ചങ്ങാതിയുടെ പരിണാമം
ചെറുകഥ
മൂർക്കോത്ത് കുമാരൻ
ശ്രീമാൻ സി. എൻ. ഗംഗാധരൻ തന്റെ പേര് മാറ്റിയിരിക്കുന്നു. വളരെക്കാലമായി തന്റെ സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവശതകൾക്കൊക്കെ ഏക കാരണം അത് ഹിന്ദുമതത്തിൽ കുടുങ്ങിക്കിടക്കുന്നതാണെന്നും ആ അവശതകൾ നശിക്കാനുള്ള ഏകമാർഗ്ഗം ഹിന്ദുമതം ഉപേക്ഷിക്കുകയാണെന്നുമുള്ള മഹാ ചിന്തകന്മാരുടെ അഭിപ്രായമനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ബോധമുണ്ടായതിനാലായിരുന്നു ഗംഗാധരൻ ഹിന്ദുമതം ഉപേക്ഷിച്ചതായി പ്രഖ്യാപനം ചെയ്തത്. അതിന്റെ ബാഹ്യ ലക്ഷണമായിട്ടായിരുന്നു പേരു മാറ്റിയത്.
ഗംഗാധരൻ എന്നത് ഏതോ ഒരു ഹിന്ദു ദേവന്റെ പേരാണ് എന്നുമാത്രമല്ല; ആ പേരിന്റെ അർത്ഥം ആലോചിക്കുമ്പോൾ തന്നെ, ചാരിത്രശുദ്ധിക്കു പ്രതികൂലമായി ആ ദേവനുള്ള ഒരു ദോഷമാണ് പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് ആ ദിവസം ചിന്തിച്ചതിന്റെ ഫലമായി കിട്ടിയതാണ് “ വീര കോകിലൻ” എന്നത്.
കോകിലം കുയിലാണല്ലോ. അത് പുരുഷനെ സൂചിപ്പിക്കേണ്ടി വന്നപ്പോൾ കോകിലനായി. കോകിലത്തിന് എന്ത് വീരത്വം? പക്ഷേ, പഴയ ഗംഗാധരൻ ഒരു വീരനാണെന്ന് അദ്ദേഹത്തിന് നല്ല ബോധമുണ്ടായിരുന്നു. ആ ഗുണം കൂടി പുതിയ പേരോട് സംയോജിച്ച് പ്രകാശിക്കണമെന്നുവെച്ചാണ് അദ്ദേഹം വീരകോകില നാമം സ്വീകരിച്ചത്.
വീരകോകിലൻ ഒരു കവികൂടി ആയിരിക്കയാണ്. കിളിപ്പാട്ട് രീതിയിലും ഗാഥാരീതിയിലും പലേ പദ്യങ്ങളും രചിച്ചു തുടങ്ങിയിരിക്കുന്നു.ഹിന്ദുമതം ഉപേക്ഷിച്ചതിനു ശേഷം ആ പദ്യങ്ങൾ പരസ്യം ചെയ്യാൻ ചില പത്രങ്ങൾ സന്നദ്ധങ്ങളായിരുന്നതിനാൽ തന്റെ സാഹിത്യ പരിശ്രമം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്നു. കോകിലൻ എന്ന പേരിന് നല്ല ഔചിത്യവും സിദ്ധിച്ചു.
ഹിന്ദുമതം ഉപേക്ഷിച്ചുവെങ്കിലും വീരകോകിലൻ മറ്റൊരു മതവും സ്വീകരിച്ചതുമില്ല. മതമാണ് ലോകത്തിൽ സർവ്വ വിധമായ അനർത്ഥങ്ങൾക്കും കാരണം. മതം മനുഷ്യരെ അടിമകളാക്കുന്നു. മതത്തിന്റെ പേരിൽ യുദ്ധം ഉണ്ടായി അനേകം ജനങ്ങൾ നശിക്കുന്നു. അതുകൊണ്ട് മതമേ വേണ്ട. മതം വേണ്ടെന്നായാൽ ഈശ്വരനിൽ വിശ്വസിക്കേണ്ടുന്ന ബുദ്ധിമുട്ടു തീർന്നു. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം ഈശ്വരൻ ഇല്ലെന്നാണെന്നു പല ഉപന്യാസങ്ങളിലും കാണുന്നു. ആസ്തിക്യത്തെ ഖണ്ഡിച്ചുകൊണ്ട് അനവധി ഗ്രന്ഥങ്ങൾ ഉണ്ടെന്നാണ് ഇക്കാലത്തെ ചിന്തകന്മാർ നിസ്സംശയം അഭിപ്രായപ്പെടുന്നത്. ഈ വക ന്യായങ്ങൾ ആലോചിച്ചാണ് വീര കോകിലനായിത്തീർന്ന ഗംഗാധരൻ നാസ്തികൻ കൂടിയായത്.
ഹിന്ദുമതമെന്നാൽ അയിത്തവും തീണ്ടലുമാണ്. പോരെങ്കിൽ കുറെ അന്ധവിശ്വാസവും. അതുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചതായി പ്രഖ്യാപനം ചെയ്താൽ അയിത്തവും തീണ്ടലും അന്ധവിശ്വാസങ്ങളും ഒക്കെ പോയി എന്നു ദൃഢമായി വിശ്വസിച്ചു വീരകോകിലൻ സമാശ്വസിച്ചു. എന്നാൽ “ കരിമ്പടക്കെട്ടു താൻ വിട്ടിട്ടും കരിമ്പട ക്കെട്ടു തന്നെ വിടുന്നില്ല” എന്ന പഴമൊഴി യനുസരിച്ചുള്ള അനുഭവം നാസ്തികനായ വീരകോകിലനുണ്ടായി.
പശുവിൻപാൽ വിറ്റ വകയിൽ അടുത്തുള്ള ഒരു വാദ്ധ്യാരിൽ നിന്ന് തന്റെ പിതാവിനു കുറേ ഉറുപ്പിക കിട്ടാനുണ്ടായിരുന്നു. അതു വാങ്ങിക്കൊണ്ടുവരാൻ അവനെ അയച്ചു.“ ഗംഗാധരാ” ആ വാദ്ധ്യാരോട് പാലിന്റെ പണം തരാൻ പറയൂ; ഇന്നു നികുതി കൊടുക്കണം; മുനിസിപ്പാലിറ്റിക്കാർ കിണ്ണവും കിണ്ടിയും ജപ്തി ചെയ്തു കൊണ്ടുപോകും. പുതിയ കമ്മീഷണർ കണ്ണിൽ ചോരയില്ലാത്ത പഹയനാണ്.” എന്നു തന്റെ അച്ഛൻ പറഞ്ഞതു കേട്ടു, താൻ രചിച്ചുകൊണ്ടിരുന്ന പദ്യശകലം കുറിച്ചു പകുതിയായ കടലാസ്സ് മടക്കി കയ്യിൽ പിടിച്ച് വീരകോകിലൻ പടിയിറങ്ങി നടന്നു. ഗംഗാധരൻ വീരകോകിലനായി പരിണമിച്ചത് അവന്റെ അച്ഛനും അമ്മയും അറിയില്ല. അതുകൊണ്ട് വീട്ടിൽ ഗംഗാധരൻ, ഗംഗാധരൻ തന്നെയായിരുന്നു. അവൻ വയലിൽ ഇറങ്ങിയപ്പോൾ അഭിമുഖമായി ഒരു പട്ടർ വരുന്നതു കണ്ടു. കുളിച്ചു ശുദ്ധം മാറാതെ വരുന്ന പട്ടര്
“ ഹാ, ആരെടാ, മാറിനില്ലെടാ, അശുദ്ധമാക്കരുത്.” എന്നു പറഞ്ഞു. ഗംഗാധരൻ തന്റെ പുരോഗതിയെ മന്ദിപ്പിക്കാതെ,
“ ഞാൻ മാറുകയില്ല, എനിക്ക് അയിത്തവും തീണ്ടലും ഇല്ല”
“ പിന്നെ ആരാ നീ ”
എന്നും പറഞ്ഞു സൂക്ഷിച്ചു നോക്കിക്കൊണ്ടു,
“ കോരപ്പന്റെ മകനല്ലേ നീ? എന്താ? ഹിന്ദുവല്ലയാ നീ? മാറിനില്ല്”
എന്നു പട്ടർ ഉച്ചത്തിൽ പറഞ്ഞു. ഗംഗാധരൻ ഇങ്ങനെ ഉത്തരം മൊഴിഞ്ഞു:
“സ്വാമീ, ഞാൻ ഒരു നാസ്തികനാണ്. എനിക്കു മതമില്ല ; പേരും മാറ്റിയിരിക്കുന്നു.”
എന്നു വീരകോകിലൻ ഉച്ചരിച്ചു കഴിയുന്നതിന് മുൻപ് തന്നെ, പട്ടർ
“ഹര ഹര, ശിവ, ശിവാ”
എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു.
“പാഷണ്ഡൻ! പാഷണ്ഡൻ! ഇന്നത്തെ ശകുനമാ ഇത്! മഹാപാപി! മഹാപാപി!” എന്നു വഴിനീളെ വിളിച്ചു പറഞ്ഞു പട്ടർ മടങ്ങി. ക്ഷേത്രക്കുളത്തിൽ പോയി നൂറ്റൊന്നു പ്രാവശ്യം എണ്ണിക്കൊണ്ടു മുങ്ങി. അന്നു സഹസ്രനാമം ജപിച്ചു പാപം പോക്കി.
വീരകോകിലൻ ഇങ്ങനെ വിചാരിച്ചു;
“ ഈ പട്ടരുടെ ധിക്കാരം മാറ്റണം; ഇന്നുതന്നെ ഒരു കവിതയുണ്ടാക്കി പത്രത്തിനയയ്ക്കണം. ഇനി മേലിൽ ഈ പട്ടർ ഈ ധിക്കാരം കാണിക്കരുത്.”
ഈ ദൃഢനിശ്ചയത്തോടു കൂടി വീരകോകിലൻ തന്റെ അച്ഛന്റെ കല്പന അനുസരിക്കാൻ പോയി. ഇങ്ങനെ താൻ ഹിന്ദുമതം വിടുകയും നിരീശ്വരവാദിയാവുകയും ചെയ്തിട്ടും ഹിന്ദുമതം തന്നെ വിടുന്നില്ലെന്നും തന്റെ അയിത്തവും തീണ്ടലും നീങ്ങുന്നില്ലെന്നും ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്ന പല സംഭവങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും നിർമ്മതത്തെയും നിരീശ്വത്വത്തേയും പറ്റി പ്രസംഗിക്കാനും ഗദ്യത്തിലും പദ്യത്തിലും പ്രബന്ധങ്ങൾ രചിക്കാനും ഉപേക്ഷ വരുത്തിയിട്ടില്ല. അതിനാവശ്യമായ ചില പുസ്തകങ്ങൾ മന:പാഠം പഠിക്കേണ്ടിയും വന്നിരുന്നു. ക്രമേണ തനിക്കു നാലഞ്ചു കൂട്ടുകാരെ കിട്ടി. വിശേഷിച്ചു തൊരമൊന്നും ഇല്ലാതിരുന്ന ഈ കൂട്ടർ നിർമ്മത നിരീശ്വരപ്രസ്ഥാനം പ്രചരിപ്പിക്കാൻ ശ്രമിക്കയും സംഘത്തിലെ അംഗങ്ങളുടെ പേരോടുകൂടി സഖാവ് എന്ന വിശേഷണം ചേർത്തു വിളിക്കയും ചെയ്തു. വീരകോകില സഖാവിനെപ്പറ്റി ഒരു ദിവസം രസികന്മാരായ ചില യുവജനങ്ങൾ തമ്മിൽ ഒരു സംഭാഷണം നടന്നു.
“ എന്താണെടാ ഈ സഖാവിന്റെ അർത്ഥം.”
“ സഖാവ് എന്നുവെച്ചാൽ ചങ്ങാതിയെന്നല്ലെ അർത്ഥം?”
“ എന്നാൽ ആര്യഭാഷ തന്നെ വേണമോ? ചങ്ങാതി എന്നു തന്നെ പോരെയോ? വീരകോകിലൻ ചങ്ങാതി എന്നല്ലെ, നല്ലത്?”
“ അത് അവന്ന് അത്ര രസിക്കുകയില്ല.”
“ രസിച്ചാലും രസിച്ചില്ലെങ്കിലും ഞാൻ അവനെ ‘ചങ്ങാതി’യെന്നേ വിളിക്കൂ”
ഇതിനുശേഷം ശ്രീമാൻ വീരകോകിലൻ സഖാവ്, തന്റെ ചങ്ങാതിമാരുടെ ഇടയിൽ ‘ചങ്ങാതി’ എന്ന പേരിനാൽ അറിയപ്പെട്ടു.
ചങ്ങാതി ഒടുവിലൊരു പ്രണയപാശത്തിലും പെട്ടു. ഒരു സഭയിൽ വെച്ചാണ് അവളെ കണ്ടത്. ഏതു നിമിഷത്തിൽ അവന്റെ കണ്ണ് ആ കോമള മുഖത്ത് പതിഞ്ഞുവോ, ആ നിമിഷം തുടങ്ങി, അന്നത്തെ സഭയിൽ നടന്നതൊന്നും ചങ്ങാതി കേട്ടിരുന്നില്ല. സഭ കഴിഞ്ഞു, അവളൊരു ജഡുക്ക വണ്ടിയിൽ കയറി പോകയും ചെയ്തു. അവൾ ആരാണ്, എവിടെയാണ്, പേരെന്താണ്, എന്നും മറ്റും അന്വേഷിക്കയായി ചങ്ങാതിയുടെ പിന്നത്തെ മുഖ്യജോലി. ഈശ്വരനെപ്പറ്റി, അഥവാ ഈശ്വരൻ ഇല്ലാത്തതിനെ പറ്റി, അധികം ചിന്തിക്കാതെയായി. പ്രസംഗം കുറഞ്ഞു. പദ്യരചനയുടെ സ്വഭാവം മാറി. ക്ഷേത്രോപാസന, അന്ധവിശ്വാസം, വഴിപാട്, മുപ്പത്തു മുക്കോടിദേവന്മാർ മുതലായ വിഷയങ്ങളെപ്പറ്റി കാവ്യമെഴുതിയിരുന്ന ആൾ ഇപ്പോൾ, സ്വപ്നം, കുരുകുത്തി മുല്ല, ചന്ദ്രിക, പ്രണയമാഹാത്മ്യം എന്നിവയെപ്പറ്റി പദ്യങ്ങൾ രചിച്ചു തുടങ്ങി. പക്ഷേ, ആദ്യകാലത്തെ പദ്യങ്ങൾ പത്രങ്ങൾ പരസ്യം ചെയ്തതുപോലെ ഇക്കാലത്തെ പദ്യങ്ങൾ പരസ്യം ചെയ്യാതെയായി.
ഒരു ദിവസം നമ്മുടെ ചങ്ങാതി ഒരു പീടികയിൽ കയറി. എന്തോ ചില സാമാനങ്ങൾ വാങ്ങുവാൻ വില പറഞ്ഞുകൊണ്ടിരിക്കെ, അതാ അവിടെ കയറിവരുന്നു. ആർ? അവൾ. ചങ്ങാതിയുടെ ഹൃദയം പട പടയെന്നു തുടിച്ചു. അവളുടെ ഒന്നിച്ച് ഒരു യുവാവുണ്ട്. അതു ചങ്ങാതിക്കത്ര സുഖമായില്ല. രണ്ടുപേരുടെയും മുഖ്യപ്രകൃതി കൊണ്ട് അവളുടെ സഹോദരനാണ് അത് എന്നു മനസ്സിലായി; അല്പം ആശ്വാസമായി. സാമാനങ്ങൾ വാങ്ങുകയും വില പറയുകയും ചെയ്യുന്നതിനിടയിൽ തന്റെ പ്രിയതമയായി സങ്കൽപ്പിച്ചു കഴിഞ്ഞിരുന്ന അവളുടെ സഹോദരനോട് ചങ്ങാതി കടന്നു ലോക്യം പറഞ്ഞു തുടങ്ങി. ചങ്ങാതിയുടെ അതിലോക്യവും ഇടക്കണ്ണിട്ടുള്ള നോക്കും ശബ്ദത്തിന്റെ ഇടർച്ചയും മട്ടും സ്വതവെയുള്ള ഉച്ചാരണം പരിഷ്കരിക്കാനുള്ള വെപ്രാളവും മറ്റും കണ്ട് ഇവനൊരു കീചകന്റെ കളി കളിക്കുന്നുണ്ടല്ലോ എന്ന് അവളുടെ സഹോദരനും പീടികക്കാരനും മനസ്സിലായി.
സഹോദരനും സഹോദരിയും ആവശ്യമുള്ള സാമാനങ്ങൾ വാങ്ങി വണ്ടിയിൽ കയറി പോയി. ആരാണ്, എവിടെയാണ് എന്നും മറ്റും ആ യുവാവോട് ചോദിക്കാമായിരുന്നുവെന്നു ചങ്ങാതിക്കു തോന്നിയത് അവർ കടന്നുപോയ ശേഷമായിരുന്നു. ഏതായാലും ഷാപ്പുകാരനോട് അന്വേഷിക്കാമെന്നു തീർച്ചയാക്കി,“ആരാണ് അദ്ദേഹം? എന്ന് ചോദിച്ചു. ഷാപ്പുകാരന്നു ചങ്ങാതിയുടെ മറ്റൊന്നും അത്ര പിടിച്ചിരുന്നില്ല. തന്റെ ഷാപ്പിൽ വരുന്ന മാന്യ സ്ത്രീകളോട് എല്ലാവരും യാതൊരു ശങ്കയ്ക്കും ഇടവരുത്താതെ പെരുമാറണം എന്നുള്ള വിചാരക്കാരനായിരുന്നു അയാൾ. അയാൾ ഇങ്ങനെ പറഞ്ഞു. “ അദ്ദേഹം ഒരു സ്കൂൾ മാസ്റ്ററാണ്. ഇതിനിടെയാണ് ഇവിടെ മാറിവന്നത്.
“ പേരെന്താണ്?”
“ മിസ്റ്റർ വാസുദേവൻ എന്നാണ്”
മാലാകാരം! പിന്നേയും ഹിന്ദു ദേവന്മാരുടെ പേരുതന്നെ! എന്നു മനസ്സിൽ വിചാരിച്ച ചങ്ങാതി, “അയാളുടെ ഒന്നിച്ചു വന്ന സ്ത്രീയുടെ പേരെന്താണ്?”
“ അതെന്താ, അതൊക്കെ അന്വേഷിക്കേണ്ടുന്ന ആവശ്യം നമ്മൾക്കെന്താണ്?” എന്നു ഷാപ്പുകാരൻ പറഞ്ഞു.
ചങ്ങാതിയുടെ ഇന്നത്തെ ശ്രമം സ്കൂൾ മാസ്റ്റർ മിസ്റ്റർ വാസുദേവന്റെ വാസസ്ഥലം കണ്ടുപിടിക്കാനായിരുന്നു. അതു കണ്ടുപിടിച്ചു. വല്ലതും ഒരു ഒഴികഴിവുണ്ടാക്കി അവിടെ കടന്നു ചെല്ലാനുള്ള ശ്രമമായി. പിന്നെ
മി. വാസുദേവൻ സ്കൂൾ മാസ്റ്റർ ആകയാൽ സാഹിത്യ രസികനായിരിക്കണം. അതുകൊണ്ട് പുതിയ ഒരു കവിത എഴുതി അഭിപ്രായം ചോദിക്കാൻ വേണ്ടി കടന്നു ചെല്ലാമെന്നുറച്ചു.
ഒരു ദിവസം വൈകുന്നേരം ചങ്ങാതി മി. വാസുദേവന്റെ വീട്ടിൽ ചെന്നു. അപ്രതീക്ഷിതമായി എത്തിച്ചേർന്ന അതിഥിയെ അദ്ദേഹം ബഹുമാനപൂർവ്വം സ്വീകരിച്ചിരുത്തി.
ച: ഞാൻ ഇന്നാൾ ഷാപ്പിൽ വെച്ചു കണ്ടിരുന്നു.
വാ: ഉവ്വ്, ഓർമ്മിക്കുന്നുണ്ട്.
ച: എനിക്ക് അസ്പമായ കവിതാ വാസനയുണ്ട്.
വാ: ഉവ്വോ? നല്ലത്. അത് ഇപ്പഴ് പലർക്കും ഉള്ളതാണല്ലോ.
ച: എന്റെ കവിതകൾ.. പത്രത്തിൽ പരസ്യം ചെയ്യാറുണ്ട്. വായിച്ചിട്ടുണ്ടോ, ആവോ?
വാ: കണ്ടിട്ടുണ്ടായിരിക്കാം; വായിച്ചതായി ഓർമ്മയില്ല.
ച: ഇപ്പോൾ ഒന്നു എഴുതിക്കൊണ്ടു വന്നിട്ടുണ്ട്. ബുദ്ധിമുട്ടു തോന്നുകയില്ലെങ്കിൽ വായിച്ചു കേൾപ്പിക്കാം.
വാ: എനിക്കോ? ബുദ്ധിമുട്ടോ? ഒന്നുമില്ല. വായിക്കാം.
ച: “ ഞാൻ കണ്ട തരുണി ” - ഇതാണ് വിഷയം. കിളിപ്പാട്ടാണ്.
അത്യന്ത സുകുമാരിതന്നെ ഞാൻ കണ്ടിട്ടേറ്റ-
മത്യയം പരിഭ്രമേറ്റവും മുണ്ടേനല്ലൊ
ചന്ദ്രന്റെയേകരശ്മിയൊന്നൊരു മരത്തിന്റെ
സാന്ദ്രമാം ഇലകളിൽ കൂടവേ വീഴുമ്പോലെ
കണ്ടു ഞാൻ പരിഭ്രമിച്ചീടിനേനവളുടെ
വണ്ടിനം തോറ്റോടുന്ന മേചക കചഭാരം
ചന്ദ്രനാം മുഖത്തിൽ നിന്നൊലിക്കും മേഘംപോലെ
സാന്ദ്രമായി പങ്കേരുഹത്തെ ചുംബിക്കുന്നു.
ഇങ്ങനെ ഞാൻ അവളുടെ മുടിയെ വർണ്ണിച്ച ശേഷം അവളുടെ കുചഭാരത്തെ വർണ്ണിക്കുന്നു.
വാ: അതു വായിക്കണമെന്നില്ല. കാവ്യത്തിന്റെ മാഹാത്മ്യം എനിക്കു ഇതുകൊണ്ടു തന്നെ ധാരാളം മനസ്സിലായിരിക്കുന്നു. ഇത് ഏതു പത്രമായിരിക്കും പരസ്യം ചെയ്യുക.
ച: ഞാനെഴുതുന്ന പദ്യങ്ങളൊക്കെ- പത്രത്തിലാണ് പരസ്യം ചെയ്യാറ്. അവയിൽ പത്തെണ്ണം എടുത്തു
“ കവിതാ മാരിധോണി ” എന്ന പേരിൽ പുസ്തകമായി പരസ്യം ചെയ്യുവാൻ ഏർപ്പാടു ചെയ്യുന്നുണ്ട്.
വാ: എന്താണ് പേര്? മാരിധോണിയൊ?
ച: അതെ, മാരിയെന്നാൽ മഴയാണ്.
വാ: ശരി, ശരി, മാരിതന്നെ, വലിയ മഴക്കു മഹാമാരിയെന്നും പറയാറുണ്ടല്ലോ.
ച: പറയും
“ഓരുള്ള നിലങ്ങളിൽ മാരി പെയ്യുന്നപോലെ” എന്നു പഞ്ചതന്ത്രത്തിൽ ഉണ്ട്.
വാ: ശരി അതു തന്നെ.
ഇത്രയും പറഞ്ഞപ്പോൾ ഒരു വൃദ്ധയും ഒരു യുവതിയും പടി കയറിവന്നു. യുവതി അവൾ തന്നെ. ചങ്ങാതിക്കു നെഞ്ചിടിപ്പുണ്ടായി. അവളേയും മി. വാസുദേവനെയും കൂടെക്കൂടെ തിരിഞ്ഞും മറിഞ്ഞും നോക്കിക്കൊണ്ടിരുന്നു. അവർ അശേഷം സംശയം കൂടാതെ മി. വാസുദേവന്റെ അടുത്തു ചെന്നു. “പ്രസാദം” എന്നു പറഞ്ഞു. കുറേ കളഭവും പുഷ്പങ്ങളും മറ്റും അയാളുടെ മുമ്പിൽ വെച്ചുകൊടുത്തു. മി.വാസുദേവൻ കുറേ കളഭമെടുത്തു നെറ്റിയിൽ തൊട്ടു ബാക്കി ചങ്ങാതിക്കു വെച്ചു കാണിച്ചു.
ച: എന്താണത്?
വാ: ക്ഷേത്രത്തിൽ നിന്നു കൊണ്ടുവന്ന കളഭമാണ്. ദേവന്ന് ചാർത്തിയതാണ്. അല്പം എടുക്കാം.
ച: എനിക്കു ക്ഷേത്രങ്ങളിലും ദേവന്മാരിലും ഈശ്വരനിലും അശേഷം വിശ്വാസമില്ല. ഇതൊക്കെ അന്ധവിശ്വാസങ്ങളാണ്.
മി.വാസുദേവൻ ഇതു കേട്ടു ചിരിച്ചു. അകത്തേക്കു കടക്കാൻ ഭാവിച്ച അവൾ, തിരിഞ്ഞു നിന്ന ചങ്ങാതിയെ ആപാദചൂഡം ഒന്നു നോക്കി. താൻ പറഞ്ഞത് വിഡ്ഢിത്തമായെന്ന് ചങ്ങാതിക്കു അപ്പോഴാണ് തോന്നിയത്. ഇത്രവേഗം അതു പറയേണ്ടിയിരുന്നില്ല. അതൊക്കെ ക്രമേണ ആവാമായിരുന്നു. അവളെ വിവാഹം കഴിച്ച ശേഷം പറഞ്ഞു “ പരിവർത്തനം ചെയ്യിക്കാൻ” എളുപ്പമല്ലെ? എന്നിങ്ങനെ വിചാരിച്ച് അയാൾ തുടർന്നു പറഞ്ഞു:
“പിന്നെ എനിക്കു മറ്റുള്ളവർ ക്ഷേത്രത്തിൽ പോകുന്നതിനും ഭജിക്കുന്നതിനും കളഭം തൊടുന്നതിനും ഒരു വിരോധവുമില്ല.”
വാ: അതു വലിയ ഭാഗ്യം തന്നെ. അങ്ങനെയല്ലെങ്കിൽ ഞങ്ങളെപ്പോലുള്ളവർ കുഴങ്ങുമായിരുന്നു.
ഇനി നിശ്ചയമായും വാസുദേവൻ സഹോദരിയെ തനിക്കു വിവാഹം ചെയ്തു കൊടുക്കാനുള്ള ആഗ്രഹം കൊണ്ടു പറഞ്ഞതായിരിക്കണം എന്നു ധരിച്ചു. ചങ്ങാതി ഒരു ചുവടുകൂടി മുന്നോട്ടു വെച്ചു :
“അയ്യോ! എനിക്കു അശേഷം വിരോധമില്ല. ഞാൻ ഒരു സ്ത്രീയെ വിവാഹം ചെയ്തുവെന്നിരിക്കട്ടെ, അവൾ ക്ഷേത്രത്തിൽ വിശ്വാസമുള്ളവളാണെങ്കിൽ ഞാൻ മുടക്കം പറയുമോ?”
ഇതു പറഞ്ഞു കഴിഞ്ഞ ഉടനെ താൻ സഖാക്കളുടെ സംഘത്തിന്റെ ഒരു പ്രത്യേക യോഗത്തിൽ വെച്ച് തലേദിവസം വൈകുന്നേരം ചെയ്ത ഒരു ഭയങ്കര “ ഭാഷണ”ത്തിൽ ക്ഷേത്രത്തിൽ പോയി ഈശ്വര ഭജനം ചെയ്യുന്നവരൊക്കെ തന്റെ പരമ ശത്രുക്കളാണെന്ന് പ്രഖ്യാപനം ചെയ്തിരുന്നത് ഓർമിച്ചു. ആ വിവരമെങ്ങാൻ മി. വാസുദേവൻ അറിഞ്ഞിരിക്കുമോ എന്നു പേടിച്ചു. അറിഞ്ഞാലും വിശ്വസിക്കാതിരിക്കാനായി ഒരു വിദ്യ പ്രയോഗിക്കയും ചെയ്തു.
ച: “ ഞാനും ഇടയ്ക്കിടക്ക് ക്ഷേത്രത്തിൽ പോകാറുണ്ട്.”
ഇതിൽ ഒരു ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു.‘ അവൾ’ നിത്യം വൈകുന്നേരം ക്ഷേത്രത്തിൽ പോകാറുണ്ടെന്നു മനസ്സിലാക്കിയ ചങ്ങാതിക്കു ‘ അവളെ’ കാണാനും സംസാരിപ്പാനും ഏറ്റവും നല്ല മാർഗ്ഗം ഇടയ്ക്കിടയ്ക്ക് ക്ഷേത്രത്തിൽ പോകുകയാണെന്നു തൽക്ഷണം തോന്നിയിട്ടാണ് അങ്ങനെ പറഞ്ഞത്. ചങ്ങാതിയുടെ യുക്തിവാദം തന്റെ നിരീശ്വരവാദത്തിൽ പോലും ഇത്ര പ്രായോഗികമായി പ്രകടമായിരുന്നില്ല.
കുറച്ചു നേരത്തിനുശേഷം ചങ്ങാതി മനസ്സില്ലാമനസ്സോടെ അവിടുന്ന് ഇറങ്ങിപ്പോയി; അഥവാ ചങ്ങാതിയെ മി. വാസുദേവൻ വളരെ പ്രയാസപ്പെട്ടു മുഷിച്ചിലൊന്നും തോന്നാത്ത വിധത്തിൽ ഇറക്കിവിട്ടു. അന്നു രാത്രി ആ വീട്ടിലുള്ളവർ തന്നെപ്പറ്റി പറഞ്ഞത് കേൾക്കാൻ ചങ്ങാതിക്കു സംഗതി വരാഞ്ഞതു ഭാഗ്യം!
പിറ്റേദിവസം തന്നെ ചങ്ങാതി സഖാക്കളെ കബളിപ്പിച്ചു ക്ഷേത്രത്തിലെത്തി. അവിടെ അവളുണ്ട്. ചങ്ങാതി ഒന്ന് ചിരിച്ചു. അവളുമൊന്നു ചിരിച്ചു. അവൾ ചിരിച്ചതിന്റെ അർത്ഥം വേറെ. ചങ്ങാതി ധരിച്ച അർത്ഥം വേറെ. ഉറച്ച നിരീശ്വരവാദിയായിരുന്ന സഖാവ് വീരകോകിലന് ആ ചിരി ഒരു വിദ്യുപ്രവാഹത്തിന്റെ ‘ ഷോക്ക് ’ പോലെയാണ് അനുഭവപ്പെട്ടത്. ആ ഷോക്കു തട്ടിയതോട് കൂടി, അയസ്കാന്തത്താൽ ആകർഷിതമെന്ന പോലെ ചങ്ങാതിയും അവളുടെ പുറകെ നാലമ്പലത്തിൽ കടന്നു. ആ സുന്ദരി ബിംബത്തെ തൊഴുതു. ചങ്ങാതിയുടെ കൈയും തൊഴുകയ്യായി മാറി. ഉടനെ സഖാക്കളേയും പത്രലേഖനങ്ങളും പ്രസംഗങ്ങളും ഓർമ്മവന്നു. ഉടനെ ക്ഷേത്രത്തിൽ നിന്ന് വെളിക്കുചാടി. എന്നിട്ടും അവളെ ഒന്നുകൂടി കാണാനുള്ള അത്യാഗ്രഹം കൊണ്ട് അവിടെ ചുറിഞ്ഞുകൂടി.
അവൾ കുറേനേരം കഴിഞ്ഞിട്ടേ പുറത്തു വന്നുള്ളൂ. പുറത്തിറങ്ങിയതും കണ്ടത് കണ്ണും മിഴിച്ചു വായും പൊളിച്ചു നിൽക്കുന്ന ചങ്ങാതിയെയാണ്. അയാളെ കണ്ടപ്പോൾ അവൾ വീണ്ടും ചിരിച്ചു. ചങ്ങാതി കടന്നു ചെന്നു “ “ “മടങ്ങിയോ” എന്നു ചോദിച്ചു.“ മടങ്ങി” എന്നു ചിരിച്ചുംകൊണ്ട് അവൾ മറുപടി പറഞ്ഞു.“ നാളെയും വരുമോ?” എന്നായി ചങ്ങാതി.“ ദിവസേന വരും” എന്ന് അവളും മറുപടി നൽകി മധുരമായി ഒന്നു ചിരിച്ചു. ഇനി എന്തുവേണം? തന്നെ കാണാൻ ദിവസേന വരും എന്നല്ലേ പറഞ്ഞത്. വീരകോകിലൻ പിറ്റേദിവസം രാവിലെ മി. വാസുദേവന്റെ വീട്ടിലെത്തി. ശുഭസ്യ ശീഘ്രം എന്നാണല്ലോ യുക്തിവാദം പഠിപ്പിക്കുന്നത്.
വാ: എന്താ ഇന്നും ഒരു കവിത കൊണ്ടുവന്നിട്ടുണ്ടോ?
ച: ഇല്ല.
വാ: പിന്നെ വിശേഷിച്ച്?
ച: എനിക്കിപ്പഴ് ക്ഷേത്രങ്ങൾ വളരെ ആവശ്യമായ ഏർപ്പാടാണെന്ന് മനസ്സിലായി.
വാ: ഇപ്പോ? അതു കൊള്ളാം.
ച: ഞാൻ കാര്യം തുറന്നു പറയട്ടെയോ?
വാ: ഓ, ഹോ, പറയാം. ഒരു വിരോധവുമില്ല.
ച: എനിക്ക് നിങ്ങളുടെ സഹോദരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്.
വാ: ആഗ്രഹിക്കുന്നതിൽ, എന്താണ് തരക്കേട്?
ച: എന്റെ ഭാഗ്യം
വാ: നിങ്ങൾക്കെത്ര വയസ്സായി?
ച: ഇരുപത്തിയെട്ട്
വാ: അങ്ങിനെയാണെങ്കിൽ എന്റെ സഹോദരിയും നിങ്ങളും വയസ്സുകൊണ്ട് ചേരില്ല.അവരെ നിങ്ങൾ കണ്ടിട്ടുണ്ടോ?
ച: പലപ്പോഴും കണ്ടിട്ടുണ്ട്. അവരെ കണ്ടിട്ടാണ് ഞാൻ ഈശ്വര വിശ്വാസിയായത്.
വാ: എന്നാൽ ഞാൻ വിളിക്കാം.ജ്യേഷ്ഠത്തി ഒന്നിങ്ങോട്ട് വരണേ!
ആദ്യത്തെ ദിവസം ആ യുവതിയോടു കൂടി പടികയറിവന്ന വൃദ്ധ വെളിക്കു വന്നു.
വാ: ഇതാണ് എന്റെ സഹോദരി. എങ്ങനെ? പ്രായം കൊണ്ട് ചേരുമോ?
ച: ഇളിച്ചുംകൊണ്ട്. അയ്യോ ഞാൻ ഇവരെപറ്റിയല്ല പറഞ്ഞത്.
ഇവരുടെ ഒന്നിച്ച് അന്നു വന്നില്ലേ? അന്നു നിങ്ങളുടെ ഒന്നിച്ചു ഷാപ്പിൽ കണ്ടില്ലേ? ഇന്നലെ ക്ഷേത്രത്തിലും കണ്ടു.
വാ: ഓ! കാർത്ത്യായനിയെപ്പറ്റിയാണ് പറയുന്നത്? കാർത്ത്യായനി എന്റെ അമ്മാവന്റെ മകളാണ്. എന്റെ ഭാര്യയും.
മൂർക്കോത്തു കുമാരൻ:
വടക്കേമലബാറിലെ പ്രസിദ്ധമായ മൂർക്കോത്തുകുടുംബത്തിൽ 1874 മെയ് 23 ന്
ജനിച്ചു. പിതാവ് - മൂർക്കോത്ത് രാമുണ്ണി, മാതാവ് - പരപ്പുറത്തു കുഞ്ചിരുത.
സ്വന്തമായി മിതവാദി എന്നൊരു മാസിക നടത്തി. ചെറുകഥാകാരൻ, നിരൂപകൻ എന്നീ
നിലകളിൽ പ്രസിദ്ധൻ. വിവിധ സ്കൂളുകളിലും കോളേജുകളിലും അദ്ധ്യാപകനായി ജോലി
ചെയ്തു. 1941 ജുൺ 21 ന് അന്തരിച്ചു.
കൃതികൾ
ഒരു നരിയെ കൊന്ന വെടി(ചെറുകഥ)
മൂർക്കോത്തിൻറെ ചെറുകഥകൾ(ചെറുകഥ)
മൂർക്കോത്ത് കുമാരൻറെ ചെറുകഥകൾ(ചെറുകഥ)
ഗദ്യമഞ്ജരി I
ഗദ്യമഞ്ജരി II
Typing: THEERTHA VINOD
M A LITERARY STUDIES 2024-26

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ