അവനും ഭാര്യയും
അഥവാ
കളവും സംശയവും
മുര്‍ക്കോത്ത് കുമാരന്‍
അവന്‍ അവളെ സര്‍വ്വകാര്യത്തിലും സംശയിക്ക പതിവാണ്. രാത്രി അല്പം താമസിച്ചു വന്നെങ്കെില്‍ സംശയമായി.വല്ല സ്‌നേഹിതന്മാരുടേയും വീട്ടില്‍ രണ്ടു ദിവസം അടുത്തടുത്തു പോയെങ്കില്‍ സംശയിച്ചു. ചുരിക്കിപ്പറഞ്ഞാല്‍ അവന് അങ്ങുംമിങ്ങും തിരിഞ്ഞുനോക്കിക്കൂടെന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ. വളരെ സൗന്ദര്യമുള്ള സ്ത്രീകളെ കല്യാണം കഴിച്ചാല്‍ ഇതാണ് ബുദ്ധിമുട്ടെന്ന് അവന്‍ സാധാരണ പറയാറുണ്ട്. ഭര്‍ത്താക്കന്മാര്‍ അവര്‍ക്ക് ദാസന്മാരായി. എന്നാല്‍ ആ സാധുവിന്റെ കഥ വളരെ അസാധാരണമായിരുന്നു. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സംശയിക്കുകയും അവരുടെ പ്രവര്‍ത്തികളെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സാധാരണയുള്ള ആക്ഷേപം. ഇത് നേരെ മറിച്ചായിരുന്നു. അതുകൊണ്ട് ഗോപാലമേനോനെ സ്‌നേഹിതന്മാര്‍ പരിഹസിക്കുകയും പലരും അയാളോട് അനുതപിക്കുകയും ചെയ്തു. അവര്‍ സംശയിക്കുന്നതനുസരിച്ച് മേനോന്‍ കളവ് പറവാന്‍ നിര്‍ബ്ബന്ധിതനായി. പലപ്പോഴും പല കളവുകളും കൂട്ടിക്കെട്ടി പറയേണ്ടതായി വന്നു. കളവു രണ്ടുവിധമുണ്ടെന്നാണ് മേനോന്റെ അഭിപ്രായം. അവയ്ക്ക് ഇംഗ്ലീഷുകാര്‍ വെളുത്ത കളവെന്നും കറുത്ത കളവെന്നും പേര്‍ വിളിച്ചിരുന്നു. ആര്‍ക്കും യാതൊരു വിധത്തിലും ദോഷം വരുത്താതെ പറയുന്ന കളവാണ് വെളുത്ത കളവ്. വെളുത്ത കളവ് പറയാതെ ലോകം നടക്കില്ലെന്നും അയാള്‍ വിശ്വസിച്ചു. അനാവശ്യമായി സത്യം പറഞ്ഞുകൂടാത്ത സമയങ്ങളും അവസരങ്ങളും ഉണ്ട്. മറ്റു യാതൊരാളേയും ഒരു വിധത്തിലും സംബന്ധിക്കാത്തതും തന്നെ മാത്രം സംബന്ധിക്കുതുമായ സംഗതികളെ തുറന്നു പറയാത്തതുകൊണ്ട് ദോഷമില്ല. നമ്മുടെ മനസ്സിലുള്ള കാര്യങ്ങളൊക്കെ അശേഷം മറച്ചു വെയ്ക്കാതെ പറയുന്നതായാല്‍ നാം അനേകം ശത്രുക്കളെ ഉണ്ടാവും. എന്നാല്‍ മേനോന്റെ ഭാര്യയുടെ അഭിപ്രായം അങ്ങനെയല്ലായിരിന്നു. കളവൊക്കെ കളവുതന്നെയാണെന്നും സത്യം സത്യമാണെന്നും ആയിരുന്നു ജാനകിയമ്മയുടെ അഭിപ്രായം.
കല്യാണം കഴിച്ചാല്‍ പിന്നെ പുരുഷന്മാര്‍ ആറു മണിക്കു വീട്ടിലടങ്ങണം; എന്നാണ് ജാനകിയമ്മയുടെ ന്യായം. പകല്‍ മുഴുവന്‍ പുരുഷന്മാര്‍ പ്രവര്‍ത്തിക്കായി വെളിക്കു പോകും. സ്ത്രികള്‍ ഗൃഹകാര്യം നോക്കിനടക്കും.സന്ധ്യകഴിഞ്ഞാല്‍ പിന്നെ രണ്ടുപേരും സരസ്യസല്ലാപാദികളെക്കൊണ്ട് വിനോദിക്കേണ്ട കാലമായി.ഭാര്യ,ഭര്‍ത്താവിന്റെ സഹവാസത്തിലല്ലാതെ രസിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമാകുമോ ? ഇല്ല.ഒരിക്കലുമില്ല.അതുപോലെതന്നെ ഭര്‍ത്താവ്,ഭാര്യയുടെ സഹവാസത്തിലല്ലാതെ രസിക്കുന്നത് ഭാര്യക്കും ഇഷ്ടമാകയില്ലെന്നും പറയുന്നതില്‍ എന്താണ് തെറ്റ്.അതൊക്കെ വളരെ ശരിയാണെന്നും ന്യായമാണെന്നും മേനോന്‍ തലകുലുക്കി സമ്മതിക്കും.പുരുഷന്മാര്‍ എന്തൊക്കെ കാര്യങ്ങളില്‍ ഏര്‍ടേപ്പണ്ടതുണ്ടായിരിക്കും?
ഒരു ദിവസം മേനോന്‍ ആപ്പീസ് പിരിഞ്ഞു വരു വഴിക്കു ചില സ്‌നേഹിതന്മാരെ കണ്ടു. തഞ്ചാവൂരില്‍ നിന്ന് ഒരു ഭാഗവതര്‍ വന്നിട്ടുണ്ട്. ശ്രുതിപ്പെട്ട ഭാഗവതരാണ്. ടൗണ്‍ഹാളില്‍ വെച്ച് അഞ്ചര മണിക്കു പാട്ടുണ്ട്. ആര്‍ക്കും വെറുതെ കേട്ടുപോകാം. സ്‌നേഹിതന്മാര്‍ ക്ഷണിക്കയാല്‍ മേനോന്‍ അവരുടെ ഒന്നിച്ചുപോയി. രണ്ടു പാട്ടു കേട്ടു ക്ഷണത്തില്‍ മടങ്ങാമെന്ന് വിചാരിച്ചാണ് പോയത്. അവിടെ ചെന്നപ്പോള്‍ പാട്ടുപാടുന്നത് രണ്ടു സ്ത്രീകളാണെന്നു കണ്ടു. പാട്ട'് അതി വിശേഷമായിരുന്നു. പാട്ടുകാരത്തികള്‍ സുന്ദരികളാണ്. സമയം പോയതറിയാത്തതില്‍ പിന്നെ ആ സാധുവെ കുറ്റപ്പെടുത്താനുണ്ടോ? വീട്ടില്‍ മടങ്ങിയെത്താന്‍ എട്ടു മണിയായിപ്പോയിരുന്നു. ഭാര്യ മുഖം വീര്‍പ്പിച്ചിരിക്കുന്നു. ചെന്നു കയറിയ ഉടനെ തന്നെ മേനോന്‍ ഭാര്യയുടെ അടുക്കല്‍ പോയി.
ജാനകിയമ്മ: എന്താണ് നിങ്ങള്‍ ഇത്ര താമസിച്ചത്.?
മേനോന്‍: എന്താണ് ചെയ്യുക. ഇന്നു സായിപ് പരിശോധനയ്ക്കു വന്നിരുന്നു. ഏഴരമണ്യായിരുന്നു കച്ചേരി പിരിയാന്‍.
ജന: നേരുതന്നെയാണിത്?
മേ: എന്താ ജാനകി ഞാന്‍ നിന്നോട് വല്ലപ്പോഴും കളവ് പറയാറുണ്ടോ?
ഛേ! നീ എന്നെ ഇങ്ങനെ സംശയിക്കുവല്ലോ
ജാനകിയമ്മ ഒന്നും മിണ്ടിയില്ല. ഭര്‍ത്താവ് പറയുന്നത് നേരുതന്നെയാണെന്നു വിശ്വസിച്ചു. അദ്ദേഹത്തെ സംശയിച്ചത് കഷ്ടമായിപ്പോയെന്നു വിചാരിച്ചു പശ്ചാത്തപിച്ചു. പിറ്റെദിവസം തന്റെ മേലധികാരിയുടെ വീട്ടിലായിരുന്നു സദിര്. മേനോനെ ക്ഷണിച്ചിരുന്നു. കച്ചേരി വിട്ട് വഴിക്കുതന്നെ അവിടെ പോകേണ്ടിവന്നു. അന്നും മടങ്ങിവരാന്‍ എട്ടുമണിയായി. മുന്‍സീപ്പിന്റെ വീട്ടില്‍ സദിരുണ്ടായിരുന്നെന്നു പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷേ, പാടിയത് സ്ത്രീകളല്ലെ? സ്ത്രീകളുടെപാട്ട'് കേള്‍ക്കാന്‍ ജാനകിയമ്മയുടെ ഭര്‍ത്താവ് പോകയോ നല്ല കഥ! അന്നു ചെന്ന ഉടനെ ഭാര്യ യാതൊന്നും മിണ്ടാതെ കിടക്കയില്‍ കവുണ്ണു കിടക്കുന്നതുകണ്ടു. മേനോന്‍ അടുത്തു ചെന്നിട്ട'്
എന്താ ഞാന്‍ താമസിച്ചതുകൊണ്ട് കോപിക്കയാണ്. ഇല്ലെ? നീ എന്തൊരു വിഡ്ഢിയാണ്? ഇന്നലെ സായ്പ് പരിശോധന നടത്തിയപ്പോള്‍ റിക്കാര്‍ഡില്‍ കുറെ തെറ്റുകള്‍ കണ്ടിരുന്നു. ആ തെറ്റുകളൊക്കെ ഇന്നുതന്നെ ശരിപ്പെടുത്തി കൊടുക്കേണമെന്നു മുന്‍സിപ്പ് പറഞ്ഞു. ഞങ്ങളൊക്കെ വിളക്കും കത്തിച്ചു പണിയെടുക്കേണ്ടി വന്നുഎന്നു പറഞ്ഞു. ഇത് കേട്ടപ്പോള്‍ ജാനകിയമ്മ കിടന്ന ദിക്കില്‍ നി്ന്നു ചാടിയെഴുന്നേറ്റു ഇങ്ങനെ പറഞ്ഞു. 'നിങ്ങളെന്തിനാണ് ഇങ്ങനെ വെള്ളം പകര്‍ന്നാല്‍ ചേരാത്ത കളവ് പറയുന്നു.'
മേനോന്‍: ഞാന്‍ നിന്നോട് കളവും പറയാറുണ്ടോ?
ജാനകി: നിങ്ങള്‍ ഇതുവരെ പറഞ്ഞ കളവുകളില്‍ കല്ലുവെച്ച കളവാണിത്
മേ: ജനകീ! നീയെന്താ പറഞ്ഞത്.
ജാ: ഞാന്‍ പറഞ്ഞതൊ? മറ്റൊന്നുമല്ല. ഏഴു മണിയായിട്ടും നിങ്ങള്‍ വരാഞ്ഞപ്പോള്‍ ഞാന്‍ കിട്ടനെ കച്ചേരിയില്‍ അയച്ചു. കച്ചേരി പൂട്ടിയിരിക്കുന്നു. വിളക്കു പോയിട്ട്'് ഒരു തിരിപോലുമില്ല. എന്തിനാണ് നിങ്ങളീ കളവ് പറയുന്നത്? എന്നെ വഞ്ചിച്ചിട്ട'് എന്താണ് കാര്യം? സ്ത്രീകളെ വഞ്ചിക്കാന്‍ വളരെ സാമര്‍ത്ഥ്യം വേണമെന്നാണൊ വിചാരിക്കുന്നത്?
ജാനകിയമ്മ ഒടുവിലെ രണ്ട് മൂന്നു വാചകങ്ങള്‍ പറഞ്ഞത് മേനോന്‍ കേട്ടിരുന്നില്ല. അയാള്‍ ഒരു ഉപായം ആലോചിക്കയായിരുന്നു. ഭാര്യ പറഞ്ഞു കഴിഞ്ഞ ഉടനെ 'മേനോന്‍ 'കിട്ടനാണോ നിന്നോടു പറഞ്ഞത്? കിട്ടാ,' കിട്ടന്‍ വന്നു. അവനോട് മേനോന്‍, 'നീ ഇന്ന് ഏഴുമണിക്ക് സായ്പിന്റെ കച്ചേരിയില്‍ പോയിരുന്നുവോ?'
കിട്ടന്‍: ഇല്ല.
മേനോന്‍: എന്താ ജാനകീ , നീയല്ലേ പറഞ്ഞത് കിട്ടന്‍ കച്ചേരിയില്‍ പോയിരുന്നു വെന്ന്?
ജാനകി: കിട്ടാ നീയല്ലെ പറഞ്ഞത് നീ കച്ചേരിയില്‍ ചെന്ന് നോക്കിയെന്ന്?
കിട്ടന്‍: ഞാന്‍ ഏമാന്‍ പണി ചെയ്യന്നു കച്ചേരിയിലാണ് പോയത്. അവിടെ പോകാനല്ലെ അമ്മ പറഞ്ഞത്?
മേനോന്‍: ഓ, അങ്ങനെയോ, ജഡ്ജി തെറ്റ് കണ്ടുപിടിച്ചാല്‍ അത് സ്വന്തം കച്ചേരിയില്‍ നിന്നാണ് ചെയ്തു ശരിയാക്കാറ് അല്ലേ? നീ പൊയ്‌ക്കൊ കിട്ടാ.
ജാനകിയമ്മ വിഡ്ഢിയായി. അന്നു പിന്നെ ഘനം നടിച്ചതും മുഖം വീര്‍പ്പിച്ചതും മേനോനായിരുന്നു. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായതില്‍ മേനോന്റെ കളവ് തന്നെ ജയം പ്രാപിച്ചു. ഒരു ദിവസം വൈകുരേം മേനോന്‍ കച്ചേരി പിരിഞ്ഞു വരുമ്പോള്‍ ഒന്നിച്ച് ഒരു യൂറോപ്യന്‍ സ്ത്രീയും പുരുഷനും കൂടി ഉണ്ടായിരുന്നുവെന്നതു കിട്ടന്‍ പോയി പറഞ്ഞതു കേട്ടു ജാനകിയമ്മ കോപിച്ചു. അത് കച്ചേരിയിലെ ഹെഡ്ക്ലാര്‍ക്കും അയാളുടെ ഭാര്യയും ആയിരുന്നുവെന്നുമേനോന്‍ പറഞ്ഞപ്പോള്‍ തന്റെ ഭാര്യയുടെ കോപം ശമിച്ചു.
ഒന്നു രണ്ട് മാസം ഭാര്യയ്ക്കു സംശയിക്കാനും മേനോന് കളവ് പറവാനും സംഗതിയില്ലാതെ കഴിഞ്ഞു. ഒരു ഞായറാഴ്ചയാണ്. ഒരുവന്‍ മേനോനെ കാണാന്‍ വീട്ടില്‍ ചെന്നു. അദ്ദേഹത്തിന് ഒരു എഴുത്തുണ്ട്. മേനോന്‍ കുളിക്കയാണ്. എഴുത്ത് മേനോന്റെകയ്യില്‍തന്നെ കൊടുക്കണം. മറ്റാരുടെകയ്യിലും കൊടുക്കയില്ല. മേനോന്‍ വന്നു കത്തുവാങ്ങി വായിച്ചു. ചുരുട്ടി കയ്യില്‍പിടിച്ച് അവനോട് പൊയ്‌ക്കൊള്‍വാന്‍ പറഞ്ഞു. സാധാരണവല്ല കത്തും വന്നാല്‍ മേനോന്‍ അതു വായുച്ചു മേശപ്പുറത്തോ മറ്റൊ ഇടുകയാണ് ചെയ്യാറ്. ഈ കത്ത് രഹസ്യമായി കൊണ്ടുപോയി തന്റെ കുപ്പായക്കീശയില്‍സ്ഥാപിക്കുന്നത് ഭാര്യ കണ്ടുസംശയമായി. മേനോന്‍ ഉണ്ണാനിരുന്ന തരത്തില്‍ കത്തെടുത്തു വായിച്ചു. കത്ത് ഇതായിരുന്നു.
സ്‌നേഹിതരേ,
ഞാന്‍ ഇന്നലെ മിസ്റ്റര്‍ ഡിക്രൂസിന്റെ വീട്ടില്‍ പോയി. ലില്ലിയെ അവിടെ കണ്ടു. തരക്കേടില്ല. ഞാന്‍ ഇന്നലെ രാത്രിതന്നെ ഒന്നിച്ചുകൂട്ടി. എന്റെ വീട്ടിലുണ്ട്. അങ്ങട് കൂട്ടാന്‍ പാടില്ലല്ലോ എു വിചാരിച്ചു ഇവിടെ തന്നെ പാര്‍പ്പിക്കുന്നു. നിങ്ങളുടെ ഭാര്യയുടെ സ്ഥിതി ആലോചിച്ചിട്ടാണ് അങ്ങട് കൂട്ടാത്തത് എന്നു വിശേഷിച്ച് പറയേണ്ടതില്ലല്ലോ. ഇന്നെനിക്കു ഒരു ദിക്കില്‍ പോകാനുണ്ട്. രാത്രി ഏഴു മണിക്കു വന്നാല്‍ നിങ്ങള്‍ക്കുതന്നെ കാണാം.
എന്ന്, സ്‌നേഹിതന്‍
(ഒപ്പ്)
ഒപ്പ് ജാനകിഅമ്മയ്ക്ക് മനസ്സിലായില്ല. കത്ത് വായിച്ച ഉടനെ ആ സ്ത്രീ തന്റെ മുറിയില്‍ പോയി വാതിലടച്ചു കിടന്നു കരഞ്ഞുതുടങ്ങി. മേനോന്‍ ഊണുകഴിച്ചു ഭാര്യയെ വിളിച്ചു. എങ്ങും കാണാനില്ല. അമുറി അടച്ചു കണ്ടപ്പോള്‍ വാതിലിന് മുട്ടി വിളിച്ചു. തുറക്കുന്നില്ല. ഇത്രപെട്ടന്ന് ഇങ്ങനെ വരാന്‍ സംഗതിയെന്താണെന്ന് പലതും ആലോചിച്ചുനോക്കി. ഒരു കാരണവും കണ്ടില്ല. ഒടുവില്‍ വളരെ ബുദ്ധിമുട്ടിച്ചപ്പോള്‍ ജാനകിയമ്മ വാതില്‍ തുറന്നു. കരഞ്ഞു കണ്ണൊക്കെ ചുകന്നു വീങ്ങിയിരിക്കുന്നു. വിക്കി വിക്കി ഇങ്ങനെ പറഞ്ഞു.
'ഞാന്‍ എന്റെ വീട്ടിലേയ്ക്കു പോകയാണ്. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടൊയിരുന്നു എന്നാണ് ഞാന്‍ വിചാരിച്ചത്. നിങ്ങള്‍ എന്നെയല്ല. സ്‌നേഹിക്കുന്നത്.
മേ: നിനക്ക് അങ്ങനെ തോന്നാന്‍ സംഗതിയെന്താണ്?
ജാന: നിങ്ങള്‍ അറിയാത്തവരെപ്പോലെ പറയുന്നുവല്ലോ. എനിക്ക് ഇപ്പോള്‍ പോകണം. നിങ്ങള്‍ക്ക് കണ്ട യൂറോപ്യന്‍ സ്ത്രീകളോടല്ലേ സ്‌നേഹം. നിങ്ങള്‍ ഇനി ലില്ലിയെത്തന്നെ സംബന്ധം വെച്ചോളൂ. ഞാന്‍ പോണു.
ഇത് കേട്ടപ്പോള്‍ മേനോന്‍ പൊട്ടിച്ചിരിച്ചു. അടക്കാന്‍കഴിയാതെ വളരെ നേരം ചിരി കേട്ടപ്പോള്‍ ജാനകി അമ്മ കുറേ പരിഭ്രമിച്ചു. ഒടുവില്‍ മേനോന്‍ ഇങ്ങനെ പറഞ്ഞു.
' നീ ആ കത്ത് വായിച്ചു ഇല്ലേ? വിഡ്ഢി, ലില്ലി ഒരു സ്ത്രീയല്ല ഒരു നായക്കുട്ടിയാണ്. മുന്‍സീപ്പിന് നല്ലൊരു നായക്കുട്ടിയെ വേണമെന്ന് പറഞ്ഞിരുന്നു. ഞാന്‍ ദാമോദരന്‍നായരോട് പറഞ്ഞേല്പിച്ചു. നിന്റെ ആങ്ങളയെ ഭ്രാന്തന്‍ നായ കടിച്ചതു മുതല്‍ നിണക്ക് നായ്ക്കളെ കണ്ടുകൂടെന്നും അതുകൊണ്ട് അതിനെ വീട്ടില്‍ കൊണ്ടു വരരുതെന്നും ഞാന്‍ പറഞ്ഞിരുന്നു. അതാണ് ദാമോദരന്‍നായര്‍ അങ്ങനെ എഴുതിയത്.'
ഇപ്പറഞ്ഞതൊക്കെ നേരായിരുന്നു. ഈ വിവരം പറയുമ്പോഴും പറഞ്ഞു കഴിഞ്ഞപ്പോഴും മേനോന്‍ നന്നെ ചിരിച്ചു. ജാനകിയമ്മ ഒരിക്കലും ഇതിലധികം വിഡ്ഢിയായിരുന്നില്ല. മേലാല്‍ തന്റെ ഭര്‍ത്താവിനെ ഒരു കാര്യത്തിലും സംശയിക്കില്ലെ് ആ സ്ത്രീ ശപഥവും ചെയ്തു. അു മുതല്‍ മേനോന്‍ സത്യമല്ലാതെ പറയാതെയും ആയി.
മൂർക്കോത്തു കുമാരൻ
വടക്കേമലബാറിലെ പ്രസിദ്ധമായ മൂർക്കോത്തു കുടുംബത്തിൽ 1874 മെയ് 23-ന് ജനിച്ചു. പിതാവ് - മൂർക്കോത്ത് രാമുണ്ണി, മാതാവ് - പരപ്പുറത്തു കുഞ്ചിരുത. ആറാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ഛനും മരിച്ചു. അച്ഛൻറെ തറവാട്ടിലാണ് കുമാരൻ വളർന്നത്. തലശ്ശേരി, മദ്രാസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചെറുകഥാകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധൻ. വിവിധ സ്കൂളുകളിലും കോളേജുകളിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1941 ജൂൺ 25-ന് അന്തരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ