കല്യാണിക്കുട്ടി
ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ
ആദിഖണ്ഡം
'ആരെന്തു പറഞ്ഞാലും ഞാൻ
സമ്മതിക്കില്ല .മനുഷ്യന്നു ദേഹം മുഴുവൻ അന്യാധീനമാണ് .മനസ്സു മാത്രമേ
സ്വാധീനമായിട്ടുള്ളു .അതിനെക്കൂടി അന്യാധീനപ്പെടുത്തുവാൻ ഞാൻ
വിചാരിക്കുന്നില്ല .സർവഗുണസമ്പന്നനായ ആ മഹാത്മാവിന്റെ അപ്രകാരമുള്ള പ്രേമാതിശയത്തെ
ഞാൻ വിസ്മരിക്കുകയോ! പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമെന്ത്? രണ്ടു
കൊല്ലത്തിലധികമായി യാതൊരു വർത്തമാനവും ഇല്ലാതിരിക്കുന്ന സ്ഥിതിക്ക് അദ്ദേഹം
മരിച്ചുപോയിരിക്കാമെന്നാണ് കൊച്ചമ്മമാന്റേയും അമ്മയുടെയും മറ്റും പക്ഷം. എനിക്കിതു
തീരെ ബോദ്ധ്യമാകുന്നില്ല. അങ്ങിനെ മരിക്കാൻ തീർന്ന ഒരാളല്ല അദ്ദേഹം. അഥവാ അദ്ദേഹം
മരിച്ചുപോയാൽത്തന്നെ ഞാൻ കന്യാവ്രതത്തോടുകൂടി ഇരുന്നു മരിക്കുന്നതല്ലേ ഉത്തമം? ഞാൻ ഇങ്ങിനെ
ഇരുന്നാൽ തറവാട്ടിൽ സന്തതിവിനാശം വന്നുപോകുമല്ലോ എന്നാണ് അമ്മ പറയുന്നത്
.വന്നുകൊള്ളട്ടെ. അതിന്നു ഞാനെന്തുവേണം.സന്തത്യുൽ പാദനത്തിനായിട്ടു ഞാൻ
ജനിച്ചിട്ടുണ്ടോ?നേരെ മറിച്ച്; അതു കൂടാതെകഴിഞ്ഞാൽ അത്രയും പാപികളുടെ ജനയിത്രിയാകാതെ കഴിഞ്ഞു. അതിന്നു സന്തോഷിപ്പാനല്ലേ അവകാശമുള്ളൂ? എന്നാലും രണ്ട് കൊല്ലമായിട്ട്
ഒരെഴുത്തുപോലും അയച്ചില്ലല്ലോ. അത്ഭുതം തന്നെ. ഇങ്ങോട്ടു വരുവാൻ സംഗതിയുണ്ടെങ്കിൽ
ഞാൻ ഇതിന്നു പകരം ചോദിച്ചുകൊള്ളാം. ബി.ഏ.പരീക്ഷ കഴിഞ്ഞാൽ ഒരു ദിക്സഞ്ചാരം
ആവശ്യമാണെന്ന് എന്നോട് പലപ്പോഴും പറയാറുണ്ട്. എന്നാൽ പരീക്ഷ കഴിഞ്ഞതിന്നുശേഷം ഇവിടെ
വരാതെ മദിരാശിയിൽ നിന്നു തന്നെ പോകുമെന്നും ഇത്ര വളരെ താമസിക്കുമെന്നും ഞാൻ
വിചാരിച്ചില്ലല്ലോ. പരീക്ഷയിൽ ഒന്നാം ക്ലാസ്സിൽ ജയിച്ചിട്ടുള്ള വിവരം തന്നെ
അറിഞ്ഞിട്ടുണ്ടോ ആവോ? എല്ലാം ഈശ്വരനറിയാം'. ഇപ്രകാരമായിരുന്നു അത്താഴമൂണും
കഴിഞ്ഞു തൻ്റെ കിടപ്പുമുറിയിൽ വന്നു വട്ടമേശപ്പുറത്തു കത്തുന്ന
മേശവിളക്കിന്നഭിമുഖമായി ചാരുകസേരയിൽ കിടന്നു കൊണ്ടിരുന്ന പൂപ്പറമ്പിൽ
കല്യാണിക്കുട്ടിയമ്മയുടെ വിചാരം. ഞാൻ കയറി കല്യാണിക്കുട്ടിയമ്മ എന്നു വിളിക്കുമ്പോൾ
നമ്മുടെ നായികയ്ക്ക് അസാരം പ്രായമായിരിക്കണം എന്നു വായനക്കാരാരും
ശങ്കിച്ചുപോകരുത്. ആ സുന്ദരിയുടെ സൗശീല്യ ആദ്യ അനേകഗുണങ്ങളാൽ ഞാൻ ബഹുമാനസൂചകമായി
ഇപ്രകാരം വിളിച്ചുപോയതാണ്. വാസ്തവത്തിൽ ആ സ്ത്രീയ്ക്കു വയസ്സു പാതിനേഴേ
ആയിട്ടുള്ളു. കല്യാണിക്കുട്ടിയുടെ അച്ഛൻ ശങ്കരൻനായർ ഇരുപത്തയ്യായിരത്തിപ്പറ നെല്ലു പാട്ടം വരവുള്ള
ഒരു ജന്മിയായിരുന്നു. പഴയ സമ്പ്രദായത്തിൽ ഒരു മര്യാദക്കാരനും ധർമ്മതല്പരനും വലിയ
ഈശ്വരഭക്തനും ആയിരുന്നു. ഭാര്യയായ കുഞ്ഞിക്കാവമ്മയ്ക്കു കല്യാണിക്കുട്ടി കൂടാതെ
പതിനൊന്നു വയസ്സു പ്രായമുള്ള ഒരാൺകുട്ടി മാത്രമേയുള്ളൂ. ആ കുട്ടിക്കു മാധവൻ എന്നാണ്
പേർ എങ്കിലും കൊച്ചപ്പൻ എന്നാണ് സാധാരണ വിളിക്കാറ്. അയാൾ മിഡിൽ സ്കൂൾ ക്ലാസ്സിനു
താഴെ പഠിക്കുന്നു. കല്യാണിക്കുട്ടിയുടെ അച്ഛൻ പെൺകുട്ടികളെ ഇംഗ്ലീഷു
പഠിപ്പിക്കുന്നതു കുറേ അനീതിയാണെന്ന വിചാരക്കാരനായിരുന്നതിനാൽ കല്യാണിക്കുട്ടിക്ക്
ആ ഭാഗ്യാനുഭവത്തിന്നു സംഗതി വന്നില്ല.എങ്കിലും സംസ്കൃതത്തിൽ സാമാന്യം
വ്യുല്പത്തിയും സംഗീതത്തിൽ നല്ല പരിജ്ഞാനവും ഉണ്ടാക്കിവെച്ചു.കവിതവാസനയും
കുറേശ്ശേയുണ്ട്. അയ്യായിരം പറ നെല്ലു പാട്ടം പിരിയുവാനുള്ള വസ്തുക്കൾ
കൊടുത്തതോടുകൂടി തൻ്റെ ഈശ്വരഭക്തിയും അച്ഛൻ പിതൃസ്വത്തായി കൊടുത്തിരുന്നു.തൻ്റെ
മകൾക്ക് ഒരു കുട്ടിയുണ്ടായി കണ്ടാൽ കൊള്ളാമെന്നുണ്ടായിരുന്ന മോഹം സാധിക്കാതെ
ശങ്കരൻനായർ ഈ കഥ ആരംഭിക്കുന്നതിന് ഒന്നരക്കൊല്ലം മുമ്പ് ചരമഗതിയെ
പ്രാപിച്ചു. തനിക്കു മുപ്പത്തിമൂന്നു വയസ്സുമാത്രം പ്രായമുള്ളതിനാൽ, അല്പസന്തതിയായ
കല്യാണികുട്ടിക്കു സഹായമായി ഒരു പെൺകുട്ടി കൂടി ഉണ്ടായാൽ കൊള്ളാമെന്നു
കുഞ്ഞിക്കാവമ്മയ്ക്കു ഉണ്ടായിരുന്ന മോഹവും അതോടുകൂടിത്തന്നെ
അസ്തമിച്ചു. കുഞ്ഞിക്കാവമ്മയുടെ മൂത്ത ഉടപ്പിറന്നവനായ കേശവമേനോൻ മരിച്ചിട്ട് അഞ്ചു
സംവത്സരമായി. ഇപ്പോൾ ഇളയ ഉടപ്പിറന്നവൻ (കല്യാണിക്കുട്ടിയുടെ കൊച്ചമ്മാവൻ ) ആയ
ഗോപാലമേനോൻ മാത്രമേ ഉള്ളു. തറവാട്ടുകാര്യാന്വേഷണം അദ്ദേഹമാണ്.സുശീലയായ
കല്യാണിക്കുട്ടിയിൽ സുശീലനായ അദ്ദേഹത്തിന് അതിവാത്സല്യമുണ്ടായതിൽ
അത്ഭുതമില്ലല്ലോ. കൊച്ചപ്പൻ അതിബുദ്ധിമാനായിരുന്ന ഒരു കുട്ടിയായിരുന്നു. കൊച്ചപ്പനും
കല്യാണിക്കുട്ടിയും തമ്മിലുള്ള സ്നേഹബന്ധം അതി ശക്തിമത്തായിരുന്നു. ഇപ്രകാരം
ഗുണസമ്പൂർണ്ണയായ ഒരു സഹോദരിയുള്ളതുകൊണ്ട് കൊച്ചപ്പനും, അപ്രകാരമുള്ള ഒരു
സഹോദരനുള്ളതുകൊണ്ട് കല്യാണിക്കുട്ടിക്കും ധാരാളം അഭിമാനമുണ്ടായിരുന്നു. ഇനി
യാതൊരാളെ ഉദ്ദേശിച്ചാണോ കല്യാണിക്കുട്ടി മേൽപ്രകാരം മനോരാജ്യം വിചാരിച്ചത്, അയാളെക്കുറിച്ചും
രണ്ടുവാക്ക് പറയാതെ കഴിയില്ലല്ലോ.പുതിയേടത്തു കൊച്ചു കൃഷ്ണമേനോന്ന് ഈ കഥ
ആരംഭിക്കുന്ന കാലത്തു ഇരുപത്തിനാലു വയസ്സ് പ്രായമാണ്. വലിയ സ്വത്തുകാരൻ
അല്ലെങ്കിലും മാതാപിതാക്കളുടെ മോഹം നിമിത്തം അവർ അദ്ദേഹത്തെ ബി .ഏ.വരെ
പഠിപ്പിച്ചു. അച്ഛനമ്മമാരുടെ ഹിതാനുവർത്തിയായി കഴിഞ്ഞുകൂടിയിരുന്ന മകൻ രണ്ടു
കൊല്ലത്തോളം കാലമായി യാതൊരു വിവരവുമില്ലാത്ത വിധത്തിൽ പിരിഞ്ഞുപോക നിമിത്തം അവർ
രണ്ടുപേരും കേവലം നിരാശന്മാരായിത്തന്നെ നാൾ കഴിച്ചു വന്നു. ശേഷമുള്ള
വർത്തമാനങ്ങളെല്ലാം കല്യാണിക്കുട്ടിയുടെ വിചാരം കൊണ്ടും മറ്റും സ്പഷ്ടമാകുന്നതാകയാൽ
ഇനി പ്രകൃതത്തിലേക്കു തന്നെ കടക്കാം. 'ഉം എല്ലാം ഈശ്വരനറിയാം' എന്ന് ഒന്നുകൂടി
ഉറപ്പിച്ചു പറഞ്ഞു ഒരു ദീർഘനിശ്വാസം വിട്ടു കസേരയിൽ നിന്നെഴുന്നേറ്റു
കല്യാണിക്കുട്ടി പുരമുറിയുടെ വാതിൽ അടപ്പനായി ഭാവിച്ചു. അപ്പോഴേക്കും കേശവൻ
ഓടിക്കൊണ്ടുവന്നു. ഇതാ കൊച്ചമ്മാ കൊച്ചമ്മാമൻ തന്നയച്ച ഒരെഴുത്തു എന്ന് പറഞ്ഞു
എഴുത്തു കല്യാണിക്കുട്ടിയുടെ കയ്യിൽ കൊടുത്തു. (ഈ കേശവൻ കൊച്ചുകൃഷ്ണമേനോൻ
ഒരുമിച്ചു മദിരാശിയിൽ വെപ്പുകാരനായി താമസിച്ചിരുന്നവനും അദ്ദേഹം ദേശാന്തരം
പോയപ്പോൾ കല്യാണിക്കുട്ടിക്ക് സഹായമായി അയക്കപെട്ടവനും നല്ല കൂറുള്ള
ഒരുവനുമാണ്. കല്യാണിക്കുട്ടി കുലുക്കം കൂടാതെ എഴുത്തു വാങ്ങി താഴെ പറയും പ്രകാരം
വായിച്ചു തുടങ്ങി.
മാനാമധുരസത്രം,
75 വൃശ്ചികം 22 -)൦ നു
ശ്രീ
'ഞാൻ ഈ മാസം 25 -)൦ നു ഇവിടെ
എത്തി.ഇദിക്കിൽ സന്നിപാതജ്വരം എന്നു പേർ പറയപ്പെടുന്ന ഒരു വക കഠിന ജ്വരം
നടപ്പുണ്ട്. സംഗതിവശാൽ അത് എന്നെയും ബാധിച്ചിരിക്കുന്നു.വളരെ അധികമില്ലെന്നു തന്നെ
പറയാം.ദീനം ആശ്വാസമായാൽ ഞാൻ അങ്ങോട്ട് നടന്നുവന്നുകൊള്ളാം. നടന്നുവരാമെന്നു
പറയുന്നതിന്റെ കാരണം ഇന്നതാന്നെന്നു മനസിലാക്കുമല്ലോ. അവിടെ അമ്മയ്ക്കും മറ്റും
സൗഖ്യമാണെന്നു വിശ്വസിക്കുന്നു. അമ്മയെയും മറ്റും കാണാഞ്ഞിട്ട് എനിക്ക് ഇപ്പോൾ കുറേ
വ്യസനമുണ്ട്. ശേഷം കാഴ്ച
ഇത് എൻ്റെ അച്ഛനു മകൻ കുട്ടൻ
പി.കൊച്ചു കൃഷ്ണമേനോൻ (ഒപ്പ് )
മാ.രാ.രാ.ശ്രീ.
കെ.കൃഷ്ണപ്പണിക്കരവർകൾ
കല്യാണിക്കുട്ടി
എഴുത്ത് ഒരു നാലഞ്ച് പരിവൃത്തി വായിച്ചു.പിന്നെ എഴുത്തിലെ ഓരോ സംഗതിയും എടുത്തു
പ്രത്യേകം മനസ്സുകൊണ്ട് വ്യാഖ്യാനിച്ചു തുടങ്ങി.ഇതുവരേയും മൗനമായിരുന്നു.ഇപ്പോൾ
ഇങ്ങിനെ ഒരെഴുത്തയച്ചത് എന്താണ്?ഒരു സമയം ഈ ദുര്ഘടദീനം വൈഷമ്യമായി പരിണമിക്കും എന്നും
വിചാരിച്ചല്ലേ?'ദീനം വളരെ അധികമില്ലെന്നു തന്നെ പറയാം'എന്നു
പറഞ്ഞിട്ടുള്ളത് ഒരു വെറും ആശ്വാസവാക്കാണ്.അമ്മയേയും മറ്റും കാണാഞ്ഞിട്ട് ഇപ്പോൾ
കുറെ വ്യസനമുണ്ട് എന്നു പറഞ്ഞിട്ടുള്ളതും ആ അഭിപ്രായത്തിനു യോജിച്ചു
നിൽക്കുന്നുണ്ട്.'മറ്റും'ഉം.മറ്റും എന്നു രണ്ട് പ്രാവശ്യം ഉപയോഗിച്ചിട്ടുള്ളതുകൊണ്ട് ഈ
ഭാഗ്യഹീനയായ ഞാൻ കൂടി അതിൽ ഉൾപ്പെട്ടിട് ഉണ്ടെന്നു ഊഹിക്കാം. കാണാൻ വരുമ്പോഴേക്കും 'മറ്റും'ജീവിച്ചിരിക്കുന്ന
കാര്യം കുറേ സംശയമാണ്. ഇങ്ങിനെ ഓരോന്ന് ആലോചിച്ചും പര്യാലോചിച്ചും വ്യസനിച്ചും
ഇരിക്കുമ്പോൾ 'കല്യാണിക്കുട്ടി! എഴുത്തു കിട്ടിയില്ലേ?' എന്നു ചോദിച്ചു
കൊണ്ട് ഗോപാലകൃഷ്ണമേനോൻ മുറിക്കകത്തു വന്നു.
കല്യാണിക്കുട്ടി: കിട്ടി.
ഗോപാലകൃഷ്ണമേനോൻ: ദീനം അധികമുണ്ടെന്നു തോന്നുന്നില്ലാ.
കല്യാണിക്കുട്ടി: ആവോ അതു വളരെ സംശയമായിട്ടാണ് ഇരിപ്പ്.
ഗോപാലമേനോൻ: ഏയ് സംശയിപ്പാനൊന്നുമില്ല. എന്താണ് നടന്നു വരാമെന്നു
പറഞ്ഞതിന്റെ ഉദ്ദേശം?
കല്യാണിക്കുട്ടി: മറ്റൊന്നുമല്ല ;ദിക് സഞ്ചാരത്തിനല്ലേ
പുറപ്പെട്ടിരിക്കുന്നത്? നാടുകളെല്ലാം നടന്നു കണ്ടുവരാമെന്നായിരിക്കും.
ഗോപാലമേനോൻ
:കൃഷ്ണപ്പണിക്കരുടെ അഭിപ്രായം അങ്ങിനെയല്ല. വണ്ടി കയറി വരുവാൻ
കാശില്ലാഞ്ഞതായിരിക്കും എന്നാണ്.അതുകൊണ്ട് നാളെത്തന്നെ ഒരു അമ്പതു രൂപയ്ക്കു
മണിയോർഡർ ചെയ്വാൻ തീർച്ചയാക്കിയിരിക്കുന്നു. ഗോവിന്ദകുട്ടിയുടെ കോളേജ് ക്രിസ്മസ്നു
പൂട്ടുവാൻ ഇനി മൂന്നു ദിവസമേ ഉള്ളുവല്ലോ. പൂട്ടിയാൽ ഉടനെ കുട്ടൻ കിടക്കുന്ന
സത്രത്തിൽ പോയി ദീനം ആശ്വാസമാകുന്നത് വരെ കൂടെ താമസിച്ചു കൂട്ടികൊണ്ട് പോരുവാനായി
അയാൾക്കൊരു കമ്പിയും നാളെ അയക്കുന്നുണ്ട്. ഞാൻ കല്യാണിക്കുട്ടിയുടെ കയ്യിൽ തന്ന രൂപ
മുഴുവൻ ചിലവായോ?
കല്യാണിക്കുട്ടി :ഇല്ല:അമ്പത് രൂപ മാത്രമേ
ചിലവായുള്ളു. ബാക്കിയുള്ളതുണ്ട്.
ഗോപാലമേനോൻ: എന്നാൽ അതിൽ നിന്ന്
ഒരമ്പത്തഞ്ചുരൂപ ഇങ്ങോട്ട് തരൂ.
കല്യാണിക്കുട്ടി വേഗം പെട്ടിതുറന്നു
അമ്പത്തഞ്ചുരൂപ എണ്ണിക്കൊടുത്തു. ഗോപാലമേനോൻ വാങ്ങിക്കൊണ്ട് 'വ്യസനിക്കണ്ട' എന്നു പറഞ്ഞു
പോകയും ചെയ്തു.
കല്യാണിക്കുട്ടിക്ക് ആ രാത്രി
കാളരാത്രി തന്നെ ആയിരുന്നു. ഉറക്കം തീരെ ഉണ്ടായില്ല .സാക്ഷാൽ ശ്രീപരമേശ്വരനെ
ആപാദചൂഢം ധ്യാനിച്ചുകൊണ്ടുതന്നെ രാത്രി കഴിച്ചു. എന്നാൽ ധ്യാനിച്ചുതുടങ്ങുമ്പോൾ
ജടാഭാരവും അണിതിങ്കളും ഗംഗയും കുണ്ഡലിഭൂഷണവും ശൂലവും മറ്റും ധരിക്കുന്ന
ശ്രീപരമേശ്വരൻ, ധ്യാനം പകുതിയാകുമ്പോഴേക്കും കുപ്പായവും കാൽസ്രായിയും ബൂട്സും
വാച്ച് ചെയിനും ധരിച്ചുകൊണ്ടാണ് കല്യാണികുട്ടിക്ക്
കാണപ്പെട്ടത്. കാലത്താറുമണിക്കെഴുന്നേറ്റു പതിവുപോലെ കുളിച്ചുതൊഴുതു വരുന്ന വഴിക്ക്
പുതിയേടത്ത് ഒന്നു കയറി. കൊച്ചുകൃഷ്ണമേനോന്റെ എഴുത്തിനു കല്യാണിക്കുട്ടി എടുത്ത
അർത്ഥമൊന്നും കൊച്ചുകൃഷ്ണമേനോന്റെ അച്ഛനും അമ്മയും എടുത്തിട്ടില്ലാതിരുന്നതിനാൽ
അവർക്ക് പണ്ടത്തേക്കാൾ സന്തുഷ്ടി ഭാവമാണ് കണ്ടത്. മക്കളുടെ കാര്യത്തിൽ
മാതാപിതാക്കന്മാർ മറുഭാഗം ആലോചിക്കുക പതിവില്ലാത്തതാണല്ലോ. അതുകൊണ്ട് തങ്ങളുടെ മകൻ
ദീനം ആശ്വാസമായി എട്ടുപത്തു ദിവസത്തിനകം എത്തും എന്ന് അവർ രണ്ടുപേരും പൂർണമായി
വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കല്യാണിക്കുട്ടിയുടെ ദുശ്ശങ്കയ്ക്കു
കൂടി അല്പം ശമനം ഉണ്ടായോ എന്നു സംശയമുണ്ട്. ഏതായാലും കല്യാണിക്കുട്ടി
അവരെപ്പോലെതന്നെ ഉറപ്പിച്ചിരുന്നില്ല എന്നുള്ളതിന് മുഖസ്തോഭം തന്നെ മതിയായ
സാക്ഷിയായിരുന്നു. പണവും കമ്പിയും അയച്ചു.അഞ്ചാറുദിവസം കഴിഞ്ഞു. യാതൊരു
വർത്തമാനവുമില്ല. ധനുമാസം 4-)൦ നു തിരുവാതിരയായി.കല്യാണിക്കുട്ടി ഭക്തിയോട് കൂടി തിരുവാതിര
നോറ്റു. സമപ്രായക്കാരോടുകൂടി പാടുവാനോ,കളിക്കുവാനോ അമ്മയോടുകൂടി തിരുവാതിര
വിളക്കിനു പോകുവാൻ പോലുമോ കല്യാണിക്കുട്ടി സമ്മതിച്ചില്ല .രാത്രി ഏകദേശം എട്ടുമണി
സമയത്തു തെക്കുപുറത്തു മുറ്റത്തിറങ്ങി അടിക്കൊപ്പം തൂങ്ങിക്കിടക്കുന്ന തലമുടി
ചിക്കികൊണ്ടും ഇടക്കിടക്ക് തന്റെ നവയൗവനശ്രീയെയും നോക്കികൊണ്ടും വിചാരമഗ്നയായി
പതുക്കെപ്പതുക്കെ ലാത്തിത്തുടങ്ങി. അങ്ങിനെയിരിക്കുമ്പോൾ പടിഞ്ഞാറു ഭാഗത്തുനിന്നും
കൂട്ടത്തോടു കൂടിയുള്ള ഒരു നിലവിളി കേട്ടു. അന്യന്മാരിലുള്ള അനുകമ്പകൊണ്ടായിരിക്കാം
കല്യാണിക്കുട്ടി ഉടനെ കേശവനെ വിളിച്ചു ആ നിലവിളി കേൾക്കുന്നത് എവിടെനിന്നു, എന്തുകാരണത്തിന്മേലാണ്
എന്ന് അറിഞ്ഞുവരുവാൻ ആജ്ഞാപിച്ചു. കല്യാണിക്കുട്ടി വീണ്ടും വിചാരത്തോടുകൂടി
ലാത്തിത്തുടങ്ങി. അധികം വിചാരത്തിനു ഇടകൊടുക്കാതെ കേശവൻ ഓടിവന്നു. ''ചതിച്ചു കൊച്ചമ്മ'' എന്നു പറഞ്ഞുകൊണ്ട്
മുറ്റത്തുവീണു ഉരുണ്ടുതുടങ്ങി. കല്യാണിക്കുട്ടിക്ക് കാര്യം ഏകദേശം മനസിലായി
എങ്കിലും 'പറയൂ കേശവ എന്താണുണ്ടായത് പറയൂ' എന്നു ധൈര്യത്തോടുകൂടി
പറഞ്ഞു. അപ്പോഴേക്കും ബദ്ധപ്പെട്ടു നടന്നുകൊണ്ട് ഗോപാലമേനോനും വന്നു ചേർന്നു.'' എന്തെടാ കഴുവേറി
കിടന്നുരുളുന്നത് ആ കുട്ടിയെ പരിഭ്രമിപ്പിക്കാൻ? എണീറ്റു പോ അവിടുന്ന്' 'എന്ന് കേശവനെ
നോക്കി പറഞ്ഞു.
കേശവൻ: എന്റെ
കൊച്ചെജമാനൻ പോയല്ലോ; ഇനി ഞാൻ എങ്ങോട്ട് പോണു; എന്തിനിരിക്കുന്നു!
ഗോപാലമേനോൻ: പോ കേശവാ പോ. തപാൽക്കാർ
വല്ലതും തെറ്റായി ധരിച്ചു എഴുതിയിരിക്കുന്നതിനെ ആരെങ്കിലും വിശ്വസിക്കാറുണ്ടോ? ഗോവിന്ദകുട്ടിക്ക്
കമ്പി അടിച്ചിട്ടില്ലേ? അങ്ങിനെ വല്ലതുമുണ്ടായിട്ടുണ്ടെങ്കിൽ അയാൾ കമ്പി അടിക്കുകയോ
എഴുതിയയക്കുകയോ ചെയ്യാതിരിക്കുമോ? എനിക്ക് അയാൾ വന്നല്ലാതെ ഒന്നും വിശ്വാസമില്ല, കുട്ടി!ഈ മഞ്ഞത്ത്
നിൽക്കണ്ടാ, അകത്തു പോയി കിടക്കൂ.
കൊച്ചുകൃഷ്ണമേന്നു
അയച്ചിരുന്ന മണിഓർഡറിന്റെ പുറത്തു'മരിച്ചു' എന്ന് എഴുതിവന്നിട്ടുള്ളതിനെ വിശ്വസിപ്പാൻ പാടില്ലെന്നു ഗോപാലമേനോൻ
പറഞ്ഞതു തൻ്റെ മനഃപൂർവ്വമായ അഭിപ്രായമാണോ, അതോ കല്യാണിക്കുട്ടിയെ ആശ്വസിപ്പാൻ
മാത്രമാണോ എന്ന് ഇപ്പോൾ തീർച്ചയാക്കാൻ പ്രയാസമാണ്. അമ്മാമന്റെ ആജ്ഞയെ അനുസരിച്ചു
കല്യാണിക്കുട്ടി അകത്തേക്കു പോവാനായി ഒരടി വെച്ചപ്പോഴേക്കും തല ചുറ്റി വീഴാൻ
ഭാവിച്ചു. ഉടനെ ഗോപാലമേനോൻ താങ്ങിയെടുത്തു അകത്തു കൊണ്ടുപോയി കിടത്തി. ഈ വർത്തമാനം
കേട്ടു തിരുവാതിരവിളക്കിനു പോയിരുന്ന കുഞ്ഞിക്കാവമ്മ ഓടിവന്നു പനിനീരെടുത്തു
മുഖത്തും തലയിലും ഒഴിച്ചു തന്റെ മകളുടെ ബോധക്ഷയത്തെ തീർത്തു.പിറ്റന്നാളത്തെ വണ്ടിക്ക്
ഗോവിന്ദകുട്ടിമേനോൻ വന്നു. ഇദ്ദേഹം ഗോപാലമേനോന്റെ ഒരമ്മാവന്റെ മകനും ഭാര്യയുടെ
ഉടപ്പിറന്നവനും കൊച്ചുകൃഷ്ണമേനോന്റെ സഹപാഠിയും പ്രാണസ്നേഹിതരിൽ
ഒരാളുമായിരുന്നു. ബി.എൽ.ക്ലാസ്സിൽ പഠിക്കുകയാണ്. എല്ലാവരും ഗോവിന്ദകുട്ടിമേനോന്റെ
വരവിനെ പ്രതീക്ഷിച്ചു കൊണ്ടാണല്ലോ ഇരിപ്പ്. കല്യാണിക്കുട്ടി മാത്രം
അങ്ങിനെയല്ല .ഉണങ്ങി നിൽക്കുന്ന തന്റെ ആശാദ്രുമം ഗോവിന്ദക്കുട്ടി മേന്റെ വരവോടുകൂടി
തീരെ കരിഞ്ഞുപോകും എന്ന് ആ സ്ത്രീക്ക് എങ്ങിനെയോ ബോദ്ധ്യമുണ്ടായിരുന്നു. അതിനാൽ
അദ്ദേഹത്തിന്റെ വരവു കുറേ ദീർഘിച്ചാൽ അത്രയും കാലം ഏറ്റവും ലഘുവായ ഒരു ആശയേ
എങ്കിലും വെച്ചുകൊണ്ടിരിക്കാമല്ലോ എന്നായിരുന്നു ആ സുന്ദരിയുടെ വിചാരം. ഏതായാലും
ഗോവിന്ദകുട്ടിമേനോൻ വന്നത് പൂപ്പറമ്പിലാണ്. ഗോപാലമേനോൻ തെക്കുപുറത്തു പൂമുഖത്തിന്റെ
പടിയിന്മേൽ കാലിന്മേൽ കാലു കയറ്റി ഇരിക്കുന്നു. ലക്ഷ്മികുട്ടിയമ്മ (ഗോപാലമേനോന്റെ
ഭാര്യ ) മകളെ എണ്ണ തേപ്പിച്ചുംകൊണ്ട് അടുക്കെ ഇരിക്കുന്നു. അപ്പോഴാണു
ഗോവിന്ദകുട്ടിമേനോന്റെ വണ്ടി വന്നു പടിക്കല് നിന്നു ഗോവിന്ദകുട്ടിമേനോൻ
ചാടിത്താഴത്തിറങ്ങിയത്. ''ഇതാ ഓപ്പ'' എന്നും പറഞ്ഞു ലക്ഷ്മികുട്ടിയമ്മ എഴുന്നേറ്റു നിന്നു.ഗോപാലമേനോൻ
പെട്ടെന്നു എഴുന്നേറ്റു ''എന്താ ഗോവിന്ദക്കുട്ടി വർത്തമാനം ?' 'എന്നു ചോദിച്ചു മുറ്റത്തിറങ്ങി.
ഗോവിന്ദകുട്ടിമേനോൻ :കഷ്ടം!ഈ
കാടിനകർമ്മത്തിന്നു ദൈവം എന്നെത്തന്നെ നിയോഗിച്ചുവല്ലോ.ഞാൻ വരുന്നതിനു മുൻപായി
മണിയോർഡർ മടങ്ങിയെത്തി വർത്തമാനം അറിഞ്ഞിരിക്കുമെന്നാണ് വിചാരിച്ചത്.
ഗോപാലകൃഷ്ണമേനോൻ മണിയോർഡർ മടങ്ങിവന്നു. എന്നാൽ
അതിലെ വിവരം കളവാണെന്നാണ് ഞാൻ വിശ്വസിച്ചത്.
ഗോവിന്ദകുട്ടിമേനോൻ
:കളവാകത്തക്കവണ്ണമുള്ള സുകൃതം നാമാരും ചെയ്തില്ലലോ. എന്നെതാങ്ങിക്കൊള്ളൂ
ഗോപാലേട്ടാ. ഞാൻ ആഹാരം കഴിച്ചിട്ട് മൂന്ന് ദിവസമായി.എൻ്റെ തല തിരിയുന്നു.
ഗോപാലമേനോൻ ഉടനെ ഗോവിന്ദകുട്ടിമേനോനെ
താഴ്വരയിൽ കൊണ്ടുവന്നിരുത്തി .ഇങ്ങിനെയൊരു വർത്തമാനമാണു ഗോവിന്ദകുട്ടിമേനോൻ
കൊണ്ടുവരിക എന്നു തനിക്കു തീർച്ചയുണ്ടായിരുന്നത് കൊണ്ട് കല്യാണിക്കുട്ടി ഇതെല്ലാം
ധൈര്യസമേതം കേട്ടു നിന്നു. എങ്കിലും ഗംഭീരചിത്തനായ ഗോവിന്ദകുട്ടിമേനോന്റെ പാരവശ്യം
കണ്ടപ്പോൾ അതിന്നു കാരണമായ തൻ്റെ പ്രാണപ്രിയന്റെ അന്യാദൃശങ്ങളായ അനവധി
ഗുണവിശേഷങ്ങളെ ഓർത്തു തന്നെത്താൻ മറന്നു ഒരു വിധത്തിൽ മുറിക്കകത്തു കടന്നു
കട്ടിലിന്മേൽ കമിഴ്ന്നങ്ങോട്ട് വീണു. ഗോവിന്ദകുട്ടിമേന്ന് കുറേ കാപ്പി കൊടുത്തു
ക്ഷീണമല്പം ആശ്വാസമാക്കിയതിനു ശേഷം
ഗോപാലമേനോൻ :പുണ്ണിൽ തീക്കൊള്ളി വെക്കുന്നപോലെയുള്ള
ഒരു സ്ഥിതിയാണ്.എങ്കിലും ഉണ്ടായ വർത്തമാനം മുഴുവൻ പറയൂ.
ഗോവിന്ദകുട്ടിമേനോൻ:ഞാൻ കാളേജ്
പൂട്ടിയ അന്നുതന്നെ വണ്ടികയറി പിറ്റെന്നാൾ ഉച്ചയ്ക്ക് മധുരയിലും വൈകുന്നേരം
മാനാമധുരയിലും എത്തി പട്ടിണികിടന്നു ബുദ്ധിമുട്ടി കാണുവാൻ തിടുക്കപ്പെട്ടു
ചെല്ലുന്ന എനിക്ക് തൻ്റെ മൃതശരീരം പോലും കാണിക്കാതെ എൻ്റെ കുട്ടൻ എന്നെ ചതിച്ചു
തലേദിവസം വൈകുന്നേരം തന്നെ പൊയിപ്പോയി.
ഇത്രയും പറഞ്ഞു ഗോവിന്ദകുട്ടിമേനോൻ
ശുദ്ധമേ കുട്ടികളെപ്പോലെ തേങ്ങിത്തേങ്ങി പറഞ്ഞുതുടങ്ങി.തൻ്റെ കണ്ണിൽ നിന്നുവരുന്ന
ബാഷ്പപ്രവാഹത്തെ മുണ്ടുകൊണ്ട് തുടച്ചു ധൈര്യത്തോടെ എന്നവണ്ണം.
ഗോപാലമേനോൻ
:ഗോവിന്ദകുട്ടി കുട്ടി തന്നെയാണ്.ഇതെങ്ങാനും ആ കല്യാണിക്കുട്ടി കണ്ടാൽ
പിന്നത്തെ കഥയെന്താണ്.വിഡ്ഢി!വിഡ്ഢി!!
കല്യാണിക്കുട്ടി എന്ന പേര്
കേട്ടപ്പോഴാണ് താൻ പൂപ്പറമ്പിലാണിരിക്കുന്നതെന്നും മറ്റും ഗോവിന്ദകുട്ടിമേന്ന് ഓർമ്മ
വന്നത്.പ്രാണസ്നേഹിതന്റെ പ്രണയഭാജനമായ ആ ഗുണവതിയെ ആശ്വസിപ്പാനുള്ള മാർഗങ്ങളെ
അലോചിക്കയായിരുന്നു ഗോവിന്ദകുട്ടിമേന്ന് അവിടെ മുതൽ ഇവിടെ വരെ
പണി.അങ്ങിനെയിരിക്കുമ്പോൾ താൻ തന്നെ ആ സ്ത്രീയുടെ ഹൃദയത്തിൽ തീകോരിയിടുന്നത് മഹാ
സാഹസമാണെന്നു തോന്നി.ഉടനെ ധൈര്യമവലംബിച്ചു കണ്ണുനീരൊക്കെതുടച്ചു പറഞ്ഞു തുടങ്ങി.
ഗോവിന്ദകുട്ടിമേനോൻ
:മറവുചെയ്തിരിക്കുന്നത് എവിടെയാണെന്നു അന്വേഷിച്ചറിഞ്ഞ് ആ സ്ഥലത്തു ചെന്ന്
നോക്കിയപ്പോൾ ഒരു പത്തഞ്ഞൂറാളുകളെ കുഴിച്ചിട്ട സ്ഥലം കാണാനുണ്ട്.അതിൽ
ഏതാണയാളുടേതെന്നറിഞ്ഞാൽ കുഴി മാന്തിട്ടെങ്കിലും ഒരു കണ്ണ് കണ്ടും കൊണ്ടു
പോരുമായിരുന്നു. അല്ലെങ്കിൽ അതുകൊണ്ട് സാധ്യമെന്താണ്? ശ്മശാനസ്ഥലത്തുനിന്നു മടങ്ങുമ്പോൾ
അവിടത്തെ തഹസീൽദാർ മജിസ്ട്രേറ്റായ വെങ്കിട്ടരാമശാസ്ത്രിയെ യദൃച്ഛയാ വഴിയിൽ വെച്ച്
കണ്ടെത്തി.അദ്ദേഹം ബി.ഏ.ക്ലാസ്സിൽ ഞങ്ങൾ ഒരുമിച്ചു പഠിച്ചിട്ടുള്ള ഒരാളാകയാൽ
എന്നെക്കണ്ട ക്ഷണത്തിൽ വണ്ടി നിറുത്തി എന്നെയും വണ്ടിയിൽ കയറ്റി
വർത്തമാനങ്ങളെല്ലാം ചോദിച്ചു മനസിലാക്കി.'ഓ , പി .കെ.എം .'ഞാൻ
ഊഹിച്ചപോലെതന്നെയാണല്ലോ 'എന്ന് ആശ്ചര്യത്തോടും വ്യസനത്തോടും കൂടി അദ്ദേഹം
പറഞ്ഞു.പറഞ്ഞതിന്റെ താൽപര്യം എന്താണെന്നു ഞാൻ ചോദിച്ചപ്പോൾ മരിച്ചുപോയ ആളുടെ
വകയായി ചില സാമാനങ്ങൾ പോലീസുകാർ ഹാജാരാക്കിയ കൂട്ടത്തിൽ പി.കെ.എം.( പുതിയേടത്തു
കൊച്ചുകൃഷ്ണമേനോൻ )എന്ന അക്ഷരങ്ങൾ കൊത്തിയ ഒരു മുദ്രമോതിരം കൂടി ഉണ്ടായിരുന്നു
എന്നും അത് നമ്മുടെ സ്നേഹിതന്റേതു തന്നെ ആയിരിക്കുമോ എന്നു താൻ ശങ്കിച്ചു എന്നും
അവകാശികൾ ഹാജരായാൽ കൊടുപ്പാൻ പ്രസിദ്ധം ചെയ്ത മോതിരവും മറ്റുള്ള സാമാനങ്ങളും
കോടതിയിൽ വെച്ചിട്ടുണ്ടെന്നും ഒരു രശീതി തന്ന് അതുകളെല്ലാം വാങ്ങിക്കൊണ്ട്
പോരണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.മറ്റുള്ള സാമാനങ്ങൾ ചില കുപ്പായങ്ങളും
കമ്പിളികളും മറ്റും ആയിരുന്നതിനാൽ അതുകളിൽ സന്നിപാതജ്വരത്തിന്റെ ബീജങ്ങൾ
ഉണ്ടായിരിക്കാമെന്നു കരുതി അതുകളൊന്നും വാങ്ങാതെ രശീതി കൊടുത്തു മോതിരം മാത്രം ഞാൻ
വാങ്ങികൊണ്ടുപോന്നു .ഇത് മദിരാശിയിൽ വെച്ചു പ്രസിദ്ധ തട്ടാനായ പുഷ്പത്തിനെക്കൊണ്ട്
പണിയിച്ചതാണ്. ഇതു പുതിയേടത്തേക്കു കൊടുത്തയച്ചു കളയാം അല്ലേ?
ഗോപാലമേനോൻ:ഏയ് അത്
ഒരാളുടെ കയ്യിൽ കൊടുത്തയച്ചാൽ പോരാ. ഗോവിന്ദക്കുട്ടി തന്നെ പോയി വിവരങ്ങളെല്ലാം
പറഞ്ഞു സമാധാനപ്പെടുത്തി കൊടുക്കണം.
ഗോവിന്ദകുട്ടിമേനോൻ:മകൻ
തന്നെയാണ് ഒരു മുതലെന്നു വിചാരിച്ചിരിക്കുന്ന ആ സാധുസ്ത്രീയോടും
കൃഷ്ണപ്പണിക്കാരോടും ഈ സങ്കടവർത്തമാനം പറയുവാൻ ഞാനില്ല.ഗോപാലേട്ടൻ തന്നെ പോയി
പറഞ്ഞാൽ മതി.
ഗോപാലമേനോൻ:അങ്ങിനെ പോരാ.ഇതൊരു പുതിയ വർത്തമാനമല്ലായ്കയാൽ അത്ര
പരിഭ്രമിപ്പാനുമില്ല .മണിയോർഡർകൊണ്ടുതന്നെ അവർക്കു മുക്കാലേമുണ്ടാണിയും വിശ്വാസം
വന്നിട്ടുണ്ട്.എന്നാലും ഗോവിന്ദകുട്ടിക്കു കിട്ടീട്ടുള്ള വർത്തമാനവും അവരെ അറിയിക്കേണ്ടതാണ്.തന്നെ
പോവാൻ മടിയുണ്ടെങ്കിൽ പക്ഷെ ഞാനും വരാം.
ഗോവിന്ദകുട്ടിമേനോൻ:എട്ടു വയസ്സു മുതൽ
ഇരുപത്തിരണ്ടു വയസ്സുവരെ ഒരുമിച്ച് ഒന്നുപോലെ കഴിഞ്ഞും അവസാനത്തെ ചരിത്രം കൂടി
പെറ്റമ്മയോട് എൻ്റെ നാവു കൊണ്ടു പറയിക്കണമെന്ന് ഈശ്വരൻ വിചാരിച്ചിട്ടുണ്ടെങ്കിൽ അതപ്രകാരം
തന്നെ നടക്കാം. വരൂ നമ്മുക്ക് രണ്ടുപേർക്കും കൂടി പോകാം.
അങ്ങിനെ രണ്ടുപേരും കൂടി
പുതിയേടത്തേക്കു പോകയും ചെയ്തു.
മദ്ധ്യഖണ്ഡം
കൊല്ലം ഒന്നു
കഴിഞ്ഞിരിക്കുന്നു.കൊച്ചപ്പൻ മിഡിൽ സ്കൂൾ പരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടി എത്തിയിരിക്കുന്നു. ഗോവിന്ദകുട്ടിമേന്നും
ഗോപാലമേന്നും കൂടി തൻ്റെ ഏകപുത്രന്റെ മരണവൃത്താന്തം പറഞ്ഞു കേൾപ്പിച്ചതിന്റെ
പിറ്റേദിവസം തന്നെ മുജ്ജൻമാർജിതദുരിതശാന്തിക്കു വേണ്ടി നടന്നു കാശിക്കു പുറപ്പെട്ട
കൃഷ്ണപ്പണിക്കർ ഗംഗാസ്നാനം കഴിഞ്ഞു മടങ്ങിവന്നിരിക്കുന്നു. കൊച്ചുകൃഷ്ണമേന്റെ
മരണത്തിനും അത് നിമിത്തമായുണ്ടായ സകല കലാപങ്ങൾക്കും സാക്ഷിയായ ചന്ദ്രൻ
ചുറ്റിത്തിരിഞ്ഞു വീണ്ടും പൂർവസ്ഥിതിയെ പ്രാപിച്ചിരിക്കുന്നു. കല്യാണിക്കുട്ടിയുടെ
വ്യസനമാകുന്ന ചന്ദ്രനാകട്ടെ ക്ഷയവർദ്ധനകൾ കൂടാതെയും കളങ്കരഹിതനായും രാപ്പകൽ
ഒരുപോലെ പരിപൂർണ്ണനായി ശോഭിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു.
'ആരെന്തു പറഞ്ഞാലും
ഞാൻ സമ്മതിക്കില്ല' എന്നു കല്യാണിക്കുട്ടി കഴിഞ്ഞകൊല്ലം ഇക്കാലത്തു മനോരാജ്യത്തിൽ
പറഞ്ഞ വാക്കുകൾക്ക് അന്നുണ്ടായിരുന്ന ശക്തി ഇപ്പോഴും ഉണ്ടായിരിപ്പാൻ
അവകാശമില്ലെങ്കിലും ആ സ്ത്രീ ആ വാക്കുകളെത്തന്നെ പ്രബലമായി
പിടിച്ചിരിക്കുന്നു. കല്യാണിക്കുട്ടിയുടെ കന്യാവ്രതത്തെ ലംഘിപ്പാനായി അമ്മയും
അമ്മായിയും കഴിയുന്നവിധത്തിലെല്ലാം ശ്രമിച്ചിട്ടും കല്യാണിക്കുട്ടി
വഴിപ്പെടുന്നില്ല. സൗന്ദര്യം കൊണ്ടും വിദ്യകൊണ്ടും സൗശീല്യംകൊണ്ടും
കൊച്ചുകൃഷ്ണമേനോൻ കല്യാണിക്കുട്ടിക്ക് അനുരൂപനായിരുന്നു എങ്കിലും
ധനസമ്പുഷ്ടികൊണ്ട് അപ്രകാരമല്ലാതിരുന്നതിനാൽ, കുഞ്ഞിക്കാവമ്മക്കു കൊച്ചുകൃഷ്ണമേനോൻ
സംബന്ധം തുടങ്ങുന്നതിൽ അത്ര വലിയ ഭ്രമം ഉണ്ടായിരുന്നില്ല. എങ്കിലും മകളുടെ
അത്യാസക്തി ഓർത്തു വിസ്സമ്മതവുമുണ്ടായിരുന്നില്ല. കൊച്ചുകൃഷ്ണമേനോൻ മരിച്ചു
രണ്ടുമാസം കഴിഞ്ഞപ്പോൾ കുഞ്ഞിക്കാവമ്മ കല്യാണികുട്ടിയോടടുത്തുകൂടി
സംബന്ധത്തെപ്പറ്റി കുറച്ചൊന്നു സൂചിപ്പിച്ചു പറഞ്ഞു. താൻ ഒരു കൊല്ലം കഴിഞ്ഞതിനു
ശേഷമല്ലാതെ ഇക്കാര്യത്തെപ്പറ്റി യാതൊന്നും കേൾക്കുന്നതല്ലെന്നു കല്യാണിക്കുട്ടി
ഖണ്ഡിച്ചുപറകയാൽ കുഞ്ഞിക്കാവമ്മ അടങ്ങിപ്പാർക്കേണ്ടിവന്നു. 'അവളോടാലോചിക്കല്
ഒരു കൊല്ലം കഴിഞ്ഞിട്ടുമതി. മറ്റുള്ളവരോടൊക്കെ ആലോചിച്ചു തീർച്ചപ്പെടുത്താമല്ലോ' എന്നും പറഞ്ഞു
ഓരോരുത്തരോടെല്ലാം ആലോചിച്ചുതുടങ്ങി. ആലോചനാസഭയിൽ പ്രധാനമെമ്പർ ഗോപാലമേന്റെ ഭാര്യ
ലക്ഷ്മികുട്ടിയമ്മയായിരുന്നു. കല്യാണിക്കുട്ടിയുടെ ഹിതം അറിയാതെ യാതൊരാലോചനയും
നടത്തുന്നതു ഭംഗിയല്ലെന്നായിരുന്നു ലക്ഷ്മിക്കുട്ടിയമ്മയുടെ അഭിപ്രായം. എങ്കിലും
കുഞ്ഞിക്കാവമ്മയുടെ അത്യുത്സാഹം നിമിത്തം ആ ഭാഗത്തു ചേരേണ്ടിവന്നു. കുഞ്ഞിക്കാവമ്മയുടെ മോഹബാധ ആദ്യമായി ബാധിച്ചതു
ഗോവിന്ദകുട്ടിമേന്നെയാണ്. ഗോവിന്ദകുട്ടിമേന്നു കല്യാണിക്കുട്ടിയെ വളരെ ഇഷ്ടമാണെന്നും
അതിനാൽ സംബന്ധം തുടങ്ങാൻ വിരോധമുണ്ടാകുകയില്ലെന്നും ആയിരുന്നു കുഞ്ഞിക്കാവമ്മയുടെ
വിശ്വാസം.എന്നാൽ സാധാരണ നാടന്മാരായ ആളുകളുടെ സ്വഭാവവും ഗോവിന്ദകുട്ടിമേന്റെ
സ്വഭാവവും തമ്മിൽ വളരെ അന്തരമുണ്ടെന്നു കുഞ്ഞിക്കാവമ്മക്കു ദൂതമുഖത്തിൽ
നിന്നറിയാറായി.എന്തെന്നാൽ ഗോവിന്ദകുട്ടിമേനോൻ പറഞ്ഞയച്ച മറുപടി താഴെ പറയും
പ്രകാരമായിരുന്നു. 'കുഞ്ഞിക്കാവമ്മക്കു കുറേ കാര്യബോധമുണ്ടെന്നാണ് ഞാൻ
വിചാരിച്ചിരുന്നത്. പ്രാണസ്നേഹിതനായ കുട്ടൻ അന്തഃകരണവിവാഹം കഴിച്ചുവെച്ചിരിക്കുന്ന
കല്യാണികുട്ടിയെ ഞാൻ സഹോദരിനിർവ്വിശേഷമായ സ്നേഹത്തോടുകൂടിയാണ് വിചാരിച്ചുവരുന്നത്. ആ
സ്ത്രീയെ ഞാൻ സംബന്ധം ചെയ്യണമെന്നു പറഞ്ഞയച്ചതു വളരെ സാഹസമായിപ്പോയി.ഞാനെന്നല്ലാ
കുട്ടനോടുകൂടി ഒരു ദിവസം സഹവാസം ചെയ്കയോ അയാളുടെ സ്വഭാവഗുണത്തിന്റെ ഒരംശം
മനസിലാക്കുകയോ ചെയ്തിട്ടുള്ള യാതൊരുവനും ഈ പ്രവൃത്തിക്കു തുനിയുമെന്നു ഞാൻ
വിചാരിക്കുന്നില്ല .'ഈ മറുപടി കിട്ടിയപ്പോൾ ഇനി ഈ വകക്കാരോട് ആലോചിച്ചിട്ടു
കാര്യമില്ലെന്നു കുഞ്ഞിക്കാവമ്മക്കു ബോധ്യമായി .പിന്നെ ആരാണു വേണ്ടത് എന്ന്
ആലോചിച്ചിരിക്കുന്ന കാലത്തു തിരുവഴിയാട്ടു ഭാസ്കരനുണ്ണിനായരുടെ ഒരാൾ, നായർക്കു
കല്യാണികുട്ടിയെക്കൂടി സംബന്ധം തുടങ്ങിയാൽ കൊള്ളാമെന്നുള്ള വിവരം പറവാനും അതിന്നു
സമ്മതമുണ്ടോ എന്നറിവാനുമായി പൂപ്പറമ്പിൽ വന്നെത്തി. ഭാസ്കരനുണ്ണിനായർ വലിയ ഒരു
ജന്മിയും സ്ഥാനിയും തറവാട്ടിൽ കാരണവനുമാണ്. വയസ്സു മുപ്പതിൽ അധികമായിട്ടില്ല. ആൾ
കണ്ടാൽ അതി കോമളനാണ്. സ്വഭാവചാപല്യവും അധികമില്ല .കുഞ്ഞിക്കാവമ്മ ഇദ്ദേഹത്തെ തൃശ്ശിവപേരൂർ
പൂരത്തിൽവെച്ചു ഒരു കുറി കണ്ടിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ ആൾ വന്നപ്പോൾ
കുഞ്ഞിക്കാവമ്മക്കു വലുതായ ഒരു ഭാരം ലഘുവായിത്തീർന്നതുപോലുള്ള ആശ്വാസം
തോന്നി.തനിക്കീക്കാര്യം പൂർണ്ണസമ്മതമാണെന്നും എന്നാൽ ഉടപ്പിറന്നവനോടും മറ്റും
ആലോചിച്ചു വിവരം വഴിയേ അറിയിച്ചുകൊള്ളാമെന്നും പറഞ്ഞു വന്ന ആളെ
അയച്ചു. വാത്സല്യഭാജനമായ മരുമകൾക്ക് അഹിതമായ ഒരു പ്രവൃത്തിയോ ആലോചനയോ ചെയ്യുന്നത്
ഗോപാലമേന്നു പ്രാണസങ്കടമായിരുന്നു. എന്നാലും കൊച്ചുകൃഷ്ണമേനോൻ മരിച്ചുപോയിരിക്കുന്ന
സ്ഥിതിക്കു കല്യാണിക്കുട്ടി ഇങ്ങനെ വ്രതം പിടിച്ചിരിക്കുന്നത് അത്ര ആവശ്യമില്ലാത്തതാണെന്നും
സന്തതിക്കുവേണ്ടിയെങ്കിലും ഒരാളെ സംബന്ധത്തിനു സ്വീകരിക്കേണ്ടതാണെന്നും
കുഞ്ഞിക്കാവമ്മ ശാട്യം പിടിക്കുന്നത് അത്ര കഷ്ട്ടമല്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ
അഭിപ്രായം. അതുകൊണ്ടു ഭാസ്കരനുണ്ണിനായരുടെ കാര്യത്തെപ്പറ്റി അദ്ദേഹത്തോടു പറഞ്ഞപ്പോൾ
കല്യാണികുട്ടിക്കു സമ്മതമാണെങ്കിൽ തനിക്കു വിരോധമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
കൊച്ചുകൃഷ്ണമേനോന്റെ മരണാനന്തരം
കല്യാണിക്കുട്ടിയുടെ ആകൃതിക്കും പ്രകൃതിക്കും വളരെ ഭേദം
വന്നിട്ടുണ്ട്. രക്തപ്രസാദത്തോടുകൂടിയിരുന്ന വെളുപ്പു
വിളർപ്പായിത്തീർന്നിട്ടുണ്ട്. ദേഹത്തിനു കുറേ ചടപ്പും തട്ടീട്ടുണ്ട്.മുഖത്തു സദാ
വ്യസനഭാവമേ ഉള്ളൂ. വ്രതങ്ങളായ വ്രതങ്ങളെല്ലാം അനുഷ്ഠിക്കുവാൻ തുടങ്ങീട്ടുണ്ട്. ഒരു
മാസത്തിൽ ക്രമമായി ഊണുള്ള ദിവസം വളരെ കുറയും. നേരമ്പോക്കുകൾ പറവാനും
ഉല്ലസിപ്പാനും തീരെ മോഹമില്ലാതായി .അമ്മയോടും അമ്മാമനോടും അമ്മായിയോടും അത്യാവശ്യം
വേണ്ട കാര്യങ്ങൾ സംസാരിക്കുകയും അവർ പറയുന്നതിനെ വളരെ ആദരവോടുകൂടി കേൾക്കുകയും
ചെയ്യും .ഒരു കൊല്ലം കഴിഞ്ഞാൽ ഇതെല്ലാം ഭേദപ്പെടും എന്നൊരു സമാധാനമേ
കുഞ്ഞിക്കാവമ്മക്കുണ്ടായിരുന്നുള്ളൂ .ധനുമാസം 1- )൦ തീയതിയായി .ഒരു കൊല്ലം തികഞ്ഞു
.കല്യാണിക്കുട്ടിയ്ക്കു യാതൊരു ഭേദഗതിയും വന്നിട്ടില്ല. .ഭാസ്കരനുണ്ണിനായരുടെ ആൾ
ദിവസന്തോറും വന്നു വർത്തമാനങ്ങൾ അറിഞ്ഞു പോകുന്നുണ്ട് .ഭാസ്കരനുണ്ണിനായരും ഒരു
ഈശ്വരഭക്തനായിത്തീർന്നിട്ടുണ്ട് .കല്യാണിക്കുട്ടി തൊഴുവാൻ ചെല്ലുന്ന നേരത്തെല്ലാം
ഭാസ്കരനുണ്ണിനായരും അമ്പലത്തിൽ വാളും പരിചയും പരിചാരകന്മാരുമായി ഹാജരുണ്ട്
.കല്യാണിക്കുട്ടി തൻ്റെ മുഖത്തൊന്നു നോക്കിയാൽ ജന്മസാഫല്യമായി എന്നു
വിചാരിക്കത്തക്കവണ്ണമുള്ള ഭ്രാന്തിയും മൂപ്പരുടെ ഉള്ളിൽ കടന്നുകൂടീട്ടുണ്ട്. രണ്ടിലൊന്നു തീർച്ചപ്പെടുത്തണമെന്നു കുഞ്ഞിക്കാവമ്മയും നിശ്ചയിച്ചു .ഒരു ദിവസം
കല്യാണിക്കുട്ടിയും ലക്ഷ്മിക്കുട്ടിയമ്മയും കുഞ്ഞിക്കാവമ്മയുംകൂടി ഉച്ചയ്ക്ക്
ഉണ്ണുവാനിരിക്കുമ്പോൾ കുഞ്ഞിക്കാവമ്മ പതുക്കെ ഭാസ്കരനുണ്ണിനായരുടെ സംബന്ധകാര്യം
എടുത്തിട്ടു .പുത്രമാരുണ്ടായാൽ ഇഹലോകത്തിലുള്ള സൗഖ്യത്തേയും സന്തതിയില്ലാതെ
മരിച്ചുപോയാൽ പാരത്രികത്തിങ്കലുള്ള കഷ്ട്ടാവസ്ഥയേയും മറ്റും പറ്റി ചുരുക്കമായ ഒരു
പ്രസംഗo കഴിച്ചതിനു ശേഷം ,
കുഞ്ഞിക്കാവമ്മ
:ലക്ഷ്മിക്കുട്ടി !നീ ഭാസ്കരനുണ്ണിനായരെ കണ്ടിട്ടുണ്ടോ ?
ലക്ഷ്മിക്കുട്ടിയമ്മ
:ഇല്ല .എന്നാൽ അതി സുന്ദരനാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് .
കുഞ്ഞിക്കാവമ്മ
:വലിയ ജന്മിയുമാണ്. സ്ഥാനമാനങ്ങളും ഒരുപാടുണ്ട് .
ലക്ഷ്മിക്കുട്ടിയമ്മ
:അതും അദ്ദേഹം പറഞ്ഞിട്ടുണ്ട് .
കുഞ്ഞിക്കാവമ്മ :ആകപ്പാടെ നല്ല യോജിപ്പുണ്ടെന്നാണ് എൻ്റെ പക്ഷം. ഒരു കൊല്ലം കഴിഞ്ഞില്ലേ ? ഇനി ഏതായാലും തിരുവാതിരക്ക് മുൻപായി മകയിരത്തിന്നാൾ തന്നെ കഴിഞ്ഞോട്ടെ എന്നാണ് വിചാരിക്കുന്നത്. അതല്ലേ നല്ലത് ?
ലക്ഷ്മിക്കുട്ടിയമ്മ വലിയ അപകടസ്ഥിയിലായി .അനുസരണമായിട്ടൊരുത്തരം പറഞ്ഞില്ലെങ്കിൽ കുഞ്ഞിക്കാവമ്മ പാടല്ലാതെ മുഷിയും. അങ്ങിനെ ഒരുത്തരം പറഞ്ഞാൽ കല്യാണികുട്ടിക്കു രാസമാവുമോ ഇല്ലയോ എന്നു സംശയം .എന്തായാലും കുറേക്കിടന്നു പരുങ്ങി മനമല്ലാമനസ്സോടുകൂടി 'അതേ' എന്ന് ഒരുവിധത്തിൽ പറഞ്ഞുവിട്ടു.
തൻ്റെ മാതാവ് ഉത്സാഹത്തോടും ദുഷ്ടവിചാരം കൂടാതെയും പറയുന്ന ഒരു കാര്യത്തിന്ന് വെപ്പുകാരികൂടെ കേൾക്കെ വിരോധം പറയുവാനുള്ള മടികൊണ്ടോ ,തടസ്ഥം പറവാൻ ന്യായമായ സമാധാനo ഒന്നും ഇല്ലാഞ്ഞിട്ടോ, ഏതു വിധത്തിലെങ്കിലും ഈ സംബന്ധം നടക്കാതെ കഴിച്ചുകൊള്ളാമെന്നുള്ള ധൈര്യംകൊണ്ടോ, അഥവാ നടന്നാലും സംബന്ധം തുടങ്ങിയവരും തുടങ്ങിവച്ചവരും വിഡ്ഢികളാകത്തക്കവണ്ണം പൊരുതിനിൽക്കാമെന്നു വിചാരിച്ചിട്ടോ, അതോ ഈ സംബന്ധക്കാര്യത്തിൽ തനിക്കു വിരോധമില്ലാഞ്ഞിട്ടോ, എന്തോ കല്യാണിക്കുട്ടി ഒരക്ഷരംപോലും മിണ്ടിയില്ല. കുഞ്ഞിക്കാവമ്മയ്ക്കും ലക്ഷ്മിക്കുട്ടിയമ്മക്കും കാണത്തക്കവണ്ണമായ ഒരു ഭാവഭേദവുമുണ്ടായില്ല
എന്നാൽ ഇങ്ങനെയൊരു വർത്തമാനം പറയാതിരിക്കുന്നതാണു തനിക്ക് അധികം സന്തോഷം എന്നു നല്ല നോട്ടമുള്ളവർക്കു കല്യാണിക്കുട്ടിയുടെ മുഖത്തു വ്യക്തമായി കാണാമായിരുന്നു .'ഒരു കൊല്ലം കഴിഞ്ഞില്ലേ' എന്നു കുഞ്ഞിക്കാവമ്മ പറഞ്ഞപ്പോൾ യാതൊരു സംഭവത്തിനു ശേഷമാണോ ഒരു കൊല്ലം കഴിഞ്ഞത് ആ സംഭവത്തിന്റെ ഓർമ്മ വന്നിട്ടോ അതോ, താൻ നിശ്ചയിച്ച അവധി കഴിഞ്ഞു പോയല്ലോ എന്നു വ്യസനിച്ചിട്ടോ, എന്തോ കല്യാണിക്കുട്ടിയുടെ മുഖത്തു അതികലശലായ ഒരു വ്യവർണ്യമുണ്ടായി .എന്നാൽ അത് ഒരു നിമിഷം മാത്രമേ നിലനിന്നുളളു. കല്യാണിക്കുട്ടിയുടെ മൗനം കുഞ്ഞിക്കാവമ്മ അനുവാദമായി വ്യാഖ്യാനിക്കുകയും ധനു മാസം 20 -)൦ നു വ്യാഴാഴ്ച മകയിരം ദിവസം സംബന്ധം നിശ്ചയിച്ച വിവരം ഭാസ്കരനുണ്ണിനായർക്ക് അറിവുകൊടുക്കുകയും ചെയ്തു. ഇരുപതാം തിയ്യതിയായി .കുഞ്ഞിക്കാവമ്മ കാലത്തു നാലുമണിക്ക് എഴുന്നേറ്റു ശ്രമം തുടങ്ങി .ഇനി അടുത്തകാലത്തെങ്ങും ഇതുമാതിരിയുള്ള അടിയന്തിരത്തിന്നു സംഗതിയില്ലതിനാൽ സദ്യ കുറേകൂടി ഭേദമായി കഴിക്കണമെന്നായിരുന്നു കുഞ്ഞിക്കാവമ്മയുടെ സിദ്ധാന്തം .സദ്യക്കാവശ്യമുള്ള സാധനങ്ങളെല്ലാം മുമ്പിൽ കൂട്ടിത്തന്നെ ഒരുക്കിയിരുന്നു. ഉപ്പേരി വറവ് ,ഉപ്പിലിട്ടതുണ്ടാക്കൽ ,കാളൻ വെപ്പ് ഇതെല്ലാം ഉച്ചക്കുമുമ്പായി കഴിഞ്ഞു .ഉച്ച തിരിഞ്ഞപ്പോൾ മറ്റുളള ശ്രമങ്ങളായി .കുഞ്ഞിക്കാവമ്മ വെപ്പുകാരിൽ പ്രമാണിയെ വിളിച്ചു ഇങ്ങനെ പറഞ്ഞു .''ശുപ്പുപട്ടരെ! എല്ലാറ്റിനും ഭാരം അങ്ങേക്കാണ് .എല്ലാം വിശേഷമാക്കണം .വരുന്ന ആൾ ഉപായിയല്ല .ഞങ്ങൾ തരുന്ന ദേഹണ്ണപ്പണത്തിനു പുറമെ ദക്ഷിണയും കൂടി .'' ശുപ്പുപ്പട്ടർ സന്തോഷത്തോടുകൂടി ''അതെല്ലാം നാങ്കൾ ഏതോം, വാങ്കാ വിടിക്ക് വിടുവോമാ' ' എന്നു മറുപടി പറഞ്ഞു.
പൂപ്പറമ്പിൽ ഇങ്ങനെ സദ്യശ്രമം തകൃതി കുലുക്കുമ്പോൾ തിരുവഴിയാട്ടും അമാന്തമായിരിക്കുന്നില്ല. ''ഈ കഴുതകൾ മെനങ്ങാ കള്ളന്മാരാണ്. വാളങ്ങനെ വെള്ളിപോലെ വിളങ്ങണം.ഇതെന്തു ചായമാണെടാ! ഇതിലും ചുകന്ന ചായം എങ്ങും കിട്ടില്ലേ? ഓരോ പരിചയും ഓരോ സൂര്യബിംബംപോലെ ആയിട്ടില്ലെങ്കിൽ കഴുവേറികളെ കുടിയിറക്കി അയച്ചേക്കാം. തനിക്കു തുന്നക്കാരൻ എന്നുപേരിട്ടതു ആരാണ്? ഒരു നീരാളം വെച്ചു കുത്താൻ ഇത്ര താമസംവേണോ?" എന്നിങ്ങനെ ഓരോരുത്തന്റെയും അടുക്കൽ എത്തി ഭാസ്കരനുണ്ണിനായർ ലഹളകൂട്ടുന്നു. ചിലർ ദീപയഷ്ടികൾ തയ്യാറാക്കുന്നു. ചിലർ മഞ്ചത്തിന്റെ തണ്ടുകൾ തുടക്കുന്നു. ചിലർ വെറ്റിലകെട്ട് എണ്ണുന്നു. കാര്യസ്ഥന്മാരും കണക്കെഴുത്തുകാരും ഭൃത്യന്മാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഈ വിശേഷരാത്രിയിലെ സംഭവങ്ങളൊന്നും തനിക്കുകാണാൻ സംഗതിയില്ലല്ലോ എന്നു വിചാരിച്ചു വ്യസനത്തോടുകൂടി എന്നവണ്ണം സൂര്യൻ മേഘച്ഛന്നനായി ചരമഗിരിയെ പ്രാപിച്ചു. സച്ചിദാനന്ദസ്വരൂപനായ ഭഗവാന്റെ നോട്ടം രാപ്പകൽ ഇടവിടാതെ ലോകത്തിൽ ഉണ്ടെന്നു കാണിപ്പാനെന്നവണ്ണം ഒരു കണ്ണ് മറഞ്ഞപ്പോൾ മറ്റേകണ്ണായ ചന്ദ്രൻ പൂർണനായി ശോഭിക്കുകയും ചെയ്തു. കല്യാണിക്കുട്ടി പതിവുപോലെ മേൽകഴുകി തൊഴുവാനുള്ള പുറപ്പാടായി. 'എൻ്റെ മകളല്ലേ? ഇന്ന് ആ പണ്ടങ്ങളെല്ലാം എടുത്തൊന്നു കെട്ടൂ' എന്നു തൻ്റെ അമ്മ അതിവാത്സല്യത്തോടുകൂടി പറഞ്ഞതിനെ ധിക്കരിക്കുവാൻ ധൈര്യമില്ലാഞ്ഞിട്ടോ, ഇന്ന് ആഭരണങ്ങൾ മുഴുവൻ കെട്ടേണ്ടതാണ് എന്ന് തനിക്കുതന്നെ തോന്നിയിട്ടോ എന്നറിഞ്ഞില്ല കല്യാണിക്കുട്ടി സകല ആഭരണങ്ങളും എടുത്തു അതിഭംഗിയിൽ അണിഞ്ഞു. കേശവനെയും വിളിച്ചു അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് പോകയും ചെയ്തു. കല്യാണികുട്ടിയുടെ മുഖചന്ദ്രനുള്ള കാലത്തോളവും, പ്രത്യേകിച്ചു ഈ രാത്രിയിലും തന്നെ കാണ്മാൻ ആരും ഉണ്ടാകയില്ലെന്നു വിചാരിച്ചിട്ടോ എന്നു തോന്നുമാറ് ചന്ദ്രൻ മേഘപടലങ്ങളുടെ ഇടയിൽ ഒളിച്ചുപോയി .കല്യാണിക്കുട്ടിയുടെ ദേഹസൗരഭ്യം ഭാസ്കരനുണ്ണിനായർക്ക് മുമ്പിൽകൂട്ടി എത്തിച്ചുകൊടുപ്പാൻ കരാറു ചെയ്തിട്ടുണ്ടോ എന്ന് തോന്നുംവണ്ണം കാറ്റു അതികഠിനമായി അടിച്ചുതുടങ്ങി 'ആഭരണങ്ങളുടെ ഘനം കൊണ്ടോ മാംസളകുചഭാരം കൊണ്ടോ പൃഥുലനിതംബഭാരം കൊണ്ടോ, മനസ്സിൽ പലവകയായി ഇടതിങ്ങുന്ന വിചാരങ്ങളുടെ ആകർഷണം കൊണ്ടോ, മന്ദ യാനത്തിന്ടെ ഭംഗി കേശവനെ എങ്കിലും ഒന്ന് കാണിച്ചു കൊടുക്കാമെന്നുള്ള വിചാരംകൊണ്ടോ എന്നറിഞ്ഞുകൂടാ ,കല്യാണിക്കുട്ടി വളരെ പതുക്കെ ആണ് അന്ന് അമ്പലത്തിലേക്ക് നടന്നു പോയത്. ദീപാരാധന കഴിഞ്ഞ് നട തുറന്നപ്പോൾ കല്യാണിക്കുട്ടി അമ്പലത്തിലെത്തി .കല്യാണിക്കുട്ടി വന്നു ശിവന്റെ നടക്കൽ സാഷ്ടാംഗമായി വീണു താഴെ പറയുന്ന ശ്ലോകങ്ങൾ ചൊല്ലി .-
'രക്ഷ രക്ഷ മഹേശ !മാമകമാനസബ്ജദിവാകര!
ത്രീക്ഷണ !ത്രിപുരാന്തക !പ്രണതാർത്തി നാശന!ശങ്കര !
ഇക്ഷമാതലമൊന്നു നോക്കിയെടുക്കുമൊക്കെ മുടിക്കുവാൻ
ദക്ഷനാകിയ ദക്ഷനാശന !രക്ഷ രക്ഷ ദയനിധേ !
മങ്കമാർകുലമൗലിയം മലമങ്കതന്നുടെ പോർമുല-
പ്പൊങ്കുടങ്ങൾ തലോടിടും മൃദുപല്ലവത്തിരുപാണിയാൽ
ചെങ്കുഴൽക്കുവണങ്ങിവീണിടുമെൻ പുറത്തു തലോടി മൽ
സങ്കടങ്ങളൊഴിച്ചു സൽഗതി നേടുവാൻ വരമേകണേ !
മാനസേകുടിവെച്ച മൽപ്രിയനാഥനെക്കൊലചെയ്തു നീ
ഞാനതിന്നിഹ വന്നുവല്ലതുമാവലാതിപറഞ്ഞിതോ?
മാനഹാനി ഭവിപ്പതീന്നൊരു കാലമായിനിയും ഭവാൻ
മൗനമർന്നുവസിക്കുകിൽ ബഹുസങ്കടം ശിവ !ശങ്കര !
അന്യപൂരുഷവക്ത്രദർശനസങ്കടത്തിലുമെത്രയോ
നന്നുനന്നൊരു പാമ്പുകൊത്തിമരിപ്പതെൻ പരമേശ്ശ്വര !
കുന്നിനുള്ള കുമാരികെ !കുലനാരിമാർ കുലമാലികേ !
നന്നുനന്നൊരു കൊച്ചുപെണ്ണിനെയെവമിട്ടു വലപ്പതും !!
നാരിമാർക്കു വരുന്ന ദുസ്സഹസങ്കടസ്ഥിതിസർവ്വവും
നാരിയാം തിരുമേനി താനാറിയായ്കിലാരിതറിഞ്ഞിടും ?
ഗൗരി !ശങ്കരി ! മുക്തിദായിനി ! നാഥനൊടിതുണർത്തിയീ
നാരകക്കുഴിതന്നിൽനിന്നു കരക്കുകേറ്റണമിക്ഷണം ''
നടക്കൽ നിന്നു പതുക്കെ എഴുന്നേറ്റു ഒരു മൃതശരീരം നടന്നു
പോകാറുണ്ടെങ്കിൽ ആ മാതിരിയിൽ ക്ഷേത്രപ്രദക്ഷിണം വെപ്പാൻ പുറപ്പെട്ടു.കേശവൻ
പിന്നാലെ ഒപ്പമുണ്ട്.അയൽവക്കക്കാരും കല്യാണിക്കുട്ടിയിൽ വളരെ ബഹുമാനവും
വാത്സല്യവും ഉള്ളവരും ആയ ഏതാനും ചിലരും പ്രദക്ഷിണം വെയ്ക്കുന്നുണ്ട്.പ്രദക്ഷിണം
ഒരു ചുറ്റെത്തി വീണ്ടും നടയ്ക്കൽ എത്തലും 'ആവൂ'എന്നു പറഞ്ഞു കല്യാണിക്കുട്ടി വീഴലും 'അയ്യോ!എൻ്റെ
കൊച്ചമ്മയും എന്നെ ചതിച്ചേ" എന്നു പറഞ്ഞു കേശവൻ കല്യാണിക്കുട്ടിയെ താങ്ങലും 'അയ്യോ !കുട്ടിയെ
പാമ്പു കടിച്ചു, ഇതാ പോണു പാമ്പ്' എന്നു പറഞ്ഞു ചില വൃദ്ധന്മാർ കൂടി കല്യാണിക്കുട്ടിയെ താങ്ങലും
ഒപ്പം കഴിഞ്ഞു. കടിച്ച മാത്രയിൽ വിഷം സർവ്വാ൦ഗം വ്യാപിക്കുകയും തങ്കവർണ്ണം പോയി
നീലക്കട്ടയ്ക്ക് സമാനമാകയും ചെയ്തു. എല്ലാവരും കൂടി കല്യാണിക്കുട്ടിയെ
താങ്ങിയെടുത്തു പൂപ്പറമ്പിലേക്കു യാത്രയായി. കെട്ടിവെച്ചിരുന്ന മുടി നിലത്തു
കിടന്നിഴഞ്ഞു തുടങ്ങിയപ്പോൾ കേശവൻ അതിനെ വാരി നാലഞ്ചു ചുറ്റായി തൻ്റെ കഴുത്തിൽ
ചുറ്റി.കല്യാണിക്കുട്ടിയെ കൊണ്ടുചെന്ന സമയം പൂപ്പറമ്പിലുണ്ടായ കോലാഹലത്തിന്നു ശരി
എൻ്റെ അറിവിൽ പെട്ടടത്തോളം ഭൂമിയിലെങ്ങും ഇതുവരെ ഉണ്ടായിട്ടില്ല.ക്ഷണിക്കപ്പെട്ട
ആളുകളുടെ വരവും പ്രതീക്ഷിച്ചുകൊണ്ടു കുഞ്ഞിക്കാവമ്മ നടയിൽത്തന്നെ
നിൽപ്പുണ്ടായിരുന്നതിനാൽ കല്യാണിക്കുട്ടിയെ എടുത്തും കൊണ്ടുള്ള വരവ് ആദ്യമായി
കണ്ടത് ആ സ്ത്രീയായിരുന്നു. പ്രഥമദൃഷ്ടിയിൽ കാര്യം എന്താണെന്നു മനസിലാകാതെ
വല്ലാതെയൊന്നു പരിഭ്രമിച്ചു. എന്നാൽ പടികടന്ന ഉടനെ കേശവൻ 'അയ്യോ !എൻ്റെ
കൊച്ചമ്മയും എന്നെചതിച്ചേ' എന്ന് ഉറക്കെ നിലവിളിച്ചതിനാൽ 'എന്തേ എൻ്റെ മകൾക്ക്' എന്നും
പറഞ്ഞുകൊണ്ടു കുഞ്ഞിക്കാവമ്മ പാഞ്ഞു അടുത്തെത്തി. താങ്ങിക്കൊണ്ടിരുന്ന ഭസ്മധാരികളായ
പ്രായക്കാരിലൊരാൾ 'പരിഭ്രമിക്കത്തക്കവണ്ണമൊന്നുമില്ല. തെല്ലു വിഷംതീണ്ടി, അത്രയേ ഉള്ളൂ'. എന്നു
ശാന്തസ്വരത്തിൽ മറുപടി പറഞ്ഞു.കുഞ്ഞിക്കാവമ്മ 'അയ്യോ!എൻ്റെ
പൊന്നുമകളെന്നെ ചതിച്ചല്ലോ. എൻ്റെ കുട്ടിയുടെ മുഖം കാണാതെ ഞാൻ എന്തിനു
ജീവിച്ചിരിക്കുന്നു? എനിക്കു സംബന്ധവും സന്തതിയും ഒന്നും വേണ്ടിയിരുന്നില്ലല്ലോ.എൻ്റെ
കണ്ണുമറിയുന്നതുവരെ എൻ്റെ കുട്ടിയുടെ മുഖം കണ്ടുകൊണ്ടിരുന്നാൽ മതിയായിരുന്നുവല്ലോ; ഞാനിങ്ങനെയുള്ള
മഹാപാപിയായല്ലോ.അമ്മു !അയ്യോ എൻ്റെ കുട്ടിയെക്കണ്ടാൽ അറിയാതായല്ലോ.എൻ്റെ
ഗുരുവായൂരപ്പാ! എൻ്റെ കുട്ടിയെ ജീവിപ്പിച്ചുതരണെ! എന്നാൽ ഞാൻ ഈ പൂത്താലി അവിടെ
ചാർത്തിയേക്കാം. ഞാൻ ഇന്ന് ഒരു വാക്കു പറഞ്ഞപ്പോൾ എൻ്റെ മകൾ പണ്ടങ്ങളൊക്കെ
എടുത്തുകെട്ടിയല്ലോ. അത് ഇതിനാണെന്നു ഞാൻ അറിഞ്ഞില്ലലോ .പാമ്പേ! നിനക്ക് എൻ്റെ
കുട്ടിയുടെ പട്ടുപോലിരിക്കുന്ന കാലിൽ കടിക്കാൻ തോന്നിയല്ലോ. ആ വഴിക്ക് ഇങ്ങോട്ട്
വന്നു എന്നെക്കൂടി ഒന്നുകൊത്തായിരുന്നില്ലേ? എന്നിങ്ങനെ ഓരോന്നും പറഞ്ഞും കരഞ്ഞും
കല്യാണിക്കുട്ടിയെ താഴെ കിടത്തിയും മാറോടടക്കിപ്പിടിച്ചും മുഖത്തു നോക്കിയും പണ്ടം
ഉഴിഞ്ഞുവെച്ചും ലഹളകൂട്ടിത്തുടങ്ങി. ഗോപാലമേനോൻ മറപുരയിലായിരുന്നു. കുഞ്ഞിക്കാവമ്മയുടെ നിലവിളി കേട്ടപ്പോൾ അദ്ദേഹം ഏതുവിധത്തിലാണ് അവിടെ എത്തിയത്
എന്നറിഞ്ഞുകൂടാ. പെറ്റ തള്ളയായ കുഞ്ഞിക്കാവമ്മ ഇത്രയും ലഹള കൂട്ടിയതിൽ, എനിക്കാശ്ചര്യമില്ല
.എന്നാൽ പത്തുമുപ്പതു വയസുപ്രായമായി നല്ല കാര്യബോധമുള്ള ഗോപാലമേനോൻ അനവധി
ജനങ്ങളുടെ ഇടയിൽ വെച്ചുകാട്ടിയ ചാപല്യം ഓർത്തു വളരെ അത്ഭുതം തോന്നുന്നുണ്ട്
.ഗോപാലമേനോൻ ഓടിവന്നു .കല്യാണികുട്ടിയെ കിടത്തിയിരുന്നതിന്റെ അടുക്കലായി
കമിഴ്ന്നങ്ങോട്ടു വീണു 'അയ്യോ !എൻ്റെ മരുമകൾ എന്നെ ഇട്ടേച്ചും കൊണ്ടും പോയല്ലോ .ഞാനിനി
എന്തിനു ജീവിച്ചിരിക്കുന്നു .പെറ്റു പതിനഞ്ചാം ദിവസം പുണ്യാഹം തളിച്ച മുതൽക്കു ഞാൻ
കയ്യിൽ നിന്ന് വെയ്ക്കാതെയും കുറച്ചു മുതിർന്നതുമുതൽ കൂടെയിരുത്തി ചോറു കൊടുത്തു
ആവശ്യപ്പെട്ടതു സകലവും കൊടുത്തും അഭിമാനത്തോടുകൂടി വളർത്തി ഉണ്ടാക്കിയ എൻ്റെ
മരുമകൾ ഇങ്ങിനെയൊരുത്തൻ ഉണ്ടെന്നുള്ള വിചാരം കൂടാതെ പൊയ്പോയല്ലോ .നിനക്ക്
സമ്മതമാണെന്നു നിന്റെ തള്ള പറഞ്ഞിട്ടാണല്ലോ കുട്ടി !ഞാനീ സംബന്ധത്തിനു സമ്മതിച്ചത്
എനിക്കൊന്നും വേണ്ട;കൊച്ചമ്മമാ എന്നു വിളിക്കുന്നതു കേട്ടാൽ മതിയായിരുന്നുവല്ലോ' എന്നിങ്ങനെ പലതും
പറഞ്ഞു വിലപിച്ചുതുടങ്ങി. കൊച്ചപ്പൻ അവിടെ ഉണ്ടായിരുന്നില്ല .രണ്ടു നാഴിക വഴി
അകലെയുള്ള ഒരു വിഷ്ണുക്ഷേത്രത്തിൽ മംഗളസിദ്ധ്യർത്ഥം പഞ്ചാരപ്പായസം കഴിപ്പിച്ചു
കൊണ്ടു വരുവാനായി ഒരു സഹായിയോടുകൂടി കുഞ്ഞിക്കാവമ്മ പകലെത്തന്നെ അയച്ചിരുന്നു. ആ
ക്ഷേത്രത്തിൽ പിച്ചകം ധാരാളമുണ്ട്. അതിന്മേലുണ്ടായിരുന്ന മൊട്ടുകളെല്ലാം പറിച്ചു
തന്റെ ഉടപ്പിറന്നവൾക്കു ചൂടുവാനായി വലുതായ ഒരു മാലയും കെട്ടി പായസവും എടുപ്പിച്ചു
കൊണ്ടുള്ള വരവാണ് .സ്ഥിതികൾ മനസ്സിലായിക്കഴിഞ്ഞ ഉടനെ തന്റെ ഉടപ്പിറന്നവളുടെ
കാൽക്കൽ വീണു കാലു പിടിച്ചുകൊണ്ട് 'എൻ്റെ ഉടപ്പിറന്നവളേ !എന്നെ
രക്ഷിക്കണേ !ഞാൻ ഇനി ആരെ ഉടപ്പിറന്നവൾ എന്നു വിളിക്കേണ്ടു? ഞാൻ പോകുമ്പോൾ
കൊച്ചപ്പൻ പോകയാണോ? ആ 'എന്നു പറഞ്ഞതിന്റെ അർഥം ഇതാണെന്നു മനസ്സിലാക്കിയിരുന്നുവെങ്കിൽ ഞാൻ
പോകില്ലായിരുന്നുവല്ലോ .എന്റെ ആ ഉടപ്പിറന്നവളല്ലേ! തലമുടി കെട്ടിവെച്ച് ഈ
പിച്ചകമാല ഒന്നു ചൂടു ശാന്തി ചെയ്യുമ്പോൾ വിളക്കു കെട്ടതു നന്നായില്ലെന്നു
ശാന്തിക്കാരൻ പറഞ്ഞപ്പോൾ ഞാൻ ഇതാണെന്ന് ആലോചിച്ചില്ലല്ലോ .കഷ്ടേ !എന്റെ
ഉടപ്പിറന്നവൾക്ക് എന്തു നിറമായിരുന്നു .അതു പോയിട്ട് കരിക്കട്ടയ്ക്കു ശരിയായല്ലോ
ആളുകളേ !ഇതു ഭേദമാവുമോ ?നിങ്ങളൊന്നു നോക്കിപ്പറവിൻ !'എന്നിങ്ങനെ പറഞ്ഞു ഉറക്കെ
പറഞ്ഞുതുടങ്ങി .ആകപ്പാടെ അവിടെ കൂടിയിരുന്നവർ മുഴുവൻ കരയാൻ തുടങ്ങി .ഉടനെ
മഞ്ചിലെടുത്ത കുഞ്ഞിക്കാവമ്മയും കൊച്ചപ്പനും വേറെ അനേകം ആളുകളും കൂടി വിഷവൈദ്യന്റെ
വീട്ടിലേക്കു യാത്രയായി .ആ പ്രദേശത്തുള്ള സാമാന്യം മിടുക്കന്മാരായ രണ്ടു മൂന്നു
വിഷവൈദ്യന്മാരുണ്ട് .അവരെല്ലാവരും അസാദ്ധ്യമാണെന്ന് പറഞ്ഞു കൈയൊഴിച്ചു .അതിന്റെ
ശേഷം വിഷവൈദ്യത്തിൽ പ്രമാണിയായ മാളിയായ്ക്കൽ കർത്താവിന്റെ അടുക്കൽ കൊണ്ടുപോയി
.കുഞ്ഞിക്കാവമ്മയെ കർത്താവിന്റെ ഭവനത്തിൽ വരുവാൻ നാട്ടുകാരും ഗോപാലമേന്നും
അനുവദിച്ചില്ല .എന്നാൽ ഗോപാലമേന്നും കൊച്ചപ്പനും കൂടെ പോയിരുന്നു. കണ്ടപ്പോൾത്തന്നെ കർത്താവും ഇത് അസാദ്ധ്യമാണെന്നു പറഞ്ഞുകഴിഞ്ഞു. എങ്കിലും
കൊച്ചപ്പന്റെ അപേക്ഷപ്രകാരം അദ്ദേഹം മരുന്നായ മരുന്നെല്ലാം പ്രയോഗിച്ചുനോക്കി. പിറ്റേദിവസം വൈകുന്നേരമാവുന്നതുവരെ ആയിരം കുടമാടീട്ടും മരുന്നുകൾ
പ്രയോഗിച്ചിട്ടും കഴിഞ്ഞുകൂടി .കടിച്ച ഉടനെത്തന്നെ വിഷം മൂർഛിച്ചു കഴിഞ്ഞുവെന്നും
ഇനി മനുഷ്യരാൽ അസാദ്ധ്യമാണെന്നും കർത്താവു ഖണ്ഡിച്ചുപറഞ്ഞു .കർത്താവു പറഞ്ഞാൽ
അതിനപ്പീലുമില്ലല്ലോ .ഗോപാലമേന്നും നാട്ടുകാരുംകൂടി ആലോചിച്ചു, മൃതശരീരം
പൂപ്പറമ്പിൽ കൊണ്ടുപോകുന്നതും അവിടെ സംസ്കരിക്കുന്നതും കുഞ്ഞിക്കാവമ്മക്കു
പാടല്ലാത്ത വ്യസനത്തിന്നു ഹേതുവായിത്തീരുന്നതാകയാൽ ശവം മറവു ചെയ്വാൻ ആ
രാത്രിതന്നെ വണ്ടികയറി ഭാരതപ്പുഴക്ക് കൊണ്ടുപോകത്തക്കവണ്ണം തീർച്ചയാക്കി. രണ്ടു
വണ്ടി പിടിച്ചു ഒന്നിൽ നാട്ടുകാരിൽ നാലുപേരും മറ്റൊന്നിൽ നാട്ടുകാരാൽ രണ്ടുപേരും
കല്യാണിക്കുട്ടിയുടെ മൃതശരീരവും തന്റെ ഉടപ്പിറന്നവളുടെ തല എടുത്തു മടിയിൽവെച്ചും
കണ്ണിൽ നിന്നു വീഴുന്ന ബാഷ്പധാരയാൽ ഉടപ്പിറന്നവളുടെ മുഖം കഴുകിയും കൊണ്ടു കൊച്ചപ്പനും
കയറിപ്പോകയും ചെയ്തു .
അന്ത്യഖണ്ഡം
നേരം പുലർന്നും കല്യാണിക്കുട്ടിയുടെ
ഉദകക്രിയ ചെയ്വാനെന്നവണ്ണം സൂര്യൻ കിഴക്കേ സമുദ്രത്തിൽ കുളിച്ചു ഉദയാദ്രിയിൽ
പ്രകാശിച്ചു. തൻ്റെ യോഗം നിമിത്തം വ്യസനിച്ച മുഖം വാടി നിൽക്കുന്ന പത്മിനിയുടെ
പത്മമുഖത്തിലെ തുഷാരബിന്ദുക്കളായ ബാഷ്പങ്ങളെ സൂര്യൻ രാഗത്തോടുകൂടി കരങ്ങളാൽ
തുടച്ചു സന്തോഷിപ്പിക്കുന്നു. ചെറുവണ്ണൂർ പാലത്തിന്റെ തെക്കേഭാഗത്തായി നിൽക്കുന്ന
കാറ്റാടിവൃക്ഷങ്ങളിൽ നിന്ന് അതിമനോഹരമായ ശബ്ദത്തെ പുറപ്പെടുവിച്ചും ഭാരതപ്പുഴയുടെ
വെള്ളത്തിൽ ചെറുതിരമാലകൾ ചാർത്തിയും മന്ദമാരുതൻ രസമായി സഞ്ചരിക്കുന്നു.കാലത്ത്
എട്ടരമണിവണ്ടിക്കു കയറ്റുവാനുള്ള ആളുകളെയുംകൊണ്ട് കാളവണ്ടികൾ പാലത്തിന്മേൽ കൂടെ
ഘടഘടാശബ്ദത്തോടുകൂടി പോകുന്നു. ആ കൂട്ടത്തിൽത്തന്നെ പോയിരുന്ന നമ്മുടെ രണ്ടു
വണ്ടികളും പാലം കടന്ന് അല്പം കിഴക്കോട്ട് മാറിനിന്നു. വണ്ടിയിൽ ഇരുന്നവരിൽ
ഏതാനംപേർ ഇറങ്ങി കിഴക്കുഭാഗത്തായി കിടക്കുന്ന മണൽവീഥിയിൽ ഒരു കുഴി
കുഴിച്ചു.അതിൻ്റെ ശേഷം വണ്ടിയിൽനിന്നു കല്യാണിക്കുട്ടിയുടെ ശവശരീരത്തെ
എടുത്തു.രാത്രി മുഴുവൻ ഉറക്കം ഇളക്കുകകൊണ്ടും കഠിനമായി കരയുകകൊണ്ടും
ചെമ്പരത്തിപ്പൂപോലെ രക്തവർണ്ണമായ മുഖത്തോടും കണ്ണുകളോടുംകൂടി കൊച്ചപ്പനും
താഴത്തിറങ്ങി.കല്യാണിക്കുട്ടിയുടെ ശവത്തെ എടുത്തു കൊണ്ടുപോകുന്നതിന്റെ പിന്നാലെ
കീഴ്പ്പോട്ടു നോക്കി കൊച്ചപ്പനും നടന്നു. അപ്പോഴേക്കും യൗവ്വനയുക്തയും സുകുമാരിയും
സുശീലയുമായ ഈ സ്ത്രീയെ നിങ്ങൾ അകാലത്തിൽ കൊണ്ടുപോയി കുഴിച്ചിടുവാൻ പോകയാണോ? 'നിൽപ്പിൻ!നിൽപ്പിൻ!' എന്ന് ഉറക്കെ
വിളിച്ചു പറയുന്നു എന്നു തോന്നുംവണ്ണം വലിയ ശബ്ദത്തോടുകൂടിയ കിഴക്കൻവണ്ടിയും
വന്നുചേർന്നു. കൂട്ടക്കാരിൽ നാലുപേർ കൂടി കല്യാണിക്കുട്ടിയെ ഒരു കോടിവസ്ത്രംകൊണ്ട്
മൂടി പുഴയിലെ വെള്ളത്തിൽ കൊണ്ടുപോയി മുക്കി.കൊച്ചപ്പനും ആ തണുത്ത വെള്ളത്തിൽ ഒന്ന്
മുങ്ങി. ജാത്യാചാരപ്രകാരം കൊച്ചപ്പൻ കൂടി തൻ്റെ സഹോദരിയുടെ കാൽ താങ്ങിക്കൊണ്ടുവന്നു
കുഴിയിൽ കിടത്തി. പിന്നീടു കൊച്ചപ്പൻ കല്യാണിക്കുട്ടിയുടെ കാൽക്കൽ കമിഴ്ന്നു വീണ്
അര നാഴികനേരം അനങ്ങാതെ കിടന്നു. കൊച്ചപ്പന്റെ മനസ്സിൽ അപ്പോൾ എന്തെല്ലാം
വിചാരങ്ങളാണുണ്ടായിരുന്നത് എന്നു പറവാൻ പ്രയാസമാണ്. കുറേ കഴിഞ്ഞശേഷം
കൂട്ടുകാരിലൊരാൾ ''എണീക്കു കൊച്ചാപ്പാ!വെയിലു മൂത്തു തുടങ്ങി. ഇങ്ങിനെ കിടന്നിട്ടു
ഫലമെന്താണ്?' 'എന്നു പറഞ്ഞപ്പോൾ കൊച്ചപ്പൻ എഴുന്നേറ്റുനിന്നു. വേറേ ഒരാൾ കയ്ക്കോട്ടെടുത്ത്
ഒരു കയ്ക്കോട്ടു മണ്ണു കല്യാണിക്കുട്ടിയുടെ മൃദുലമായ ദേഹത്തിൽ ഇട്ടു.അപ്പോഴേക്കും
കൊച്ചപ്പൻ' 'എൻ്റെ അമ്മാമന്മാരേ!കുറച്ചു നേരം ക്ഷമിക്കണേ! ഈ സ്ഥിതിയിലെങ്കിലും
എൻ്റെ ഉടപ്പിറന്നവളെ ഒരു മിനുട്ടുനേരം കൂടി കാണുവാൻ അനുവാദം തരണേ!ഇനി ഉടപ്പിറന്നവൾ
എന്ന പേരല്ലാതെ എനിക്ക് ഒന്നുമില്ലല്ലോ.എന്നു വളരെ ദയനീയസ്വരത്തിൽ പറഞ്ഞു.അപ്പോൾ
മണ്ണിട്ട ആൾ അനങ്ങാതെ നിന്നു.കണ്ണിൽനിന്ന് ഇടവിടാതെ വെള്ളം വീണുകൊണ്ടിരുന്നതിനാൽ
കൊച്ചപ്പന് ആഗ്രഹംപോലെ ഉടപ്പിറന്നവളെ കാണുവാൻ കഴിഞ്ഞില്ലെങ്കിലും കുറേനേരം
കണ്ണുനീർ തുടച്ചും നോക്കുവാൻ ശ്രമിച്ചും കഴിച്ചുകൂട്ടി.അപ്പോഴേയ്ക്കും
വണ്ടിയിറങ്ങീട്ടുള്ള ആളുകളിൽ ചിലർ നടന്നും ചിലർ കാളവണ്ടിയിൽ കയറിയും
വെട്ടുവഴിയിൽകൂടി പോയിത്തുടങ്ങി. നടന്നുപോകുന്ന കൂട്ടത്തിൽ കാവിവസ്ത്രം കൊണ്ടൊരു
തലേക്കെട്ടും അതിൻ്റെ മേലേ ഒരു പളുങ്കുമാലയും കഴുത്തിൽ ഒരു രുദ്രാക്ഷമാലയും
കാവിവസ്ത്രം കൊണ്ട് ഒരു കുപ്പായവും മുഷിഞ്ഞു മുഷിഞ്ഞ കാവിവസ്ത്രം കൊണ്ടൊരു പൊക്കണവും
ധരിച്ചു താടിയും തലയും വളർത്തി ഒരു ലാടനുമുണ്ടായിരുന്നു. അയാൾ വെട്ടുവഴിയിൽ നിന്ന്
ശവസംസ്കാരത്തിന്റെ വട്ടങ്ങൾ കണ്ടപ്പോൾ അതിൻ്റെ അടുക്കലേക്ക്
ഇറങ്ങിവന്നു. കൊച്ചപ്പനെയും കൂടെയുണ്ടായിരുന്നവരെയും കുറച്ചുനേരം സൂക്ഷിച്ചുനോക്കി ''ഇത് എന്തു
ദീനംകൊണ്ടു മരിച്ചതാണ്?' 'എന്നു ചോദിച്ചു.വിഷം തീണ്ടിട്ടാണ് എന്നു കൂടെയുണ്ടായിരുന്നവരിൽ
ഒരാൾ മറുപടി പറഞ്ഞു. ഉടനെ കുഴിയുടെ അടുക്കെപ്പോയി ശവത്തിനെ സൂക്ഷിച്ചുനോക്കി
ആലോചനയോടുകൂടി കുറേനേരം ഇരുന്നു .
ലാടൻ: എത്ര ദിവസമായി കടിച്ചിട്ട് ?
ഒരാൾ: മൂന്നുദിവസമായി .
ലാടൻ: എനിക്കു കുറേശ്ശെ വിഷവൈദ്യമുണ്ട് .നിങ്ങൾ അനുവദിക്കുന്നതായാൽ ഞാനൊന്നു പരീക്ഷിച്ചുനോക്കാം .
വേറൊരാൾ: ധാരാളം വിഷവൈദ്യമുള്ള മാളിയയ്ക്കൽ കർത്താവു പടിച്ച പാടെല്ലാം നോക്കീട്ടും സാദ്ധ്യമാവാത്തത് ഇനി ഈ മുറിക്കുന്തക്കാരനായ ലാടനാണ് ഭേദമാക്കാൻ പോകുന്നത്! നേരം വൈകുന്നു. മണ്ണിട്ടു മൂടി നമ്മുടെ പാട്ടിനു കടന്നുപോക.
കൊച്ചപ്പൻ: നിങ്ങൾ അങ്ങനെ പറയരുത്. ഒരു സമയം ലാടന്റെ മരുന്നുകൊണ്ടും ഭേദമായാലായല്ലോ . ഇല്ലെങ്കിൽ വേണ്ട. നമ്മുക്കു നഷ്ടമൊന്നുമില്ലല്ലൊ. നിങ്ങൾക്കു ബുദ്ധിമുട്ടാണെന്നു തോന്നുന്നപക്ഷം നിങ്ങൾ ആ തണലിൽ പോയിരിക്കുകയോ അല്ലെങ്കിൽ പോകയോ ചെയ്തുകൊൾവിൻ .ഇനിയുള്ളതെല്ലാം ഞാൻ കഴിച്ചുവരാം .
കൊച്ചപ്പന്റെ അപേക്ഷയെ നിരാകരിപ്പാൻ ശക്തിയില്ലാഞ്ഞതിനാൽ അവരെല്ലാം പാലത്തിന്റെ തണലിൽ പോയിരുന്നു .ലാടനും കൊച്ചപ്പനും കൂടി കുഴിയിൽനിന്നു ശവത്തെ എടുത്തു കരയ്ക്കു കയറ്റികിടത്തി ലാടൻ പിന്നെ പൊക്കണത്തിലുണ്ടായിരുന്ന ഒരു അളുക്കിൽനിന്നു കുറെ ഭസ്മമെടുത്തു കടിച്ച കുഴിയിലിട്ടു തിരുമ്മി. വേറൊരു അളുക്കു തുറന്ന് ഒരു ഗുളിക എടുത്തു കയ്യിലിട്ടു പൊടിച്ചു നെറുകയിലിട്ടു കുറേനേരം തിരുമ്മി .ഒരു കുപ്പി തുറന്ന് അൽപ്പം തൈലമെടുത്തു തൻ്റെ കയ്യിൽ തേച്ചു ശവത്തിന്റെ മുഖത്തും മേലും എല്ലാം തലോടി. തൽക്ഷണം, വെണ്ണീർകൊണ്ടു മൂടിയ തീക്കട്ട ആ വെണ്ണീർ വരണ്ടുമ്പോൾ ഏതുപ്രകാരത്തിൽ ശോഭിക്കുന്നുവോ അപ്രകാരം വിഷം നീങ്ങി കല്യാണിക്കുട്ടി പൂർവവരണത്തോട്കൂടി കാണപ്പെട്ടു. പിന്നെയും ഒരു കുപ്പി തുറന്നു കല്യാണികുട്ടിയുടെ നാസാദ്വാരത്തിൽ വെച്ചു. അതിന്റെ ഗന്ധം മൂക്കിൽ തട്ടിയ ക്ഷണത്തിൽ കല്യാണിക്കുട്ടി ഉറക്കമുണർന്നെഴുന്നേൽക്കുംപോലെ പെട്ടെന്നു കണ്ണുതുറന്നെഴുന്നേറ്റിരുന്നു. ഇനി വല്ല വിഷജ്വാലയുമുണ്ടെങ്കിൽ അത് ഈ ഭാരതപ്പുഴയിലെ തണുത്ത വെള്ളത്തിൽ കുറെ മുങ്ങിയാൽ വിട്ടുപോകും; എന്നു സന്തോഷംകൊണ്ടു കണ്ണുനീർ പൊഴിച്ചുകൊണ്ടുനിൽക്കുന്ന കൊച്ചാപ്പനോടായികൊണ്ടു പറഞ്ഞു ലാടൻ പൊക്കണംകെട്ടി പോകയും ചെയ്തു .കല്യാണിക്കുട്ടി എഴുന്നേറ്റിരുന്നപ്പോൾ പാലത്തിന്റെ ചുവട്ടിൽ ഇരിക്കുന്നവരെല്ലാം അത്യാശ്ചര്യത്തോടും അതിസന്തോഷത്തോടുംകൂടി അടുത്തുവന്നു .കല്യാണിക്കുട്ടിക്കു കുറേനേരം വല്ലാത്ത ഒരു പരിഭ്രമമുണ്ടായി .സന്ധ്യയ്ക്കു തൊഴുവാൻപോയി പ്രദക്ഷിണംവെച്ചു അമ്പലത്തിന്റെ നടയിൽ നിന്നിരുന്ന താൻ ഏതുവിധത്തിലാണ് ഭാരതപ്പുഴയുടെ വടക്കേക്കരയിലുള്ള മണപ്പുറത്തെത്തിയത് എന്ന് യാതൊരറിവും ഇല്ലാതായി .ഇരിക്കുന്നതിന്റെ അടുത്തായി ഒരു കുഴിയും കാണ്മാനുണ്ട് .തന്റെ പ്രിയ സഹോദരനായ കൊച്ചപ്പൻ കണ്ണീരൊഴുക്കിക്കൊണ്ട് അന്ധനായും മുമ്പിൽ നില്ക്കുന്നുണ്ട് .ദേശക്കാരിൽ അഞ്ചാറുപേരും ഉണ്ട് .'എന്താണിതു കഥ കൊച്ചപ്പ !'എന്നു ചോദിച്ചതിന്ന് ഒരക്ഷരംപോലും മറുപടി പറവാൻ കൊച്ചപ്പനു സാധിച്ചില്ല .എന്നാൽ ഈ വാക്കു കേട്ടയുടനെ കൊച്ചപ്പൻ അടുക്കെ ചെന്നിരുന്നു കല്യാണിക്കുട്ടിയുടെ തലയിൽ ഉണ്ടായിരുന്ന മണല്ലെല്ലാം തട്ടി കളഞ്ഞുതുടങ്ങി. കൂട്ടക്കാരിലൊരാൾ സകല വർത്തമാനവും പറഞ്ഞു കേൾപ്പിച്ചപ്പോൾ കല്യാണിക്കുട്ടിക്കു വളരെ ആശ്ചര്യവും വ്യസനവും സന്തോഷവമുണ്ടായി .ഉടനെ കുഴി തട്ടിമൂടി എല്ലാവരും കൂടി ഭാരതപ്പുഴയിൽ പോയി കുളിച്ച് കല്യാണിക്കുട്ടിയുടെ കുളി കഴിയുമ്പോഴേക്കും ഈറൻ മാറുവാനായി ഒരു കോടി മലമൽഒന്നരമുണ്ടും ഒരു പുളിയിലക്കരമുണ്ടും കൊണ്ടുവരുവാൻ കൊച്ചപ്പൻ രൂപയും കൊടുത്തു വണ്ടിക്കാരിൽ ഒരുവനെ അയച്ചു. കുളി കഴിഞ്ഞു ഈറൻ മാറി എല്ലാവരും കൂടി ഒരു പട്ടരുമഠത്തിൽ ഉണ്ണുവാൻ കയറി. കല്യാണിക്കുട്ടിയുടെ വിഷം ഇറക്കിയ ലാടൻ അവിടെ ഉണ്ണാനിരിക്കുന്നുണ്ട്. പട്ടരുമഠത്തിലെ ഊണ് പിടിക്കാഞ്ഞിട്ടോ അതോ മലയാളികളെല്ലാം കൂടി താൻ ഉണ്ണാനിരിക്കുന്നിടത്തേക്കു കയറിച്ചെന്നിട്ടോ എന്നറിഞ്ഞില്ല, ലാടൻ ചോറു മുഴുവൻ എടുത്തു കൊണ്ടുപോയി പുറത്തു നിന്നിരുന്ന ഒരു ഭിക്ഷക്കാരിക്കു കൊടുത്തു. 'ഏയ് ഒട്ടും ഉണ്ടില്ലല്ലോ' എന്നു പട്ടർ പറഞ്ഞപ്പോൾ 'വേണ്ടാ' എന്നു മാത്രം മറുപടി പറഞ്ഞു പട്ടർക്കു രണ്ടണ എടുത്തു കൊടുത്തു. കൈകഴുകി പൊക്കണവും എടുത്തു പട്ടർമഠത്തിന്റെ ഇറയത്ത് ഒരറ്റത്ത് ഇരിപ്പായി. കല്യാണിക്കുട്ടിയും കൊച്ചപ്പനും ഊണുകഴിച്ചിട്ടു രണ്ടുമൂന്നു ദിവസങ്ങളായിരുന്നതിനാൽ ധാരാളം ഊണു കഴിച്ചു. കല്യാണിക്കുട്ടി ആദ്യമായി എഴുന്നേറ്റു കൈ കഴുകി തൻ്റെ പ്രാണനെ രക്ഷിച്ച ആ ലാടന്റെ പേരിൽ വളരെ ബഹുമാനം തോന്നി: അയാൾ ഇരിക്കുന്നതിനു കുറേ അടുത്തു ചെന്നു നിന്നു. ലാടന് ഇങ്ങിനെ ഒരാൾ നിൽക്കുണ്ടെന്നുള്ള ഭാവമേ ഇല്ല.
കല്യാണിക്കുട്ടി: 'എൻ്റെ പ്രാണനെ രക്ഷിപ്പാനായി സർവേശ്വരനാൽ പ്രേരിതനായ അങ്ങുന്ന് ഏതു ദിക്കുകാരനാണെന്നു ഇവിടെ വേറെ വല്ല കാര്യവശാലും വന്നതാണോ എന്നും പറഞ്ഞു കേട്ടാൽ കൊള്ളാമെന്ന് അപേക്ഷയുണ്ട്'.
ലാടൻ യാതൊന്നും പറഞ്ഞില്ല. കല്യാണിക്കുട്ടി പിന്നെയും ഓരോന്നു ചോദിപ്പാൻ തുടങ്ങി. ഒന്നിനും മറുപടിയില്ല. ഇദ്ദേഹം എന്താണു മറുപടി പറയാത്തത്? ഒരു സമയം ഉറങ്ങുകയായിരിക്കുമോ? ഒന്നു നോക്കുതന്നെ എന്നു നിശ്ചയിച്ചു കല്യാണിക്കുട്ടി, സാധാരണ പുരുഷന്മാരുടെ മുഖത്തു നോക്കാറില്ലെങ്കിലും, ആ ലാടന്റെ മുഖത്തൊന്നു നോക്കി. കൊച്ചപ്പൻ അപ്പോൾ ഊണു കഴിഞ്ഞു കൈ കഴുകുന്നു. കല്യാണിക്കുട്ടി ലാടന്റെ മുഖത്തുനോക്കലും അയ്യോ! എന്നു പറഞ്ഞു മോഹാലസ്യപ്പെട്ടു വീഴുവാൻ ഭാവിക്കലും ലാടൻ എഴുന്നേറ്റു താങലും ഒരേ നിമിഷത്തിൽ കഴിഞ്ഞു. 'ഏ !എന്താണിത്?എന്നു ചോദിച്ചുകൊണ്ടു കൊച്ചപ്പൻ പാഞ്ഞെത്തി. 'മറ്റെന്താണ് കൊച്ചപ്പ! ഇതെന്റെ ദുർദശാസമാപ്തി' എന്നു ലാടൻ മറുപടി പറഞ്ഞു.' ലാടന് എങ്ങനെയാണ് എൻ്റെ പേരു നിശ്ചയം വന്നത്' എന്നു വിചാരിച്ചു കൊച്ചപ്പൻ ലാടനെ സൂക്ഷിച്ചുനോക്കി,' അല്ലഅങ്ങുന്നു മരിച്ചില്ലേ?' എന്ന് ആശ്ചര്യത്തോടുകൂടി ചോദിച്ചു.
ലാടൻ: ഇല്ല കൊച്ചപ്പ! ഞാൻ മരിച്ചില്ല ,മരിക്കേണ്ടതായിരുന്നു. എന്താണെന്നല്ലെ? യാതൊരു തങ്കവർണത്തോട്കൂടിയ രൂപത്തെ ഞാൻ മൂന്നു സംവത്സരംമുമ്പേ കണ്ടുംകൊണ്ടുംപോയോ, യാതൊരു രൂപത്തെ ഞാൻ സർവദാ ധ്യാനിച്ചു വരുന്നുവോ, ആ രൂപം നീലക്കട്ടയ്ക്കു സമാനമായി ഒരു നിമിഷം തെറ്റിയാൽ യാതൊരുകാലത്തും എൻ്റെ കണ്ണിനു വിഷയമാവാത്ത വിധത്തിൽ ഭൂമിയുടെ അന്തർഭാഗത്തിങ്കൽ ലയിക്കുവാനുള്ള ഒരുക്കത്തോട്കൂടി കുഴിയിൽ കിടക്കുന്നതു ഞാൻ എപ്പോൾ കണ്ടുവോ, ആ നിമിഷത്തിൽ ഞാൻ മരിക്കേണ്ടതായിരുന്നു. എന്നാൽ എൻ്റെ മനസ്സിന്റെ കാഠിന്യംകൊണ്ടാണ് ഞാൻ മരിക്കാതിരുന്നത്. അത്ര മാത്രവുമല്ല, ബദര്യാശ്രമത്തിൽവെച്ചു മഹാത്മാക്കളായ ചില യോഗീശ്വരന്മാർ സർവ്വ വിഷങ്ങളേയും നശിപ്പിക്കുന്നതായി എനിക്കു തന്നിട്ടുള്ള മരുന്നുകൾ എൻ്റെ പൊക്കണത്തിലും വിഷം ബാധിച്ചുമരിക്കുന്ന എല്ലാ സംഗതികളിലും ഏഴു ദിവസം കഴിഞ്ഞതിനു ശേഷമല്ലാതെ പ്രാണൻ പോകുന്നതല്ലെന്നു അവർ സൂക്ഷ്മമായി തന്ന ഉപദേശം എൻ്റെ മനസ്സിലും
ഉണ്ടായിരുന്നതുകൊണ്ടുമാണ് ഞാൻ മരിക്കാഞ്ഞത്. ആകട്ടെ ആ കഥകളെല്ലാം പിന്നെ പറയാം.കുറെ വെള്ളം ഇങ്ങോട്ടെടുക്കു.'
കൊച്ചപ്പൻ കൊണ്ടുവന്ന വെള്ളത്തെ വാങ്ങി ലാടനായിരുന്ന പുതിയേടത്തു കൊച്ചു കൃഷ്ണമേനോൻ തൻ്റെ പ്രാണപ്രിയയായ കല്യാണിക്കുട്ടിയുടെ മുഖത്തു തളിച്ചു ബോധക്ഷയം തീർത്തു.നാട്ടുകാരും ഊണുകഴിഞ്ഞു എഴുന്നേറ്റുവന്നപ്പോൾ ലാടൻ കൊച്ചുകൃഷ്ണമേനോനാണെന്നറിഞ്ഞു അയാളെ ആശിസ്സുകൾകൊണ്ടു മൂടുകയും കൊച്ചുകൃഷ്ണമേനോൻ അവരെ എല്ലാം യഥാക്രമം ഉപചരിക്കുകയും ചെയ്തു. ഈ രണ്ടു പുനർജനനവർത്തമാനം കേട്ട് അത്യാശ്ചര്യപ്പെട്ട പട്ടരുമഠത്തിലും വെട്ടുവഴിയിലും അസംഖ്യം ജനങ്ങൾകൂടി.കല്യാണിക്കുട്ടിയും കൊച്ചുകൃഷ്ണമേന്നും അവർക്കു നേത്രോത്സവമായിത്തീർന്നു. കൊച്ചപ്പനെപോലെ സന്തോഷം കല്യാണിക്കുട്ടിക്കും കൊച്ചുകൃഷ്ണമേന്നും കൂടി ഉണ്ടായിരുന്നുവോ എന്നു സംശയമാണ്.
കൊച്ചപ്പൻ: ഒരാളെ കുഴിച്ചിടുവാൻ വന്നിട്ട്, അയാളെയും ഒരുകൊല്ലം മുമ്പേ മരിച്ചതും നാട്ടുകാരാലും വീട്ടുകാരാലും ഒപ്പം വ്യസനസമേതേം അന്നും ഇന്നും വിചാരിക്കപ്പെട്ടുവരുന്നതും ആയ വേറെ ഒരാളെയും കൊണ്ട് ചെല്ലുവാൻ സാധ്യമായ എൻ്റെ ഭാഗ്യാതിശയത്തെ ഞാൻതന്നെ ബഹുമാനിക്കുന്നു.എന്നാലും എൻ്റെ അമ്മയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നറിയാതെ മനസ്സു തകരുന്നു. ഈ പ്രാകൃതവേഷം മാറ്റി കഴിയുന്നതും വേഗത്തിൽ അവിടെ ചെന്നുചേരേണ്ടതാണ്.
കൊച്ചുകൃഷ്ണമേനോൻ: അതു ശരിയാണ്. നിങ്ങൾ ഇവിടെ ഇരിക്കിൻ. ഞാൻ ഇപ്പോൾ വരം -എന്നുപറഞ്ഞു പൊക്കണത്തിലുണ്ടായിരുന്ന മൂന്നുനാലു വിശേഷമായ ചെറിയ ദന്തപെട്ടികളും അഞ്ചാറളുക്കുകളും കുപ്പികളും എടുത്തു കല്യാണിക്കുട്ടിയുടെ അടുക്കെ വെച്ചു'നല്ലവണ്ണം സൂക്ഷിക്കണം' എന്നുപറഞ്ഞു പുറത്തിറങ്ങി. കല്യാണിക്കുട്ടിയും കൊച്ചപ്പനും നിശ്ചേഷ്ടരായി സ്ഥിതിചെയ്കയും ചെയ്തു.
കൊച്ചുകൃഷ്ണമേനോൻ ഒരു മണിക്കൂറിനുള്ളിൽ ക്ഷൗരവും കുളിയും കഴിച്ചു നല്ലമുണ്ടുംചുറ്റി ഒരു കുതിരവണ്ടിയും പിടിച്ചു മടങ്ങിയെത്തി. ദന്തപെട്ടികളിൽ ഒന്നു തുറന്ന് ഒരു ജോഡി കല്ലുവെച്ച തോടയും പലവിധ രത്നങ്ങൾ പതിച്ച ഒരു ജോഡി കടകവും ഒരു ചുകപ്പുകല്ലുമാലയും മൂന്നുനാലു കല്ലുവെച്ച മോതിരങ്ങളും എടുത്തു അതെല്ലാംകൊണ്ട് ഭംഗിയായി താൻതന്നെ കല്യാണിക്കുട്ടിയെ അലങ്കരിച്ചു. ഈ രത്നങ്ങളെല്ലാ ഈ നാരിരത്നത്തോട്കൂടിത്തന്നെ ചേരേണ്ടതാണെന്നു സകല ജനങ്ങൾക്കുംതോന്നി. പെട്ടികളും സാമാനങ്ങളും എല്ലാം എടുത്തു കുതിരവണ്ടിയിൽ വെച്ചു കൊച്ചുകൃഷ്ണമേന്നും കല്യാണിക്കുട്ടിയും കൊച്ചപ്പനും കുതിരവണ്ടിയിലും നാട്ടുകാർ ആറുപ്പേരും രണ്ടു കാളവണ്ടിയിലുമായി കയറിപോവുകയും ചെയ്തു. മരിച്ചുപോയി എന്ന് തീർച്ചപ്പെടുത്തിയിരുന്ന തന്ടെ പ്രാണനാഥന്ടെ സ്പർശനസുഗമനുഭവിക്കാറായപ്പോൾ കല്യാണിക്കുട്ടിക്കുണ്ടായ സന്തോഷം എത്രയെന്നു പറവാൻ പ്രയാസമാണ് .
കൊച്ചപ്പൻ: കുട്ടേട്ടൻ മരിച്ചിട്ടു പിന്നെ എങ്ങനെയാണു ജീവിച്ചത് ?
കൊച്ചുകൃഷ്ണമേനോൻ: ഞാൻ മരിക്കുകയോ ?എന്താണു കൊച്ചപ്പൻ അസംബന്ധം പറയുന്നത് ?
കൊച്ചപ്പൻ: അസബന്ധമോ? കുട്ടേട്ടന്റെ എഴുത്തു കിട്ടിയ ദിവസം തന്നെ മാനമസ്ത്രധാരധുര സത്രത്തിലേക് അയച്ചിരുന്ന മണിയോർഡറിൽ 'മരിച്ചു ' {Died} എന്നെഴുതി തപാൽക്കാർ മടക്കി അയച്ചു പോരാത്തതിനു ഗോവിന്ദകുട്ടിയേട്ടൻ സ്ഥലത്തു വന്നന്നെഷിച്ചതിലും മരിച്ചു എന്ന് അറിവ് കിട്ടുകയും രശീതി കൊടുത്തു കുട്ടേട്ടന്റെ മുദ്രമോതിരം വാങ്ങികൊണ്ടുവരികയും ചെയ്തു .കണ്ടാൽ എനിക്കറിഞ്ഞുകൂടാ എന്നോ ?
കൊച്ചുകൃഷ്ണമേനോൻ : ഓഹോ !ഗോവിന്ദക്കുട്ടിക്കും വിഡഢിത്വം പറ്റി നിശ്ചയം .ആ വർത്തമാനം തന്നെ ആദ്യമായി പറയാം. ഞാൻ സത്രത്തിലെത്തിയത് തന്നെ കഠിനമായ ജ്വരത്തോടുകൂടി ആയിരുന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ ഞാൻ ആ രോഗത്തിൽ മരിച്ചുപോകും എനിക്കുതോന്നി . അതുകൊണ്ടാണ് ഒരെഴുത്തെഴുതാമെന്നു തീർച്ചയാക്കിയത്. ദേഹം വളരെ ശോഷിച്ചിരുന്നതിനാൽ കയ്യിന്മേൽ ഇട്ടിരുന്ന മുദ്രമോതിരം ഊരിപ്പോയിത്തുടങ്ങി. അപ്പോൾ അതുപതുക്കെ ഊരി തലേണയുടെ ചുവട്ടിൽ വെച്ചു.പായും തലേണയും മറ്റും സത്രത്തിൽനിന്നു തരുന്നവയാണ്. രണ്ടു ദിവസം കഴിഞ്ഞതിനുശേഷം എനിക്കു ബോധമില്ലാതായി.ഞാൻ ആ സ്ഥിതിയിൽ കിടക്കുമ്പോൾ സത്രത്തിന്റെ ഉടമസ്ഥനായ നാട്ടുകോട്ട ചെട്ടി അവിടെ വന്നു. എന്നെ കണ്ടപ്പോൾ എന്തോ ഒരുപ്രത്യേക വാത്സല്യം തോന്നിയിട്ടാണെന്നാണ് പറഞ്ഞത്.എന്നെ അദ്ദേഹത്തിന്റെ കുതിരവണ്ടിയിൽ കയറ്റി അവിടെനിന്നു പതിനഞ്ചു മൈൽ അകലെയുള്ള അദ്ദേഹത്തിന്റെ വാസസ്ഥലത്തു കൊണ്ടുപോയി പ്രത്യേകമായി ചികിൽസിപ്പിച്ചു. എൻ്റെ വകയായ സാമാനം വല്ലതും ഉണ്ടോ എന്നു സത്രം വിചാരിപ്പുകാരനോടു ചോദിച്ചതിൽ ഒരു റെയിൽപ്പെട്ടി മാത്രമുണ്ടെന്നു പാറകയാൽ ചെട്ടിയാർ അതു വാങ്ങി വണ്ടിയിൽ കയറ്റിക്കൊണ്ടു പോന്നു. തലേണയുടെ ചുവട്ടിൽ മോതിരമിരിക്കുന്ന വിവരം സത്രം വിചാരിപ്പുകാരനറിയാമോ? ഞാൻ പിന്നെ അഞ്ചാറുദിവസം കഴിഞ്ഞിട്ടാണു ബോധമുണർന്നത്. അപ്പോൾ മോതിരത്തിന്റെ കാര്യം ഓർമ്മവന്നു. സത്രത്തിലേക്ക് ആളെഅയച്ചപ്പോൾ ഞാൻ പോന്ന ദിവസംതന്നെ വേറെ ഏതോ മലയാളി ജ്വരബാധിതനായി സത്രത്തിൽ വന്നുവെന്നും, അദ്ദേഹം ഞാൻ കിടന്ന സ്ഥലത്തുതന്നെ കിടന്നു എന്നും, അയാളുടെ അവകാശികളിൽ ഒരാൾ വന്നു മറ്റുള്ള സമാനങ്ങളോട്കൂടി തലേണയുടെ ചുവട്ടിൽ ഇരുന്ന എൻ്റെ മോതിരവും രശീതി കൊടുത്തു കൊണ്ടുപോയി എന്നും അറിഞ്ഞു.
കൊച്ചപ്പൻ: എന്നാൽ തപാൽക്കാർ ഇങ്ങനെയാണു മരിച്ചു എന്നെഴുതി മണിയോർഡർ മടക്കിയത്?
കൊച്ചുകൃഷ്ണമേനോൻ: അതു കൊച്ചപ്പന് ഊഹിപ്പാൻ വയ്യേ!തപാൽശിപായി സത്രത്തിൽച്ചെന്നു "ഇങ്കെ ഒരു മലയാളി ഇരിക്കാനാ'' എന്നു ചോദിച്ചിരിക്കും. സത്രത്തിലുള്ളവർ ആരെങ്കിലും 'ഇരുന്താൻ,നേത്തേക്ക് ചെത്തുപോയിവിട്ടാൻ' എന്നു മറുപടി പറഞ്ഞിരിക്കും. 'ചത്തു' എന്നെഴുതാൻ പിന്നെ അവർക്കു സംശയിപ്പാനുണ്ടോ? രണ്ടു മലയാളികൾ ഉണ്ടായിരുന്നു എന്നും അതിൽ ചത്തുപോയതു വേറൊരാളാണെന്നും അവർക്കറിയാമോ? എന്നുമാത്രവുമല്ല ,ആ ജ്വരം പിടിപ്പെട്ടവരിൽ നൂറിൽ തൊണ്ണൂറുവീതവും മരിക്കയാണ് ചെയ്തിട്ടുള്ളതും. ഞാൻ ആ ചെട്ടിയാരുടെ കാരുണ്യംകൊണ്ടു രക്ഷിക്കപെട്ടതാണ്.
കല്യാണിക്കുട്ടി: ബോധക്ഷയത്തോടുകൂടി കിടക്കുകയാണെങ്കിലും കണ്ടാൽ ആർക്കെങ്കിലും എടുത്തുകൊണ്ടുപോയി രക്ഷിപ്പാൻ തോന്നാതിരിക്കയില്ല.
കൊച്ചുകൃഷ്ണമേനോൻ: ഇതൊരു സർട്ടിഫിക്കറ്റാണ്. അവിടെ ചെന്നാൽ ഇതൊരു കടലാസ്സിൽ എഴുതി ഒപ്പിട്ടുതരണം.
കല്യാണിക്കുട്ടി: ഈ മാതിരിയുള്ള വാക്കുകൾ എനിക്കു വീണ്ടും കേൾപ്പാൻ സംഗതിവന്നില്ലേ? ഈശ്വരകാരുണ്യംതന്നെ!
കൊച്ചുകൃഷ്ണമേനോൻ: എൻ്റെ കാരുണ്യമല്ലേ. ഞാൻ ഈശ്വരനാണോ ?
കല്യാണിക്കുട്ടി: ഓഹോ!സാക്ഷാൽ ഈശ്വരൻ തന്നെ എൻ്റെ പ്രാണനെ രക്ഷിച്ച പ്രാണേശ്വരൻതന്നെ.
കൊച്ചപ്പൻ: ദീനമാണെന്നു എഴുതി അയച്ച സ്ഥിതിക്കു ദീനം ആശ്വാസമായാൽ ആ വിവരത്തിനും ഒരെഴുത്തയയ്ക്കേണ്ടതല്ലായിരുന്നുവോ? ഇവിടെ എത്ര ആളുകളാണ് വ്യസനിപ്പാണുള്ളത്!
കൊച്ചുകൃഷ്ണമേനോൻ: എന്ത്!ഞാൻ എഴുതി അയച്ചില്ലേ? ദീനം ഒരുവിധം
ആശ്വാസമായി, എങ്കിലും ക്ഷീണത്തിന്റെ ശക്തികൊണ്ട് എനിക്കു പേന പിടിച്ചെഴുതുവാൻ
പാടില്ലായിരുന്നു. അതുകൊണ്ടു ചെട്ടിയാരുടെ മകനെകൊണ്ട് ഇംഗ്ലീഷിലാണ്
എഴുതിയയപ്പിച്ചത്.
കൊച്ചപ്പൻ: ആർക്ക്!അച്ഛനുതന്നെയാണോ
എഴുതി അയച്ചിരുന്നത്?
കൊച്ചുകൃഷ്ണമേനോൻ: അതെ .
കൊച്ചപ്പൻ: എന്നാൽ പറ്റി .ഗോവിന്ദക്കുട്ടിജേഷ്ഠൻ വന്നതിന്റെ പിറ്റേദിവസം കാശിക്കു പോയ കൃഷ്ണപ്പണിക്കർ രണ്ടാഴ്ചയേ ആയുള്ളൂ മടങ്ങിവന്നിട്ട്. പോയ ഇടയ്ക്ക് അങ്ങേർക്ക് ഒരെഴുത്തുവരികയുണ്ടായി. മേൽവിലാസക്കാരനില്ലാതെ കൊടുക്കില്ലെന്നു പറഞ്ഞു ശിപായി മടക്കിക്കൊണ്ടുപോയി. ഞാൻ നോക്കി മേൽവിലാസം.അതു കുട്ടേട്ടന്റെ കയ്യക്ഷരമല്ലെന്നു ഞാൻ തീർച്ചയായും പറഞ്ഞു.
കൊച്ചുകൃഷ്ണമേനോൻ: 'അലംഘനീയാകമലാസനാജ്ഞാ' എന്നുള്ള വാക്യത്തിനു ഒരു
ഉദാഹരണംകൂടിയായി, അത്രയേയുള്ളൂ.
കൊച്ചപ്പൻ: എന്തിനാണീലാടവേഷവും കെട്ടി 'പൊക്കണം കെട്ടി
പുറത്തിട്ടു ധീരനായി പുറപ്പെട്ടത്?'
കല്യാണിക്കുട്ടി: അർജുനന്റെ മാതിരി
കള്ളസ്സന്യാസിയുടെ വേഷവും കെട്ടി നോക്കുക തന്നെ തെണ്ടാനുള്ള വാസന.
കൊച്ചുകൃഷ്ണമേനോൻ: ഈ പറഞ്ഞതിന്റെ അർത്ഥം കല്യാണിക്കുട്ടിക്ക്
സുഭദ്രയെപോലുള്ള സൗന്ദര്യമുണ്ടെന്നാണ്.
കല്യാണിക്കുട്ടി: ഈ
പറയുന്ന ആൾക്ക് അർജുനനെ പോലുള്ള ഗുണഗണങ്ങളുണ്ടെന്നുവരില്ല, അല്ലേ?
കൊച്ചുകൃഷ്ണമേനോൻ: ഇതു നമ്മൾതന്നെ
തീർച്ചയാക്കിയാൽ പോരാ. രണ്ടു മധ്യസ്ഥന്മാർ മുൻപാകെ തീർച്ചപ്പെടുത്തേണ്ടതാണ്. അതു
പിന്നെയാവാം .
കൊച്ചപ്പൻ: ഞാൻ ചോദിച്ചതിന്നുത്തരം ഇതുവരെയായില്ല .
കൊച്ചുകൃഷ്ണമേനോൻ: അതു പറയാം. ഇതാ ഇക്കാണുന്ന മൂന്നു ചെറിയ പെട്ടികളിലും കൂടി ഇരുപത്തിനാലായിരം രൂപയ്ക്കുള്ള നോട്ടുകളാണ് .ദിക്സഞ്ചാരത്തിൽ ഇതെല്ലാം വല്ല കള്ളന്മാരും തട്ടിപ്പറിക്കാതിരിക്കാൻവേണ്ടി ആർക്കും ശങ്ക തോന്നാത്ത ഒരു പ്രാകൃത വേഷം ധരിച്ചതാണ് .
കൊച്ചപ്പൻ: ഈ സ്വല്പകാലംകൊണ്ട് എങ്ങനെയാണ് ഇത്ര വളരെ രൂപ സമ്പാദിച്ചത് കൊച്ചുകൃഷ്ണമേനോൻ: ബങ്കാളത്തിലും പശ്ശ്ചിമോത്തരഖണ്ഡങ്ങളിലും ഉള്ള എല്ലാം സ്ഥലങ്ങളും നടന്നുകണ്ടതിനു ശേഷം ഞാൻ ബൊമ്പായിലെത്തി. തിയതിയും മറ്റു എൻ്റെ ഡയറി നോക്കിയാലറിയാം. അവിടെ ഒരു പ്രസിദ്ധ കച്ചവടക്കാരൻ എന്നെ കണ്ടെത്തി കൂട്ടികൊണ്ടുപോയി തൻ്റെ ഗൃഹത്തിൽ താമസിപ്പിച്ചു. അദ്ദേഹത്തിന് ഒരു പുത്രൻ മാത്രമേ ഉള്ളു .അയാൾ ക്ഷയം പിടിച്ചു മരിയ്ക്കാറായി കിടന്നിരുന്നു .യോഗീശ്വരന്മാരാൽ എനിക്കു ദത്തങ്ങളായ രണ്ടു മരുന്നുകളിൽ ഒന്നു ക്ഷയനാശിനിയായിരുന്നു .ഞാൻ ആ ക്ഷയരോഗിയുടെ ചികിത്സ ഏറ്റ് ഒരു മാസംകൊണ്ടു തീരെ സൗഖ്യമാക്കികൊടുത്തു .അതിന്നു പ്രതിഫലമായി എനിക്കു യാതൊന്നും ആവശ്യമില്ലെന്നു ഞാൻ സിദ്ധാന്തിച്ചു പറഞ്ഞു .എങ്കിലും കച്ചവടക്കാരൻ അതു സമ്മതിയ്ക്കാതെ ആ മാസത്തിൽ വന്ന കപ്പലിൽ ഉണ്ടായിരുന്ന ചരക്കുകൾ വിറ്റു കിട്ടിയ ലാഭത്തിൽ പാതിയായ ഇരുപത്തിനാലായിരം രൂപ എന്നെകൊണ്ട് സ്വീകരിപ്പിച്ചു.
കല്യാണിക്കുട്ടി :മരിക്കാറായിക്കിടന്നിരുന്ന ഒരാളുടെ ദീനം ആശ്വാസമാക്കിയതിന് ഇരുപത്തിനാലായിരംരൂപ തന്നിരിക്കുന്ന സ്ഥിതിക്കു മരിച്ചുപോയ എന്റെ ദീനം ഭേദമാക്കിയതിന് എന്തു പ്രതിഫലം തരേണ്ടു?
കൊച്ചുകൃഷ്ണമേനോൻ :ഇരുപത്തിനാലായിരം പവൻ കൊടുത്താലും കിട്ടാത്തതായ ഈ ദൃഢപ്രേമം കൈവശമുള്ളപ്പോഴാണോ ഇതിനെ ചോദിക്കുന്നത് ?
കൊച്ചപ്പൻ :ഈ കല്ലുവെച്ച പണ്ടങ്ങളെല്ലാം എവിടുന്നു കിട്ടി ?
കൊച്ചുകൃഷ്ണമേനോൻ :അതു നാട്ടുകോട്ടചെട്ടി വെറുതെ സമ്മാനമായി തന്നതാണ് .ദീനം ആശ്വാസമായപ്പോഴെക്കും ഞാനും ചെട്ടിയും പ്രാണസ്നേഹിതന്മാരായി .ഞങ്ങൾ രണ്ടു പേരും കൂടി കുളമ്പു മുതലായ പല ദിക്കുകളിലും സഞ്ചരിച്ചു മടങ്ങിയെത്തി .അതിൻ്റെ ശേഷം എനിക്ക് അച്ഛനെയും അമ്മയെയും മറ്റും കാണ്മാൻ വളരെ തിടുക്കമുണ്ടെന്നും അതിന്നനുവാദം തരേണമെന്നും പറഞ്ഞപ്പോൾ "ഓ! മറ്റും കൂടിയുണ്ടല്ലൊ എന്നാൽ പോവാൻ വിരോധമില്ല .ഈ സാധനങ്ങളെല്ലാം എൻ്റെ വകയായി സൗഭാഗ്യവതിക്കു കൊടുക്കേണ " മെന്നും പറഞ്ഞ ഇതെല്ലാം തന്നയച്ചു .
ഇങ്ങിനെ ഓരോന്നും പറഞ്ഞു രസിച്ചു രാത്രി ഏഴുമണിയായപ്പോഴെക്കും വണ്ടി പൂപ്പറമ്പിലെ പടിക്കൽ എത്തി .കല്യാണിക്കുട്ടിയെ മാളികയ്ക്കൽ കർത്താവിന്റെ അവിടെയ്ക്കു കൊണ്ടുപോയ മഞ്ചലും ഗോപാലമേനോൻ മടങ്ങിയെത്തിയ നിമിഷത്തിൽ ബോധംകെട്ടുവീണ കുഞ്ഞിക്കാവമ്മ ആ നിലയിൽ തന്നെ ഇപ്പോഴും കിടക്കുന്നു .ഗോപാലമേനോന്നും, ഗോവിന്ദകുട്ടിമേന്നും കൊച്ചുകൃഷ്ണമേന്റെ അച്ഛനും അമ്മയും മറ്റനേകം ജനങ്ങളും അടുത്തിരുന്നു കുഞ്ഞിക്കാവമ്മയുടെ വ്യസനശാന്തിക്കായി പലവിധ യത്നങ്ങൾ ചെയ്തിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല .'വിളക്കുപോലെ' ഇരുന്ന ഞങ്ങളുടെ മകൻ പോയിട്ടും ഞങ്ങളിപ്പോൾ ഇരിയ്ക്കയല്ലേ ചെയുന്നത് കുഞ്ഞിക്കാവേ !ഇതെല്ലാം മനുഷ്യർക്കു വരുന്നതല്ല ?' എന്നു കൊച്ചു കൃഷ്ണമേന്റെ 'അമ്മ പറയുന്ന വാക്കുകളും കുഞ്ഞിക്കാവമ്മ കേൾക്കുന്നില്ല .ഗോപാലമേന്നും ഗോവിന്ദകുട്ടിമേന്നും ബുദ്ധിക്ഷയിച്ചു .ചുമരും ചാരി ഇരിപ്പായി .എല്ലാവരും ആഹാരം കഴിച്ചിട്ടു കുറച്ചുദിവസമായി .അങ്ങിനെയിരിക്കുമ്പോഴാണ് കൊച്ചപ്പൻ മുമ്പിലും പലവിധ രത്നങ്ങൾ വിളങ്ങുന്ന കൈകളോടും കണ്ഠത്തോടും കൂടിയ കല്യാണിക്കുട്ടി നടുവിലും കൊച്ചു കൃഷ്ണമേനോൻ പിന്നാലെയുമായി പ്രവേശിച്ചത് .കൊച്ചാപ്പനെ കണ്ടമാത്രയിൽ കൊച്ചുകൃഷ്ണമെന്റെ അമ്മ'ഇതാ കൊച്ചാപ്പ !നിന്റെ 'അമ്മ ബോധംകെട്ടു കിടക്കുന്നു .അല്ലാ !കല്യാണിക്കുട്ടിയോ ?അയ്യോ എൻ്റെ കുട്ടനോ ?' എന്നു പറഞ്ഞു ബോധംകെട്ടുവീണു .കൃഷ്ണപ്പണിക്കർ കണ്ണു നല്ലവണ്ണം തുടച്ചു തൻ്റെ മകനേയും കല്യാണികുട്ടിയേയും നോക്കിത്തുടങ്ങി .ഗോപാലമേന്നും ഗോവിന്ദക്കുട്ടിമേന്നും പെട്ടെന്നെഴുന്നേറ്റ് ഇടിവെട്ടേറ്റ മരംപോലെ നിൽപ്പായി .കൊച്ചുകൃഷ്ണമേനോൻ അച്ഛന്റെ കാൽക്കൽ സാഷ്ടാഠഗം നമസ്ക്കരിച്ചു .വൃദ്ധന് ഇതെല്ലാം ഒരു സ്വപ്നമായി തോന്നി എങ്കിലും തൻ്റെ കൈകൾ രണ്ടും അറിയാതെ മകന്റെ ശിരസ്സിൽ പതിഞ്ഞു .കൊച്ചുകൃഷ്ണമേനോൻ ഉടനെ എഴുന്നേറ്റു ഗോപാലമേന്നയും ഗോവിന്ദകുട്ടിമേന്നേയും ഉപചരിച്ചു തൻ്റെ അമ്മയുടെ അടുക്കെപ്പോയി അമ്മയെ തലോടി ബോധക്ഷയം തീർത്തു .ഈയിടയ്ക്കു കൊച്ചപ്പൻ തൻ്റെ അമ്മയുടെ അടുക്കൽ ചെന്നു കുറേനേരം വിളിച്ചു എങ്കിലും 'അമ്മ നിശ്ചേഷ്ടയായി കടന്നതേയുള്ളൂ അന്തരം കല്യാണിക്കുട്ടി തൻ്റെ അമ്മയെ തൊട്ടു തലോടി 'അമ്മേ !അമ്മേ !" എന്ന് ഉദ്വേഗത്തോടുകൂടി വിളിച്ചു .കല്യാണിക്കുട്ടിയുടെ ശബ്ദശ്രവണമാത്രയിൽ കുഞ്ഞിക്കാവമ്മ 'ആരാണു വിളിക്കുന്നത് ?എൻ്റെ മകളുടെ ശബ്ദം പോലെ ഇരിക്കുന്നുവല്ലോ 'എന്നു വളരെ പതുക്കെ പറഞ്ഞു .'മകൾ തന്നെയാണമ്മേ !കണ്ണുമിഴിച്ചു നോക്കൂ'എന്നു കല്യാണിക്കുട്ടി പറഞ്ഞപ്പോൾ കുഞ്ഞിക്കാവമ്മ കണ്ണുമിഴിച്ചുനോക്കി.കല്യാണിക്കുട്ടിയെ പിടിച്ചുമാറോടണയ്ക്കുകയും അതിവാത്സല്യസന്തോഷാശ്ചര്യങ്ങളോടുകൂടി മൂർദ്ധാവിൽ ചുംബനം ചെയ്കയും ചെയ്തു.കല്യാണിക്കുട്ടി എങ്ങനെയാണ് ജീവിച്ചതെന്നും, കൊച്ചുകൃഷ്ണമേനോൻ എങ്ങനെയാണ് മരിക്കാതിരുന്നതെന്നും ഇവർ തമ്മിൽ കൂട്ടിമുട്ടിയത് എങ്ങനെയാണെന്നും ഉള്ള വർത്തമാനങ്ങളിൽ ഏതേതാണു മുമ്പിൽകൂട്ടി അറിയേണ്ടത് എന്നാലോചിച്ച് ഗോപാലമേനോൻ മുതലായവർ കുറേ കിടന്നു വിഷമിച്ചു.എന്നാൽ കൊച്ചപ്പന്റെ അത്യുത്സാഹവും ധ്യതിയും കൊണ്ട് എല്ലാം ഒരു വിധത്തിൽ കഴിഞ്ഞു .പിറ്റന്നാൾ കാലത്തു കൊച്ചുകൃഷ്ണമേന്നും അച്ഛനും അമ്മയും പുതിയേടത്തേയ്ക്കുപോയി 2 4 -)൦ നു തിങ്കളാഴ്ച കൊച്ചുകൃഷ്ണമേന്റെയും കല്യാണിക്കുട്ടിയുടെയും സംബന്ധവും നടന്നു .കൊച്ചുകൃഷ്ണമേനോൻ ബി .എ പാസ്സായിട്ട് ഇതുവരെ കാൺവെക്കേഷനു ഹാജരായിട്ടില്ല .ഇനി എന്തായാലും വേണ്ടില്ല .താൻ കൂടെയുണ്ടെന്ന് കല്യാണിക്കുട്ടി പ്രബലമായി സിദ്ധാന്തിച്ചും വരുന്നു .സംബന്ധം തുടങ്ങിയ ഉടനെ കല്യാണിക്കുട്ടിക്കു ഗർഭമുണ്ടായി .ഇതാ കഴിഞ്ഞ തുലാമാസത്തിലെ മകം നാളിൽ തേജോരൂപിണിയായ ഒരു പെൺകുട്ടിയെ പ്രസവിച്ചു .ഈ ദമ്പതിമാർ ഇനിയും അനേകസന്താനങ്ങളുടെ മാതാപിതാക്കന്മാരായി സൗഖ്യത്തോടുംകൂടി ചിരകാലം ഭൂമിയെ അലങ്കരിക്കുമാറാകട്ടെ .
സമ്പാദനം
ശ്രീസൂര്യ കെ

