കൊച്ചുപപ്പുവിന്റെ കഥ
ചെറുകഥ
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
ഏറ്റവും ദരിദ്രനായ മാതു എന്നൊരുത്തനു ആറു കൊച്ചു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. അവന്നു അവരുടെ നിത്യവൃത്തിക്കു വേണ്ടുന്നതിനെ ഉണ്ടാക്കിക്കൊടുക്കുന്നതിൽ യാതൊരു കഴിവും ഇല്ലാതെ പതിവായിട്ടു ഓരോ ദിക്കിൽ ചെന്നു വേല എടുത്തു കൂലി വാങ്ങിച്ചു. അതുകൊണ്ട് തന്റെ കുടുംബത്തെ ഒരു വിധത്തിൽ രക്ഷിച്ചു പോരുമ്പോൾ ആ കഷ്ടതയോടു കൂടി വലുതായിരിക്കുന്ന ക്ഷാമവും ഉണ്ടായി.
പദാർത്ഥങ്ങൾക്ക് ഒക്കെയും വിശേഷിച്ചു നെല്ലിനും, പൂർവ്വവർഷത്തേക്കാൾ വില വളരെ കൂടുതലായി. മാതു രാപ്പകൽ അദ്ധ്വാനിച്ചിട്ടും അവന്റെ കുഞ്ഞുങ്ങൾക്കും എത്രയും സാമാന്യമായുള്ള ഭക്ഷണം പോലും ഉണ്ടാക്കിക്കൊടുക്കുന്നതിനു മതിയാകത്തക്കവണ്ണം പണം സമ്പാദിപ്പാൻ അവനു കഴിഞ്ഞില്ല.
ഒരു ദിവസം അവൻ അവന്റെ കുഞ്ഞുങ്ങളെ ഒക്കെയും ഒരുമിച്ച് വിളിച്ചു വരുത്തീട്ട് കണ്ണുകളിൽ അശ്രു ധാരയോട് കൂടി അവരോടു ഇപ്രകാരം പറഞ്ഞു. “എന്റെ പ്രിയ പുത്രന്മാരെ,നെല്ലിന് ഇപ്പോൾ വില വളരെ കൂടിയിരിക്കുന്നു.ഞാൻ എന്നാൽ കഴിയുന്ന പ്രകാരം അധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് എല്ലാവർക്കും കാലക്ഷേപത്തിനു വേണ്ടുന്നതിനെ ഉണ്ടാക്കിത്തരുന്നതിന് കഴിയുന്നില്ല.എന്റെ കഷ്ടത ഇപ്രകാരം ഇരിക്കുന്നു.ഇതാ ഈ കലത്തിൽ ഇരിക്കുന്ന കഞ്ഞിക്ക് എന്റെ ഒരു ദിവസത്തെ കൂലി മുഴുവൻ ചിലവായിരിക്കുന്നു. അതുകൊണ്ട് ഇതിനെ നാം എല്ലാവരും കൂടി അംശിച്ചു അവനവനു കിട്ടുന്ന ഭാഗം കൊണ്ട് തൃപ്തന്മാരായിരിക്കണം.എന്നാൽ ഇത് എല്ലാവർക്കും കൂടി തീരുമാനം തികയുകയില്ല എങ്കിലും വിശപ്പു കൊണ്ട് പ്രാണൻ കേവലം പോയ്പോകാതെ ഇരിക്കുന്നതിനു മാത്രം മതിയാകുമായിരിക്കും.”
അവൻ വിഷാദത്തിന്റെ ആധിക്യം കൊണ്ട് മേൽ പറയാൻ വഹിയാതെ മേൽപോട്ടേക്കു നോക്കി കരഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ട് അവന്റെ കുഞ്ഞുങ്ങളും കരഞ്ഞു. അവർ മനസ്സിൽ ഇപ്രകാരം ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്തു.“ അയ്യോ! ഈശ്വരാ,ഞങ്ങളെ രക്ഷിക്കണേ, അനാഥകളായ കുഞ്ഞുങ്ങളാണേ ഞങ്ങൾ. ഞങ്ങളുടെ പ്രിയനായ അച്ഛനെ സഹായിച്ചു ഞങ്ങളെ പട്ടിണി കിടന്നു മരിക്കാതെ ഇരുത്തണേ . ”
മാതു ആ കഞ്ഞി ഏഴു ഭാഗമായി വിഭജിച്ചു അതിലൊന്ന് തനിക്കു വച്ചും കൊണ്ട് ശിഷ്ടം ഉള്ള ഭാഗങ്ങള ആ കുഞ്ഞുങ്ങൾക്കായി കൊണ്ടുകൊടുത്തു. അവരിൽ പപ്പു എന്നൊരുത്തൻ പറഞ്ഞു “ അച്ഛാ, എനിക്കൊന്നും ഭക്ഷിക്കാൻ വയ്യ.എനിക്ക് നല്ല സൗഖ്യം ഇല്ല. അതുകൊണ്ട് എന്റെ ഭാഗം കൂടി അച്ഛൻ എടുത്തു കൊള്ളുകയോ അല്ലെങ്കിൽ അതിനെയും എല്ലാവർക്കും ഒരുപോലെ ഭാഗം ചെയ്തു കൊടുക്കുകയോ ചെയ്തുകൊള്ളണം.”
അപ്പോൾ മാതു പപ്പുവിനെ അടുക്കൽ വിളിച്ചു.“ എന്റെ കുഞ്ഞേ നിനക്കെന്താണ്? എന്നു ചോദിച്ചു. അവൻ പറഞ്ഞു“ എനിക്ക് എന്തോ ദീനമാണ് . എനിക്ക് കിടക്കണം.” മാതു അവനെ കൂട്ടിച്ചു കൊണ്ടുപോയി കിടത്തി. പിറ്റേദിവസം കാലത്ത് അവൻ വിഷാദമഗ്നനായിട്ടു ഒരു വൈദ്യന്റെ അടുക്കൽ ചെന്നു പുണ്യത്തിനുവേണ്ടി തന്റെ രോഗിയായ പുത്രനെ വന്നു കണ്ടു വല്ലതും ചികിത്സ ചെയ്യണേ എന്ന് വളരെ ദയ തോന്നുന്ന വിധത്തിൽ അപേക്ഷിച്ചു.ആ വൈദ്യൻ വളരെ മര്യാദക്കാരനും ദയാലുവും ആയിരുന്നതിനാൽ കൂലി കിട്ടുകയില്ലെന്ന് നല്ല നിശ്ചയം ഉണ്ടെങ്കിലും മാതുവിന്റെ വീട്ടിലേക്ക് പോയി.അയാൾ പപ്പു കിടക്കുന്നിടത്ത് ചെന്നു അവന്റെ നാഡി നോക്കിയതിൽ രോഗത്തിന്റെ ലക്ഷണങ്ങൾ യാതൊന്നും കണ്ടില്ല. എങ്കിലും അവനു വളരെ ക്ഷീണവും ഉത്സാഹക്കുറവും ഉണ്ട് എന്ന് കണ്ടിട്ട് വൈദ്യൻ അതിന്റെ നിവൃത്തിക്കായി ഒരു മരുന്ന് കുറിക്കാൻ ഭാവിച്ചപ്പോൾ പപ്പു പറഞ്ഞു. “ അല്ലയോ അങ്ങുന്നു എനിക്ക് യാതൊരു മരുന്നും തരുന്നതിനു പറയരുതേ. എനിക്ക് അങ്ങുന്നു പറയുന്ന മരുന്ന് ഒന്നും സേവിക്കാൻ കഴിയില്ല.”
വൈദ്യൻ -“ആഹാ സേവിക്കാൻ കഴിയില്ലയോ? അതെന്താണ്? കേട്ടാൽ കൊള്ളായിരുന്നു.”
പപ്പു - “അത് അങ്ങുന്നു എന്നോട് ചോദിക്കരുതേ. അത് എനിക്ക് പറയാൻ വയ്യ. ”
വൈദ്യൻ - “അത് പറയാൻ നിനക്ക് എന്താണ് വിരോധം?നീ ഒരു വലിയ ശാഠ്യക്കാരനാണെന്ന് തോന്നുന്നല്ലോ. ”
പപ്പു -“ അല്ലയോ ഞാൻ പറയുന്നതിനെ ബോധിക്കണെ. ഞാൻ ശാഠ്യം കൊണ്ടല്ല സേവിക്കയില്ലെന്ന് പറയുന്നത്. ”
വൈദ്യൻ -“അങ്ങനെ ആയിരിക്കാം എങ്കിലും നിന്നെ ഞാൻ അതിനെക്കുറിച്ച് നിർബന്ധിക്കുന്നില്ല. ഇതിന്റെ ഹേതു എന്തായിരിക്കും എന്ന് നിന്റെ അച്ഛനോട് ചോദിക്കാം. അയാൾ പരമാർത്ഥം പറയുമായിരിക്കും”
പപ്പു - “ അയ്യോ! അങ്ങുന്ന്നു ദയ ഉണ്ടായിട്ട് ഇതിനെക്കുറിച്ച് യാതൊന്നും എന്റെ അച്ഛനെ അറിയിക്കരുതേ. ”
വൈദ്യൻ - “ നീ ഒരു തുമ്പില്ലാത്ത ചെറുക്കനാണ്. നീ എന്നോട് പരമാർത്ഥം പറയാത്തതുകൊണ്ട് എനിക്ക് ഈ വിവരം നിന്റെ അച്ഛന്റെ അടുക്കൽ പറഞ്ഞു തന്നേ തീരൂ. ”
പപ്പു- “അയ്യോ എന്റെ അങ്ങുന്നേ ഒരു നാളും അരുതേ. ഞാൻ തന്നെ പരമാർത്ഥം ഒക്കെയും പറഞ്ഞേക്കാമേ. എന്നാൽ എന്റെ അനുജന്മാരെയും അനുജത്തിമാരെയും ഈ പുരയിൽ നിന്ന് വെളിയിൽ പറഞ്ഞ് അയക്കണേ.”
വൈദ്യൻ ആ കുഞ്ഞുങ്ങളെ ഒക്കെയും വെളിയിൽ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ പപ്പു പറഞ്ഞു തുടങ്ങി…“ അയ്യോ”! യജമാനനെ. ഈ ക്ഷാമകാലത്ത് എന്റെ അച്ഛൻ ഒരു ദിവസം മുഴുവൻ അധ്വാനം ചെയ്താൽ ഞങ്ങൾക്കു ഒക്കെയും കൂടി ഇരുനാഴി അരിയുടെ വകയ്ക്കുള്ളതേ സമ്പാദിപ്പാൻ കഴിയുകയുള്ളൂ. അതുകൊണ്ട് കഞ്ഞി വെച്ചു. അതിനെ ഞങ്ങൾക്ക് എല്ലാവർക്കും കൂടി പകുത്തു തരുന്നു. എന്നാൽ അത് ഞങ്ങൾക്ക് തികയുകയില്ല. അദ്ദേഹം അതിൽ കുറേ കുടിച്ചാലും ആയി, യാതൊന്നും ഭക്ഷിക്കാതെ പോയാലും ആയി. എന്റെ കൊച്ച് അനുജന്മാരും അനുജത്തിമാരും ഇങ്ങനെ കഷ്ടത അനുഭവിക്കുന്നത് കണ്ടിട്ട് എനിക്ക് വളരെ വ്യസനമായിരിക്കുന്നു. അച്ഛന്റെ മക്കളിൽ വെച്ച് ഞാൻ വയസ്സു മൂപ്പുള്ളവനാകയാൽ എനിക്ക് മറ്റവരേക്കാൾ ബലം അധികം ഉണ്ട്. അതുകൊണ്ട് അവർ എന്റെ ഉപകരി കൂടി എടുത്തു കൊള്ളുന്നതിനായി ഞാൻ പട്ടിണി കിടക്കുന്നത് എനിക്ക് സന്തോഷമാകുന്നു. അതിനായിട്ടാണ് ഞാൻ, ദീനമാണെന്നും അതുകൊണ്ട് ഒന്നും ഭക്ഷിപ്പാൻ വയ്യ എന്നും നടിച്ചത്. എന്നാൽ, ഇതാ അങ്ങുന്നു ദയ ചെയ്യണേ! അച്ഛനെ ഇതൊന്നും അറിയിക്കരുതേ. ”
വൈദ്യൻ ഇതുകേട്ടിട്ട് മനസ്സിനു വളരെ ആർദ്രത ഉണ്ടായി കണ്ണിൽ നിന്നു വന്ന കണ്ണുനീർ തുടച്ചും വെച്ചു പപ്പുവിനോട് ചോദിച്ചു-“ എന്നാൽ എന്റെ പ്രിയനായ ബാലാ നിനക്കു വിശപ്പില്ലയോ?”
പപ്പു-“ എനിക്കു വിശപ്പുണ്ട് അതിനു കുറവില്ല. എന്നാൽ എനിക്ക് അതുകൊണ്ട് എന്റെ ബന്ധുക്കൾ കഷ്ടപ്പെടുന്നതിനാൽ എത്ര സൗഖ്യക്കേടുണ്ടോ അത്ര സൗഖ്യക്കേടില്ല.”
വൈദ്യൻ- “എന്നാൽ നീ ഇങ്ങനെ ആഹാരം കൂടാതെ ഇരുന്നാൽ വേഗത്തിൽ മരിച്ചുപോകുമല്ലോ.”
പപ്പു -“ അത് എനിക്ക് ബോധമുണ്ട്. എന്നാൽ എനിക്ക് തൃപ്തനായിട്ടു മരിക്കാമല്ലോ. എന്റെ അച്ഛനു പിന്നെ ഒരു വാ കുറച്ചു ഭക്ഷണം കൊടുത്താൽ മതിയല്ലോ. എനിക്കു ഈശ്വരന്റെ അടുക്കൽ ചെല്ലുമ്പോൾ എന്റെ കൊച്ചനുജന്മാർക്കും അനുജത്തിമാർക്കും വേണ്ടും ഭക്ഷണത്തിനു വഴി ഉണ്ടാക്കി കൊടുക്കുന്നതിനു അദ്ദേഹത്തിനോട് പ്രാർത്ഥിക്കുകയും ചെയ്യാമല്ലോ.”
ആ അത്യുദാരനായ ബാലൻ ഇപ്രകാരം പറയുന്നതു കേട്ടിട്ടു ഭൂതദയ ഉള്ളവനായ ആ വൈദ്യൻ ആശ്ചര്യം കൊണ്ടും ദയ കൊണ്ടും പരവശനായിത്തീർന്നു. അയാൾ അവനെ കൈ കൊണ്ട് താങ്ങിയെടുത്തു മാറിലണച്ചു കൊണ്ടു പറഞ്ഞു- എന്റെ പ്രിയനായ കൊച്ചു സ്നേഹിതാ, നീ ഒരു നാളും മരിക്കേണ്ട. നമ്മുടെ എല്ലാവരുടെയും രക്ഷിതാവായിരിക്കുന്ന ഈശ്വരൻ നിന്നെയും നിന്റെ കുടുംബത്തെയും രക്ഷിക്കാതിരിക്കില്ല. ഇപ്പോൾ ഞാൻ ഇവിടെ വന്നുചേരുന്നതിനു സംഗതി വരുത്തിയതിന് വേണ്ടി നീ ഈശ്വരനെ വന്ദിക്കണം. ഞാൻ പോയിട്ടു ഉടനെ തിരിച്ചു വരാം ഇങ്ങനെ പറഞ്ഞും വെച്ചു വൈദ്യൻ വേഗത്തിൽ അയാളുടെ വീട്ടിൽ ചെന്നു തന്റെ ഭൃത്യന്മാരിൽ രണ്ടുപേരെക്കൊണ്ടു മൃഷ്ടമായി ഭക്ഷണത്തിനു വേണ്ടുന്ന വകകൾ ഒക്കെയും ധാരാളമായിട്ടു എടുപ്പിച്ചു കൊണ്ട് പപ്പുവിന്റെ വീട്ടിൽ വന്നു. പട്ടിണി കൊണ്ട് കൃശന്മാരായി ഇരിക്കുന്ന പപ്പുവിന്റെ സഹോദരന്മാരെയും പപ്പുവിനെയും വിളിച്ചുവരുത്തി അവർക്കു തൃപ്തി വരുവോളം ഭക്ഷണം കഴിപ്പിച്ചു. ആ ഗുണവാനായ വൈദ്യൻ ആ സാധുക്കളായ കുട്ടികളുടെ ആനന്ദാതി ശയത്തേയും ബുഭുക്ഷയേയും കണ്ടു സന്തോഷിച്ചും കൊണ്ടിരുന്നു. വൈദ്യൻ പോകുമ്പോൾ പപ്പുവിനോടു പറഞ്ഞു -“ അല്ലയോ, ബാലാ നീ ഒട്ടും വിചാരപ്പെടേണ്ടാ. ഞാൻ നിങ്ങളുടെ എല്ലാവരുടെയും ആവശ്യത്തിനു വേണ്ടുന്നതിനെ ഉണ്ടാക്കി തന്നു കൊള്ളാം.”
അയാൾ പറഞ്ഞതുപോലെ തന്നെ ദിവസം പ്രതി അവർക്ക് ഭക്ഷണത്തിനു വേണ്ടുന്ന അരിയും കോപ്പും അവരുടെ വീട്ടിൽ കാലത്തു കാലത്തു കൊടുത്തയച്ചു. ആ വൈദ്യൻ പറഞ്ഞ് ഈ വർത്തമാനം അറിഞ്ഞു മറ്റു ധർമ്മബുദ്ധിയുള്ള ആളുകളും ദയാപരവശന്മാരായിട്ടു അവരവരുടെ മനസ്സുപോലെ ഓരോ സാധനങ്ങൾ പപ്പുവിന്റെ വീട്ടിൽ കൊടുത്തയച്ചു. ചിലർ പണം കൊടുത്തയച്ചു. ചിലർ മുണ്ട് കൊടുത്തയച്ചു. എന്നുവേണ്ട അല്പദിവസം കൊണ്ട് ആ ചെറുതായ കുടുംബത്തിനു എല്ലാ പദാർത്ഥത്തിനു ആവശ്യത്തിന് വേണ്ടതിലധികമായി ലഭിച്ചു.
അത്യുദാരനായ കൊച്ചുപപ്പു തന്റെ അച്ഛനും സഹോദരന്മാർക്കും വേണ്ടി താൻ പട്ടിണി കിടന്നു മരിച്ചു കളയാമെന്നു നിശ്ചയിച്ചു ഭക്ഷണം കൂടാതെ ഇരുന്ന വിവരം കർണ്ണാ കർണ്ണികയാ മഹാരാജാവ് കേട്ടിട്ടു ആ ബാലന്റെ ബുദ്ധി മഹാത്മ്യത്തെക്കുറിച്ച് അത്ഭുതപ്പെട്ടു അവനെയും അവന്റെ അച്ഛനെയും ആളയച്ചുവരുത്തി മാതുവിനോട് കൽപ്പിച്ചു -“ നിന്റെ പുത്രന്റെ ഗുണാതിശയം എത്രയും വിസ്മയനീയമായിരിക്കുന്നു. ഞാൻ നിന്റെ തറവാട്ടിലേക്ക് മുന്നൂറ്ററുപത്തഞ്ചു പണം എന്നത്തേക്കും വർഷാശനമായി തന്നിരിക്കുന്നു. നിന്റെ മക്കൾക്കെല്ലാം ഞാൻ ചിലവിനു കൊടുത്തു അവരുടെ മനസ്സു പോലെ വിദ്യാഭ്യാസം ചെയ്യിപ്പിക്കാം. അവർക്കു ഏതു തൊഴിലിൽ പ്രവേശിക്കാൻ മനസ്സോ അതിൽ പ്രവേശിച്ചു കൊള്ളട്ടെ. അവർ ശ്രദ്ധയോടു വിദ്യാഭ്യാസം ചെയ്ത് അറിവുള്ളവരായി തീർന്നാൽ അവരെ നല്ല ജീവനങ്ങളിൽ ആക്കുന്നതായിരിക്കും.”
മാതു ആനന്ദ സാഗരത്തിൽ മഗ്നനായിട്ടു വീട്ടിൽ വന്നു തനിക്കു ഇത്ര യോഗ്യനായ ഒരു പുത്രനെ നൽകിയതിനു വേണ്ടി സാഷ്ടാംഗമായി നമസ്കരിച്ചു ഈശ്വരനെ വളരെ സ്തോത്രങ്ങൾ ചെയ്തു.
Typing
തീർത്ഥ വിനോദ്
എം. എ മലയാളം (സാഹിത്യ പഠനം )
2024-2026
മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരളകാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. (ജനനം - 1845 ഫെബ്രുവരി 19, മരണം - 1914 സെപ്റ്റംബർ 22). കേരളത്തിലെ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായിയെ 1859-ൽ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.[

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ