്ച് അവള്‍ ഒരു പുഞ്ചിരിയിട്ടു.
പടനായര്‍ : എന്റെ ചോദ്യത്തിന്നല്ല നീ സമാധാനം പറയുന്നത്. ഞാന്‍ നിന്നെ ചെറുപ്പത്തില്‍  എവിടെയോ വെച്ചു കണ്ടതായി ഓര്‍മ്മിക്കുന്നു. തനിയേ ഈ കാട്ടില്‍ ഈ വേഷത്തോടെ നടക്കുന്നതിന്റെ ഉദ്ദേശം എന്താണ്? ഞാന്‍ ഈ പേരാറ്റുവീഥിയിലെ വാല്യക്കാരന്മാരില്‍ ഒരാളാണെന്ന് നീ മനസ്സിലാക്കീട്ടുണ്ട്. ഞങ്ങളുടെ ഈ കാട്ടില്‍ ഒരു ഭൂതത്തെപ്പോലെ സഞ്ചരിച്ചു ജനങ്ങളെ ഭയപ്പെടുത്തുന്നത് നിര്‍ത്തല്‍ ചെയ്യേണ്ട ഭാരം ഞങ്ങള്‍ക്കില്ലേ?
യുവതി : അയ്യഴി പടനായര്‍ ഒരു കോപിയല്ലെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. നാം തമ്മില്‍ മുമ്പു കണ്ടിട്ടില്ലെന്നു വാദിപ്പാന്‍ ഞാന്‍ ഒരുങ്ങുന്നില്ല. നിങ്ങള്‍ ഇവിടുത്തെ നാടുവാഴികളില്‍ ഒരാളാണെന്നും എന്നെ ഈ കാട്ടില്‍നിന്ന് ആട്ടി ഓടിക്കുവാന്‍ നിങ്ങള്‍ക്കധികാരമുണ്ടെന്നും എനിക്കറിയാം. ഞാന്‍ ഒരു അനാഥയാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. ഭര്‍ത്താവും സഹോദരനുമില്ല. ബന്ധുക്കളും സ്‌നേഹിതന്മാരുമില്ല. ഞാന്‍ ഈ പ്രദേശക്കാരിയുമല്ല. ഞാനൊരു ഭൂതമാണെന്നു പറഞ്ഞോ, നടിച്ചോ, നിങ്ങളുടെ നാട്ടുകാരെ ഭയപ്പെടുത്താറില്ല. നിങ്ങളുടെ മലയില്‍നിന്ന് യാതൊരാദായവും ഞാന്‍ എടുക്കുന്നുമില്ല. പിന്നെ എന്തിന് എന്നെ ആട്ടി ഓടിക്കുന്നു?
പടനായര്‍ : ഛേ! നിന്നെ ആട്ടി ഓടിക്കുകയോ? കഷ്ടം! അതു ഞാന്‍ മനസ്സില്‍ വിചാരിച്ചിട്ടുകൂടിയില്ല. നീ ആരാണെന്നു സൂക്ഷമം പറയൂ. എന്റെ ചരിത്രം നിനക്ക് അറിയാമെന്നു വരുന്നു. ഞാന്‍ നിന്റെ ചരിത്രം മറന്നുപോയി. ഇപ്രകാരം തനിയേ ഈ കാട്ടില്‍ കഴിച്ചുകൂട്ടുന്നതെങ്ങനെ? ഭക്ഷണം ആര്‍ തരും? എവിടെ കിടന്നുറങ്ങും?
യുവതി : നിങ്ങള്‍ ജനസമ്മതനായ ഒരാളാണ്. അഗതിയായ ഒരു സ്ത്രീയെ നിങ്ങള്‍ ഉപദ്രവിക്കുകയില്ലെന്ന് ഞാന്‍ വിശ്വസിച്ചതില്‍ തെറ്റില്ല. നിങ്ങള്‍ ഒരു വാഗ്ദാനം ചെയ്യുമെങ്കില്‍ മാത്രം ഞാന്‍ നിങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാം.
പടനായര്‍ : ഈ അപകടത്തില്‍ നിന്നു നിന്നെ രക്ഷിക്കുവാന്‍ ഞാന്‍ ശ്രമിക്കരുതെന്നാണു വാഗ്ദാനം വേണ്ടതെങ്കില്‍ അതിന്നു ഞാന്‍ ഒരുക്കമില്ല.
യുവതി : എനിക്കു പറയാനുള്ളതൊക്കെ ഞാന്‍ പറഞ്ഞേക്കാം. ശേഷം നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തുകൊള്ളുക. എനിക്ക് എത്രയും പ്രിയ്യപ്പെട്ട മരിച്ചുപോയ      ഒരാളെ സംബന്ധിച്ചുള്ള വ്രതമാണ് ഞാന്‍ ഈ കാട്ടില്‍ കഴിച്ചുകൂട്ടിയത്. നിങ്ങള്‍ ഇന്നലെ കണ്ട ആ വൃക്ഷത്തിന്മേല്‍ പ്രകൃതി ഉണ്ടാക്കിതന്നിട്ടുള്ള ഒരു പൊത്താണ് എന്റെ വീട്. ഈ മലയുടെ പടിഞ്ഞാറുവശം താഴ്‌വരയിലുള്ള ഒരു വീട്ടുകാരനാണ് എനിക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കിത്തരുന്നത്. ഞാന്‍ അനാഥയാണെങ്കിലും നിര്‍ദ്ധനയല്ല. എന്റെ ഈ വ്രതത്തെ മുടക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ ദൈവശിക്ഷ ഉണ്ടാകാതിരിക്കയില്ല.
ഇത്രയും പറഞ്ഞ് ആ യുവതി കറുത്ത കവചവും മൂടുപടവും ധരിച്ച് വില്ലും ശരവും കയ്യിലെടുത്ത്, കാട്ടിലൊരു ഭാഗത്തേക്ക് അതിവേഗത്തില്‍ പോയി മറഞ്ഞുകളഞ്ഞു.
'എന്റെ, ഈ വൃതത്തെ മുടക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ ദൈവശിക്ഷ ഉണ്ടാകാതിരിക്കയില്ല' എന്നു ഹൃദയത്തില്‍ തട്ടി ദീനസ്വരത്തിലാണ് അവള്‍ പറഞ്ഞത്. ആയതു പടനായരുടെ ഹൃദയത്തേയും വല്ലാതെ വേദനിപ്പിച്ചു.
'  ഈ യുവതിയെ മുമ്പ് എവിടെവെച്ചാണ് ഈശ്വരാ! ഞാന്‍ കണ്ടത്? എന്റെ ഓര്‍മ്മ എന്താണ് എന്നെ വഞ്ചിക്കുന്നത്? ' എന്നുള്ള വിചാരത്തോടെ ചിന്താമഗ്നനായി പടനായകന്‍ സാവധാനത്തില്‍ സ്വഗൃഹത്തിലേക്കു മടങ്ങി. പടനായര്‍ക്ക് ആകപ്പാടെ മനസ്സിന്നു സുഖമില്ലാതെ ഏതാണ്ട് ഒരു ഭ്രാന്തന്റെ നിലയിലാണ് കുറച്ചുദിവസം കഴിച്ചുകൂട്ടിയത്.
തലശ്ശന്നോരെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ യഥാവസരം പെറുമ്പടപ്പുമൂപ്പിലേക്കു അറിവായി. നിര്‍ദ്ദോഷിയായ മനക്കോട്ടുനായരെ തലശ്ശന്നോരുടെ ഏഷണി വിശ്വസിച്ചു കഴിവിന്മേലേറ്റിയതിനെപ്പറ്റി പെറുമ്പടപ്പുമൂപ്പിലേക്കു കലശലായ പശ്ചാത്താപമായി. തലശ്ശന്നോരുടെമേലുള്ള ആക്ഷേപങ്ങളെ അവിടുന്ന കൂടമായി അന്യേഷണം ചെയ്തുവരുന്നുണ്ടെന്ന് പടനായര്‍ക്ക് ബോധ്യപ്പെട്ടിരിക്കയാല്‍ ആ വിഷയത്തില്‍ നായര്‍ കുറച്ചുദിവസമായി മനസ്സ് പുണ്ണാക്കാറില്ല. സാധാരണ നേരം പുലര്‍ന്നാല്‍ മലയിലേക്കു വെറുതെയെങ്കിലും ഒന്നു പോകണമെന്നുതോന്നും. ചില ദിവസങ്ങളില്‍ ഭൂതത്തെ കണ്ടുവെന്ന് വരും. ചിലപ്പോള്‍ ഭൂതം ഒന്നും മിണ്ടാതെ വൃക്ഷത്തിന്റെ പൊത്തില്‍ പോയിരിക്കും. ഒരു ദിവസം പടനായര്‍ ഈ ഭൂതത്തെ കണ്ടപ്പോള്‍ താഴെ പറയും പ്രകാരം ഒരു സംഭാഷണം നടന്നു.
പടനായര്‍ : നാ എവിടേക്കണ് ഒന്നും മിണ്ടാതെ ഓടുന്നത്? നാളെ തലശ്ശന്നോര്‍ ഈ കാട്ടില്‍ നായാട്ടിന്നു വരവുണ്ടത്രേ. നിന്നെ ഒരു അസ്ത്രത്തിനു ഇരയാക്കിയാലോ.
ഭൂതം : നിങ്ങളുടെ നായാട്ടുകാരെയൊന്നും എനിക്കു ഭയമില്ല. എന്റെ വീട് അവരെയൊക്കെ കബളിപ്പിക്കുവാന്‍ തക്കവണ്ണം അത്ര ഉറപ്പുള്ളതാണ്. നിങ്ങളോട് പൊരുതിനില്‍ക്കുവാനാണ് എന്റെ കോട്ടയ്ക്ക് ശക്തിയില്ലാതെ വന്നത്. നരകത്തിലും എന്നെ ഉപദ്രവിക്കുവാന്‍ നിങ്ങള്‍ വരുന്നുവല്ലോ. അതോ എന്നെ രക്ഷിക്കുവാനാണോ? ദയവുചെയ്ത് മേലില്‍ കാട്ടിലേക്കുള്ള വരവ് ഒന്ന് നിര്‍ത്തണം. ഞാന്‍ അതിലേക്ക് നിങ്ങള്‍ക്ക് ഒരു കൈക്കൂലി തരുവാന്‍ നിശ്ചയിച്ചിട്ടുണ്ട്.
എന്നും പറഞ്ഞ് ഈ ഭൂതം മരത്തിന്റെ പൊത്തിന്നുള്ളില്‍പോയി പെട്ടന്നു പുറത്തേക്ക് വന്ന് ഒരു  വാള്‍ പടനായര്‍ക്ക് സമ്മാനിച്ചു. '' ശൂരന്മാരും മാനികളും ആയവര്‍ വളരെ കാര്യമായി വിചാരിച്ചുവന്ന  ഒരു വാളാണ് ഇതെന്നു മനസ്സിലാക്കണേ!'' എന്നും പറഞ്ഞ് ആ ഭുതം അവിടെനിന്നുപോയി. ഈ വാള്‍ തനിക്ക് എത്രയും പ്രയപ്പെട്ട ആ ഭുതത്തിന്റെ കൈയില്‍ നിന്നു കിട്ടിയതുകൊണ്ട് ആയത് ഒരു നിധിയായിട്ടാണ് പടനായര്‍ വിചാരിച്ചത്. ഈ വാള്‍ തന്റെ അനുരാഗത്തിന്റെ സ്മാരകമായി വിചാരിച്ചു. സ്വഗൃഹത്തില്‍ വന്നതിന്നുശേഷം രാത്രി സ്വസ്ഥനായിരിക്കുമ്പോഴാണ് പടനായര്‍ വാള്‍ നല്ലപോലെ പരിശോദിച്ചുനോക്കിയത്. വാളിന്റെ പിടിയിന്മേല്‍ ' മനക്കോട്ടുനായര്‍ നായര്‍ ' എന്നുവളരെ വെളിവായി എഴുതിരിക്കുന്നത്. ഇതുകൊണ്ടപ്പോള്‍ പടനായര്‍ ഒന്നുഞെട്ടി. ഹൊ! ആ കുട്ടിയോ? - ജീവനോടെയിരിപ്പുണ്ടെന്നോ? അതിന്നു തരമില്ല; എന്നൊക്കെ തന്നെത്താനെ ഓരോന്ന് പറഞ്ഞ് ഒരു ഭ്രാന്തന്റെ മാതിരി താനിരിക്കുന്ന മുറിയില്‍ അങ്ങട്ടും ഇങ്ങട്ടും നടന്നു വളരെനേരം കഴിച്ചുകൂട്ടി. ഏതെങ്കിലും നേരം പുലരട്ടെ, തന്റെ സംശയങ്ങളെല്ലാം തീര്‍ത്തുകളയാമെന്നു തീര്‍ച്ചപ്പെടുത്തി.
പിറ്റേദിവസം പത്തുമണി സമയമായപ്പോഴേക്കും തലശ്ശന്നോരും, നായാട്ടുകാരും നായ്ക്കളും കാടേറുവാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. പടനായര്‍ക്കാണെങ്കില്‍ ഭൂതത്തെക്കണ്ടു ചില സംശയങ്ങളെല്ലാം തീര്‍പ്പാനുണ്ട്. നായാട്ടു ദിവസമായതുകൊണ്ട് ഈ കൂടിക്കാഴ്ച ഭൂതത്തിനു ദോഷമായിത്തീരുമോ എന്നു ഭയവും ഉണ്ട്. ഏതെങ്കിലും തന്റെ സംശയത്തിന്ന് കാരണമായിത്തീര്‍ന്ന വാളും കൈയിലെടുത്ത് അയ്യഴിപ്പടനായരും മലയേറി ഭൂതത്തിന്റെ വസതിയുടെ അരികെ ഒരു ദിക്കില്‍ പതുങ്ങി ഒളിച്ചുകൂടി. നായാട്ടുകാരില്‍ നിന്നു യാതൊരു ഉപദ്രവവും തട്ടാതെ ഭൂതത്തെ രക്ഷിക്കേണമെന്നും അവസരം കിട്ടിയാല്‍ ഭൂതവുമായി സംസാരിച്ചു തന്റെ സംശയങ്ങള്‍ തീര്‍ക്കണമെന്നുംവെച്ചാണ് പടനായര്‍ കാത്തിരിക്കുന്നത്. ഭൂതം വസതിയില്‍ ഉള്ളതായ ലക്ഷണങ്ങള്‍ ഒന്നും പുറമേ കാണ്മാനില്ലെങ്കിലും രക്ഷക്കായി ഭുതം അവിടെ എത്താതിരിക്കയില്ലെന്നു പരിചയം കൊണ്ട് പടനായര്‍ക്ക് മനസ്സിലായിട്ടുണ്ട്. വളരെ നേരം ഇങ്ങനെ കഴിഞ്ഞു. എങ്ങും നായാട്ടുകാരുടെ  ശബ്ദവും അനക്കവുമില്ല. പടനായര്‍ അക്ഷമനായിത്തുടങ്ങി. അപ്പോഴേക്കും അല്പം ദൂരെവെച്ചു ചില നായ്ക്കളുടെ ശബ്ദവും കേട്ടുതുടങ്ങി. കുറുക്കന്‍, മുയല്‍, മുതലായ ചില ചെറുമൃഗങ്ങള്‍ ഇടയ്ക്കിടെ ഓരോ ഭാഗത്തേക്കും ഓടിത്തുടങ്ങി. ശബ്ദം അടുത്തടുത്ത് എത്തിത്തുടങ്ങി. നായാട്ടുകാര്‍ പല ഭാഗത്തില്‍ നിന്നുമായിട്ടാണ് മലയിലേക്ക് കയറീയിട്ടുള്ളത്. അതില്‍ ഒരു ഭാഗക്കാരാണ് അടുത്തുവരുന്നതെന്ന് തീര്‍ച്ചയായി. ആള്‍ക്കാര്‍അടുത്തെത്തിത്തുടങ്ങി. പടനായര്‍ തന്റെ ഇരിപ്പിടം  നല്ലവണ്ണം ഉറപ്പിച്ച് ഒളിച്ചിരിക്കുന്നു. പെട്ടെന്നു വില്ലും ശരവും കൈയിലെടുത്ത് ഭൂതം അവിടെ പ്രത്യക്ഷമാകുന്നു. നായാട്ടുകാര്‍ വരുന്ന വഴിക്കരികെ ചെന്നു. ഒരു വൃക്ഷം മറഞ്ഞു ഒരു ഭൂതം നില്‍ക്കുന്നു ഇതിന്റെ തത്വം മനസ്സിലാവാതെ പടനായര്‍ ഈ ഭൂതത്തിന്റെ പ്രവൃത്തികള്‍ എന്താണെന്നറിയാന്‍ കുറേക്കൂടി അടുത്തുകൂടുന്നു. അല്പം ദൂരെ അതാ തലശ്ശന്നോരുടേയും മറ്റും തലകള്‍ കാണുന്നു. തലശ്ശന്നോര്‍ കുറേക്കൂടി അടുത്തെത്തി. ഭൂതം വില്ലുതൊടുത്തു അസ്ത്രം ഒന്നുവിട്ടു. അതു തലശ്ശന്നോരുടെ വലത്തെ കൈകൊണ്ടു വലുതായ ഒരു മുറിയുണ്ടാക്കി രക്തം പ്രവഹിച്ചുതുടങ്ങി. ' അയ്യോ! ഭൂതം ' എന്നു പറഞ്ഞു തലശ്ശന്നോരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ജീവരക്ഷക്കായി ഓടുന്നു. അമ്പേറ്റ വ്യാഘ്രത്തെപ്പോലെ കോപതാമ്രാക്ഷനായി അസ്ത്രം വന്ന വഴി  നോക്കി ഭൂതത്തിന്റെ നേരെ വാളും ഓങ്ങി തലശ്ശന്നോര്‍ കുതിച്ചുചാടുന്നു. അതിലിടയ്ക്ക് ഭൂതം വീണ്ടും ഒരു അസ്ത്രം കൂടി വിടുന്നു. അസ്ത്രം ലാക്കുതെറ്റുന്നു. ഭൂതം പിന്മാറി ഓടുവാന്‍ ശ്രമിക്കുന്നു. തലശ്ശന്നോര്‍ പിന്നാലെ ഓടിയെത്തുന്നു. മൂടുപടം വലിച്ചെറിഞ്ഞു തലമുടി കടന്നുപിടിക്കുന്നു.
'' എടീ ദൂഷ്‌ടേ, എന്ത്? നീയോ? എന്റെ ഏമുര്‍ഭഗവതീ? ഇവള്‍ ചത്തില്ലേ? കിണറ്റുങ്കര മാധവിയുടെ അസ്ത്രത്തിനു ഞാന്‍ ഇരയാവുകയോ? നിന്റെ നയനാസ്ത്രത്തിനു പക്ഷേ, മുമ്പു ഞാന്‍ അടിമപ്പെട്ടിട്ടുണ്ടായിരിക്കാം. അന്നു നീ കാട്ടിയ ഗര്‍വ്വിന്റെ ഫലം നിന്റെ അച്ഛന്‍ മനക്കോട്ടുനായര്‍ അനുഭവിച്ചു. ഇതാ! നിന്റെ അച്ഛനെ ഇപ്പോഴെങ്കിലും അനുഗമിക്കു,'' എന്നു പറഞ്ഞു മാധവിയെ വെട്ടുവാന്‍ ഓങ്ങിയ വാളിതാ അവളുടെ കഴുത്തില്‍ വീഴാന്‍ ഭാവിക്കുന്നു. പെട്ടെന്ന് ഒരാള്‍ തലശ്ശന്നോരുടെ വെട്ടുവാന്‍ ഓങ്ങിയ കരം തടങ്ങല്‍ ചെയ്യുന്നു.
'' പാപീ! നിന്റെ വിഡ്ഢിത്വം പരമയോഗ്യനായ ഒരാളെ കഴുവിന്മേലേറ്റി. ഇപ്പോള്‍ നീ ആ മഹാന്റെ  മകളെ വധിക്കാനും തുടങ്ങുന്നു. ഈ വാള്‍ മനക്കോട്ടു നായരുടേതാണ്. ഇതു പ്രതിശാന്തിക്കായി നിന്റെ രക്തം കുറേ കുടിക്കട്ടെ. ''
എന്നും പറഞ്ഞ് പടനായര്‍ തലശ്ശന്നോരെ വെട്ടുന്നു. തലശ്ശന്നോര്‍ താഴെ വീണു മരിക്കുന്നു.  ഈ സംഭവങ്ങളൊക്കെ ഇത്രയും പറവാനുണ്ടായ സമയത്തിനു മുമ്പെ കഴിഞ്ഞു. ഈ സംഭവത്തിനുശേഷം മാധവിയും അയ്യഴി പടനായരും മുഖത്തോടു മുഖം നോക്കി നില്ക്കയാണ്. ഇവര്‍ രണ്ടുപേരുടേയും  മുഖത്തില്‍ അപ്പോള്‍ ഇവരുടെ ഹൃദയം നല്ലവണ്ണം പ്രതിബിംബിച്ചിട്ടുണ്ടായിരുന്നു. ആശ്ചര്യം, ഭയം,  അനുരാഗം, ബഹുമാനം, ഈ വക സ്‌തോഭങ്ങളുടെ  സമ്മേളനമായിരുന്നു ഇവര്‍ രണ്ടുപേരുടേയും മുഖത്ത് വിളയാടിയിരുന്നത്. ഈ അന്യോന്യമുള്ള വീക്ഷണം അധിക നേരത്തേക്ക് നിലനിന്നില്ല.
മാധവി : നിങ്ങള്‍ എന്താണ് കാട്ടിയത്? പരലോകത്തേക്കുള്ള എന്റെ ഗതിയെ തടഞ്ഞതിനു നിങ്ങള്‍ക്കു ശിക്ഷയൊന്നും ഇല്ലെന്നോ?  നിങ്ങള്‍ ഈ കാട്ടിയ ക്രിയയ്ക്കുള്ള ശിക്ഷ എന്താണെന്നു നിങ്ങള്‍ ലേശം ചിന്തിച്ചിട്ടുണ്ടോ? ഈ ദുഷ്ടന്‍ പെരുമ്പടപ്പുമൂപ്പിലെ ഉറ്റമിത്രമാണെന്നും, ഇവന്നെ കൊന്നതിന്ന് അവിടുന്നു ചെയ്യുന്ന പ്രതിക്രിയ എന്തായിരിക്കുമെന്നും നിങ്ങള്‍ക്കറിഞ്ഞുകൂടെ? ഓ!ശരിതന്നെ, ആ വാള്‍ ഇങ്ങോട്ടുതരൂ. നിങ്ങള്‍ നിര്‍ദ്ദോഷി, ഞാനാണു തലശ്ശന്നോരെ വെട്ടിക്കൊന്നത്. എന്റെ അച്ഛനെ ചതിച്ചുകൊല്ലിച്ച ഈ പാപിയോട് പ്രതിക്രിയ ചെയ്തുകൊള്ളാമെന്ന പ്രതിജ്ഞയോടെയാണെല്ലോ ഞാന്‍ ഈ കാട്ടില്‍ തരം നോക്കി പാര്‍ക്കുന്നത്. നിങ്ങള്‍ നിര്‍ദ്ദോഷി, ഞാന്‍ തന്നെയാണ് കൊലക്കുറ്റം ചെയ്തത്. അതിന്നുള്ള ശിക്ഷ ഞാന്‍ അനുഭവിക്കണം. വാളിങ്ങോട്ടു തരൂ.
പടനായര്‍ : ദത്താപഹാരം സ്ത്രീകള്‍ക്കായാലും ഭൂഷണമല്ല. തലശ്ശന്നോരെ കൊന്നത് ഞാന്‍ തന്നെയാണ്. ഈ കയ്യുകൊണ്ടാണ് കൊന്നത്. ഈ വാളിന്നും കയ്യിന്നും നല്ല കൃതാര്‍ത്ഥതയുമായി. ഇതുകൊണ്ട് വന്നുചേരുന്ന ദോഷമൊക്കെ ഞാന്‍ അനുഭവിക്കുവാന്‍ ഒരുക്കമാണ്.
എന്നും പറഞ്ഞു പടനായര്‍ തലശ്ശന്നോരുടെ മൃതശരീരമെടുത്തു കുറച്ചകലെ കാടുകൊണ്ട് മൂടിയ ഒരു കുഴിയില്‍ കൊണ്ടിട്ടു. മാധവിയുടെ അരികെ വീണ്ടും വന്നു.
പടനായര്‍ : നായാട്ടുകാര്‍ ഓരോരുത്തരായി ഇവിടെ ഇപ്പോഴെത്തും. അതിനിടയ്ക്ക് നാം ചിലതൊക്കെ തീര്‍ച്ചപ്പെടുത്തുവാനുണ്ട്. മാധവി എന്റെ ഒന്നിച്ച് ഇപ്പോള്‍ തന്നെ വീട്ടിലേക്ക് വരിക അല്ലെങ്കില്‍ വേഗം ആ മരത്തിന്റെ പൊത്തില്‍ച്ചെന്നു ഒളിക്കുക. ഞാന്‍ തലശ്ശന്നോരെ കൊന്ന ഘാതകനാണെന്ന് എല്ലാവരേയും അറിയിച്ച് അതിന്നുള്ള ശിക്ഷ നടപടിപ്രകാരം അനുഭവിക്കുക. ഇതില്‍ ഏതുമാര്‍ഗ്ഗമാണ് നല്ലത്?
മാധവി : നിങ്ങളുടെ ഈ വാക്കുകള്‍ ആരെങ്കിലും വിശ്വസിക്കുമോ. ഞാനാണ് കൊന്നതെന്ന് സകാരണം ഞാന്‍ പോയി എല്ലാവരേയും പറഞ്ഞുമനസ്സിലാക്കും. ഇതിനുള്ള ശിക്ഷ ഞാന്‍ ധൈര്യത്തോടെ അനുഭവിക്കുകയും ചെയ്യും.
ഇപ്പറഞ്ഞതൊന്നും കേട്ടുവെന്ന് നടിക്കാതെ പടനായര്‍ മാധവിയുടെ കൈ കടന്നുപിടിച്ചു. '' എന്റെ കൂടെ ഇപ്പോള്‍ വരൂ ശിക്ഷ നമുക്കു രണ്ടാള്‍ക്കും കൂടി ഒന്നിച്ചു അനുഭവിക്കാം എന്നാല്‍ സമാധാനമായില്ലേ?'' എന്നു പറഞ്ഞ് ഊടുവഴിയിലേക്ക് തിരിച്ചുതുടങ്ങി. എന്നാല്‍ പടനായരുടെ കരസ്പര്‍ശം തടങ്കല്‍ ചെയ് വാല്‍ മാധവി ഈ അവസരത്തില്‍ ശ്രമിച്ചതേയില്ല.
മാധവി : നിങ്ങളെന്നെ എവിടേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്?
പടനായര്‍ : എന്റെ ഭവനത്തിലേക്ക്
മാധവി : നിങ്ങളുടെ ഭവനത്തിലേക്കോ ?
പടനായര്‍ : അതേ, എന്താ സംശയം?
മാധവി : ഈ കാര്യത്തില്‍ എനിക്ക് യാതൊരു അഭിപ്രായവും പറയാനില്ലെന്നോ? ഞാന്‍ പോകുന്ന ദിക്കിലൊക്കെ അനര്‍ത്ഥമെന്ന് ദേവത എന്നെ പിന്തുടരും
പടനായര്‍ : ആ ദേവതയെ ഒഴിപ്പാനുള്ള ശക്തി എനിക്കുണ്ടോയെന്ന് നോക്കട്ടെ. ദയവുചെയ്ത് ആരെങ്കിലും കാണുന്നതിനുമുമ്പായി ഈ കരിമ്പട കവചം ദൂരെക്കളയുമോ?
മാധവി :  വേണമെങ്കില്‍ അതു കളഞ്ഞേക്കാം. ഏതെങ്കിലും എന്റെ ജീവനെ നിങ്ങളാണ് പിടിച്ചുനിര്‍ത്തിയത്. തന്‍നിമിത്തം ആ ജീവന്‍ നിങ്ങളുടെ അടിമയുമായി. ആ ജീവനെപ്പറ്റി എനിക്ക് യാതൊന്നും പറവാന്‍ അധികാരമില്ല. എന്റെ വീട്ടില്‍പ്പോയി രണ്ടുനിമിഷം വിശ്രമിച്ചുപോവുന്നതായ്ല്‍ എത്രത്തോളം ദോഷമുണ്ട്.?
പടനായര്‍ : നായാട്ടുകാര്‍ ഇപ്പോഴിവിടെ എത്താതിരിക്കയില്ല. അതുകൊണ്ട് വിശ്രമം വേണ്ട. വേണ്ടതു വേഗം പ്രവര്‍ത്തിക്കൂ.
മാധവിയെ കുറച്ചുകാലം കാത്തുരക്ഷിച്ച ആ വൃക്ഷത്തിന്റെ പൊത്തില്‍ പോയി വസ്ത്രങ്ങള്‍ മാറ്റി ഉള്ള കൈമുതലൊക്കെയെടുത്തു വൃക്ഷത്തോട് യാത്രപറഞ്ഞ് പുറപ്പെട്ടു. അയ്യഴി പടനായരും മാധവിയും സന്ധ്യക്കുമുമ്പ് ചേലക്കരയിലെത്തി. മാധവിയെ പടനായര്‍ തന്റെ അമ്മയുടെ സംരക്ഷണയില്‍ ആക്കി. അമ്മയെ നടന്ന സംഭവങ്ങളൊക്കെ ചുരുക്കത്തില്‍ പറഞ്ഞുമനസ്സിലാക്കി. വന്നേരിക്കും, മൂള്ളൂര്‍ക്കരയ്ക്കും ഓ േരാ എഴുത്തും വിശ്വസ്തന്മായവരെ ഏല്‍പ്പിച്ചു അടിയന്തിരമായി അവരെ അന്നുരാത്രിതന്നെ അയച്ചു. ഈ എഴുത്തില്‍ അന്നു നടന്ന സംഭവങ്ങളൊക്കെ വളരെ വിവരമായി എഴുതിയിരുന്നു.
പിറ്റേദിവസം നേരം പുലര്‍ന്നപ്പോഴേക്കും നായാട്ടിന്നുപോയ തലശ്ശന്നോരെ കാണ്മാനില്ലെന്ന വര്‍ത്തമാനം പേരാറ്റുവീഥിയിലെങ്ങും പരന്നു. ഭൂതം പിടിച്ചിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു. ജനങ്ങള്‍ പല ദിക്കില്‍ നിന്നും ചേലക്കരയില്‍ സ്വരൂപിച്ച്തുടങ്ങി. കാട്ടില്‍ വല്ല അപകടവും പറ്റിക്കിടപ്പുണ്ടോയെന്ന് പരിശോദിപ്പാന്‍ പലരും പുറപ്പെട്ടു പോയിരിക്കുന്നു.നേരം ഏതാണ്ട്  പന്ത്രണ്ടുമണി കഴിഞ്ഞു.നാട്ടാരൊക്കെ വന്നു നിറഞ്ഞിരിക്കുന്നു.മറ്റുളള കാര്യക്കാന്മാരൊക്കെ എന്താണു ചെയ്യേണ്ടതെന്നറിയാതെ അമ്പരന്നു നില്ക്കുന്നു.ദൂരെ നിന്നു ഒരു മഞ്ചലിന്റെ മുഴക്കവും,ഭടന്മാരുടെ ആര്‍പ്പുവിളിയും കേള്‍ക്കുന്നു.പാലിയത്തുവലിയച്ഛന്‍ വരുന്നുണ്ടെന്ന വര്‍ത്തമാനം നാട്ടാര്‍കൂട്ടത്തില്‍ പരക്കുന്നു.അയ്യഴിപടനായരുടെ പേരാറ്റുവീഥിയിലെയും അയിരൂര്‍ നാട്ടിലെയും നാടുവാഴിയായി പെരുമ്പടപ്പ്മൂപ്പില്‍ നിന്നു നിശ്ചയിചതും,മരിച്ച തലശ്ശന്നോരുടെ സ്വത്തുക്കള്‍ പിഴയായി മാധവിക്കു ചേരേണ്ടതാണെന്നു തിരുമേനി തീരുമാനിച്ചതും ആയവിവരങ്ങള്‍ അധികം പ്രയാസം കൂടാതെ നാട്ടാര്‍ കൂട്ടത്തെ വലിയച്ഛന്‍ പറഞ്ഞ് മനസ്സിലാക്കി.
സര്‍വ്വജനസമ്മതനായ പടനായരുടെ സ്ഥാനാരോഹണം എത്രത്തോളം ആഘോഷത്തോടുകൂടിയാണോ കഴിഞ്ഞത് അത്രതന്നെ ആഘോഷം നായരും മാധവിയുമായുണ്ടായ സംബന്ധത്തിനുമുണ്ടായിരുന്നു.ഈവക ശുഭകര്‍മ്മങ്ങളൊക്കെ കഴിയുന്നതുവരെ വലിയച്ഛന്‍ ചേലക്കരെതന്നെ താമസിക്കുകയും ചെയ്തു.
ചങ്കരകോത കയ്മളുടെ ഡയറി
931-#ാമാണ്ട് ധനു21-#ാതീയതി
മുരിയനാട്ട് നമ്പ്യാര്‍ കാഴ്ചയില്‍ ഒരു മൂകനാണെന്നു തോന്നും. ഒരു നായാട്ടില്‍ നമ്പ്യാരുടെ ഒരു കണ്ണ്  പോയിട്ടുണ്ടെങ്കിലും, മറ്റേ കണ്ണ് അയാളുടെ പടര്‍ന്നുപിടിച്ച കുടുമ ഇടയില്‍ക്കൂടി ലോകത്തില്‍ നടക്കുന്നതൊക്കെ കാണുവാന്‍ മതിയായിരുന്നു. അദ്ദേഹം അണിനിരത്തിയിരിക്കുന്ന ഒരു നായര്‍ പടയുടെ മുമ്പില്‍ നിന്ന് ഒന്നു നോക്കിയാല്‍ ആ പടയുടെ നടുവില്‍ അംഗഭംഗം വന്നവരേയും, പടയ്ക്കുവേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യാത്തവരേയും ഒരു നിമിഷം കൊണ്ട് കണ്ടുപിടിക്കും. പടയാളികള്‍ക്കെന്നാല്ല പടനായകന്‍മാര്‍ക്കുതന്നെയും ഇദ്ദേഹത്തെ വളരെ സ്‌നേഹമില്ല. അതിന്നു കാരണം നമ്പ്യാര്‍ക്കു സഹജമായി പണത്തിനുമേലുള്ള പിടുത്തമല്ലാതെ മറ്റൊന്നുമല്ല. എന്നാല്‍, പോരാട്ടത്തിനു പുറപ്പെടുമ്പോള്‍ നമ്പ്യാരെ അനുഗമിക്കുവാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹമാണ്. അദ്ദേഹത്തിനു പണത്തിലെന്നപോലെ പടയിലും ചില പിടുത്തവും വാശിയും ഉണ്ട്. ഈ രണ്ടു പിടിത്തത്തില്‍ നിന്നും അദ്ദേഹത്തെ വിടുവിക്കുവാന്‍ സാമാന്യക്കാരേക്കൊണ്ടൊന്നും സാധിക്കുന്നതുമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും എനിക്കു നമ്പ്യാരേയും വലിയ കാര്യമാണ്. അടിയന്തരമായി എന്നെയൊന്ന് കാണമമെന്നു നമ്പ്യാരുടെ ആള്‍ വന്നറിയിച്ചപ്പോള്‍ എന്തെങ്കിലും നല്ല ഒരു പോരാട്ടത്തിനു വകയുണ്ടാകുമെന്നും കരുതി ഭഹു ഉത്സാഹത്തോടുകൂടിയാണ് ഞാന്‍ പുറപ്പെട്ടു ചെന്നത്. ഉള്ളം കയ്യില്‍ മുഖവും വെച്ചു നമ്പ്യരിരിക്കുന്നത് കണ്ടപ്പോള്‍, എല്ലാവരും വല്ല സംഭാവനയും തരണമെന്നു  ചോദിക്കുമ്പോള്‍ ഉണ്ടാകുന്ന ഭാവമാണ്, നമ്പ്യാരുടെ മുഖത്ത് സ്ഫുരിച്ചിരുന്നത്. എങ്കിലും എന്നെ കണ്ടപ്പോള്‍ ഒന്നു പുഞ്ചിരിച്ചുകൊണ്ടു നമ്പ്യാര്‍ ചോദിച്ചു .
' എന്താ കയ്മളെ! സുഖംതന്നെയല്ലേ? ' ദുഃഖമൊന്നുമില്ല.
മുരിയനാട്ടു നമ്പ്യാര്‍ :  നിങ്ങളുടെ പടമുഖത്തു നായന്മാരെങ്ങനെ?
ഞാന്‍ : അവര്‍ എഴുന്നൂറുപേരും എഴുന്നൂരുപേരു തന്നെ.
മുരിയനാട്ടു നമ്പ്യാര്‍ :  നിങ്ങള്‍ക്കു പറ്റിയ പരിക്കോ? അതുണങ്ങിയോ?
ഞാന്‍ : അത് ഒരിക്കലും ഉണങ്ങുന്നതല്ല.
മുരിയനാട്ടു നമ്പ്യാര്‍ :  കാരണം?
ഞാന്‍ : എനിക്ക് എപ്പോഴും പുതിയ പരിക്കുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്.
മുരിയനാട്ടു നമ്പ്യാര്‍: പഴയഞ്ചേരി നായര്‍ക്കു ശത്രുക്കളില്‍ നിന്ന് ഇരുപത്തിയൊന്നു മുറികള്‍ പറ്റിയിട്ടുണ്ടെന്നു കേട്ടു. നിങ്ങള്‍ക്കും മുറിയേറ്റിട്ടുണ്ടെന്നറിയാലാണ് കുറച്ചു ദിവസമായി ഞാന്‍ ബുദ്ധിമുട്ടിക്കാഞ്ഞത്.
ഞാന്‍: അതാണെല്ലോ എനിക്കു വലിയ പരിക്കേല്‍പ്പിക്കുന്നത്.
മുരിയനാട്ടു നമ്പ്യാര്‍ : അതു പോകട്ടെ, ലന്തപ്പട്ടാളക്കാരെത്തിയതുമില്ല. സാമൂതിരിയുടെപട കുന്നംകുളം കടക്കുകയും ചെയ്തു. നാം മൂള്ളൂര്‍ക്കരയില്‍ തടവുകാരേപ്പോലെ ഇരുന്നിട്ടു കാര്യമില്ല. എന്തെങ്കിലും ചിലത് ഉടനെ പ്രവര്‍ത്തിക്കണം.
ഞാന്‍ : പടയേല്‍ക്കുകതന്നെയല്ലേ ?
മുരിയനാട്ടു നമ്പ്യാര്‍ : അല്ല പിന്‍വലിക്കാനാണു ഭാവം.
ഇതുകേട്ടപ്പോള്‍ എനിക്കുണ്ടായ ആശാഭംഗം മുഖത്തുനോക്കിത്തന്നെ അറിയേണ്ടതായിരുന്നു. എന്ത് ! ഈ ധര്‍മ്മോത്തു പണിക്കരുടെ പടയാളികളോടെതിര്‍ത്തു പിന്‍വലിയുകയോ! ഞാന്‍ കരഞ്ഞില്ലെന്നു മാത്രമേയുള്ളൂ.
മുരിയനാട്ടു നമ്പ്യാര്‍: എന്താ നിങ്ങളുടെ ആലോചന ? ഇരുഭാഗത്തുനിന്നും ശത്രുക്കള്‍ എതിര്‍ത്ത്  അപജയത്തിന്നു വഴി കാണുമ്പോള്‍ ആള്‍ നഷ്ടം കൂടാതെ കഴിക്കുകയല്ലേ ഉത്തമം?
ഞാന്‍ : അല്ല മുമ്പോട്ടുകടന്നു ശത്രുക്കളുടെ അണി മുറിക്കുകയാണ് വേണ്ടത്. ഇതു കേട്ടപ്പോള്‍ നമ്പ്യാര്‍ തല കുലുക്കിക്കൊണ്ടു പറഞ്ഞു. ' കയ്മളെ ! ധര്‍മ്മോത്തുപമിക്കരുടെ അണി മുറിപ്പാന്‍ നമ്മളാല്‍ ഇപ്പോള്‍ സാധ്യമല്ല. അതിന്നുള്ള ഒരുക്കങ്ങളും നമുക്ക് പോരാ.മനക്കോട്ടച്ചനോ മരിച്ചു  നാം ഇവിടെ മുള്ളൂര്‍ക്കരയില്‍ ആറുമാസമായി എതിര്‍ത്തു നില്‍ക്കുന്നു. ഭക്ഷണ സാധനങ്ങളും ഇഷ്ടംപോലെ കിട്ടുവാനുമില്ല. പിന്നെ എന്താണു ഭേദം?  പിന്‍വലിക്കുകയല്ലേ? '
ഞാന്‍ :  കടവല്ലൂരില്‍ ധാരാളം ഭക്ഷണ സാധനങ്ങള്‍ കിട്ടും.
മുരിയനാട്ടു നമ്പ്യാര്‍ : ഛീ! കുന്നുംകുളങ്ങര ശത്രുക്കള്‍ സ്വരൂപിച്ചിരിക്കുമ്പോള്‍ അതു സാധ്യമല്ല. അതൊക്കെപോട്ടെ അതൊന്നും ആലോചിപ്പാനല്ല ഞാന്‍ നിങ്ങളെ വിളിച്ചത്. ഭാരമേറിയ ഒരു കാര്യം നിങ്ങളാല്‍  സാധിക്കേണ്ടതായിട്ടുണ്ട്. അതിന്നു മറ്റാരേയും കണ്ടില്ല.
ഇതു കേട്ടപ്പോള്‍ ഞാന്‍ ചെവികൂര്‍പ്പിച്ചുകൊണ്ടിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
മുരിയനാട്ടു നമ്പ്യാര്‍ :  മാരീചന്‍നായരെ നിങ്ങള്‍ അറിയുമോ?
ഞാന്‍:  ഞാനറിയാത്ത സ്ഥാനിനായന്മാര്‍ കൊച്ചിയിലും കോഴിക്കോട്ടും ഇല്ല. ഒന്നുങ്കില്‍ എണങ്ങീട്ട്, അല്ലെങ്കില്‍ പിണങ്ങീട്ട്.
മുരിയനാട്ടു നമ്പ്യാര്‍ : മാരീചന്‍നായരെന്ന പേര്‍ അയാള്‍ക്കു പടയാളികള്‍ കൊടുത്തതാണ്. വാസ്തവത്തില്‍ അയാള്‍ സാമൂതിരിയുടെ പടനായകന്മാരിലൊരാളായ പനങ്ങാട്ടു പണിക്കരാണ്. സ്ഥാനിയും തറവാട്ടുകാരനുമാണ്. അയാളുടെ ദുര്‍ന്നടവടികളെക്കൊണ്ട് ഇങ്ങനെയൊരു പേരു കിട്ടിയെന്നേ ഉള്ളൂ. ചൂണ്ടല്‍കുന്നിന്നടുക്കെ അയാളിപ്പോള്‍ ഉണ്ട്. അയാളെ ഒന്നു കണ്ടുവരണം.
ഞാന്‍ : ഒരു വിരോധവുമില്ല.
മുരിയനാട്ടു നമ്പ്യാര്‍ : അയാളെ കണ്ടാല്‍ പിന്നെ കാണുന്ന മരത്തിന്മേല്‍ അയാളെ തൂക്കുകയും വേണം.
ഞാന്‍ : വളരെ സന്തോഷം.
ഇങ്ങനെ പറഞ്ഞു ഞാന്‍ എഴുന്നേറ്റുപോയി.
മുരിയനാട്ടു നമ്പ്യാര്‍ : അത്ര ധൃതിപ്പെടേണ്ട കാര്യം മുഴുവന്‍ മനസ്സിലാക്കീട്ട് പുറപ്പെട്ടാല്‍ മതി. ഈ മാരീചന്‍ നായര്‍ എന്നു പറയുന്ന പണിക്കര്‍ ചില്ലറക്കാരനൊന്നുമല്ല. അദ്ദേഹം സാമൂതിരിയുടെ സൈന്യത്തില്‍ ഒരു ശ്രുതിപ്പെട്ട പടനായകനായിരുന്നു. യുദ്ധധര്‍മ്മത്തിന്നു വിരോധമായി എന്തോ പ്രവര്‍ത്തിക്കയാല്‍ പടയില്‍ നിന്നു ഭ്രഷ്ടനാക്കിവിട്ടു. ഇപ്പോള്‍ അയാള്‍ ഒച്ചുവളരെ പിന്‍ഗാമികളോടുകൂടി കാട്ടില്‍ കടന്നുകൂടിയിരിക്കുകയാണ്. കൊച്ചിക്കാരും കോഴിക്കോട്ടുകാരും കൊളമ്പുകാരും ലന്തക്കാരും മറ്റുമായി എല്ലാ സൈന്യങ്ങളില്‍ നിന്നും പോര്‍ക്കളം വിട്ടോടിപ്പോകുന്നവരൊക്കെ  ഇയ്യാളുടെ കൂട്ടത്തില്‍ കൂടുകയാണു പതിവ്. അവര്‍ അഞ്ഞൂറോളം പേരുണ്ടെന്നാണ് കേള്‍വി. കൊലയും കൊള്ളയും കൊണ്ടാണിവര്‍ അഹര്‍വൃത്തി കഴിക്കുന്നത്. ചൂണ്ടല്‍ക്കുന്നിന്റെ അടുത്തുള്ള ആലത്തൂര്‍ നമ്പിയുടെ ഇല്ലം കൈവശപ്പെടുത്തി ഇവരിവിടെ സങ്കേതം ഉറപ്പിച്ചിരിക്കയാണ്.
'' അയാളെ തൂക്കിക്കൊല്ലുന്നതിന്നു ഇതിലധികം കുറ്റം ചെയ്യേണ്ടതില്ല. '' എന്നു പറഞ്ഞു വീണ്ടും ഞാനെഴുന്നേറ്റു.
മുരിയനാട്ടു നമ്പ്യാര്‍ : നില്ക്കട്ടെ, ഒന്നു കൂടി പറഞ്ഞുകൊള്ളട്ടെ ഇയാള്‍ ചെയ്ത ഒരു വലിയ കുറ്റം കൂടി പറയാനുണ്ട്. കോടനാട്ടു നമ്പൂതിരിപ്പാട്ടിലെ ഭാര്യയും ഒരു നല്ല പണക്കാരത്തിയും ആയ ആലുങ്കല്‍ കുഞ്ഞുക്കുട്ടിയമ്മ വെള്ളറക്കാട്ടുനിന്നു കണ്ണങ്കുളത്തേക്കു പോകുമ്പോള്‍ വഴിക്കുവെച്ച് പണിക്കരുടെ ആള്‍ക്കാര്‍ പിടിച്ചു തടവുകാരിയാക്കിയിട്ടുണ്ടത്രേ. നമ്പിയുടേയും നമ്പൂതിരിപ്പാടിലേയും സങ്കടങ്ങള്‍  തിരുമുമ്പാകെ എത്തീട്ടുണ്ട്. ആ സ്ത്രീക്ക് അവിടെ ബന്ധനത്തില്‍ വല്ല രക്ഷയുമുണ്ടെങ്കില്‍ ,-
ഞാന്‍: ആയമ്മയുടെ പ്രായാധിക്യം തന്നെ ആയിരിക്കാം.
മുരിയനാട്ടു നമ്പ്യാര്‍ : അല്ലാ, നമ്പൂതിരിപ്പാട്ടിലേയും ആയമ്മയുടേയും പണത്തിന്റെ ശക്തി തന്നെയാണ്. അതിരിക്കട്ടെ. മൂന്നു കാര്യമാണ് ഇപ്പോള്‍ നിവര്‍ത്തിക്കാനുള്ളത്. ഒന്നാമത്, ആ നിര്‍ഭാഗിയായ സ്ത്രീയെ രക്ഷിക്കണം. രണ്ടാമത്, കൊള്ളക്കാരനെ ശിക്ഷിക്കണം. മൂന്നാമത്, കൂട്ടാളികളെ ആട്ടിയകറ്റണം. എന്നിട്ടു നാളെ വൈകുന്നേരം കയ്മളും ആള്‍ക്കാരും വടക്കാഞ്ചേരി എത്തുകയും വേണം . ഇതിലേക്കായ് പടമുഖത്തു നായന്മാരില്‍ അമ്പതാളെ കൂടെ അയക്കാനേ ഇപ്പോള്‍ സാധിക്കുകയുള്ളൂ.
ഇതുകേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. അഞ്ഞൂറാളുടെ നേരെ അമ്പതാളെക്കൊണ്ട് എന്തു സാധിക്കുവാനാണ്? ചുരുങ്ങിയത് എന്റെ പടമുഖത്ത് നായന്മാരില്‍ പത്തഞ്ഞൂറു പേരെയെങ്കിലും കൂട്ടാമെന്നാണ് ഞാന്‍ കരുതിയത്.
മുരിയനാട്ടു നമ്പ്യാര്‍: കൂടെ അധികം ആളെ അയ്ക്കാമായിരുന്നു. പക്ഷേ നമ്മുടെ സൈന്യങ്ങളെ ഇന്നുതന്നെ വടക്കാഞ്ചരിക്കു പിന്‍വലിക്കണം. ധര്‍മ്മോത്തു പണിക്കരുടെ മുഷ്‌ക് ഉള്ളപ്പോള്‍ ഉള്ളേടത്തോളം ആളുകള്‍ എന്റെ കൂടെ തന്നെ വേണം. എന്നാലിനി നാളെ വൈകുന്നേരം വടക്കാഞ്ചേരി കാണാം.
ഈ സമസാരം അവസാനിച്ചു പുറത്തിറങ്ങിയപ്പോഴാണ് ഞാന്‍ നിവര്‍ത്തിക്കേണ്ട കാര്യത്തിലുള്ള വൈഷമ്യങ്ങളെപ്പറ്റി എനിക്കാലോചിക്കാനിടയായത്. വലിയ തമ്പുരാന്‍ തിരുമനസ്സില്‍ നിന്നു സ്ഥാനമാനങ്ങള്‍ കിട്ടേണമെന്ന് വളരെക്കാലമായി എനിക്കുണ്ടായിരുന്ന മോഹം സാധിക്കാനുള്ള സമയമായി എന്നെനിക്കു തോന്നിത്തുടങ്ങി. എന്റെ നായകത്വത്തിന്‍ കീഴില്‍ പുറപ്പെടാനുള്ള ഭടന്മാരുടെ മുഖത്തുനോക്കിയപ്പോള്‍ എനിക്കുണ്ടായ ഈ വിശ്വാസം ഒന്നു കൂടി ബലപ്പെട്ടതേയുള്ളൂ. ഞങ്ങള്‍ക്കു പോവാനുള്ള വഴി കുന്നംകുളംങ്ങര കുടിയിരിക്കുന്ന സാമൂതിരി സൈന്യങ്ങളുടെ അരികെക്കൂടിയായതുകൊണ്ടും, അവരുടെ ഒറ്റുകാര്‍ നാട്ടിലെങ്ങും സഞ്ചരിച്ചിരുന്നതുകൊണ്ടും, ഗൂഢമായ വഴികളില്‍ക്കൂടി  പോവാനാണു ഞങ്ങളുറച്ചത്. നേരം പതിറ്റടിയായതോടുകൂടി ഞങ്ങള്‍ പെരുമലക്കുന്നിന്മേല്‍ എത്തി. ആ കുന്നിന്റെ മുകളില്‍ നിന്നു ദേശസ്ഥിതികള്‍ നോക്കിയറിവാനും ശത്രുക്കളുടെ സങ്കേതങ്ങള്‍ വല്ല ദിക്കിലുമുണ്ടോ എന്നു പരിശോധിപ്പാനായി ഞാന്‍ ചില ഭടന്മാരോട് ആജ്ഞാപിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഭടന്‍ വന്നു. തലപ്പിള്ളി മേല്‍വട്ടത്തുനിന്നു സാമൂതിരിയുടെ പടയാളികള്‍ വരുന്നുണ്ടെന്ന#ുള്ള വിവരം അറിവുതന്നു. വിശ്വാസമാവായ്കയാല്‍ ഞാന്‍ തന്നെ ഒന്നു ചെന്നു നോക്കിയപ്പോള്‍ കാര്യം വാസ്തവമാണെന്നു കണ്ടു. പെരുമലക്കുന്നിന്റെ താഴ്വരയിലെത്തിയപ്പോഴേക്കും തലപ്പിള്ളി മേല്‍വട്ടത്തു നിന്നുവരുന്ന പടയാളികള്‍ അടുത്തെത്തിക്കഴിഞ്ഞു. കൊച്ചിയും കോഴിക്കോടും സൈന്യങ്ങള്‍ കണ്ടുമുട്ടിയാല്‍ വെറുതേ പിരിയുന്നത് സമ്പ്രദായ വിരോധമാണ്. എന്നാല്‍  ഇതിലും ഗൗരവമേറിയ കാര്യങ്ങള്‍ സാധിക്കാനുള്ളതുകൊണ്ട് തല്ക്കാലം അതിന്നുള്ള സമയവുമില്ല. ഈ ധര്‍മ്മ സങ്കടത്തില്‍ എന്താ ചെയ്യേണ്ടതെന്ന് എനിക്കു വിചാരമായി. ഈ വിചാരത്തോടുകൂടി അധികനേരം നില്‍ക്കേണ്ടിവന്നില്ല.അപ്പോഴേക്കും ശത്രുസൈന്യങ്ങള്‍ വാളുമൂരി അടുത്തെത്തിക്കഴിഞ്ഞു. ഇതു കണ്ടു കൊണ്ടു നില്ക്കുകയല്ലെന്നുവെച്ച് ഞങ്ങളും ഒരുങ്ങി. നല്ല യൗവനയുക്തനും ഒരു യോദ്ധാവിന്നനുരൂപമായ  വേഷത്തോടും ഏതു കാര്യത്തിലും ഒരു നിസ്സാരഭാവത്തോടും കൂടിയവനായ ആ പട്ടാളക്കാരുടെ എജമാനന്‍ വരുന്നതുകണ്ടപ്പോള്‍ എനിക്കു വാസ്തവത്തില്‍ ആശ്ചര്യവും ബഹുമാനവും ആണുണ്ടായത്. അല്പനേരം ഞാന്‍ ആ വരവു നോക്കിക്കൊണ്ടുനിന്നുപോയി. വാളും ഊരിക്കൊണ്ട് ഞാനും അയാളോട് എതിര്‍ക്കുവാന്‍ ചെന്നു. അപ്പോള്‍ ' ഇയാളെ ഞാന്‍ എവിടെവെച്ചാണ് കണ്ടിട്ടുള്ളത്? ' എന്നുള്ള വിചാരം എന്റെ മനസ്സില്‍ ഉദിച്ചു. ശരി, ആളെ മനസ്സിലായി.
ഇതിനിടയ്ക്ക് അയാള്‍ തന്റെ വാള്‍ എന്നെ വെട്ടുവാനായി ഓങ്ങിക്കഴിഞ്ഞു. അത് തടുത്തുവെട്ടുവാന്‍  ഞാനും നോക്കിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ കുറച്ചുനേരം ഞങ്ങള്‍ മുഖത്തോടുമുഖം നോക്കിനില്‍ക്കുകയുണ്ടായി.
ഞാന്‍! എന്ത്! ഉള്ളനാട്ടു പണിക്കാരോ? എന്തൊരു പുതുമ!
ഉള്ളനാട്ടു പണിക്കര്‍ : അല്ലാ, ചങ്കരകോതകയ്മളോ? ഇതു വിചാരിക്കാത്ത സംഭവമാണ്. ഞാന്‍ വിചാരിച്ചു. എന്തോ ചതിയുണ്ടെന്ന്.
ഇതുപറഞ്ഞപ്പോള്‍ പണിക്കരുടെ മുഖത്തുണ്ടായ സ്‌തോഭം നോക്കിയാല്‍ ഒരു സ്‌നേഹിതനെ കണ്ടതിലുണ്ടായ സന്തോഷത്തിന്നുപകരം ശത്രുവിനെ കണ്ടുമുട്ടാത്തതിലുള്ള ഇച്ഛാഭംഗമാണ് കാണ്മാനുണ്ടായിരുന്നത്.
ഞാന്‍ : നിങ്ങളുടെ ഈ പോരാട്ടത്തില്‍ച്ചേര്‍ന്ന് ഇച്ഛാഭംഗം കൂടാതെ കഴിച്ചാല്‍ക്കൊള്ളാമെന്ന് എനിക്കും നന്നേ മോഹമുണ്ട്. പക്ഷേ, എന്നെ ഒരിക്കല്‍ അപകടത്തില്‍ നിന്നു രക്ഷിച്ച സ്‌നേഹിതന്റെ നേരെ വാളുയര്‍ത്തുവാന്‍ എനിക്കു മനസ്സുവരുന്നില്ല.
ഉള്ളനാട്ടു പണിക്കര്‍ : ഛേ, അതു സാരമില്ല.
ഞാന്‍ : അല്ലാ, സാരമുണ്ട്. എനിക്കതിന് ഒരിക്കലും സമാധാനമില്ല.
ഉള്ളനാട്ടുപണിക്കര്‍ : നിങ്ങള്‍ നിസ്സാരമായ ഒരു കാര്യം വളരെ സാരമാക്കിത്തീര്‍ക്കുന്നു.
ഞാന്‍: എന്റെ അമ്മ നിങ്ങളെ കണ്ടിട്ടുണ്ടെങ്കില്‍ എനിക്കു ചെയ്ത ഉപകാരത്തിന്ന് എന്തെന്നില്ലാത്ത് കൃതജ്ഞത പറയാതിരിക്കയില്ല.  നിങ്ങള്‍ ഞങ്ങളുടെ പ്രദേശത്ത് എപ്പോഴെങ്കിലും വരുമെങ്കില്‍-
ഉള്ളനാട്ടുപണിക്കര്‍ : ഓഹോ! അതുടനെ ഉണ്ടാവും. സാമൂതിരിപ്പാടും അയ്മ്പതിനായിരവും  താമസിയാതെ അവിടെയെത്തും.
ഞാന്‍ : എന്നാല്‍ അതിലൊരാളെങ്കിലും ജീവിക്കാതിരിക്കുകയില്ല. അതുപോകട്ടെ, നിങ്ങളുടെ വാള്‍ ഉറയിലിടുക തന്നെ.
ഇതുപറഞ്ഞുകഴിഞ്ഞപ്പോള്‍ പണിക്കര്‍ അടുത്തുവന്ന് എന്റെ ചുമലില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു. '' നിങ്ങള്‍ നല്ലാളാണെന്ന് എനിക്ക് മുമ്പുതന്നെ അറിയാം. നമ്മളുടെ ഈ കളി കണ്ടാല്‍ ധര്‍മ്മോത്തുപണിക്കര്‍  തല വെച്ചേക്കില്ല. കളിക്കാനല്ല ഞങ്ങളെ ഇങ്ങോട്ടയച്ചിട്ടുള്ളത്.''
ഞാന്‍ : പിന്നെ ഞാനെന്തു ചെയ്യണമെന്നാണു നിങ്ങള്‍ പറയുന്നത്.?
ഉള്ളനാട്ടുപണിക്കര്‍ :  കൊച്ചിയിലെ പടമുഖത്തു നായന്മാരും കോഴിക്കോട്ടെ പടമുഖത്തുനായന്മാരും തമ്മില്‍ ചില കണക്കൊക്കെ പറയാനുണ്ട്. ഞങ്ങളും അയ്മ്പതുപേരുണ്ട്, നിങ്ങളും അയ്മ്പതുപേരുണ്ട്. വഴിയില്‍ നിന്നല്പം വിട്ടുനിന്നു. നാം തമ്മില്‍ ഒരു കൈ നോക്കുക തന്നെ ഈ ശീതകാലത്തു ദേഹത്തില്‍ നിന്നു കുറേശ്ശെ രക്തം പുറപ്പെടുന്നത് നല്ലതാണ്.
ഈ പറഞ്ഞത് വാസ്തവമാണെന്ന് എനിക്കും തോന്നി. ചുണ്ടല്‍ക്കുന്നിന്മേല്‍ ച്ചെന്നു  മാരീചന്‍നായരെ തൂക്കിക്കൊന്നു. കുഞ്ഞിക്കുട്ടിയമ്മയെ ബന്ധനത്തില്‍ നിന്നും വിടുവിച്ചു കൊള്ളക്കാരെ ആട്ടിയോടിച്ചതിന്നു ശേഷമാണെങ്കില്‍ ഒരു കൈ നോക്കിക്കളയാമെന്ന് എനിക്കും ഉണ്ടായിരുന്നു.
ഞാന്‍ : തരക്കേടില്ല. പണിക്കരേ, നിങ്ങളുടെ മുന്‍ഭാഗമല്ലേ ഇപ്പോള്‍ കണ്ടുള്ളൂ. പിന്‍ഭാഗം കൂടി ഉടനെ  കാണാന്‍ സംഗതി വരുമല്ലോ.
ഉള്ളനാട്ടു പണിക്കര്‍ : പന്തയം വെക്കുന്നുവോ?
ഞാന്‍ : കൊച്ചിയിലെ പടമുഖത്തു നായന്മാരുടെ പ്രശസ്തി തന്നെയാണ് ഞങ്ങളുടെ പന്തയം.
ഉള്ളനാട്ടു പണിക്കര്‍ : ശരി, എന്നാലൊന്നു നോക്കുക തന്നെ. ഞങ്ങള്‍ നിങ്ങളെ നോന്‍പിച്ചാലോ ഞങ്ങള്‍ക്കു നന്നായി; അല്ല,  നിങ്ങള്‍ ഞങ്ങളെ തോല്പിച്ചാല്‍ മാരീചന്‍ നായര്‍ക്കു നന്നായി.
ഇതു പറഞ്ഞപ്പോള്‍ ഞാന്‍ വളരെ ആശ്ചര്യത്തോടെ '' എന്താ മാരീചന്‍ നായര്‍ക്ക് ? '' എന്നു ചോദിച്ചു.
ഉള്ളനാട്ടു പണിക്കര്‍  : മാരീചന്‍ നായര്‍ എന്നു പറയുന്നത് ഇപ്രദേശത്തെവിടെയോ താമസിക്കുന്ന ഒരു കൊള്ളക്കാരന്റെ പേരാണ്. അയാളെ പിടിച്ചു തൂക്കിക്കൊല്ലുവാനായി ധര്‍മ്മോത്തുപണിക്കര്‍ എന്നെ അയച്ചിരിക്കുകയാണ്.
ഞാന്‍ : എന്റെ തായങ്കാവില്‍ ഭഗവതീ! എന്നേയും ഈ ഉദ്ദേശത്തോടുകൂടിയാണല്ലോ മുരിയനാട്ടു നമ്പ്യാരും അയച്ചിട്ടുള്ളത്.
ഞങ്ങള്‍ രണ്ടുപേര്‍ക്കും വളരെ സന്തോഷമായി. പൊക്കിയിരുന്ന വാള്‍ ഉറയിലിട്ടു. ഇതു കണ്ട് ഞങ്ങളുടെ പിന്‍ഗാമികളും ആയുധങ്ങള്‍ സ്വസ്ഥാനത്തുവെച്ചു.
ഉള്ളനാട്ടു പണിക്കര്‍ : നാമിപ്പോള്‍ സഖാക്കളാണ്.
ഞാന്‍ : ഒരു ദിവസത്തേക്കു മാത്രം.
ഉള്ളനാട്ടു പണിക്കര്‍ : നാം യോജിച്ചു പ്രവര്‍ത്തിക്കണം.
ഞാന്‍ : അതിനെന്താ സംശയം?
ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ പടയാളികളും കൂടി സന്ധ്യയോടുകൂടി തായങ്കാവു ക്ഷേത്രത്തിന്നടുത്തെത്തി. ആലത്തൂര്‍ നമ്പിയുടെ ഇല്ലവും കൊള്ളക്കര്‍ സങ്കേതം കൂടീട്ടുള്ള ചുണ്ടല്‍ക്കുന്ന കോട്ടയും ദൂരത്തുനിന്നുതന്നെ ഞങ്ങള്‍ക്ക് നല്ലവണ്ണം കാണാമായിരുന്നു. ഈ സങ്കേതങ്ങള്‍ കണ്ടപ്പോള്‍ ഞങ്ങളുടെ പരിശ്രമം ഫലിക്കുവാന്‍ കുറേ പ്രയാസമാണെന്ന് തോന്നിത്തുടങ്ങി. കൊള്ളക്കാരുടെ കൈവശം അത്യാവശ്യം ലന്തത്തോക്കുകളും കൂടിയുണ്ടെന്നു കേട്ടപ്പോള്‍ ഞങ്ങളുടെ കൂടെ കുറേ തോക്കുകാരെക്കൂടി കൊണ്ടുവരാഞ്ഞത് തെറ്റായിപ്പോയി എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു.
ഉള്ളനാട്ടു പണിക്കര്‍ : അതൊന്നും നമുക്കിപ്പോള്‍ ആലോചിച്ചിട്ടു കാര്യമില്ല. തോക്കുകാരെ അയക്കാതിരുന്നതിലുള്ള ന്യായം ധര്‍മ്മോത്തു പണിക്കരും മുരിയാട്ടു നമ്പ്യാരും തമമില്‍ പറഞ്ഞുകൊള്ളട്ടെ.
ഞാന്‍ : അധൈര്യം വേണ്ടാ, നിശ്ചയം. എന്റെ ഈ ചങ്ങാതി കണ്ടുണ്ണി നായര്‍ അമ്പതു ലന്തത്തോക്കുകാരെ ഒരു തവണ പിടിച്ചുകെട്ടിയിട്ട ആളാണ്.
ഉള്ളനാട്ടുപണിക്കര്‍ :  ഓഹോ! നിങ്ങളുടെ ചങ്ങായിക്ക് നൂറു കുതിരപ്പട്ടാളക്കാര്‍ക്കൂടി സഹായത്തിന്നുണ്ടെങ്കില്‍ അയാള്‍ കോഴിക്കോട്ടു പട്ടണം തന്നെ പിടിക്കില്ലേ? അതിരിക്കട്ടെ ഞങ്ങളുടെ കൂട്ടത്തില്‍ പോര്‍ക്കളത്തിലുള്ള പരിചയം കൊണ്ട് നിങ്ങള്‍ക്കാണ് പ്രായം അധികം. അതുകൊണ്ട് ഇനി എന്തുപ്രര്‍ത്തിക്കണമെന്നുപദേശിക്കേണ്ടത് നിങ്ങളാണ്.
ഞാന്‍ :  ശരി, നാമെന്തു ചെയ്യുന്നതായാലും വേഗം ചെയ്യണം. എനിക്കു നാളെ വൈകുന്നേരം വടക്കാഞ്ചേരി ഹാജര്‍ കൊടുക്കാതെ യാതൊരു നിവൃത്തിയുമില്ല. അതാ, അവിടെ ആരോ രണ്ടുപേര്‍ നില്ക്കുന്നു. സ്വഭാവം ചോദിച്ചറിയുക.
തായങ്കാവമ്പലത്തിന്റെ നടയില്‍ ഒരു ഭാഗത്തുള്ള ഒരു മഠത്തിന്റെ മുറ്റത്തു രണ്ടുപേര്‍ സംസാരിച്ചു നില്‍പ്പുണ്ടായിരുന്നു. പൂമുഖത്ത് ഒരു മാടമ്പി വിളക്ക് കത്തിക്കൊണ്ടിരുന്നു. ഞങ്ങള്‍ അടുത്തുചെന്നപ്പോള്‍, സംസാരിക്കുന്നതില്‍ പൂണുനൂല്ക്കാരനല്ലാത്ത ഒരാള്‍ ഓടാന്‍ ഭാവിച്ചു. ഭടന്മാരിലൊരാള്‍ അയാളെ കടന്നുപിടിച്ചുനിര്‍ത്തി. '' അയ്യോ! എന്നെ വിടണേ! എന്നെ രക്ഷിക്കണേ! കൊല്ലരുതേ! കൊച്ചിക്കാരും കോഴിക്കോട്ടുകാരുമായ ഭടന്മാര്‍ എല്ലാം എന്റെ മുതലു നശിപ്പിച്ചു. കൊള്ളക്കാര്‍ എന്റെ കാലും ചുട്ടുപൊള്ളിച്ചിരിക്കുന്നു. തായങ്കാവില്‍ ഭഗവതിതന്നാണേ ഇതില്‍ ഒരു കാക്കാളുപോലുമില്ല. ഇതാ നില്ക്കുന്ന തിരുമേനി ആലത്തൂര്‍ നമ്പിയാണ്. അവിടുത്തോടു ചോദിച്ചാലറിയാം. അവിടുന്നുതന്നെ ഇന്നു ജലപാനം കഴിച്ചിട്ടില്ല!'' എന്നയാള്‍ നിലവിളിച്ചു.
നമ്പി : ഈ വാരിയര്‍ പറഞ്ഞതു യഥാര്‍ത്ഥമാണ്. ഈ അനര്‍ത്ഥമായ യുദ്ധങ്ങള്‍ക്കുവേണ്ടി വളരെ ബലികഴിക്കേണ്ടി വന്നവനാണ്. ഇയ്യാള്‍. എന്റെ നഷ്ടം ആലോചിച്ചാല്‍ ഇയ്യാള്‍ക്കുവന്നത് ലഘുവാണ്. അയാള്‍ പോയ്‌ക്കൊള്ളട്ടെ. പാവം! അയാള്‍ക്ക് ഓടണമെന്ന് വിചാരമുണ്ടായാല്‍തന്നെ അതിന്നുശേഷിയില്ല.
ഞാനെന്റെ കയ്യിലുണ്ടായിരുന്ന പന്തം നമ്പിയുടെ മുഖത്തേക്കു കാട്ടി അദ്ദേഹത്തെ ആപാദചൂഢം ഒന്നു നോക്കി. കറുത്തുതടിച്ചു നല്ല ആജാനുബാഹുവും ദീര്‍ഘകായനുമായ അദ്ദേഹത്തെ കാണുകയും സംസാരം കേള്‍ക്കുകയും ചെയ്തപ്പോള്‍ ഒരു രാജാവാണോ എന്ന് തോന്നിപ്പോയി.
ഞാന്‍ :  വാരിയരേ! ഒട്ടും ഭയപ്പെടേണ്ട. തിരുമേനിയുടെ ഇല്ലമല്ലേ കൊള്ളക്കാര്‍ കയ്യേറിയത്? ഇവിടുന്ന് വിചാരിച്ചാല്‍ ഞങ്ങള്‍ക്കുവേണ്ട വിവരം തരാന്‍ കഴിയുമെല്ലോ.
നമ്പി : എന്റെ സര്‍വ്വസ്വവും നിങ്ങളുടെ ഇഷ്ടം പോലെ ഉപയോഗിക്കാം. പക്ഷേ ഞാനിന്നു പട്ടിണിയാണ്. നിങ്ങള്‍ക്ക് ഭക്ഷണം തരാന്‍ മാത്രം എനിക്ക് സാധിക്കുകയില്ല.
ഞങ്ങളുടെ കൈവശം ഒന്നുരണ്ടു ദിവസത്തേക്കുള്ള ഭക്ഷണസാധനം കരുതീട്ടുണ്ടായിരുന്നു. ഭക്ഷണത്തിന്നേര്‍പ്പാടു ചെയ്‌വാന്‍ അമ്പലപ്പറമ്പിന്റെ ഒരു ഭാഗത്തേക്ക് ഞങ്ങള്‍ കുറേ പട്ടാളക്കാരെ വിടുകയും ചെയ്തിരുന്നു. കുളിച്ചുവെച്ചുണ്ണുവാന്‍ ഉത്സാഹമുണ്ടെങ്കില്‍ സാധനത്തിന്നു കുറവൊന്നുമില്ലെന്നും നമ്പിയേയും അറിയിച്ചു. നമ്പി ഒന്നും വേണ്ടെന്നു പറഞ്ഞു.
ഞാന്‍ : സമയം അധികമായി. കൊള്ളക്കാരുടെ സ്വഭാവവും അവരോടെതിര്‍പ്പാനുള്ള വഴികളും അറിവാന്‍ ഇനി താമസിച്ചുകൂടാ.
നമ്പി : തായങ്കാവില്‍ ഭഗവതിയെ ഭജിച്ചാല്‍ അതിന്റെ ഫലം അപ്പോള്‍ത്തന്നെ കാണാതിരിക്കയില്ല. അല്ലെങ്കില്‍ നിങ്ങളൊക്കെ ഇപ്പോള്‍ വരണമെന്നുണ്ടോ? എന്റെ ഭഗവതീ! ഈ കൊള്ളക്കാര്‍ എന്നെ എത്ര നഷ്ടപ്പെടുത്തി.
ഇതു പറഞ്ഞപ്പോള്‍ ആ ധീര പുരുഷന്റെ കണ്ണില്‍ വെള്ളം നിറഞ്ഞതായി എനിക്കുതോന്നി.
ഞാന്‍ : ഛേ! തിരുമേനി അശേഷം വ്യസനിക്കേണ്ട. നാളെ സന്ധ്യയ്ക്കുമുമ്പായി അവിടുത്തെ സ്വസ്ഥാനത്താക്കിക്കളയാം.
നമ്പി : ഞാനെന്റെ സ്വന്തം ഗുണത്തേയോ സ്വദേശികളുടെ ഗുണത്തേയോ മാത്രം ചിന്തിച്ചല്ലാ വ്യസനിക്കുന്നത്. എത്രയോ വിലപിടിച്ച പല ഗ്രന്ഥങ്ങളും ഇവര്‍ നശിപ്പിക്കുന്നതിലുള്ള ഭയംകൊണ്ടാണ്.
പണിക്കര്‍ : വേണ്ടാത്തതു സംസാരിച്ചു സമയം കളഞ്ഞിട്ടു കാര്യമില്ല. തിരുമേനിക്കു കഴിയുമെങ്കില്‍  കൊള്ളക്കാരുടെ സങ്കേതത്തില്‍ കടപ്പാനുള്ള വഴി പറഞ്ഞുതരിക. ഇല്ലത്തുനിന്ന് അവരുടെ ബോധവേഗം ഒഴിച്ചുകളയാം.
നമ്പി തന്ന വിവരംകൊണ്ട് ചുണ്ടല്‍ക്കോട്ട ഒരു വലിയ ഗുഹയുടെ മേലാണ് കെട്ടീട്ടുള്ളതെന്നും, കൊള്ളക്കാര്‍ കോട്ടയുടെ മതിലുകളില്‍ ദ്വാരമുണ്ടാക്കി വിരോധികളായ വല്ലവരും വരുന്നതുകണ്ടാല്‍   വെടിവെക്കുകയാണു പതിവെന്നും, കൊള്ള ചെയ്ത മുതലൊക്കെ ഗുഹയിലാണ് സൂക്ഷിക്കാറെന്നും , നമ്പിയുടെ ഇല്ലം ഏതാനും കൊള്ളക്കാര്‍ക്ക് വെച്ചുണ്ടു കിടക്കുവാനുള്ള ഒരു സ്ഥലം മാത്രമാണെന്ന് മനസ്സിലായി. പത്തുനൂറാളെക്കൊണ്ടൊന്നും ഈ കോട്ട പിടിപ്പാന്‍ അത്ര എളുപ്പത്തില്‍ സാധഇക്കുകയില്ലെന്നു കണ്ടെപ്പോള്‍ എനിക്കു വലുതായ ഇച്ഛാഭംഗം വന്നു.
പണിക്കര്‍ :  നിങ്ങളെന്താ ഒരു അന്ധനെപ്പോലെ നില്ക്കുന്നത്. ഒന്നു പരീക്ഷിക്കാതെ പിന്‍വലിക്കുന്നത് നന്നല്ല.
ഞാന്‍ : കൊള്ളക്കാര്‍ക്കു നമ്മുടെ വരവിനെപ്പറ്റി ഒരു വിവരമുണ്ടെന്നു തോന്നുന്നില്ല. അവരുടെ ഒറ്റുകാരേയും നാം കണ്ടില്ലല്ലോ. നമ്മള്‍ കോട്ടയുടെ ചുറ്റും ഉപായത്തില്‍ ഒളിച്ചുകൂടി പടിവാതില്‍ തുറക്കുമ്പോള്‍ തുരുതുരെ കോട്ടയ്ക്കുള്ളില്‍ കിടക്കുകയാണുത്തമം.
എന്റെ അഭിപ്രായം പണിക്കര്‍ക്കും ബോധിച്ചു. പക്ഷേ നമ്പിക്ക് അതത്ര പിടിച്ചില്ല.
നമ്പി :  കോട്ട കുന്നിന്മേലയതുകൊണ്ടും ചുറ്റും വൃക്ഷങ്ങള്‍ കുറവായതുകൊണ്ടും ഒരു പ്രാണിയെങ്കിലും കോട്ടയുടെ അടുത്ത് പ്രവേശിച്ചാല്‍ അവരുടെ നോട്ടക്കാര്‍ കാണാതിരിക്കയില്ല.
ഞാന്‍ : എന്നാലും ഇതല്ലാതെ മറ്റെന്തു വഴിയാണുള്ളത്. പത്തഞ്ഞൂറാള്‍ സങ്കേതം ഉറപ്പിച്ചിട്ടുള്ള ഒരു കോട്ട കീഴടക്കുവാന്‍ നൂറുപേരെക്കൊണ്ടെങ്ങനെ സാധിക്കും?
നമ്പി :   എനിക്ക് കൊള്ളക്കാരെപ്പറ്റി നല്ല വിവരമുണ്ട്. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്താണ് പ്രവര്‍ത്തിക്കുക. പക്ഷേ, വേണമെങ്കില്‍ പറയാം.
ഞാന്‍ :  തിരുമേനിയുടെ അഭിപ്രായം വേഗം കേട്ടാല്‍ കൊള്ളാം .
നമ്പി : കൊച്ചീക്കാരും കോഴിക്കോട്ടുകാരുമായ ഭടന്മാര്‍ കൂട്ടം വിട്ട് ആയുധങ്ങളോടുകൂടി ഓടിയെപ്പോഴും ഇവരുടെ സംഘത്തില്‍ വന്നുചേര്‍ന്നുകൊണ്ടമഇരിക്കു#്‌നുണ്ട്. നിങ്ങള്‍ക്കു അങ്ങനെയുള്ളവരാണെന്നു നടിച്ചു കോട്ടയില്‍ കടന്നുകൂടുന്നതിനെന്താ വിരോധം?
നമ്പി ഈ പറഞ്ഞ അഭിപ്രായം വളരെ നല്ലതാണെന്ന് എനിക്കു തോന്നി. അദ്ദേഹത്തെപ്പറ്റി എന്തെന്നില്ലാത്തൊരു ബഹുമാനവും എനിക്കുണ്ടായി. പക്ഷേ, പണിക്കര്‍ക്ക് അതത്ര പിടിച്ചില്ല.
പണിക്കര്‍ : നിങ്ങളുടെ വിദ്യയൊന്നും തരക്കേടില്ല. എന്നാല്‍ ഈ കൊള്ളക്കാര്‍ അത്ര ബുദ്ധിയില്ലാത്തവരാണെന്നാണ് എന്റെ അറിവ്. ആയുധപാണികളും പരിചയമില്ലാത്തവരുമായ നൂറുപേരെ അവരെത്ര വേഗത്തില്‍ കോട്ടയില്‍ കടത്തിവിടുമോ?
ഞാന്‍ : ശരി, എന്നാലൊരു കാര്യം ചെയ്യുക. അമ്പതാള്‍ ഉള്ളില്‍ കടക്കെട്ടെ. അവര്‍ നാളെ രാവിലെ മറ്റെ അമ്പതു പേര്‍ക്കു കടപ്പാന്‍ കോട്ടവാതില്‍ തുറന്നുതരട്ടെ.
ഈ കാര്യത്തെപ്പറ്റി ഞങ്ങള്‍ രണ്ടുപേരും വളരെ ഗാഢമായി ആലോചിച്ചു. ഒടുവില്‍ പണിയ്ക്കരോ ഞാനോ ആരെങ്കിലും ഒരാള്‍ അമ്പതാളോടുകൂടി കോട്ടയ്ക്കുള്ളില്‍ ചെല്ലേണ്ടതാണെന്നും രാവിലെ കോട്ടവാതില്‍ തുറന്നുതരേണ്ടതാണെന്നും തീര്‍ച്ചയാക്കി. നമ്പിയുടെ അഭിപ്രായം ഞങ്ങളുടെ സൈന്യത്തെ ഭാഗിക്കാന്‍ പാടില്ലെന്നും നൂറുപേരും ഒന്നായിക്കൊള്ളണമെന്നും ആയിരുന്നു. പക്ഷേ ഞങ്ങള്‍ രണ്ടുപേരും ഒരഭിപ്രായക്കാരായതുകൊണ്ട് അതു മാറ്റുവാന്‍ നമ്പിക്കു കഴിഞ്ഞില്ല.
നമ്പി : എനിക്കൊരു കാര്യം പറയാനുണ്ട്. ആ ദുഷ്ടനായ മാരീചന്‍നായരെപ്പടിച്ചാല്‍ നിങ്ങളെന്താണു കാട്ടുക?
ഞാന്‍ : തൂക്കിക്കൊല്ലുകതന്നെ
നമ്പി : ഹാ! അതെളുപ്പമായ മരണം. എനിക്കധികാരമുണ്ടെങ്കില്‍-
ഇതും പറഞ്ഞ് നമ്പി അവിടെനിന്ന് ബദ്ധപ്പെട്ടുപോയി. കോട്ടയ്ക്കുള്ളില്‍ ആദ്യം പോകേണ്ട അമ്പതുപേര്‍ ആരാണെന്നുള്ള തര്‍ക്കം ഇനിയും  തീര്‍ന്നിട്ടില്ല. ഞാനാ വേണ്ടെന്നു ഞാനും, താനാ വേണ്ടെന്നു പണിക്കരും തര്‍ക്കിച്ചു. ഒടുവില്‍ പണിക്കര്‍ വളരെ കാര്യമായി അപേക്ഷിച്ചതുകൊണ്ട് പണിക്കരാവട്ടെ എന്നു നിശ്ചയിച്ചു. ഞങ്ങള്‍ ഇങ്ങനെ തീര്‍ച്ചപ്പെടുന്നതിനിടയ്ക്ക് അമ്പലപ്പറമ്പില്‍ നിന്ന് ഒരു ലഹള കേട്ടു ഞങ്ങളിവിടെ ഓടിയെത്തിയപ്പോള്‍ ഞങ്ങളുടെ കൂട്ടാളികള്‍ രണ്ടുപക്ഷമായി പോരാട്ടം ചെയ്യുകയായിരുന്നു.'കോഴിക്കോടന്‍ ഭടന്മാര്‍ കൊച്ചിഭടന്മാരേക്കാള്‍ കണ്ടാല്‍ വേണ്ടില്ല എന്നു നമ്പി ഒരഭിപ്രായം പറഞ്ഞതായിരുന്നുവത്രെ ഈ ലഹളക്കുകാരണം.ഏതെങ്കിലും ഞങ്ങള്‍ ചെന്നപ്പോള്‍ ലഹളയൊന്നൊതുങ്ങി.ഭക്ഷണം കഴിഞ്ഞു പണിക്കരും അമ്പതു പേരും കോട്ടയിലേക്ക് പോയി.അവര്‍ക്കു അകത്തുപ്രവേശനം കിട്ടിയെന്നും ഞങ്ങള്‍ക്ക് മനസ്സിലായി.എന്റെ കൂട്ടര്‍ രാവിലെ കോട്ടയില്‍ കടക്കാനുളള ഒരുക്കത്തോടുകൂടി അമ്പലപ്പറമ്പില്‍ കാത്തുനില്പ്പായി.ഞാന്‍ വാരിയരുടെ ക്ഷണമനുസരിച്ച് മഠത്തില്‍ ഒരു കട്ടിലിന്മേലും കിടന്നു.
ഞാന്‍ ഒരു മാത്യകാഭടനാണെന്നു കെ#ാച്ചിത്തമ്പുരാന്റെ പടയാളികളുടെ ഇടയില്‍ ധാരാളം സംസാരമുണ്ടെങ്കിലും എനിക്കും ചില കുറവുകളുണ്ടെന്ന് ഞാന്‍ തന്നെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ഒരു പട്ടാളക്കാരന്നു ധൈര്യം തുടങ്ങിയ ഗുണങ്ങള്‍ക്കു പുറമേ ' ശ്വാനനിദ്ര' കൂടി വേണ്ടതാണ്. ആ ഒരു ഗുണം എനിക്കു ചെറുപ്പം മുതല്‌ക്കേ ഉണ്ടായിരുന്നില്ല. ഈ ഒരു ദോഷമാണ് എനിക്കന്നു രാത്രി ചില അനര്‍ത്ഥങ്ങളൊക്കെ ഉണ്ടാക്കീത്തീര്‍ത്തത്.
രാത്രി ഏകദേശം പാതിരകഴിഞ്ഞു കുറച്ചായിരിക്കുന്നു. എനിക്കു ശ്വാസം മുട്ടുന്നുണ്ടോ എന്നൊരു സംശയം തോന്നി . എന്തോ വിളിച്ചുപറയാന്‍ ഭാവിച്ചു. പക്ഷേ ശബ്ദം പുറത്തുവരുന്നില്ല. എഴുന്നീല്‍പ്പാന്‍ നോക്കി. അതിന്നും വയ്യ. കണ്ണുമിഴിപ്പാന്‍ മാത്രം വിരോധമുണ്ടായിരുന്നില്ല. കണ്ണുമിഴിച്ചു നോക്കിയപ്പോള്‍ കണ്ട കാഴ്ചയല്ലേ പറയേണ്ടത്. എന്റെ ദേഹം കട്ടിലിന്മേല്‍ പിടിച്ചുകെട്ടി വായില്‍ തുണിയും നിറച്ചു വാരിയരും നമ്പിയുമുണ്ട് കട്ടിലിന്നടുത്ത് നില്‍ക്കുന്നു. ഒരു മാടമ്പി വിളക്ക് അവിടെ കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഞാനവരുടെ മുഖത്തൊന്നു നോക്കി. നമ്പിയുടെ പൂണൂല്‍ കാണ്മാനില്ല. സാധുപ്രകൃതത്തോടു കൂടിയ വാരിയരുടെ മുഖം ഒരു ഘാതകന്റെ മുഖംപോലെ എനിക്കുതോന്നി. നമ്പിയുടെ മുഖത്ത് സ്വതസിദ്ധമായ ഗൗരവം അപ്പോഴും കാണ്മാനുണ്ടായിരുന്നു.
നമ്പി : അല്ലാ കയ്മളെ! നിങ്ങളുടെ മുഖത്ത് ചൂണ്ടല്‍ക്കോട്ട പിടിപ്പാനുള്ള യുക്തികള്‍ ആലോചിച്ചു.കഴിഞ്ഞപ്പോഴുണ്ടായ സ്‌തോഭമല്ലല്ലോ ഇപ്പോള്‍ കാണുന്നത്. നിങ്ങള്‍ നല്ലൊരു പടയാളഇ തന്നെയാണ്. സംശയമില്ല. പക്ഷേ മരീചന്‍നായരെ പനങ്ങാട്ടു പണിക്കാരായ എന്നോടു മത്സരിപ്പാന്‍  നിങ്ങള്‍പോരാ. ഞാന്‍ തീരെ ബുദ്ധിയില്ലാത്തവനാണെന്ന് പക്ഷേ, നിങ്ങള്‍ ധരിച്ചിരിക്കാം. നിങ്ങള്‍ വന്ന കാര്യം സാധിപ്പാന്‍ ശ്രമിക്കുന്നതിനുതന്നെ കോഴിക്കോടന്‍ പടനായകന്മാരില്‍ രണ്ടോ മൂന്നുപേര്‍ കഴിച്ചാല്‍ നിങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.
പനങ്ങാട്ടു പണിക്കരുടെ ഈ പ്രസംഗം കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ ആശ്ചര്യവും കോപവും ഊഹിക്കുകയാണു നല്ലത്.
മാരാചന്‍നായര്‍ : ചേന്നന്‍നായരേ ( വാരിയരോട്) നിങ്ങള്‍ ഭ്രമിക്കേണ്ട. കയ്മളെ ജീവനോടെ സൂക്ഷിക്കുകയാണു നമ്മള്‍ക്കാവശ്യം. കയ്മളേ! നിങ്ങള്‍ ഒരു കുംഭകര്‍ണ്ണനായത് ഏതെങ്കിലും നല്ലതുതന്നെ.  സാമൂതിരിപ്പാടിലെ പടമുഖത്തുനായന്മാരില്‍ഒരു പ്രമാണിയായിരുന്ന ഈ ചേന്നന്‍ നായര്‍  കുറച്ചധികം വികൃതിയും കോപിയുമാണ്. അയാളോട് നല്ലപോലെ പെറുമാറുകയാണ് നല്ലത്. പണിക്കരുടേയും നിങ്ങളുടേയും വരവു ഞങ്ങള്‍ക്കുമുമ്പ് തന്നെ മനസ്സിലായിട്ടുണ്ട്. ഞാനും ചേന്നന്‍ നായരും കൂടി ഇന്നാടിയ നാടകം നന്നായതു നിങ്ങള്‍ സമ്മതിക്കാതിരിക്കയില്ല. നിങ്ങള്‍ നൂറുപേര്‍ക്കും കോട്ടയ്ക്കുള്ളില്‍ സ്വാഗതത്തിന്ന് ഞങ്ങള്‍ ഏര്‍പ്പാടു ചെയ്തിരുന്നു. കോട്ടയില്‍ കടന്ന അമ്പതുപേര്‍ ഇപ്പോള്‍ മര്യാദക്കാരായിട്ടുണ്ടാവണം. നിങ്ങളുടെ മുഖത്തേക്കാളധികം ഇപ്പോള്‍ പണിക്കരുടെ മുഖവും വീങ്ങീട്ടുണ്ടാവുമെന്നാണെനിക്കു തോന്നുന്നത്.
എന്നു പറഞ്ഞ് മാരീചന്‍ നായരും ചേന്നന്‍നായരും തമ്മില്‍ എന്തൊ കുശുകുശെ സംസാരിച്ചതിന്നുശേഷം ' അമ്പലപ്പറമ്പില്‍ ഒന്നന്യേഷിച്ചുവരട്ടെ' എന്ന പറഞ്ഞ് മാരീചന്‍ നായര്‍ പുറത്തേക്കിറങ്ങി. എന്റെ കട്ടിലിന്റെ കാല്ക്കല്‍ വാളുമൂര്‍ച്ചകൂട്ടിക്കൊണ്ട് ചേന്നന്‍നായരും ഇരുന്നു. കൊള്ളരുതായ്മയെ ശപിച്ചും ആ കഴിഞ്ഞ സംഭവങ്ങളോര്‍ത്തും എനിക്കു ഭ്രാന്തു പിടികക്#ാതിരുന്നതിലാണ് എനിക്കു സംശയം. എന്നെ രണ്ടു മൂന്നു തവണ തടവുകാരനായി പിടിക്കയുണ്ടായിട്ടുണ്ട്. എന്നാല്‍ കൊള്ളക്കാരുടെ നടുവിലേക്ക് എന്നെ  ബന്ധനസ്ഥനാക്കിക്കൊണ്ട്‌പോവുമെല്ലോ എന്ന വിചാരമാണ് എന്റെ അടുത്തിരിക്കുന്ന ഘാതകന്റെ വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതായി ത്തോന്നിയത്.
ഇങ്ങനെ ഞാന്‍ പല മനോരാജ്യങ്ങളോടും കൂടിയിരിക്കെ വാതില്‍ കടന്നൊരാള്‍ പ്രവേശിച്ചു. ഇത് എന്റെ ചങ്ങാതി കണ്ടുണ്ണിനായരല്ലാതെ മറ്റാരുമല്ലായിരുന്നു. എന്റെ കിടപ്പും ആയുധ പാണിയായ ചേന്നന്‍ നായരുടെ ഇരിപ്പും കണ്ടപ്പോള്‍ ' എടാ ! ചണ്ഡാളാ! എന്നു പറഞ്ഞ് വാളുമുയര്‍ത്തി ഒരു ചാട്ടം ചാടുന്നത് കണ്ടു. ചേന്നന്‍നായരും കണ്ടുണ്ണിനായരും തമ്മിലുള്ള പേരാട്ടത്തെ വര്‍ണ്ണിച്ചിട്ടു ഫലമില്ല. വാളുകൊണ്ടുള്ള പ്രയോഗത്തില്‍ കണ്ടുണ്ണിനായരെ ജയിപ്പാന്‍ ദുര്‍ലഭം പേരേ കാണുകയുള്ളൂ. ചേന്നന്‍നായരെ കൊല്ലുവാനും എന്നെ ബന്ധത്തില്‍ നിന്നു വിടുവാനും അധികം താമസം വേണ്ടിവന്നില്ല. മേലില്‍ പ്രവര്‍ത്തിക്കേണ്ടത് ആലോചിക്കുന്നതിനിടയില്‍ മാരീചന്‍നായര്‍ അകത്തേക്കു കടന്നു. ഞങ്ങള്‍ രണ്ടുപേരും ഒരേ സമയം തന്നെ അയാളെ കടന്നുപിടിച്ചു. കുറച്ചു നേരം പോരാട്ടം വേണ്ടിവന്നുവെങ്കിലും ഒടുവില്‍ ഞങ്ങള്‍ക്ക് മരീചന്‍നായരെ പിടിച്ചുകെട്ടുവാന്‍ സാധിച്ചു. എന്നെ കെട്ടിയ കയറുകൊണ്ട് ഞാന്‍ കുറേ പ്രഹരവും കൊടുത്തു.
ഞാന്‍ : എന്താ പണിക്കരേ ഇതുവരെ പറഞ്ഞ വമ്പൊക്കെ ഇപ്പോളെവിടെ?
പണിക്കര്‍ : ഇക്കാലത്തു ഭൂരുക്കള്‍ക്കാണധികം ഭാഗ്യം. ഹാ! നിങ്ങള്‍ എന്റെ ചേന്നന്‍നായരെ കൊന്നുകളഞ്ഞു. അല്ലെ? അവന്നു കിട്ടിയത് ഒരു കീഴൊതുക്കമില്ലാത്ത ദുഷ്ടന്നു കിട്ടേണ്ട ശിക്ഷയാണ്. നിങ്ങള്‍ ദയചെയ്ത് എന്നെ ഈ കിടക്കമേല്‍ എടുത്തുകിടത്തുമോ? എനിക്കു നിലത്തുകിടന്നു ശീലമില്ല.
പണിക്കരുടെ ആ ഗൗരവം കൂടിയ സംസ്‌കാരം വാസ്തവത്തില്‍ എനിക്കദ്ദേഹത്തോട് ബഹുമാനം തോന്നുക്കുകയാണുണ്ടായത്. ഭടന്മാരെ കൂട്ടിക്കൊണ്ടുവരാന്‍ വേഗം കണ്ടുണ്ണിനായരെ അയച്ചു.
പണിക്കര്‍ :   കയ്മളേ , നിങ്ങളുടെ ആള്‍ക്കാരാണെന്ന മര്യാദപോലെ ശുശ്രൂഷിക്കുമെന്ന് വിചാരിക്കുന്നു.
ഞാന്‍ : നിങ്ങളുടെ ഓഹരി നിങ്ങള്‍ക്ക് തരാതിരിക്കയില്ല. അത് ചിന്തിച്ച് ഭയപ്പെടേണ്ട.
പണിക്കര്‍ :  അതു തന്നയെ എനിക്കും ആവശ്യമുള്ളൂ. ഞാനരു വലിയ തറവാട്ടുകാരനാണ്. എന്റെ അച്ഛനും ഒരു കേള്‍വികേട്ട ആളാണ്. രാജകോപംകൊണ്ട് എനിക്ക് ചില ദോഷങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഞാനിപ്പോള്‍ ഒരു രാജാവുതന്നെയാണ്. ആവൂ, നിങ്ങളുടെ കെട്ട് വല്ലാതെ മുറുകിയിരിക്കുന്നു. കുറച്ച് അയച്ചുവിടുവിന്‍
പിന്നെയുണ്ടായ സംഭവങ്ങളൊന്നും വിസ്തരിച്ചിട്ടു ഫലമില്ല. പിറ്റേന്ന് രാവിലെ ബന്ധനസ്ഥനാക്കിയ പനങ്ങാട്ടു പണിക്കരെ മുമ്പിലെഴുന്നള്ളിച്ചു കൊണ്ട് ഞങ്ങള്‍ കോട്ടയിലേക്ക് യാത്രയായി. ഞങ്ങളുടെ വരവുകാത്തുകൊണ്ട് കോട്ടയിലുള്ളവര്‍ മതിലിന്മേല്‍ നിന്നും ദ്വാരങ്ങളില്‍ക്കൂടിയും എത്തി നോക്കുന്നുണ്ടായിരു#്‌നനു. ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ വെടി തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ പണിക്കരെ പിടിച്ചുമുമ്പില്‍ ക്കാണിച്ചു. അപ്പോഴേ അവര്‍ക്കു കാര്യം മനസ്സിലായുള്ളു. അവര്‍ക്കുണ്ടായ പരിഭ്രമം ഇന്ന പ്രകാരം എന്ന് പറയേണ്ടതില്ലല്ലോ. അടുത്തുണ്ടായിരുന്ന മരത്തിന്റെ കൊമ്പത്തു കയറിട്ടുപിടിച്ചു പനങ്ങാട്ടു പണിക്കരുടെ കയവുത്തിലൊരു കെട്ടുകെട്ടി. കോട്ടയിലുള്ളവര്‍ക്ക് ഞങ്ങള്‍ ചെയ്യുന്നത് മനസ്സിലാവുന്നുണ്ട്. ഉടനെ കോട്ടവാതില്‍ തുറന്ന് മൂന്നുപേര്‍ അടുക്കലേക്ക് വന്നു. അതിലൊരാള്‍ ഇങ്ങനെ പറഞ്ഞു.''
മുപ്പത്തേഴ് കോഴിക്കോടന്‍ ഭടന്മാര്‍ കോട്ടയ്ക്കുള്ളിലുണ്ട്. പനങ്ങാട്ടു പണിക്കരെ തൂക്കിക്കൊല്ലുന്നതായാല്‍ ഈ മുപ്പത്തേഴുപേരെയും ഞങ്ങള്‍ അഞ്ചു നിമിഷത്തിനുള്ളില്‍ തറച്ചുവിടും.
'' എന്ത് മുപ്പത്തേഴോ? അമ്പതുപേരുണ്ടായിരുന്നല്ലോ.''
ശേഷം പേരെ കൊന്നതി#്‌നനു ശേഷം മാത്രമേ മറ്റുള്ളവര്‍ കീഴടങ്ങിയുള്ളു.
അവരുടെ എജമാനനോ
അല്പം ചില പരിക്കു പറ്റിയതേയുള്ളൂ
കോട്ടയ്ക്കുള്ളിലുള്ള മുപ്പത്തിയേഴുപേരെയു#ം കുഞ്ഞിക്കുട്ടിയമ്മയേയും ഇപ്പോള്‍ ഇവിടെ കൊണ്ടുവന്നാക്കിയിട്ടില്ലെങ്കില്‍ പണിക്കരെയുടന്‍ തൂക്കിക്കൊല്ലുമെന്ന് ഞാന്‍ പറഞ#്ഞു.
പണിക്കര്‍: കുഞ്ഞുക്കുട്ടിയമ്മയുടെ കാര്യം അവര്‍ തന്നെ തീര്‍ച്ചപ്പെടുത്തട്ടെ.
അനന്തരം അവര്‍ അടുത്ത് പോയി പണിക്കരേയും മുപ്പത്താറു ഭടന്മാരേയും കുഞ്ഞിക്കുട്ടിയമ്മയേയും കൂട്ടി പുറത്തേക്കു വന്നു.
പണിക്കര്‍ : ഇവരൊക്കെ വന്നിട്ടുള്ളത് കുഞ്ഞുകുട്ടിയെ വീട്ടില്‍ കൊണ്ടുപോയാക്കുവാനാണ്. പിന്നെ ഒരിക്കലും നമുക്ക തമ്മില്‍ കാണാനും തരമില്ല. എന്താ ഇഷ്ടം ?
കുഞ്ഞുക്കുട്ടിയമ്മ: നമ്മളെത്തമ്മില്‍ ഭിന്നിപ്പിച്ചുതാമസിപ്പിക്കാന്‍ ആരാണ് ലോകത്തിലുള്ളത്?
ഇതുകേട്ടപ്പോള്‍ ഞാന്‍ കുറച്ചു നേരം ചിന്താമഗ്നനായി നനിന്നു . എന്താണ് കാട്ടേണ്ടതെന്നറിഞ്ഞില്ല. പണിക്കരെ തൂക്കിക്കൊന്നാല്‍മുപ്പത്താറു പേരും സ്‌നേഹിതന്‍ പണിക്കരും ചാകയും ചെയ്യും. കുഞ്ഞിക്കുട്ടിയമ്മയെ കിട്ടുകയുമില്ല. സത്യവിരോധമായി പ്രവൃത്തിക്കുന്നത് ഭടന്മാര്‍ക്ക് യോജിച്ചതുമല്ല. അതുകൊണ്ട് കാര്യം സാധിക്കാതെ മടങ്ങിപ്പോവാന്‍ തന്നെ താര്ഡച്ചപ്പെടുത്തി. ഈ അഭിപ്രായത്തോടു തന്നെ ഉള്ളനാട്ടു പണിക്കരും യോജിച്ചു.
പണിക്കര്‍: കയ്മള്‍ ദീര്‍ഘായിസ്സായിരിക്കട്ടെ. മടങഅങിച്ചെന്നാല്‍ മുരിയനാട്ട് നമ്പ്യാരോട് തക്ക സമാധാനം പറയുവാന്‍ നിങ്ങള്‍ക്കുണ്ടാകുകയില്ല. പക്ഷേ കേട്ടതു ഷൃശരിയാണെങ്കില്‍ നിങ്ങളെ നമ്പ്യാര്‍ ഇപ്പോള്‍ മറന്നിരിക്കണം
ഒന്നുകില്‍ ഞാന്‍ പരയാം . നിങ്ങള്‍ അല്ലായിരുന്നെങ്കില്‍ ഈ കുടുക്കില്‍ നിന്ന് ഇത്ര സാമര്‍ത്ഥ്യത്തോടെ വിട്ടു പോവാന്‍ സാധിക്കില്ലായിരുന്നു. എന്നെ ക്കൊണ്ടിന് വല്ലതും വേണ്ടതുണ്ടോ?
ഞാന്‍: രണ്ടു സംഗതി മാത്രം നിങ്ങളോട് പറയാനുണ്ട്. ഒന്നാമത് ,കോട്ടയില്‍ മരിച്ചുകിടക്കുന്ന ഞങ്ങളുടെ കൂട്ടാളികളെ ദേശാചാരം പോലെ സംസ്‌കരിക്കണം, രണ്ടാമത്, അഞ്ചുനിമിഷം നേരം ഇവര്‍ കാണച്ചാലെ നമുക്ക് രണ്ടുപേര്‍ക്കും ദ്വന്ദ്വയുദ്ധം ചെയ്യണം.
പണിക്കര്‍ : ആത്‌ത്തെ അപേക്ഷ വേണ്ടവിധം ആവാം. രണ്ടാമത്തേതില്‍ ചില അപകടങ്ങളുണ്ട്. ഒന്നുകില്‍ വളരെ യോഗ്യനായിരിക്കേണ്ട നിങ്ങളുടെ ജീവിതം നശിക്കണം. അല്ലെങ്കില്‍ സമ്പന്ധം കഴിഞ്ഞ് അധികദിവസമാകാത്ത ഈ ഭാര്യയേയും വിട്ട് ഞാന്‍ മരിക്കണം. ഇതുരണ്ടും ന്യായമായ വഴികളല്ല.
ഞാനും ഉള്ളനാട്ടു പണിക്കരും പിന്നെയൊന്നും കേള്‍പ്പാന്‍ നിന്നില്ല. ഭടന്മാര    ടെല്ലാം പുറപ്പെട്ടുകൊള്ളാന്‍ ആജ്ഞാപിച്ചു. പണിക്കരോടിങ്ങനെ വിളിച്ചു പറഞ്ഞു.
'' പനങ്ങാട്ടു പണിക്കരെ നാം പിരിയുന്നു. ഇനിയൊരവസരത്തില്‍ ഇത്ര എളുപ്പത്തില്‍ രക്ഷപ്പെടുകയില്ലെന്നു കരുതിക്കൊള്‍ക ''
പണിക്കര്‍ : ചങ്കരകോതകയ്മളെ ! നിങ്ങള്‍ കൊച്ചിത്തമ്പുരാന്റെ കീഴില്‍ സുഖമല്ലെന്ന് എന്നു തോന്നുന്നുവോ അന്നിങ്ങോട്ടു വന്നുകൊള്ളുക. ഇവിടെ പ്രധാനപ്പെട്ട ഒരു ഉദ്യോഗം നിങ്ങള്‍ക്കായ് ഒഴിവാക്കിവെച്ചിട്ടുണ്ട്.
 
  എം ആർ കെ സി

എം.ആര്‍.കെ.സി. എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ കുഞ്ഞിരാമമേനോന്‍ – ചെറിയ
കുഞ്ഞിരാമ മേനോന്റെ സംഗ്രഹമായ സി.കെ.ആര്‍.എം. മറിച്ചിട്ടാണ് എം.ആര്‍.കെ.സി. ഉണ്ടാക്കിയത്).
ജനിച്ചത് വളപട്ടണത്താണ്. 1882 ല്‍. അമ്മ ചെങ്കുളത്ത് നാരായണി അമ്മ. വീടിനടുത്ത് പുഴാതിയില്‍
കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ നടത്തിയിരുന്ന എഴുത്തുപള്ളിയില്‍ നിന്നു പ്രാഥമികവിദ്യാ'്യാസം നേടി.
നാലാം ക്‌ളാസ് ജയിച്ച ശേഷം രണ്ടു കൊല്‌ളം സംസ്‌കൃതം പഠിച്ചു. പന്ത്രണ്ടാം വയസ്‌സില്‍ കണ്ണൂര്‍
മുന്‍സിപ്പല്‍ സ്‌ക്കൂളില്‍ ഇംഗ്‌ളീഷ് പഠനം ആരം'ിച്ചു 1899 ല്‍ മദിരാശിയില്‍ നിന്നു അപ്പര്‍ സെക്കന്ററി
പരീകഷ ജയിച്ചു. 1900 ല്‍ മലബാര്‍ ജമ രജിസ്‌ട്രേഷന്‍ ഓഫീസില്‍ ഗുമസ്തന്‍. തുടന്ന് കോഴിക്കോട്ടു
റവന്യു ഡിപ്പാര്‍ട്ടുമെന്റില്‍ നാലുവര്‍ഷം ജോലി നോക്കി. ഇക്കാലത്ത് ഷോര്‍ട്ട്ഹാന്റ ്, ടൈപ്പ്‌റൈറ്റിംഗ്,
ബുക്ക്കീപ്പിംഗ് തുടങ്ങിയവ പഠിച്ചു. സര്‍വ്വേ, റവന്യുടെസ്റ്റുകള്‍ എന്നിവയും പാസായി. 1904 ല്‍
പുന്നത്തൂര്‍ രാജാവിന്റെ 'ൂമി പൊളിച്ചെഴുതുന്ന പ്രവൃത്തിയുടെ മേല്‍നോട്ടക്കാരനായി. അമ്മാവന്‍
നടത്തിയിരുന്ന കേരളപത്രിക പത്രം സാമ്പത്തിക കുഴപ്പത്തില്‍പെട്ട കാലമായിരുന്നു അത്.
എം.ആര്‍.കെ.സി. അതിന്റെ ചുമതല ഏറ്റെടുത്തു. അക്കാലത്ത് സര്‍ക്കാര്‍ സേവനത്തില്‍ നിന്നും
അവധിയെടുത്തിരുന്നു. പിന്നീട് മംഗളോദയം കമ്പനിയുടെ മാനേജര്‍ സ്ഥാനം സ്വീകരിച്ച്
തൃശുരിലായി താമസം. രായിരത്ത് അമ്മുക്കുട്ടി അമ്മയെ വിവാഹം ചെയ്തു. മംഗളോദയം
മാനേജരായപേ്പാള്‍ സര്‍ക്കാര്‍ ജോലി രാജിവച്ചു. 1912 – '30 വരെ മംഗളോദയവും ആയി
ബന്ധപെ്പട്ടിരുന്നു. 1920 നടുത്ത്, മംഗളോദയം കെട്ടിടത്തിന്റെ ഒരു 'ാഗം ഇടിഞ്ഞു വീണ് ഉണ്ടായ
അപകടത്തില്‍, എം.ആര്‍.കെ.സി.ക്ക് പരിക്കുപറ്റി. ഒരു കാല്‍ മുറിച്ചുകളയേണ്ടി വന്നു. 1933 ല്‍
അദ്ദേഹം തുടങ്ങിയ 'ാരതി മാസിക 1934 ല്‍ കുടുംബപത്രിക എന്ന വാരികയാക്കി. എങ്കിലും
സാമ്പത്തിക പ്രയാസങ്ങളാല്‍ അത് നിന്നുപോയി. തൃശൂരില്‍നിന്നു പുറപെ്പട്ടിരുന്ന കേരളന്‍
ദിനപത്രത്തിലും പത്രാധിപര്‍ എന്ന നിലയില്‍ സേവനം അനുഷ്ഠിച്ചു. കുറെനാള്‍
''സഹകരണപ്രബോധിനി'' മാസികയുടെ പത്രാധിപത്യവും വഹിച്ചു. 1939 ആഗസ്റ്റ് 20 ന് (കൊ.വ.1115
ചിങ്ങം 4) എം.ആര്‍.കെ.സി. മരിച്ചു.
ഗദ്യകാരന്‍, കഥാകൃത്ത് എന്നീ നിലകളിലാണ് എം.ആര്‍.കെ.സി അറിയപെ്പടുന്നത്. ജന്മി,
ലകഷ്മീവിലാസം എന്നീ മാസികകളില്‍ എഴുതിയ ലേഖനങ്ങളാണ് മലയാളത്തിലെ ജന്മികള്‍ എന്ന പേരില്‍ ഗ്രന്ഥമായത്. മലബാര്‍ കലക്ടര്‍ ആയിരുന്ന ഇന്നിസ്‌സിന്റെ താല്പര്യപ്രകാരം, എഴുതിയ പുസ്തകമാണ് ജോര്‍ജ്ജ് പട്ടാ'ിഷേകം. 1913 ലെ ജോര്‍ജ്ജ് ചക്രവര്‍ത്തിയുടെ ഡല്‍ഹി പട്ടാ'ിഷേകം ആണ് പ്രമേയം. രഘുവംശത്തിലെ ആദ്യത്തെ ആറു സര്‍ഗ്ഗങ്ങളുടെ ഗദ്യപരി'ാഷയാണ് രഘുവംശചരിത്രം. വെള്ളുവക്കമ്മാരന്‍, എം. ഒതേനമേനോന്‍ രചിച്ച ഇംഗ്‌ളീഷ് ആഖ്യായികയുടെ പരി'ാഷയാകുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് അപ്പന്‍തമ്പുരാന്‍ മുന്നാട്ടുവീരന്‍ എന്ന പ്രഹസനം എഴുതിയത്. ചരിത്രത്തെ അടിസ്ഥാനമാക്കി കുറെ കഥകള്‍ എം.ആര്‍.കെ.സി. എഴുതിയിട്ടുണ്ട്. എടച്ചേന കുങ്കന്റെ പരാക്രമം, മച്ചാട്ടുമലയിലെ 'ൂതം, തിരുവലയം തുടങ്ങിയ കഥകള്‍ ജനപ്രീതി നേടിയവയാണ്. സാമുദായിക കഥകള്‍ എഴുതുന്നതിലധികം സാമര്‍ത്ഥ്യം അദ്ദേഹത്തിന് ചരിത്രകഥകള്‍ എഴുതുന്നതില്‍ ആയിരുന്നു. കുറെ ചെറുകഥകള്‍, രണ്ടു ചെറിയ 'ാഗങ്ങളായി പ്രസിദ്ധീകരിക്കപെ്പട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തില്‍ കമ്പരാമായണവും, 'ാര്‍ഗ്ഗവരാമനും ഉള്‍പെ്പടുന്നു. വാഴ്ചയൊഴിഞ്ഞ കൊച്ചി മഹാരാജാവിന്റെ ഒരു ജീവചരിത്രവും എം.ആര്‍.കെ.സി. എഴുതിയിട്ടുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ