2026 ജൂൺ 10, ബുധനാഴ്‌ച

 

                                                     ചില്ലിക്കാശ്

                                                        ചെറുകഥ     

                                           ഇടപ്പള്ളി രാഘവൻപിള്ള

 

           ഞാനുൾപ്പെടെ എന്റെ അമ്മയ്ക്കു പതിനാറു മക്കളുണ്ട്. എന്നാൽ ഞാൻ എത്രാമനാണെന്ന് എനിക്കോ എന്റെ ബന്ധുക്കൾക്കോ, എന്നെ എടുത്തു പെരുമാറുന്ന നിങ്ങൾക്കോ അറിഞ്ഞു കൂടാ. ഒന്നായിട്ടു നടന്നാൽ ഞങ്ങൾക്കു വിലയും നിലയും കൂടുമെങ്കിലും, കൂടെപ്പിറന്നവരെ ആട്ടിയോടിച്ചു ശീലിച്ചുപോന്ന മനുഷ്യൻ ഞങ്ങളെ ഒറ്റതിരിച്ചു നിർത്തുന്നതിനതിനാണ് ഇഷ്ടപ്പെടുന്നത്. മനുഷ്യരിൽ ഭൂരിപക്ഷവും ഭിന്നിപ്പിച്ചു ഭരിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. അവർ പഠിച്ചത് പാടിക്കൊള്ളട്ടെ.

        ഒറ്റതിരിഞ്ഞാണെങ്കിലും, പലയിടങ്ങളിലും പല വട്ടവും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. എന്റെ പരിചയപരിധി പരിമിതമാണെങ്കിലും കുടുംബചരിത്രം കുലങ്കുഷമായി ഞാൻ ഗ്രഹിച്ചിട്ടുമുണ്ട്. മനുഷ്യർ ഇന്നത്തെ രൂപമെടുത്തതിന് ശേഷമാണ് എന്റെ പൂർവ്വപിതാമഹന്മാർ ഭൂമുഖത്തു പ്രത്യക്ഷരായത്. ജനസമുദായപരിഷ്കാരത്തിന്റെ ആദ്യയടയാളമായി അന്നു ഞങ്ങളെ പലരും ഗണിച്ചിരുന്നു. എങ്കിലും ഞങ്ങളുടെ പുണ്യപുരാതനന്മാർ ‘തുകല’ ന്മാരായിരുന്നുവെന്ന് പറഞ്ഞ് നാണയസമുദായത്തെ പരിഹസിക്കുന്ന പലരേയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ,ആ പരിഹാസ സംഘത്തലവന്മാർ അവരുടെ പൂർവപിതാക്കന്മാരെ. അരനിമിഷനേരം

അനുസരിച്ചാൽ എത്ര നന്നായിരുന്നു! എന്താണ് നിങ്ങളിൽ ചിലരുടെ മുഖത്ത് ഭാവപ്പകർച്ച ഉണ്ടാകുന്നത് ?  ‘മരംചാടികൾ ഞങ്ങളുടെ പിതാമഹന്മാരല്ല, അല്ല’  എന്ന് നിങ്ങൾ ‘മുറുമുറു’ത്തുകൊള്ളുവിൻ. ഞങ്ങളെ ‘തുകല’ന്മാരെന്ന് എത്രവട്ടം വേണമെങ്കിലും പറഞ്ഞുകൊള്ളുവിൻ. “മറ്റുള്ള ജനങ്ങൾക്കു കുറ്റങ്ങൾ പറഞ്ഞീടും മുറ്റം പ തന്നുടെ കുറ്റമൊന്നറിയുകയുമില്ല.”അറിയാത്തതിനുള്ള ഒരു കാരണം കുറ്റം മുറ്റിയിരിക്കുന്നത് കൊണ്ടാണ്. നിറകുടമുണ്ടോ തുളുമ്പുന്നു?

      തുകലസൃഷ്ടി ചെയ്തവർക്ക് എന്തു പേരു കൊടുക്കണമെന്നു ശബ്ദാഗമശാസ്ത്ര സമ്പത്തുള്ള മനുഷ്യർ തീർച്ചപ്പെടുത്തിക്കൊള്ളട്ടെ. ഏതായാലും തുകലന്മാരെക്കൊണ്ട് അന്നുള്ളവർക്ക് വളരെ ഉപകാരമുണ്ടായിരുന്നു. അവരുടെ വ്യാപാര വൈഷമ്യത്തെ ലഘൂകരിച്ചത് ആ തോലന്മാർ തന്നെയായിരുന്നു. തോലന്മാർക്കും ക്രയവിക്രയം ചെയ്യുവാൻ സാമർത്ഥ്യമുണ്ടെന്നു പറഞ്ഞാൽ മുതലാളികൾക്കു വിശ്വാസം തോന്നുകയില്ലായിരിക്കും. കൈയിലൊതുക്കി കൈകാര്യം ചെയ്യുവാനുള്ള വണക്കവും ഇണക്കവും അനുസരിച്ച് അവർക്കു വിലയും ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ക്രയവിക്രയം കുറഞ്ഞവരെ തോലന്മാരെന്ന് വിളിക്കുന്നത്, ഞങ്ങളുടെ കുടുംബത്തോടുള്ള കൃതഘ്നതകൊണ്ടല്ല. കൃതജ്ഞത കൊണ്ടായിരിക്കണം. എന്നാൽ അന്നത്തെ അന്വർത്ഥനാമം ഇന്നത്തെ അനർത്ഥനാമായി. മനുഷ്യശബ്ദം തന്നെ അന്വർത്ഥമായല്ലല്ലോ ഇന്ന് ഇരിക്കുന്നത്!

         ഏതായാലും പരിഷ്കാരോന്മുഖനായ -  പരിവർത്തനപ്രിയനായ - മനുഷ്യനോടുള്ള സമ്പർക്കം നിമിത്തം നാണയകുടുംബ പ്രകൃതിക്കു ക്രമേണ മാറ്റം സംഭവിച്ചു. തുകൽ സുലഭമായി തീർന്നതുകൊണ്ടോ അതോ മാംസംകൊണ്ടും മതിയാകാതെ തുകൽകൂടി മനുഷ്യർ ഭക്ഷിച്ചു തുടങ്ങിയതുകൊണ്ടോ, എന്തോ, തുകൽനാണയം ഉപേക്ഷിക്കപ്പെട്ടു.                 ഭൂമുഖത്തു വളരുന്നതും വളരാത്തതുമായ വസ്തുക്കൾ സ്വന്തമായിട്ടും മനുഷ്യർക്കു തൃപ്തിയായില്ല. ഭൂമുഖം കണ്ടു ഭ്രമിച്ച അവർ ഭൂമുഖത്തേക്ക് ചുഴിഞ്ഞുനോക്കി. അവിടെ ചില ദുർലഭസാധനങ്ങൾ കണ്ടുമുട്ടി. സുലഭ വസ്തുക്കൾക്കു പ്രിയം കുറയുന്നതുകൊണ്ട്, അസുലഭവവസ്തുക്കു ശേഖരിച്ചു കൈകാര്യം ചെയ്യണമെന്ന് അവർ തീർച്ചപ്പെടുത്തി. കണ്ടുകിട്ടിയ ലോഹങ്ങളിൽ തിളക്കവും വിളക്കവും ഉള്ളവ യെത്രമാത്രം പ്രത്യേകമെടുത്തു. തുരുമ്പും കറയും ഉള്ളവയ്ക്കു കരിയും ചെളിയും തന്നെ എന്നും ആധാരം. ചുവപ്പും വെളുപ്പുമുള്ളവർക്കേ അന്നും സ്ഥാനമുള്ളൂ. ആ സ്ഥിതി കറുമ്പന്മാരോട് ഇന്നുള്ളവർ അറപ്പു കാണിക്കുന്നതിൽ എന്താണ് കുറവ്?

     മനുഷ്യർ ലോഹവുമായി വലിയ ലോഹ്യമായി, തിളക്കവും വിളക്കവും ഉള്ളവയ്ക്കു നിലയും വിലയും കല്പിച്ചു. അതായത്, ലോകത്തിൽ ജാതി സൃഷ്ടിച്ച മനുഷ്യൻ ലോഹത്തിലും ജാതി സൃഷ്ടിച്ചു. ചെമ്പിനു മീതേ വെള്ളിയും, വെള്ളിക്കു മീതെ സ്വർണ്ണവും, അങ്ങനെ അട്ടിയട്ടിയായി അടുക്കിവെച്ചു മനുഷ്യ തൃഷ്ണ അടക്കുവാൻ ശ്രമിച്ചു. ഞങ്ങളെ മുഴുവൻ കൈവശപ്പെടുത്തി. മനുഷ്യരുടെ തൃഷ്ണയ്ക്കുണ്ടോ അതിരുള്ളൂ?

       എത്തുംപിടിയും കിട്ടിയാലും മനുഷ്യർക്കു തൃപ്തിയില്ല. പിടിച്ചാലും വളച്ചാലും അവരുടെ ദുര ഒതുങ്ങുകയില്ല. ‘വട്ടത്തി’ലാക്കിയേ വിടൂ എന്നു അവർക്കു നിർബന്ധമുള്ളതായി തോന്നുന്നു.ആ ദികാലം മുതൽ ഇന്നു വരെ - ഈ നാഴിക വരെ - ഈ വിനാഴികവരെ - എന്നോടും എന്റെ സമുദായത്തോടും ചെയ്തു കൊണ്ടിരിക്കുന്ന കടുംകൈ ഓർക്കുമ്പോൾ ഇന്ന് എനിക്ക് കണ്ണീരുണ്ടാവുന്നില്ല.അക്കഥകൾ എന്റെ നേത്രങ്ങളിലെ ചുടുനീർ മുഴുവൻ വറ്റിച്ചുക്കഴിഞ്ഞു. സ്വാർത്ഥത നിറഞ്ഞ ലോകം വെറുത്തു ഭൂമിയുടെ അന്തരാളത്തിൽ സുഖജീവിതം നയിച്ചവരായിരുന്നു ഞങ്ങൾ.  അധസ്ഥിത മർദ്ദനം  കണ്ടു ഹൃദയം പൊട്ടിയൊഴുകി. അസ്തജീവരായി അവിടെ അന്നു ഞങ്ങൾ ഒതുങ്ങി ഒന്നായി പാർക്കുകയായിരുന്നു. ആ നിർദയ മർദ്ദനം മേലാൽ കാണേണ്ടി വരികയില്ലല്ലോ എന്നു കരുതി അന്നു ഞങ്ങളുടെ കരളു കുളുർത്തിരുന്നു. പക്ഷേ, നിങ്ങളുടെ സ്വാർത്ഥത ഞങ്ങളുടെ സുഖവാസത്തെ ഭഞ്ജിച്ചു. ഞങ്ങളുടെ ഗൂഢസങ്കേതങ്ങൾ നിങ്ങൾ കണ്ടുപിടിച്ചു. ഞങ്ങളെ ക്രമേണ കൈയടക്കം ചെയ്തു. അധസ്ഥിതർ അമൂല്യ വസ്തുക്കളെന്ന് അവർക്ക് അന്ന് ബോധ്യമുണ്ടായിരുന്നുവെന്ന് ഇന്നു ഞാൻ വിചാരിച്ചിരുന്നില്ല  എന്തുകൊണ്ടെന്നാൽ, അനന്തരനടപടികൾ അത്രമാത്രം അസഹനീയ മായിരുന്നു. കൈയടക്കം ചെയ്തിട്ടും ഞങ്ങളോടുള്ള പക തീർന്നിട്ടില്ല! പ്രകൃതിയുടെ അങ്കസ്ഥിതിയിൽ- അമ്മയുടെ മടിത്തട്ടിൽ - അനന്തമായ ആനന്ദം അനുഭവിച്ചു സുഖജീവിതം കൊണ്ടു ഞങ്ങൾ ഭൂമുഖത്തു വന്നപ്പോൾ കണ്ടത് എന്താണ്? അഗ്നി- സ്വാർത്ഥവഹ്നി! അതിദുസ്സഹമായ ഒരാഗ്രഹക്കൊടുംതീ! അതുതന്നെയായിരുന്നു അധികാര പ്രമത്തനായ മനുഷ്യൻ ഞങ്ങൾക്ക് ഒഴിച്ചു നീക്കിവെച്ച കളിത്തൊട്ടിൽ - എനിക്കു തെറ്റിപ്പോയി - കളിത്തൊട്ടിലല്ല, പട്ടടക്കിടക്കയാണ് മനുഷ്യൻ ഞങ്ങൾക്ക് ഉടനെ നൽകിയത്. അധികാരികളുടെ കൈയേറ്റം കൊണ്ട് ചിന്നഭിന്നാവസ്ഥയെ പ്രാപിച്ചിരുന്ന ഞങ്ങളെ ഓരോരുത്തരായി അഗ്നിയിൽ സമർപ്പിച്ചു. പരോപദ്രവമെന്തെന്നറിയാതെ പരമശാന്തരായി പല ശതാബ്ദങ്ങൾ അധസ്ഥിതരായി കഴിഞ്ഞുകൂടിയ ഞങ്ങൾക്ക് അധികാരികൾ ഇത്ര ദാരുണമായ ശിക്ഷ എന്തിനാണ് നൽകിയത്? അവർക്കോ അവരുടെ സമുദായത്തിനോ ഹാനികരമായി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഞങ്ങൾ അതിന് അശക്തരുമാണ്. അത് ഞങ്ങളുടെ കുലധർമ്മമേ അല്ല. അവരുടെ അധികാര ദുഷ്പ്രഭുത്വവും ഞങ്ങളുടെ നിരപരാധിത്വവും ഓർത്തപ്പോൾ ശരീരം വിറകൊണ്ടു. ഹൃദയം തപ്തമായി. മനുഷ്യരുടെ മനുഷ്യേതരമായ പ്രവൃത്തികൊണ്ടോ ഞങ്ങളോടുള്ള പൂർവ്വവിരോധം കൊണ്ടോ എന്തോ അഗ്നിയുടെ മുഖം ചുവന്നു. കണ്ഠനിർഗളിതമായ ദുർവായു അനിലഗതിയെ ത്വരിപ്പിച്ചു.അനലപ്രകൃതിയും ആകമാനം മാറി. ഞങ്ങളുടെ ശരീരവും ഹൃദയവും ഒരുപോലെ ഉരുകിയൊഴുകി  ഇതിനായിരുന്നോ മനുഷ്യർ ഞങ്ങളോട് ലോഹ്യം പിടിച്ചത്? അവർ ഞങ്ങളെ ഭിന്നിപ്പിച്ചുവെങ്കിലും ആ അനലതാപമേറ്റ അന്ത്യവേളയിലും ഞങ്ങൾ ഒത്തൊരുമിച്ച് ഒതുങ്ങി ച്ചേർന്നുനിന്നു. ആകൃതിയും പ്രകൃതിയും മാറി. ഞങ്ങൾ അ സ്പൃശ്യന്മാരായിത്തീർന്നു.അസ്പൃശ്യതയോടുകൂടി ആയുശ്ലേഷം കഴിക്കാമെന്നു കരുതി ഞങ്ങൾ ആശ്വസിച്ചു. എന്നാൽ മനുഷ്യഹസ്ത സ്ഥിതങ്ങളായ - അവർക്കു സ്വാധീനമുള്ള -  ചില ഉപകരണങ്ങൾ കൊണ്ടു ഞങ്ങളെ സ്പർശിക്കുന്നതിനു അവർ ശ്രമിച്ചു. ഞങ്ങൾ ആദ്യം ഉരുണ്ടുമാറി: തെറ്റിത്തെറിച്ചു നിന്നു. എന്നാൽ അടുത്ത നിമിഷത്തിൽ അവരുടെ ഉപകരണ ദംഷ്ട്രകളിൽ ഞങ്ങൾ ഒതുങ്ങിപ്പോയി. അവയുടെ സ്പർശം നിമിത്തം ഉദ്ഗമിച്ച ചൂട് അസഹനീമായിരുന്നു. ആ വിധത്തിൽ അസ്പൃശ്യതയിൽ -  ആ കൊടും തീയിൽ - എത്രകാലം വേണമെങ്കിലും കിടന്നുരുകുകയായിരുന്നു അഭിലഷണീയം. പക്ഷേ, തണുത്തിരിക്കുന്ന ഹൃദയം തപിപ്പിക്കാനുള്ള വാസന മനുഷ്യന്റെ പ്രത്യേക സമ്പത്താണല്ലോ.

       ഞങ്ങൾ അഭിലാഷം അവരുടെ ദുരാഗ്രഹവേദിയിൽ സമർപ്പിക്കപ്പെട്ടു. ആശ്രയമറ്റവർക്ക്, അധസ്ഥിതർക്ക്, അഭിലാഷമേ പാടില്ലെന്നാണല്ലോ അവരുടെ മതം. അതാണ് അവരുടെ ദേവവാക്യ, ആ സ്ഥിതിക്ക് അവരുടെ ആശ്രയവർത്തികളായി പരിവർത്തനം ചെയ്തുപോയ - അല്ല,ചെയ്യിക്കപ്പെട്ട- ഞങ്ങളുടെ കഥ ചോദിപ്പാനുണ്ടോ? അഗ്നികുണ്ഡത്തിൽ നിന്നും ഞങ്ങളെ പെട്ടെന്നെടുത്തു. അപ്പോൾ അവരുടെ മുഖഭാവം അനുകമ്പാർദ്രമായിരുന്നെന്നു കാണികൾക്കു തോന്നിയേക്കാം. പക്ഷേ, അകത്തു വെച്ചിരുന്ന കത്തിയുടെ പുറത്തെ പത്തി മാത്രമായിരുന്നു അത്. ഞങ്ങളുടെ രക്ത വർണ്ണത്തിൽ സൂക്ഷിച്ചുനോക്കി. ഒരു കുളൂർ കല്ലിൽ ഒന്നായി ഞങ്ങളെ വെച്ചു. അയ്യോ! അത് ആദ്യം കാണിച്ച ലോഹ്യം മാത്രമായിരുന്നു. ആ കല്ലിൽ ഇരുന്ന് അല്പം ആശ്വസിക്കാമെന്ന് വിചാരിച്ചു. ആ സഹോദരനും ഞങ്ങളെ കണ്ടപ്പോൾ ചൂടുപിടിച്ചു. അധികാരഹസ്തം ഉയർന്നു. ഞങ്ങളെ അനുഗ്രഹിപ്പാനായിരിക്കുമോ? കഷ്ടം, ഊക്കോട്ടുകൂടി ഒരടി! ആ കുളൂർക്കല്ല്- പീഡയനുഭവിച്ച അശരണർക്ക് അങ്കസ്ഥലി, ആശ്രയഭൂമിയാക്കിയ കുളൂർക്കല്ല്- ഞങ്ങളുടെ മരണ ശയ്യയായിത്തീരുകയോ?ആ ഓർമ്മ ഒന്നുകൊണ്ടുമാത്രം ഞങ്ങളുടെ കണ്ണിൽ നിന്നു തീപ്പൊരി ചിതറി പലയിടത്തേക്കു തെറിച്ചു. കെട്ടിയിട്ട് അടിച്ചാലും കണ്ണുനീർ ഉതിർക്കരുതെന്നാണ് സ്വാമിയുടെ കൽപ്പന; അഥവാ അങ്ങനെയാണ് ആ സ്വാമിമാർ കൽപ്പിക്കാറുള്ളത്. അടിമകളിൽ അടിമകളായ ഈയുള്ളവരുടെ കഥ ചോദിക്കണോ? ഒറ്റയ്ക്ക് നിന്നാലും അവരുടെ കൈത്തരിപ്പിന് വിധേയർ! ഒന്നുചേർന്നുനിന്നാൽ… എന്തു ചെയ്യാം! അകവും പുറവും ഒരുപോലെ പഴുത്തിരുന്ന ഞങ്ങളെ പലവരും മർദ്ദിച്ചു പലതുണ്ടുകളാക്കി തീർത്തു. അധികാരികളുടെ മുദ്രയും ഞങ്ങളിൽ പതിച്ചു. ഈ മുദ്രകൾ ഞങ്ങളിൽ പതിച്ചതെന്തിനാണ്? സ്വഗൃഹം ഉപേക്ഷിച്ച മഹാപരാധത്തിനായിരിക്കുമോ? ഞങ്ങൾ സുഗൃഹം മനസ്സാലേ വിട്ടതല്ല; സ്വഗൃഹത്തിനിന്നു ബഹിഷ്കരിച്ച് അത് അവർ അപഹരിക്കുകയാണു ചെയ്തത്. സ്വകുടുംബാംഗങ്ങളിൽ നിന്ന് ഞങ്ങളെ ബലപ്രയോഗം ചെയ്തു മാറ്റുകയാണ് ചെയ്തത്. അവരുടെ ദൃഷ്ടിയിൽ പല തരത്തിലുള്ള കുറ്റങ്ങൾ ഞങ്ങൾ ചെയ്തുപോയി. ആ കുറ്റത്തിന് എന്നെന്നേക്കുമായി ശിക്ഷയും അവർ കല്പിച്ചു. ഭൂമുഖത്തു സഞ്ചരിക്കുന്നിടത്തോളം കാലം ക്ലിപ്തമായ ഒരു സംഖ്യ ഞങ്ങളെ കൈകാര്യം ചെയ്യുന്നവർക്ക് സമ്പാദിച്ചു കൊടുക്കണമെന്നാണ് അവർ നിശ്ചയിച്ചത്. സമുദയാംഗങ്ങളുടെ സന്നിധിയിൽ വച്ച് അവരെ തൃപ്തിപ്പെടുത്തുന്നതിനെന്ന വ്യാജേന ഞങ്ങളെ പലരും താതോലിക്കുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട്.

      നിറവും നിലയും അനുസരിച്ചു ഞങ്ങൾക്കു നാമവും കല്പിച്ചു. ആ വർഗത്തിൽ ഏറ്റവും എളിയവനാണ് ഞാൻ; എന്റെ പേര് ചില്ലിക്കാശെന്നാണ്.

ഞങ്ങളുടെ കുടുംബഭാഗം നടത്തിയ കഥ അത്യന്തം ഹൃദയസ്പൃക്കായിട്ടുള്ളതാണ്.

 


ഇടപ്പള്ളി രാഘവൻ പിള്ള
ജനനംമേയ് 30, 1909
ഇടപ്പള്ളി, കൊച്ചി രാജ്യം, ബ്രിട്ടീഷ് ഇന്ത്യ
മരണംജൂലൈ 4, 1936 (27 വയസ്സ്)
കൊല്ലം, കേരള, ഇന്ത്യ
തൊഴിൽകവി, ആഖ്യാതാവ്
ദേശീയതഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)
  • Maninadam
  • Thushara Haram
  • Hrudaya Smitham

അനുശ്രീ കെ.

എം.എ മലയാളം( സാഹിത്യ പംനം)

2024-2026

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ