2021 മാർച്ച് 31, ബുധനാഴ്‌ച

 

                                                എൻറെ ആദ്യത്തെ ലേഖനം

-     അമ്പാടി നാരായണ പൊതുവാൾ 

 

 


    

    പാടത്ത് പണിയില്ലാത്ത ദിവസങ്ങളിൽ ഞാൻ പുറത്തിറങ്ങി നടക്കുന്നത് കണ്ടാൽകൂടി അമ്മാവൻ എന്നെ തല്ലാറില്ല. ഉച്ചാരൽ ദിവസം ഊണുകഴിഞ്ഞു അലക്കിയ മുണ്ടും ചന്ദനക്കുറിയുമായി അമ്മാവന്റെ മകൻ കൃഷ്ണൻ പഠിക്കുന്ന മുറിയിലേക്ക് കയറിച്ചെന്നു.
 

കൃഷ്ണൻ - ഇന്ന് നിങ്ങൾക്ക് 'വർക്ക് ഒന്നും ഇല്ല. അല്ലേ ?
ഞാൻ - ഇനിക്കും അവർക്കും പണിയില്ല, പേടിക്കാനില്ല എന്നു പറഞ്ഞു ആ മുറിയിൽ അടുക്കിവെച്ചിട്ടുള്ള പുസ്തകങ്ങൾ നോക്കിക്കൊണ്ടുനിൽക്കുമ്പോൾ അഞ്ചക്കാരൻ കുറേ പുസ്തകങ്ങളും കടലാസുകളും കൊണ്ടുവന്ന് കൃഷ്ണൻറെ മുമ്പിൽ വെച്ചു.അയാൾ ഇംഗ്ലീഷിലുള്ളതെല്ലാം തിരഞ്ഞെടുത്തു മലയാള പുസ്തകങ്ങളും കടലാസുകളും മുദ്ര പൊട്ടിക്കാതെ തന്നെ ഒരു മൂലയിലേക്കു തള്ളിയിട്ടു. അവിടെ പഴേവക ആ തരത്തിൽ വളരെ കിടപ്പുണ്ട്. ഇതുകണ്ടപ്പോൾ മലയാളത്തിലുള്ളതൊന്നും വേണ്ടെന്നുണ്ടോ എന്നു ഞാൻ ചോദിച്ചു.
കൃഷ്ണൻ - അതൊക്കെ 'നോൺ സെൻസ്' എഴുതി അയച്ചിട്ടുള്ളതാണ്. എന്റെ 'ഡിഗ്നിറ്റിക്ക്' വേണ്ടി മാത്രം മടക്കി അയക്കാതിരിക്കുന്നു എന്നേയുള്ളൂ. വേണമെങ്കിലെടുക്കാം.
കൃഷ്ണന് കുട്ടിക്കാലത്തുതന്നെ അല്പം കൊഞ്ഞലുണ്ട്. അതു കൊണ്ടു അയാൾ പറഞ്ഞതു മനസിലാവാതെ രണ്ടാമതുചോദിച്ചാൽ പരിഹസിക്കയാണെന്നു വിചാരിച്ച് മുകറു വീർപ്പിക്കും. അതു തന്നെ പോരാ അമ്മാമനോടു പറഞ്ഞു തല്ലുകൊള്ളിപ്പിക്കുന്ന സമ്പ്രദായവും ഇനിക്കു ധാരാളം അറിയാമായിരുന്നു. കൃഷ്ണൻ പറഞ്ഞതിൻറെ ആദ്യഭാഗം ഇനിക്കു മനസിലായില്ലെങ്കിലും എടുക്കുവാനാനുവാദം കിട്ടിയതുകൊണ്ടു ഞാൻ ഒരു കടലാസ് പൊളിച്ചു വായിച്ചു തുടങ്ങി.
കൃഷ്ണൻ - എന്താ. അതിലിത്തിരി 'ഇന്ററസ്റ്റ്' ഉണ്ടോ?
ഞാൻ - ഞാൻ ഒരുപുറം വായിച്ചതിൽ കൃഷ്ണൻ പറഞ്ഞതു കണ്ടില്ല. പക്ഷേ വർത്തമാനങ്ങൾ വായിപ്പാൻ നല്ല രസമുണ്ട്.
കൃഷ്ണൻ - അതൊക്കെ 'ഇംഗ്ലീഷ് പേപ്പറിൽ' തന്നെ നോക്കു. ഈ 'ആർട്ടിക്കൾ' ഞാനെഴുതി അയച്ചതാണ്. 'എഡിറ്റോറിയലിനോട്' നന്നേ അടുത്തിട്ടുള്ളതുകൊണ്ടു വളരെ നന്നായിട്ടുണ്ടെന്നാണ് വിചാരിക്കേണ്ടത്.
ഞാൻ - ഏന്തിനെക്കുറിച്ചാണു എഴുതി അയച്ചിരുന്നത്?
കൃഷ്ണൻ - നമ്മുടെ 'മോഡാഫ് ഡ്രസിങ്'നെപ്പറ്റി തന്നെ.
മേല്പറഞ്ഞ വാക്കിൽ നിന്നു 'മോടോനെ' പറ്റിയാണ് കൃഷ്ണൻ എഴുതിയിട്ടുള്ളതെന്നു വിചാരിച്ചു. ഇങ്ങിനെയുള്ളതെല്ലാം എഴുതി അയച്ചാലടിക്കും ഇല്ലേ? എന്ന് ഞാൻ ചോദിച്ചു.
കൃഷ്‌ണൻ - നിശ്ചയമായിട്ടും ഈവകയാണ് എഴുതി അയക്കേണ്ടത്. വേണെങ്കിൽ കുറെ കടലാസോ ബുക്കോ എടുത്തുകൊണ്ടു പൊയ്ക്കോളൂ. ഞാൻ കുറേ 'ബിസി'യായിട്ടിരിക്കുകയാണ്.
ഇതുകേട്ട് എഴെട്ടുകടലാസുംകൊണ്ടു ഞാൻ പോന്നു. അവയെല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ഇനിക്കും ഒന്ന് എഴുതി അയപ്പാനുള്ള മോഹം തുടങ്ങി. കൃഷ്ണന്റെ വിഷയം തന്നെ ഞാനും എഴുതുവാൻ ഉറച്ചു. ആ കൊല്ലത്തിൽ കന്നുകാലിക്കേടു ഞങ്ങളുടെ കളത്തിലാണ്. ഇതിനെപ്പറ്റി എല്ലാവരും അറിഞ്ഞു സൂക്ഷിക്കട്ടെ എന്ന് വിചാരിച്ച് എഴുത്ത് സാമാനങ്ങളെല്ലാം തപ്പിപ്പറക്കി സമ്പാദിച്ചു താഴെപ്പറയുന്ന വിധത്തിലൊന്നു എഴുതിയുണ്ടാക്കി.
 

പ്രിയ പത്രാധിപർ അവർകളെ !
സാറേ!


"മോടോന് അബദ്ധം വരുമെന്നു കൃഷ്ണൻ എഴുതിയിട്ടുള്ളത് ശരിയാണ്. കന്നാലിക്കേടു തുടങ്ങിയിരിക്കുന്നു. ഞങ്ങടെ ചെക്കൊമ്പൻപോത്തിന്റെ കാലിൽ കുളമ്പിട്ടു. ചോലമൂരിയുടെ വായിൽ തവള വന്നു. ആറേഴു എരുമക്കുട്ടികൾ കുരുപ്പ് പൊങ്ങി ചത്തു. ഇതൊന്നും ഉണ്ടാവുന്നതിനു മുൻപ് തന്നെ കൃഷ്ണൻ എഴുതിയിട്ടുള്ളത് അയാളുടെ ദിവ്യരക്ഷസ്സുകൊണ്ടാണെന്നു പറയാം. കൃഷിക്കാരെല്ലാവരും അറിയുവാനായി അച്ചടിക്കാൻ അപേക്ഷ". എഴുതിയപ്പോൾ ചില ദിക്കിലെല്ലാം മഷി അധികമായി വീണുപോയതുകൊണ്ടു നിലം നുള്ളിപ്പൊളിച്ചു ധാരാളം പൊടി വിതറി. മലയാള കടലാസിലേക്ക് എഴുതി അയക്കുന്നതിനു വെക്കേണ്ട പേര് കൃഷ്ണൻ പറഞ്ഞത് ഞാൻ മറന്നു. അവസാനം ഓർമിച്ചു. കത്തുമടക്കി കൂട്ടിലാക്കി അഞ്ചലിൽ കൊണ്ടുപോയി കൊടുത്തു.
പിറ്റേ ദിവസം മുതൽക്ക് ഞാൻ കൃഷ്ണന്റെ മുറിയിൽ പോയി മലയാള കടലാസുകൾ എല്ലാം പൊട്ടിച്ചുനോക്കിത്തുടങ്ങി. ഒന്നിലും എന്റെ എഴുത്ത് അച്ചടിച്ച് കണ്ടില്ല. ഇനിക്ക് കുറെ വ്യസനം തോന്നി. എഴുത്തു വേണ്ടമാതിരിയിലാവാഞ്ഞതുകൊണ്ട് അച്ചടിക്കാതെയിരുന്നതാണെന്ന് നിശ്ചയിച്ചു കടലാസിലേക്കു എഴുതേണ്ട മാതിരി ഞാൻ കൃഷ്ണനോട് ചോദിച്ചു.
കൃഷ്ണൻ - എഴുതിയത് വായിച്ചാൽ ഉടനെ 'ഐഡ്യഫാറം' ചെയ്യണം. അല്ലാതെ വല്ല വിധത്തിലും എഴുതി അയച്ചാൽ പോരാ.
ഞാൻ - എങ്ങിനെയാണ് അത് ചെയ്യേണ്ടത്?
കൃഷ്ണൻ - ഇന്ന് 'ടൈം'മില്ല. ഇനിയൊരിക്കലാവാം. എന്നു പറഞ്ഞതു കേട്ടു ഞാൻ മടങ്ങിപ്പോന്നു. വേറെ ഒരു സ്കൂൾകുട്ടിയുടെ അടുക്കൽ പോയി 'ഐഡ്യഫാറം' ചെയ്യുന്നതെങ്ങനെയാണെന്നു ചോദിച്ചു. "അതൊരു പൊടിയാണ്, മീതെ കുറേശ്ശേ വിതറിയാൽ മതി" എന്ന് കേട്ടപ്പോൾ ഇനിക്കു സന്തോഷമായി. വരുന്ന വഴി ഒന്നുരണ്ടു പീടികയിൽ ചോദിച്ചപ്പോൾ അത് ആശുപത്രിയിൽ ഉണ്ടാകുമെന്നവർ പറഞ്ഞു. ആശുപത്രിയിലേക്ക് ചെന്നു . ഭാഗ്യംകൊണ്ടു ഞാൻ ചെന്ന് കേറിയത് അപ്പത്തിക്കരിയുടെ നേരെത്തന്നെ. അദ്ദേഹം അമ്മാമനായിട്ടു വളരെ പഥ്യമാണ്. എന്നെയും അറിയും. അദ്ദേഹം എന്നോട് വന്ന കാര്യം ചോദിച്ചപ്പോൾ കുറെ 'ഐഡ്യഫാറം' കിട്ടിയാൽ കൊള്ളാമെന്നു പറഞ്ഞു. " എന്താ ദീനം" എന്ന് ചോദിച്ചപ്പോൾ ഞാൻ പരുങ്ങിത്തുടങ്ങി.
അപ്പാ - എന്താ ദീനം എന്ന് പറയാൻ പാടില്ല അല്ലേ. വ്രണം കാണിക്കണം. ഞാൻ പൊടി വിതറാം.
ഞാൻ -(പൊടി കിട്ടുവാനായിട്ട്) ഇനിക്കല്ല അമ്മാമനാണെന്ന് പറഞ്ഞു. ഇതുകേട്ടപ്പോൾ വല്ലാതെ കണ്ടു നാറുന്ന കുറെ മഞ്ഞളിച്ച പൊടി പൊതിഞ്ഞു തന്നു. ഞാൻ അതുംകൊണ്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. രണ്ടുമൂന്നു ദിവസം പണിത്തിരക്കുകൊണ്ടും എഴുത്തു സാമാനം എടുക്കാൻ തരാം വരാഞ്ഞിട്ടും എഴുതുവാൻ കഴിഞ്ഞില്ല. നാലാം ദിവസം രാത്രി അമ്മാവൻ പുറത്ത് പോയ തരത്തിൽ കടലാസും മഷിയും സമ്പാദിച്ചു മുൻപിലത്തെ എഴുത്തിന്റെ കരടുതന്നെ അസ്സൽപ്പെടുത്തി പിന്നീടു കേടുപിടിച്ചവയുടെ വിവരവും ചേർത്ത എഴുതിക്കഴിഞ്ഞു വായിച്ചു നോക്കി ഉടനെ കൃഷ്ണൻ പറഞ്ഞതുപോലെ ഐഡ്യഫാറം' ധാരാളം വിതറി. നിലം നുല്ലിപ്പൊളിക്കാനെ പോയില്ല. ആ പൊടി വിതറിയപ്പോൾ എഴുത്തിനൊരു നിറം പിടിച്ചു. മടക്കി കൂട്ടിലാക്കി മേൽവിലാസം "പത്രാധിപരവർകൾക്ക്" എന്ന് എഴുതിവെച്ചു കാലത്തെണീറ്റു ലക്കോട്ടെടുത്തു മടിയിൽ തിരുകി പാടത്ത് ചെന്ന് ചെറു മക്കളെ ഓരോ പണിയും ഏൽപ്പിച്ച്‌ ഞാൻ അഞ്ചലാപ്പീസിലേക്ക് നടന്നു. പോകുംവഴി അപ്പത്തിക്കിരിയും അമ്മാമനുംകൂടി എന്നെ ഒരിടവഴിത്തലക്കൽവെച്ചു മുട്ടി എത്തി.
അമ്മാമൻ - എട ! കൊശവ ! കാണിക്കണ്ട ദിക്കിലെല്ലാം കേറിചെന്നു ദണ്ഡം പിടിപ്പിച്ചതിനു ഞാനാടാ പിഴച്ചത്?
ഞാൻ കാര്യം മനസ്സിലാവാതെ മിഴിച്ചുനിൽക്കുമ്പോൾ " നടക്കു കാലത്തിലേക്ക്" എന്ന് കേട്ട് അവരോടുകൂടി കാലത്തിലേക്ക് തന്നെ മടങ്ങിപ്പോന്നു.
അമ്മാമൻ - എട തെണ്ടി ! ഈ ദീനം വെച്ചുകൊണ്ട് ഏടെക്കെടാ തെണ്ടാൻ പോയിരുന്നത്, പറ.
ഞാൻ - എനിക്കൊന്നുമില്ല. ഞാൻ തെണ്ടാനുമല്ല പോയത്.
അപ്പത്തിക്കരി - എന്നാൽ പിന്നെ നിങ്ങൾ 'ഐഡ്യഫാറം' വാങ്ങിച്ചതെന്തിനാ? നിങ്ങളെ ഇപ്പോഴും ആ മരുന്ന് നാറുന്നുണ്ടല്ലോ.
പൊടി കൊണ്ടുവന്നത് വേറെ ആവശ്യത്തിനാണെന്ന് പറയുവാൻ ഇട കിട്ടുന്നതിനുമുമ്പ് "ദീനമില്ലെടാ ! എന്നാൽ ഞാനുണ്ടാക്കാം" എന്ന് പറഞ്ഞു അമ്മാമൻ എറക്കാലിൽ നിന്ന് കന്നാലിക്കോലൂരി കണ്ണും മൂക്കും ഇല്ലാതെ എന്നെ തള്ളിത്തുടങ്ങി. ഞാൻ തുള്ളിച്ചാടി നിലവിളിക്കുന്നതിനിടയ്ക്ക് മടിയിൽനിന്നു ലക്കോട്ട് താഴെ വീണത് അപ്പാത്തിക്കിരി എടുത്തു. നേരത്തെ നടക്കാനായി പോയിരുന്ന കൃഷ്‌ണൻ എന്റെ നിലവിളി കേട്ട് കേറിവന്നു "അച്ഛനെന്താ പ്രാന്തുണ്ടോ? പുരുഷപ്രാപ്തി വന്നവരെ പിടിച്ചിങ്ങനെ തല്ലാമോ എന്ന് ചോദിച്ചു. " ഇവനെന്താ നുണ പറയാൻ" എന്നായി അമ്മാമൻ, അപ്പാത്തിക്കിരി കൃഷ്ണനെ കാര്യം പറഞ്ഞു മനസിലാക്കുന്നതിനിടയ്ക്ക് ലക്കോട്ടു മൂക്കിന്റെ അടുക്കൽ കൊണ്ടുപോയി.
"മതിമതി തല്ലിപ്പറയിപ്പിക്കേണമെന്നില്ല. ഇത് മടിയിൽ നിന്ന് വീണതാണ്. ഇതുകൊണ്ട് ദീനം വേറെ ആർക്കും അല്ലെന്നു തീർച്ചയായി. ഒന്നു നാറ്റിനോക്ക്' എന്നുപറഞ്ഞു ലക്കോട്ടു കൃഷ്ണന്റെ കയ്യിൽ കൊടുത്തു.
ഞാൻ - ലക്കോട്ടിന്റെ ഉള്ളിൽ ആ പൊടിയുണ്ട്. അതുകൊണ്ടാണ് നാറുന്നത് . അല്ലാതെ എനിക്ക് ദീനമുണ്ടായിട്ടല്ല.
(കൃഷ്ണൻ- നാറ്റിനോക്കി മേൽവിലാസം വായിച്ചിട്ട്) ജേഷ്ഠനെന്തിനാ പത്രാധിപർക്ക് 'ഐഡ്യഫാറം' അയക്കുന്നത്?
ഞാൻ - കൃഷ്ണൻ പറഞ്ഞിട്ടില്ലേ ?
കൃഷ്ണൻ - അല്ല, ഇപ്പോൾ ഞാൻ പറഞ്ഞിട്ടാണെന്നായോ?
അമ്മാമൻ - ഇവനെ ഇന്ന് കൊല്ലണം കൃഷ്ണാ! അത് പൊളിച്ചുനോക്കൂ, എന്ന് പറഞ്ഞു രണ്ടാമതും, എന്നെ പൂജിച്ചു തുടങ്ങി.
ഞാൻ - കടലാസിലേക്ക് എഴുതുമ്പോൾ ഈ പൊടി വിതരണമെന്നു എന്നോട് കൃഷ്ണൻ പറഞ്ഞില്ലേ?
ഇതുകേട്ട് കൃഷ്ണൻ ലക്കോട്ടു പൊളിച്ചു എഴുതെടുത്തു നീ എഴുതിയപ്പോൾ 'ഐഡ്യഫാറം' ചെയ്തത് ഉതിരുന്നത് കണ്ട് ആർട്ടിക്കലിനു 'ഐഡ്യഫാറം' ചെയ്തതാണല്ലേ? എന്ന് പറഞ്ഞു ചിരി തുടങ്ങി. കാര്യം മനസ്സിലായപ്പോൾ അപ്പാത്തിക്കിരിയും പങ്കുകൂടി അമ്മാമൻ മിഴിച്ചുനോക്കുന്നു ഇനിക്ക് തല്ലുകൊണ്ടത് മിച്ചം അന്ന് മുതൽക്ക് ഞാൻ ഇംഗ്ലീഷ് പഠിക്കുവാൻ ഉറച്ചു. 

 

AMBADI NARAYANA POTHUVAL

 തൃശൂർ അമ്പാടി വീട്ടിൽ, വക്കീൽ ശേഷയ്യരുടെയും പാർവ്വതി പൊതുവാൾസ്യാരുടെയും മകനായി കൊല്ലവർഷം 1046 ഇടവ മാസത്തിൽ (ക്രിസ്തുവർഷം 1871 മേയ് മാസത്തിൽ) ജനിച്ചു. തൃശൂർ ഹിന്ദു ഹൈസ്കൂളിൽനിന്നും മെട്രിക്കുലേഷൻ പാസ്സായി. എറണാകുളം മഹാരാജാസ്സിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ സർക്കാർ സർവീസിൽ പ്രവേശിച്ചു. 1926-ൽ സബ്രജിസ്ട്രാർ ഉദ്യോഗത്തിൽനിന്നും വിരമിച്ചു. കൊല്ലവർഷം 1111 മിഥുനം 32(ക്രിസ്തുവർഷം 1936 ജൂലൈ 15)-നു അദ്ദേഹം അന്തരിച്ചു.
വിദ്യാവിനോദിനി മാസികയിൽ കവിതകൾ എഴുതിയാണു് നാരായണപ്പൊതുവാൾ സാഹിത്യരംഗത്തേക്കു കടന്നുവന്നതു്. അനന്തരം ചെറുകഥയിലേക്കു ശ്രദ്ധതിരിഞ്ഞു. അപ്പൻതമ്പുരാന്റെ ഗൃഹസദസ്സിലെ അംഗത്വവും രസികരഞ്ജിനിയുടെ പത്രാധിപത്യവും പൊതുവാളിന്റെ സാഹിത്യ പ്രവർത്തനങ്ങൾക്കു് ആക്കംകൂട്ടി.
കഥാസൗധം (മൂന്നു ഭാഗങ്ങൾ), മോചനം (നാടകം), കേരളപുത്രൻ (നോവൽ) എന്നിവയാണു് പൊതുവാളിന്റെ കൃതികൾ. നിരവധി ലേഖനങ്ങളും കഥകളും സമാഹരിക്കപ്പെടാതെ കിടക്കുന്നുണ്ടു്. കഥാസൗധത്തിലെ കഥകളിൽ ഏറിയ പങ്കും അക്കാലത്തെ പ്രണയഗതിയും ദാമ്പത്യസുഖവും ചിത്രീകരിക്കുന്നവയാണു്. ചരിത്രസംഭവങ്ങളെയും പഴങ്കഥകളെയും പശ്ചാത്തലമാക്കിയാണു് പൊതുവാൾ കഥകൾ വാർത്തെടുത്തിരുന്നതു്.

        തൃശൂർ അമ്പാടി വീട്ടിൽ, വക്കീൽ ശേഷയ്യരുടെയും പാർവ്വതി പൊതുവാൾസ്യാരുടെയും മകനായി കൊല്ലവർഷം 1046 ഇടവ മാസത്തിൽ (ക്രിസ്തുവർഷം 1871 മേയ് മാസത്തിൽ) ജനിച്ചു. തൃശൂർ ഹിന്ദു ഹൈസ്കൂളിൽനിന്നും മെട്രിക്കുലേഷൻ പാസ്സായി. എറണാകുളം മഹാരാജാസ്സിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ സർക്കാർ സർവീസിൽ പ്രവേശിച്ചു. 1926-ൽ സബ്രജിസ്ട്രാർ ഉദ്യോഗത്തിൽനിന്നും വിരമിച്ചു. കൊല്ലവർഷം 1111 മിഥുനം 32(ക്രിസ്തുവർഷം 1936 ജൂലൈ 15)-നു അദ്ദേഹം അന്തരിച്ചു.
വിദ്യാവിനോദിനി മാസികയിൽ കവിതകൾ എഴുതിയാണു് നാരായണപ്പൊതുവാൾ സാഹിത്യരംഗത്തേക്കു കടന്നുവന്നതു്. അനന്തരം ചെറുകഥയിലേക്കു ശ്രദ്ധതിരിഞ്ഞു. അപ്പൻതമ്പുരാന്റെ ഗൃഹസദസ്സിലെ അംഗത്വവും രസികരഞ്ജിനിയുടെ പത്രാധിപത്യവും പൊതുവാളിന്റെ സാഹിത്യ പ്രവർത്തനങ്ങൾക്കു് ആക്കംകൂട്ടി.
കഥാസൗധം (മൂന്നു ഭാഗങ്ങൾ), മോചനം (നാടകം), കേരളപുത്രൻ (നോവൽ) എന്നിവയാണു് പൊതുവാളിന്റെ കൃതികൾ. നിരവധി ലേഖനങ്ങളും കഥകളും സമാഹരിക്കപ്പെടാതെ കിടക്കുന്നുണ്ടു്. കഥാസൗധത്തിലെ കഥകളിൽ ഏറിയ പങ്കും അക്കാലത്തെ പ്രണയഗതിയും ദാമ്പത്യസുഖവും ചിത്രീകരിക്കുന്നവയാണു്. ചരിത്രസംഭവങ്ങളെയും പഴങ്കഥകളെയും പശ്ചാത്തലമാക്കിയാണു് പൊതുവാൾ കഥകൾ വാർത്തെടുത്തിരുന്നതു്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ